ഡോ. ഷിംന അസീസ്
കിണറ്റിൽ നൈലോൺ/പ്ലാസ്റ്റിക് കയർ കൊണ്ട് വെള്ളം മുക്കിയാൽ ആ കയറിന്റെ പൊടി ആമാശയം വഴി കിഡ്‌നിയിലും മൂത്രസഞ്ചിയിലും ചെന്ന് പതിക്കും എന്ന വാട്സാപ്പ് മെസ്സേജാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. ഇതേപറ്റി ഡോ. ഷിംന അസീസിന്റെ കുറിപ്പ് വായിക്കാം.
[dropcap]കി[/dropcap]ണറ്റിൽ നൈലോൺ/പ്ലാസ്റ്റിക് കയർ കൊണ്ട് വെള്ളം മുക്കിയാൽ ആ കയറിന്റെ പൊടി ആമാശയം വഴി കിഡ്‌നിയിലും മൂത്രസഞ്ചിയിലും ചെന്ന് പതിക്കും എന്നതാണ്‌ഏറ്റവും പുതിയ വാട്‌സ്സപ്പ് കണ്ടുപിടിത്തം.
ചകിരി ആണെങ്കിൽ കുഴപ്പമില്ലെന്നും മെസേജ് പറഞ്ഞു തരുന്നു…റഫറൻസ് ആണ് അതിഭീകരം – കോഴിക്കോട് മെഡിക്കൽ കോളേജ് പിജി സ്‌റ്റുഡന്റ്‌സ് സെമിനാർ. ഇമ്മാതിരി ഗുണ്ട് അടിച്ച് വിടലാണ് അവർക്ക് ജോലിയെന്ന് പോസ്‌റ്റ് മുതലാളി വെറുതേയങ്ങ് ഊഹിച്ച് കാണും.
ദഹനവ്യവസ്‌ഥയുടെ വഴി എന്ന് പറയുന്നത് വായ-അന്നനാളം-ആമാശയം-ചെറുകുടൽ-വൻകുടൽ- മലാശയം- മലദ്വാരം…അങ്ങനെയാണ്. ഇതിനകത്ത് ദഹിക്കാത്ത ഒരു വസ്‌തുവും നില നിൽക്കില്ല, പുറന്തള്ളപ്പെടും. സംശയമുണ്ടെങ്കിൽ കുറച്ച് പുല്ല് പച്ചക്ക് തിന്ന് നോക്കാം… ദഹിക്കില്ല. അതേ പടിയിങ്ങ് പോരും. അത് തന്നെയാണ് പ്ലാസ്‌റ്റിക്കിന്റേയും നൈലോണിന്റേയും അവസ്‌ഥ. അവയെ ദഹിപ്പിക്കാൻ ശരീരത്തിന് കഴിയില്ല. നമ്മുടെ ദഹനവ്യൂഹത്തിന് ദഹിപ്പിക്കാൻ കഴിയാത്തത് മുഴുവൻ പുറന്തള്ളും.
ദഹിക്കാത്ത പ്ലാസ്‌റ്റിക് എങ്ങനെ കിഡ്‌നിയിലെത്തും എന്നാകും.. നടക്കില്ല. തൃശൂർ വഴി തെറ്റിയ ആൾ കോട്ടയം വഴി മലപ്പുറത്ത് എത്തണമെന്ന് പറഞ്ഞാൽ നടക്കുമോ? ഇല്ലല്ലോ? Digestive system വേറെ വഴി, Renal system വേറെ വഴി..ആമാശയത്തിലും കുടലിലും ഉള്ള വസ്‌തുവിനെ കിഡ്‌നിയിലും മൂത്രസഞ്ചിയിലും കാണാനാകില്ല. അങ്ങോട്ട് എത്താൻ സാധിക്കില്ല. രണ്ടും രണ്ട് വ്യത്യസ്ത സിസ്‌റ്റം ആണ്…
സാധാരണ ഗതിയിൽ കയറിന് നിങ്ങളെ കൊല്ലാനാകുന്നത് കഴുത്ത് വഴി മുറുകുമ്പോൾ മാത്രമാണ്…വെറുതേ കാള പെറ്റെന്ന് കേൾക്കുമ്പോഴേക്ക് ചകിരിക്കയർ എടുക്കാതെ..