Read Time:43 Minute

സംഗീത ചേനംപുല്ലി

ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മാണവും വില്‍പ്പനയും സൂക്ഷിക്കലും 2020 ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് നിരോധിച്ചിരിക്കുകയാണ്‌. പ്ലാസ്റ്റിക്കിനെ കുറിച്ചറിയാം

പ്ലാസ്റ്റിക് യുഗം
കഴിഞ്ഞ നൂറ്റാണ്ടിലെ കണ്ടുപിടിത്തങ്ങളില്‍ പ്രധാനപ്പെട്ടതും ലോകമെമ്പാടുമുള്ള മനുഷ്യരുടെ ജീവിതത്തിലേക്ക് നേരിട്ട് കടന്നുചെന്നതുമായ വസ്തുവാണ് പ്ലാസ്റ്റിക്കുകള്‍. ചെമ്പ് യുഗം, ഇരുമ്പ് യുഗം എന്നൊക്കെ കാലഘട്ടങ്ങളെ തരംതിരിക്കുമ്പോലെ നമ്മുടെ കാലം പ്ലാസ്റ്റിക് യുഗമാണെന്ന് പറയേണ്ടിവരും. പ്ലാസ്റ്റിക്കിന്റെ പല ഗുണങ്ങള്‍ക്കൊപ്പം തങ്ങള്‍ തുറന്നുവിട്ട ഭൂതത്തെ തിരികെ കുപ്പിയിലാക്കാനാവാതെ വലയുന്ന മനുഷ്യന്‍റെ നിസ്സഹായതകൂടി ആ പേരില്‍ ഉള്‍ച്ചേര്‍ന്നിരിക്കുമെന്ന് മാത്രം. പ്ലൈവുഡ്‌ പശ മുതല്‍ ബുള്ളറ്റ് പ്രൂഫ്‌ വസ്ത്രങ്ങള്‍ വരെയും, ഷര്‍ട്ടിന്റെ ബട്ടണ്‍ മുതല്‍ കണ്ണിലെ ലെന്‍സ്‌ വരെയും, പൊതിച്ചില്‍ കടലാസ് മുതല്‍ റോക്കറ്റ് ഭാഗങ്ങള്‍ വരെയും ജീവിതത്തിന്‍റെ സമസ്തമേഖലകളിലും പ്ലാസ്റ്റിക്കിന്റെ സ്വാധീനം വ്യാപിച്ചു കിടക്കുന്നു.
ദേശാടനത്തിനിടക്ക് പ്ലാസ്റ്റിക് ഉള്ളില്‍ചെന്ന് മരിച്ച ഒരു ആല്‍ബട്രോസ് പക്ഷി | കടപ്പാട് വിക്കിമീഡിയ
പ്രശസ്ത പരിസ്ഥിതിവാദിയും ഡോക്യുമെന്ററി സംവിധായകനുമായ ഡേവിഡ് ആറ്റന്‍ബറോ തന്‍റെ ബ്ലൂ പ്ലാനറ്റ്-II എന്ന ഡോക്യുമെന്ററിയില്‍ ഹൃദയഭേദകമായ ഒരു രംഗം വിവരിക്കുന്നുണ്ട്. ഭക്ഷണം തേടി അലഞ്ഞ ഒരു ആല്‍ബട്രോസ് പക്ഷി പ്ലാസ്റ്റിക് കൊണ്ടുള്ള ഒരു പല്ലിടകുത്തി ഭക്ഷണമാണെന്ന് തെറ്റിദ്ധരിച്ച് തന്‍റെ കുഞ്ഞിന് നല്‍കുന്നതും അങ്ങനെ ആ പക്ഷിക്കുഞ്ഞ് മരിച്ചുപോകുന്നതും അദ്ദേഹം അവതരിപ്പിക്കുന്നു.

പസഫിക് സമുദ്രത്തില്‍ ജനവാസമുള്ള തീരത്തുനിന്ന് രണ്ടായിരത്തോളം മൈല്‍ ദൂരെയുള്ള മിഡ് വേ ദ്വീപില്‍ നിരവധി ആല്‍ബട്രോസ് പക്ഷികളുടെ മരണത്തിന് ഭക്ഷണത്തിലൂടെ ശരീരത്തിനുള്ളിലെത്തിയ നൂറുകണക്കിന് ഗ്രാം പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ കാരണമായതും, റബ്ബര്‍ ബലൂണ്‍ വയറ്റില്‍ കുടുങ്ങി ഭക്ഷണം കഴിക്കാനാവാതെ മരിച്ചുപോയ തിമിംഗലത്തിന്റെ ദുരവസ്ഥയുമെല്ലാം സമീപകാലത്ത് ശ്രദ്ധനേടിയ വാര്‍ത്തകളാണ്.

2018 ലോക പരിസരദിനത്തിന്റെ പ്രമേയം

സുസ്ഥിരവികസനം എന്ന ആശയത്തെതന്നെ അട്ടിമറിച്ചുകൊണ്ട് പ്ലാസ്റ്റിക് ഉപയോഗം വര്‍ദ്ധിക്കുകയും ഉപയോഗശേഷം ഇത് കരയിലും സമുദ്രത്തിലും അടിഞ്ഞുകൂടി നൂറ്റാണ്ടുകള്‍ നീളുന്ന മലിനീകരണവും തത്ഫലമായുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കുക എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചുകൊണ്ട് ഈ വര്‍ഷത്തെ ലോകപരിസ്ഥിതിദിനം ആചരിക്കപ്പെടുന്നത്. ഇത്തവണത്തെ ആതിഥേയരാജ്യം ഇന്ത്യയാണ് എന്നത് പ്ലാസ്റ്റിക് മാലിന്യംകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധആകര്‍ഷിക്കപ്പെടാനും അവബോധം വര്‍ദ്ധിപ്പിക്കാനും സഹായകമാകുമെന്ന് പ്രതീക്ഷിക്കാം.

പ്ലാസ്റ്റിക്കുകളുടെ ചരിത്രം

ജര്‍മന്‍ രസതന്ത്രജ്ഞനായ ക്രിസ്റ്റ്യന്‍ ഷോണ്‍ബൈന്‍ പരീക്ഷണങ്ങള്‍ക്കിടെ അവിചാരിതമായി സെല്ലുലോസ് നൈട്രേറ്റ് കണ്ടെത്തുന്നതോടെയാണ് മനുഷ്യനിര്‍മ്മിത പ്ലാസ്റ്റിക്കുകളുടെ ചരിത്രം ആരംഭിക്കുന്നത്. അതിനുമുന്‍പ് തന്നെ പാലിലെ പ്രോട്ടീനായ കേസിനില്‍ നിന്നും മറ്റും പ്ലാസ്റ്റിക് സ്വഭാവമുള്ള വസ്തുക്കള്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് ഹെന്‍റി ബേക്ക്ലാന്റ്, ബെക്കലൈറ്റ് എന്ന പ്ലാസ്റ്റിക് കണ്ടുപിടിച്ചതോടെ പ്ലാസ്റ്റിക് യുഗത്തിന് തുടക്കം കുറിച്ചു. വ്യവസായവിപ്ലവാനന്തരം പുതിയ രാസവസ്തുക്കള്‍ക്കും പദാര്‍ത്ഥങ്ങള്‍ക്കുമായുള്ള അന്വേഷണങ്ങള്‍ക്ക് ഗതിവേഗം കൂടി. സാങ്കേതികവിദ്യയില്‍ വലിയ മുന്നേറ്റങ്ങളുണ്ടായ ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിലാണ്‌ പ്ലാസ്റ്റിക്കുകളും, കൃത്രിമ റബ്ബറുകളും ഉള്‍പ്പെടുന്ന മനുഷ്യനിര്‍മ്മിത പോളിമറുകള്‍ കണ്ടെത്തപ്പെടുന്നത്. ഗ്ലാസ്, മരം, കടലാസ്, ലോഹങ്ങള്‍ തുടങ്ങിയ പരമ്പരാഗത നിര്‍മ്മാണവസ്തുക്കളെ അപേക്ഷിച്ച് ഒട്ടേറെ ഗുണങ്ങള്‍ പ്ലാസ്റ്റിക്കുകള്‍ക്ക് ഉള്ളതായും കണ്ടെത്തി. തുടര്‍ന്ന് ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ കാലത്തും നിരവധി കൃത്രിമപോളിമറുകള്‍ കണ്ടെത്തുകയും തുടര്‍ന്ന് വ്യാപകമായി വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്തു.

2016 ലെ കണക്ക് പ്രകാരം ലോകമെമ്പാടും പ്രതിവര്‍ഷം 34 കോടി ടണ്ണോളം പ്ലാസ്റ്റിക് ഉത്പാദിപ്പിക്കപ്പെടുന്നു.

Plastic Bottle Waste

പ്ലാസ്റ്റിക് – ഒരു ജനപ്രിയന്‍

മൃദുവായത്, വഴക്കമുള്ളത് എന്നൊക്കെയാണ് പ്ലാസ്റ്റിക് എന്ന പദത്തിനര്‍ഥം. ചൂടാക്കിയാല്‍ വഴക്കമുള്ള ദ്രവരൂപത്തിലാവുന്ന വസ്തുക്കളാണിവ. പരമ്പരാഗത വസ്തുക്കളെ അപേക്ഷിച്ച് പ്ലാസ്റ്റിക്കിനുള്ള ചില സവിശേഷ ഗുണങ്ങളാണ് അവയെ ഇത്രയേറെ ജനപ്രിയമാക്കിയത്. ഭാരക്കുറവാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. തുല്യഭാരമുള്ള മറ്റ് വസ്തുക്കളേക്കാള്‍ ശക്തിയേറിയതാണ് പ്ലാസ്റ്റിക്കുകള്‍. ഗതാഗതത്തിനും, പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ഇന്ധനച്ചെലവ്‌ കുറയ്ക്കാം എന്ന് മാത്രമല്ല കൈകാര്യം ചെയ്യല്‍ എളുപ്പമാക്കാനും ഭാരക്കുറവ് സഹായിക്കുന്നു. ലോഹങ്ങളെ ഉയര്‍ന്ന ഊഷ്മാവില്‍ മാത്രമേ വസ്തുക്കളായി വാര്ത്തെടുക്കാനാവൂ, മാത്രമല്ല ലോഹങ്ങളുപയോഗിച്ച് വളരെ സങ്കീര്‍ണ്ണമായ രൂപകല്‍പനകള്‍ സാധ്യവുമല്ല. തുരുമ്പ് ബാധിച്ച് ഇരുമ്പ് നശിച്ചുപോകും പോലെ മറ്റ് ലോഹങ്ങളും അന്തരീക്ഷവുമായി പ്രതിപ്രവര്‍ത്തിച്ച് വളരെ വേഗം നശിച്ച് പോകുന്നു. മരമോ ഗ്ലാസോ എല്ലാത്തരം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാനാകില്ല. പ്ലാസ്റ്റിക്കുകളെ താരതമ്യേന താഴ്ന്ന ഊഷ്മാവില്‍ തന്നെ ഉരുക്കിയെടുത്ത് വളരെ എളുപ്പത്തില്‍ ഏത് രൂപത്തിലും വാര്‍ത്തെടുക്കാനാവും. സൂര്യപ്രകാശം, ഈര്‍പ്പം, സോപ്പ്, ബ്ലീച്ചുകള്‍, വീര്യം കുറഞ്ഞ ആസിഡുകള്‍ തുടങ്ങിയ സാധാരണ രാസവസ്തുക്കളൊന്നും ഇവയെ ബാധിക്കുന്നില്ല. വലിച്ചുനീട്ടിയോ, അടിച്ചുപരത്തിയോ, വാതിലുകള്‍ പോലെ ബലമുള്ള വസ്തുക്കളായോ, തെര്‍മോകോള്‍ പോലെ ഭാരമില്ലാത്ത ഷീറ്റുകളായോ ഒക്കെ വിവിധ പ്ലാസ്റ്റിക്കുകളെ മാറ്റിയെടുക്കാം. വാര്‍ത്തെടുക്കുന്ന സമയത്ത് തന്നെ വസ്തുവിനുള്ളില്‍ വ്യാപിച്ചുകിടക്കും വിധം ആകര്‍ഷകമായ പലനിറങ്ങള്‍ നല്‍കുകയുമാവാം. ലോഹങ്ങളില്‍ ഉപരിതലത്തില്‍ മാത്രമേ നിറം നല്‍കാനാവൂ. പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് വിലകുറവാണ് എന്നതും ഇവയെ വിപണിക്ക് പ്രിയംകരമാക്കുന്നു. ഈ പ്രത്യേകതകളെല്ലാം കൊണ്ടാണ് വര്‍ണ്ണപ്പൊലിമയുള്ള കസേരകളും, പാല്‍ മുതല്‍ വിനാഗിരി വരെ സൂക്ഷിക്കുന്ന കുപ്പികളും, വെള്ളം കടക്കാത്ത സ്കൂള്‍ ബാഗുകളും, ഉള്ളിലുള്ളത് കാണാവുന്ന കവറുകളുമൊക്കെയായി അവ നമ്മുടെ വീട്ടിലും പരിസരത്തും നിറഞ്ഞത്‌. ഭക്ഷണവുമായി പ്രതിപ്രവര്ത്തിക്കാതെ സൂക്ഷ്മജീവികളുടെ ആക്രമണത്തില്‍ നിന്നും ഈര്‍പ്പത്തില്‍ നിന്നും രക്ഷിച്ച് കേടാകാതെ സൂക്ഷിക്കുന്നതിനാല്‍ ഇവയുടെ സൂക്ഷിപ്പിനായി പ്ലാസ്റ്റിക് കവറുകളും കുപ്പികളും ഉപയോഗിക്കുന്നു. ചില്ലുകുപ്പികള്‍ പോലെ ഉടഞ്ഞുപോകുമെന്നും പേടിക്കേണ്ടതില്ല. താപമോ വൈദ്യുതിയോ കടത്തിവിടാത്തതുകൊണ്ട് വൈദ്യുതപ്രതിരോധത്തിനായും വൈദ്യുത ഉപകരണങ്ങളിലും ഉപയോഗിക്കാം എന്ന സൗകര്യവുമുണ്ട്.

Plastic Bottles

പ്ലാസ്റ്റിക് – രാസവിശേഷങ്ങള്‍

പ്ലാസ്റ്റിക്കുകളുടെസവിശേഷതകള്‍ക്കെല്ലാം അടിസ്ഥാനം ഇവയുടെ (മറ്റ് പോളിമറുകളുടെയും) ഘടന തന്നെയാണ്. അനേകം ചെറിയ തന്മാത്രകള്‍ കൂടിച്ചേര്‍ന്ന് ഉണ്ടാകുന്ന ഭീമന്‍ തന്മാത്രകളാണ് പോളിമറുകള്‍. മോണോമറുകള്‍ എന്നാണ് ഇവയുടെ അടിസ്ഥാന യൂണിറ്റുകള്‍ അറിയപ്പെടുന്നത്. ചെറിയ തന്മാത്രകളെക്കാള്‍ ലക്ഷക്കണക്കിന്‌ മടങ്ങുവരെയാകാം പോളിമറുകളുടെ തന്മാത്രാഭാരം. വളരെനീളമുള്ള ചങ്ങലയുടെ രൂപത്തിലോ, അല്ലെങ്കില്‍ ചുരുണ്ട് സ്പ്രിംഗ് പോലെയോ, ചങ്ങലകളെ തമ്മില്‍ ബന്ധിപ്പിച്ച വലപോലെയോ ആണ് ഘടന. ഇതിലേതാണ് എന്നതിനനുസരിച്ച് സ്വഭാവത്തിലും കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കും. സാന്ദ്രത കൂടിയ പോളിത്തീന്‍, കുപ്പികളും മറ്റും ഉണ്ടാക്കാനും സാന്ദ്രതകുറഞ്ഞ പോളിത്തീന്‍, സുതാര്യമായ പൊതിച്ചില്‍ വസ്തുക്കളായും ഉപയോഗിക്കാന്‍ കാരണവും ഘടനയിലെ വ്യത്യാസമാണ്. സമാന്തരമായ പോളിമര്‍ ചങ്ങലകളെ ഇടക്കെട്ടുകള്‍ കൊണ്ട് ബന്ധിപ്പിച്ച പ്ലാസ്റ്റിക്കുകള്‍ തെര്‍മോസെറ്റുകള്‍ എന്നും, ചരട് രൂപത്തിലോ, ചെറിയശാഖകളോട് കൂടിയതോ ആയ ഘടനയുള്ളവ തെര്‍മോപ്ലാസ്റ്റിക്കുകള്‍ എന്നും അറിയപ്പെടുന്നു. തെര്‍മോപ്ലാസ്റ്റിക്കുകളെ എത്ര തവണ വേണമെങ്കിലും ഉരുക്കി രൂപം മാറ്റിയെടുക്കാം. തെര്‍മോസെറ്റുകള്‍ ഒരിക്കല്‍ ഉപയോഗം കഴിഞ്ഞാല്‍ ഉരുക്കി പുനരുപയോഗിക്കാനാവില്ല.

പോളിമറുകളുടെ തന്മാത്രാവലിപ്പം കൂടുതലായതുകൊണ്ട് ഇവയെ അന്തരീക്ഷ ഘടകങ്ങള്‍ക്കോ, വെള്ളത്തിനോ, സാധാരണ രാസവസ്തുക്കള്‍ക്കോ ഒന്നും ആക്രമിക്കാനാവില്ല. കൂടാതെ കാര്‍ബണ്‍, ഹൈഡ്രജന്‍ എന്നീ ആറ്റങ്ങള്‍ മാത്രമടങ്ങിയ പോളിമര്‍ ചങ്ങലയുടെ ഘടന തന്നെ പൊതുവേ രാസവസ്തുക്കളെ ചെറുക്കുന്നതാണ്. അത് കൊണ്ട് അവ ദീര്‍ഘകാലം നിലനില്‍ക്കുന്നു. ഈ ഗുണം തന്നെയാണ് പ്ലാസ്റ്റിക്കുകളുടെ കാര്യത്തില്‍ ദോഷമായി മാറുന്നത്. ഉപയോഗശേഷം പ്രകൃതിയിലെത്തുന്ന പ്ലാസ്റ്റിക്കുകള്‍ നൂറ്റാണ്ടുകളോളം രാസമാറ്റമോ, ജൈവ വിഘടനമോ സംഭവിക്കാതെ മണ്ണില്‍ അവശേഷിക്കുന്നു. നമ്മള്‍ ചായ കുടിച്ചുവലിച്ചെറിയുന്ന ഒരു പ്ലാസ്റ്റിക് ഗ്ലാസ് 450 വര്ഷം മണ്ണില്‍ കിടക്കും.

പ്ലാസ്റ്റിക് – ദോഷവശങ്ങള്‍

നീണ്ട വിഘടന കാലം

പ്ലാസ്റ്റിക് കുപ്പികളും കവറുകളും 10 മുതല്‍ ആയിരം വരെ വര്‍ഷമെടുത്താണ് വിഘടിച്ച് മണ്ണോട് ചേരുന്നത്. അത്രയും വര്ഷം ഇവ മണ്ണില്‍ കിടന്ന് അവ ജൈവഘടകങ്ങള്‍ ലയിച്ചുചേരുന്നതിനെ തടയുകയും, നീരൊഴുക്കിനെ തടസപ്പെടുത്തുകയും, സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനത്തെ മന്ദിപ്പിക്കുകയുമെല്ലാം ചെയ്യുന്നു. പ്ലാസ്റ്റിക് മാലിന്യത്തെ ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നമാക്കി മാറ്റുന്നത് നൂറ്റാണ്ടുകളോളം നീണ്ട വിഘടന കാലമാണ്. അത് കൊണ്ട് തന്നെ ചവറുകൂനകളില്‍ ഉപേക്ഷിക്കുകയോ മണ്ണില്‍ കുഴികുത്തിമൂടുകയോ ചെയ്യുന്നത് ഒരിക്കലും നല്ല രീതിയല്ല.Plastic Cups waste

വിഷവസ്തുക്കളുടെ സ്രോതസ്സ്

പ്ലാസ്റ്റിക് തുറന്ന സ്ഥലങ്ങളില്‍ കത്തിക്കുമ്പോഴാവട്ടെ അപൂര്‍ണ്ണമായ ജ്വലനം വഴി ധാരാളം വിഷവസ്തുക്കള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ശ്വാസകോശരോഗങ്ങള്‍, കാന്‍സര്‍ എന്നിവയടക്കം നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും.ശുദ്ധമായ രൂപത്തില്‍ പ്ലാസ്റ്റിക്കുകള്‍ വിഷവസ്തുക്കളെ ഉത്പാദിപ്പിക്കുന്നില്ല. ഉയര്‍ന്ന തന്മാത്രാവലിപ്പം കാരണമുള്ള നിഷ്ക്രിയത്വം തന്നെ കാരണം. എന്നാല്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ സംസ്കരണ സമയത്ത് പലതരത്തില്‍ പെട്ട രാസവസ്തുക്കള്‍ അവയില്‍ ചേര്‍ക്കുന്നുണ്ട്. മാത്രമല്ല നിര്‍മ്മാണ പ്രക്രിയക്കിടെ ചെറിയ ഒരു ഭാഗം മോണോമറുകള്‍ രാസപ്രവര്‍ത്തനം നടക്കാതെ അവശേഷിക്കാനും സാധ്യതയുണ്ട്. ഭക്ഷ്യവസ്തുക്കളുമായി സമ്പര്‍ക്കത്തില്‍ വരുന്നവയില്‍ ഇവയുടെ സാന്നിധ്യം നിയന്ത്രിക്കാന്‍ നിയമങ്ങളുണ്ടെങ്കിലും ഉയര്‍ന്ന താപനിലയില്‍ ഇവ ഭക്ഷണപദാര്‍ഥങ്ങളില്‍ എത്താനുള്ള സാധ്യത കൂടുതലാണ്. കൂടുതല്‍ വഴക്കമുള്ളതാക്കാന്‍ ചേര്‍ക്കുന്ന പ്ലാസ്റ്റിസൈസറുകള്‍, സ്ഥിരത നിലനിര്‍ത്താനും, തീപിടിക്കാതിരിക്കാനും, പലതരം നിറങ്ങള്‍ നല്‍കാനുമൊക്കെയായി ചേര്‍ക്കുന്ന രാസവസ്തുക്കള്‍ എന്നിവയെല്ലാം ശരീരത്തില്‍ ഹാനികരമായ പല പ്രതിപ്രവര്ത്തനങ്ങള്‍ക്കും കാരണമാകുന്നു. തൈറോയ്ഡ് ഹോര്‍മോണ്‍, ഇന്‍സുലിന്‍, പുരുഷ ഹോര്‍മോണായ ആന്‍ഡ്രജനുകള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനങ്ങളെ ഇവ ഹാനികരമായി ബാധിക്കുന്നു. അലര്‍ജി മുതല്‍ വന്ധ്യതയും കാന്‍സറും വരെ ഉണ്ടാക്കാനുള്ള ശേഷിയുള്ളവയാണ് ഇവയില്‍ പലതും. മണ്ണിലെത്തുമ്പോള്‍ കാലക്രമേണ ഭൂഗര്‍ഭജലസ്രോതസ്സുകളെ മലിനമാക്കുകയും ചെയ്യുന്നു.

ഫ്ലക്സുകളും മറ്റുമുണ്ടാക്കാന്‍ വ്യാപകമായി നാമുപയോഗിക്കുന്ന പ്ലാസ്റ്റിക് ആണ് പോളിവിനൈല്‍ ക്ളോറൈഡ് അഥവാ പി വി സി. ഇതില്‍ നിന്ന് പുറത്തെത്തുന്ന ഡയോക്സേനുകള്‍ ജന്മവൈകല്യങ്ങള്‍, പ്രമേഹം, കാന്‍സര്‍ എന്നിവയ്ക്കൊക്കെ കാരണമാകുന്നു. ഉപയോഗശേഷം കാറ്റത്തും മഴയത്തും വഴിവക്കില്‍ വീണുകിടക്കുന്ന ഫ്ലക്സുകള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ അടുത്തതവണ പ്രിയപ്പെട്ട ക്രിക്കറ്റ് ടീമുകളുടെയും ഫുട്ബോള്‍ ടീമുകളുടെയും പേരില്‍ ഫ്ലക്സ് അടിക്കാന്‍ കൊടുക്കുമ്പോഴെങ്കിലും ഒന്നാലോചിക്കുന്നത് നന്നാവും.

പരിസര മലിനീകരണം

ഒറ്റ ഉപയോഗത്തിന് ശേഷം വലിച്ചെറിയാവുന്ന പോളിത്തീന്‍ സഞ്ചികള്‍, സ്ട്രോകള്‍, ഗ്ലാസുകള്‍ തുടങ്ങിയവ ഉണ്ടാക്കുന്ന മലിനീകരണം ചെറുതല്ല. പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ ഭൂരിഭാഗവും ഈ വിഭാഗത്തില്‍ പെടുന്നു എന്ന് മാത്രമല്ല ഇവയുടെ പുന:ചംക്രമണം സാധ്യവുമല്ല. വിവരസാങ്കേതിക വിദ്യാ വികാസത്തിന്‍റെ മറുപുറമാണ് പെരുകുന്ന ഇലക്ട്രോണിക് മാലിന്യം. ഒരു മൊബൈല്‍ ഫോണില്‍ തന്നെ നിരവധി തരം പ്ലാസ്റ്റിക്കുകള്‍ ചെറിയ ചെറിയ ഘടകങ്ങളായി ഉപയോഗിക്കുന്നതിനാല്‍ ഇവയെ വേര്‍തിരിച്ച് പുനരുപയോഗിക്കുക പ്രയാസമാണ്.

ഉപയോഗശേഷം കരയില്‍ നിന്ന് സമുദ്രത്തിലെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും, മീൻപിടിത്തത്തിന്റെ ബാക്കിപത്രമായ നൈലോണ്‍ വലകള്‍ തുടങ്ങിയവയും സമുദ്രപരിസ്ഥിതിയെ പാടേ തകര്‍ക്കുന്നുണ്ട്. ഇവയില്‍ കുടുങ്ങിയും, അബദ്ധത്തില്‍ ഭക്ഷിച്ചും പല ജീവികളും ചത്തുപോകുന്നു. ഉപ്പുവെള്ളത്തില്‍ പ്ലാസ്റ്റിക് വിഘടിച്ച് പുറംതള്ളുന്ന രാസവസ്തുക്കള്‍ ചില വിഭാഗം സമുദ്രജീവികളുടെ പ്രജനനവും അതിജീവനവും അസാധ്യമാക്കുന്നു. പസഫിക് സമുദ്രത്തില്‍ രണ്ട് മേഖലകളിലായുള്ള മാലിന്യപടലങ്ങള്‍ രാജ്യങ്ങളോളം വലിപ്പമുള്ളതാണ്. മത്സ്യങ്ങളും, കൊക്കുകൊണ്ട് വെള്ളമരിച്ച് മത്സ്യങ്ങളെ പിടിക്കുന്ന പക്ഷികളുമെല്ലാം ഇവ വിഴുങ്ങുകയും ആമാശയത്തില്‍ ഭക്ഷണമെത്താതെയും, വേണ്ടത്ര പോഷണം ലഭിക്കാതെയും ചത്തുപോവുകയും ചെയ്യുന്നു.

സാമൂഹിക വിപത്ത്

ഹാനികരമായ സൂക്ഷ്മജീവികളുടെ കോളനിയായി ജലത്തിലെ പ്ലാസ്റ്റിക് മാലിന്യനിക്ഷേപങ്ങള്‍ മാറുന്നുണ്ടെന്നും പഠനങ്ങള്‍ കാണിക്കുന്നു. പ്ലാസ്റ്റിക് വിഘടിച്ചുണ്ടാകുന്ന സൂക്ഷ്മ കണികകള്‍ ലോകമെമ്പാടും ജലവിതരണ സംവിധാനത്തെ മലിനമാക്കുന്നു എന്ന് മാത്രമല്ല ഇത് പലപ്പോഴും തിരിച്ചറിയപ്പെടാതെ പോവുകയും ചെയ്യുന്നു. 2050 ലെത്തുമ്പോള്‍ കടലില്‍ മത്സ്യങ്ങളെക്കാള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാകുമത്രേ. പ്രതിവര്‍ഷം എണ്‍പത് ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കടലിലെത്തുന്നത്. മിനിറ്റില്‍ ഒരു ട്രക്ക് വീതം എന്നാണ് കണക്ക്. 2050 ആവുമ്പോള്‍ ഇത് മിനിറ്റില്‍ നാല് ട്രക്ക് ആയി വര്‍ദ്ധിക്കും. പാരിസ്ഥിതിക സുസ്ഥിതി നിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന സമുദ്രങ്ങള്‍ കുപ്പത്തൊട്ടിയായി മാറുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. കടല്‍ജീവികളുടെ വ്യാപകനാശവും ഇതിന്‍റെ ഫലമായുണ്ടാവും. മീനില്ലാത്ത കടല്‍ നമ്മുടെ രുചികളെ മാത്രമല്ല മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെക്കൂടിയാണ് അശാന്തമാക്കുക.

Dead Bird

പ്ലാസ്റ്റിക്കും സമ്പദ്‍വ്യവസ്ഥയും

പ്ലാസ്റ്റിക് മാലിന്യപ്രശ്നങ്ങളുടെ ഉറവിടമന്വേഷിച്ചാല്‍ തീര്‍ച്ചയായും നാം ചെന്നെത്തുക മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ ലാഭക്കൊതിയിലേക്ക് തന്നെയാണ്. തങ്ങളുടെ ഉത്പന്നങ്ങള്‍ ഏറ്റവും എളുപ്പത്തില്‍ ലോകത്തിന്‍റെ ഏത് കോണിലുമെത്തിച്ചു ലാഭം കൊയ്യാനുള്ള അത്യാര്‍ത്തിയാണ്‌ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഇത്രയേറെ പെരുകാന്‍ കാരണം.

മുതലാളിത്തത്തിന്‍റെ താല്പര്യം ഉടനടി ലഭിക്കുന്ന ലാഭം മാത്രമാണ്. അതിന്‍റെ ദീര്‍ഘകാലഫലങ്ങള്‍ അവരുടെ പരിഗണനക്ക് വിഷയമല്ല. – എംഗല്‍സ്

തങ്ങളുടെ ഉത്പന്നത്തിന്റെയോ, അത് ഉപയോഗിക്കുന്നവരുടെയോ ഭാവി മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല. ആഗോളവത്കരണത്തിന്‍റെ ഫലമായുണ്ടായ കൂടുതല്‍ ഉത്പന്നങ്ങളുടെ കടന്നുവരവിനൊപ്പം കോളകള്‍ നിറച്ച കുപ്പികളായും, ലേസ് പാക്കറ്റുകളായും പ്ലാസ്റ്റിക് നിത്യജീവിതത്തിന്റെ ഭാഗമായി. പ്ലാസ്റ്റിക് ഉത്പാദനത്തിലും ഉപഭോഗത്തിലുമുള്ള വര്‍ധനവ് സാമ്പത്തിക വളര്‍ച്ചയുടെ സൂചനയായാണ് പരിഗണിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ വിവിധയിനം പ്ലാസ്റ്റിക്കുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുക ഒരു ഭരണകൂട അജണ്ട കൂടിയായി മാറുന്നു.ആഗോളവത്കരണവും മാലിന്യങ്ങളുടെ സ്വഭാവവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള അന്താരാഷ്‌ട്ര ഖരമാലിന്യ അസോസിയേഷന്‍ എന്ന സ്വതന്ത്രസംഘടനയുടെ പഠനങ്ങള്‍ നവസാമ്പത്തിക നയങ്ങള്‍ ആഗോളതലത്തിലുള്ള മാലിന്യങ്ങളുടെ സ്വഭാവത്തെ എകീകരിച്ചതായി ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ മൂന്നുദശകത്തിനുള്ളില്‍ മാലിന്യ പുന:ചംക്രമണ നിരക്ക് അഞ്ചില്‍ നിന്ന് നാല്പത്തഞ്ച് ശതമാനമായി വര്‍ധിച്ചതായി യൂറോപ്പും വടക്കേ അമേരിക്കന്‍ രാജ്യങ്ങളും മേനി നടിക്കുന്നത് വികസ്വരരാജ്യങ്ങളുടെ ചെലവിലാണെന്നുകൂടി ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

ലോകത്ത് സംസ്കരിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ 56% വും ചൈനയിലാണെത്തുന്നത്. വികസിതരാജ്യങ്ങള്‍ നിര്‍മ്മിക്കുന്ന മാലിന്യങ്ങള്‍ സംസ്കരിച്ച് പുനരുപയോഗസജ്ജമാക്കുക എന്നത് ഒരു വരുമാനമാര്‍ഗ്ഗമായി മാറുന്നു. എന്നാല്‍ പൊതുവേ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വികസ്വരരാജ്യങ്ങളില്‍ അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ വേണ്ടവിധം ശ്രദ്ധിക്കപ്പെടാതെ പോകുന്നുമുണ്ട്. അടുത്തയിടെ കൊച്ചി തീരത്തെത്തിയ ഇലക്ട്രോണിക് മാലിന്യം നിറച്ച കണ്ടെയ്നറുകള്‍ ഇതിനോട് ചേര്‍ത്ത് വായിക്കാം. ഫോസില്‍ ഇന്ധനമായ പെട്രോളിയമാണ് എല്ലാ കൃത്രിമപോളിമറുകളുടെയും അസംസ്കൃതവസ്തു. ഫോസില്‍ ഇന്ധനങ്ങള്‍ എന്നേക്കുമുള്ളതല്ല. അവയുടെ അനിയന്ത്രിത ചൂഷണം ഭാവിയില്‍ വന്‍ ഊര്‍ജ്ജപ്രതിസന്ധിയിലേക്കാവും നയിക്കുക. മാത്രമല്ല കൃത്രിമ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ കാര്‍ബണ്‍ പാദമുദ്ര വളരെ കൂടുതലാണ്. ഇത് അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ വര്‍ധനവിനും അതുവഴി ആഗോളതാപനത്തിനും ഇടയാക്കുന്നു.

പ്രതിശീര്‍ഷ പ്ലാസ്റ്റിക് ഉപഭോഗം

ചിത്രത്തിന് കടപ്പാട് | Research Gate

ഇന്ത്യയടക്കമുള്ള വികസ്വരരാജ്യങ്ങളിലും ഖരമാലിന്യത്തിന്റെ പത്ത് ശതമാനത്തോളം പ്ലാസ്റ്റിക് അവശിഷ്ടങ്ങളാണ്. നിലവില്‍ ഇന്ത്യയിലെ പ്രതിശീര്‍ഷ പ്ലാസ്റ്റിക് ഉപയോഗം ഒരു വര്ഷം പതിനൊന്ന് കിലോഗ്രാം ആണ്. ആഗോള ശരാശരിയേക്കാള്‍ താഴ്ന്നതാണ് ഇത്. 2022 ആകുമ്പോഴേക്ക് 20 കിലോഗ്രാം ആയി പ്രതിശീര്‍ഷ ഉപഭോഗം ഉയര്‍ത്താനാണ് പദ്ധതി എന്ന് പെട്രോളിയം മന്ത്രി തന്നെ പറയുന്നു. പ്ലാസ്റ്റിക് മലിനീകരണത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ അവസ്ഥ ആശാസ്യകരമാണ് എന്ന് പറയാനാവില്ല. ഇന്ത്യയിലെ നഗര-ഗ്രാമ അന്തരം ആണ് പ്രതിശീര്‍ഷ ഉപഭോഗം കുറഞ്ഞിരിക്കുന്നതിനുള്ള പ്രധാന കാരണം. പാസ്റ്റിക്കുകളുടെ ഉപയോഗം സംബന്ധിച്ച് കൃത്യമായ നിയമങ്ങള്‍ ഇല്ലാത്തതും, ഉള്ളത് തന്നെ നടപ്പിലാക്കപ്പെടാത്തതും, മാലിന്യസംസ്കരണ സംവിധാനത്തിന്‍റെ അപര്യാപ്തതയും, അവബോധമില്ലായ്മയും എല്ലാം ഇന്ത്യയിലെ മലിനീകരണത്തെ രൂക്ഷമാക്കുന്നു. സംരക്ഷിത വനപ്രദേശങ്ങളിലടക്കം ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇന്ത്യയില്‍ വ്യാപകമായ കാഴ്ചയാണ്.

പ്ലാസ്റ്റിക് മലിനീകരണത്തിന് പരിഹാരമെന്ത്?

സ്റ്റാര്‍ച്ച്, സെല്ലുലോസ്, ലാക്റ്റിക്കാസിഡ് തുടങ്ങിയവയില്‍ നിന്ന് നിര്‍മ്മിക്കുന്ന അപൂര്‍വ്വം ജൈവപോളിമറുകള്‍ മാത്രമാണ് സ്വാഭാവിക വിഘടനത്തിന് വിധേയമാകുന്നത്. ഇവയ്ക്ക് പലപ്പോഴും ഈടുനില്‍പ്പിലും ബലത്തിലും മനുഷ്യനിര്‍മ്മിത പോളിമറുകളോട് മത്സരിക്കാനാവില്ല. അത് കൊണ്ട് തന്നെ നിലവിലെ വിപണി സാധ്യതകള്‍ പരിമിതമാണ്. ഉയര്‍ന്ന ചെലവും ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നു. ഈ ദിശയില്‍ വ്യാപകമായ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട് എങ്കിലും നിലവിലെ അവസ്ഥ അത്ര ആശാവഹമല്ലെന്ന് പറയേണ്ടിവരും. പ്ലാസ്റ്റിക്കിനെ വിഘടിപ്പിക്കാനാവുന്ന സൂക്ഷ്മജീവികള്‍ക്കായുള്ള അന്വേഷണങ്ങളും നടക്കുന്നു. നിയന്ത്രിതമായ ജ്വലനം വഴി പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് കാര്യക്ഷമമായി ഇന്ധനം ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങളും ലോകമെമ്പാടും നടക്കുന്നുണ്ട്. ഉപയോഗം പരമാവധി കുറയ്ക്കുക, കഴിയുന്നിടത്തോളം പുനരുപയോഗം സാധ്യമാക്കുക, പുന:ചംക്രമണം നടത്തി വീണ്ടും ഉത്പന്നങ്ങളാക്കി മാറ്റുക എന്നീ മൂന്ന് മാര്‍ഗ്ഗങ്ങളാണ് നിലവില്‍ പ്രായോഗികം.

Plastic Recycle

പുനഃചംക്രമണം – പരിമിതികള്‍

ആകെ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ പതിനഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് നിലവില്‍ പുനഃചംക്രമണം ചെയ്യപ്പെടുന്നത്. ജര്‍മ്മനി, ആസ്ട്രിയ, ദക്ഷിണകൊറിയ എന്നിവരാണ്‌ ഈ രംഗത്ത് മുന്‍പന്തിയില്‍. ഉണ്ടാക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പകുതിയിലേറെ ഇവര്‍ പുനരുപയോഗിക്കുന്നു. അറുപത്‌ ശതമാനം പുന:ചംക്രമണ നിരക്ക് ഇന്ത്യ അവകാശപ്പെടുന്നു എങ്കിലും ആഗോളതലത്തിലുള്ള റിപ്പോര്‍ട്ടുകളില്‍ പത്തിനുള്ളില്‍ പോലും സ്ഥാനമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കേന്ദ്രീകരണ മാലിന്യസംസ്കരണ സംവിധാനങ്ങളുടെ കുറവും, പൊതുസ്ഥലങ്ങളിലെ ചവറുവീപ്പകളുടെ അഭാവവും ഒക്കെ പ്ലാസ്റ്റിക് മാലിന്യം ചിതറിക്കിടക്കുന്ന അവസ്ഥയില്‍ എത്തിക്കാന്‍ കാരണമാകുന്നു. മാലിന്യസംസ്കരണ യൂണിറ്റുകള്‍ക്കുള്ള ഗവണ്മെന്റ് സഹായം പരിമിതമാണ് എന്നതും ഈ രംഗത്ത് പുതിയ മുന്നേറ്റങ്ങള്‍ക്ക് തടയിടുന്നു.

മാലിന്യങ്ങള്‍ തരം തിരിക്കുന്ന സ്വഭാവം ഇല്ലാത്തതാണ് പലപ്പോഴും നമുക്ക് വിനയാകുന്നത്. എല്ലാത്തരം പ്ലാസ്റ്റിക്കും ഒരുമിച്ച് സംസ്കരിക്കാനാവില്ല. ജൈവമാലിന്യങ്ങളോടൊപ്പം ഇടകലര്‍ത്തി വലിച്ചെറിയുന്നത് തരംതിരിക്കലും അത് വഴി പുന:ചംക്രമണവും പ്രയാസമാക്കുന്നു

ഇന്ത്യയില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നാല്‍പ്പത്തിമൂന്നു ശതമാനവും പാക്കേജിംഗ് ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ഒറ്റതവണ ഉപയോഗത്തിന് ശേഷം ഇവ വലിച്ചെറിയപ്പെടുന്നു. ഇവയുടെ തരംതിരിച്ചെടുക്കല്‍ പ്രയാസമായതിനാലും കാര്യമായ സാമ്പത്തിക ലാഭമില്ലാത്തതിനാലും കാര്യക്ഷമമായി നടക്കുന്നില്ല. ഈ രംഗത്ത് കാര്യമായ മാറ്റം വരാതെ ഇന്ത്യയുടെ പ്ലാസ്റ്റിക് മാലിന്യപ്രശ്നത്തിന് പരിഹാരം കാണാനാവില്ല.

Plastic Bottle Beach

നിയമങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ കഴിയുന്നില്ല

പ്ലാസ്റ്റിക് കവറുകളുടെ കനം അന്‍പത് മൈക്രോണില്‍ കൂടുതലാകണം എന്ന് നിലവില്‍ നിയമമുണ്ട്. ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാനും നിയമമുണ്ടെങ്കിലും കാര്യക്ഷമമായി നടപ്പാക്കപ്പെടുന്നില്ല. തങ്ങള്‍ ഉത്പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ തിരിച്ചെത്തുന്നു എന്നുറപ്പിക്കാന്‍ പ്ലാസ്റ്റിക് നിര്‍മാതാക്കള്‍, കയറ്റുമതി കമ്പനികള്‍, കുത്തക ബ്രാന്റുകള്‍ എന്നിവരുടെ പങ്ക് നിര്‍ബന്ധമാക്കുന്ന നിയമം(extended producer responsibility) വളരെ അവ്യക്തവുമാണ്. കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാതിരിക്കുന്നത് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കുത്തകകളെ സഹായിക്കുകയാണ് ചെയ്യുക. ഉത്തരവാദിത്വ മാലിന്യ സംസ്കരണത്തെക്കുറിച്ച് അവബോധം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ നിയമങ്ങള്‍ കൃത്യമായി നടപ്പാക്കപ്പെടുകയും വേണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍കൈയില്‍ മേഖലകളായി തിരിച്ച് മാലിന്യസംസ്കരണ പ്ലാന്‍റുകള്‍ ആരംഭിക്കുക, ഇവയ്ക്ക് സര്‍ക്കാര്‍ ധനസഹായങ്ങള്‍ ലഭ്യമാക്കുക എന്നിവയും ചെയ്യേണ്ടതുണ്ട്. മാലിന്യസംഭരണത്തിനുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയും അവ കാര്യക്ഷമമായി ഉപയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും വേണം.

അടുത്ത തവണ ഒരു പ്ലാസ്റ്റിക് സഞ്ചിയോ ചിപ്സിന്റെ കൂടോ മിഠായികടലാസോ വലിച്ചെറിയുന്നതിനുമുന്‍പേ ഓര്‍ക്കുക മണ്ണിനെപ്പറ്റി, അതിലെ ചെടികളെപ്പറ്റി, കടലിലെ മത്സ്യങ്ങളെപ്പറ്റി, പ്ലാസ്റ്റിക് കൂട് തിന്ന് ചാവേണ്ടിവരുന്ന കിളികളെപ്പറ്റി സര്‍വ്വോപരി നമ്മെപ്പറ്റി. പ്ലാസ്റ്റിക് മാലിന്യം കുറക്കാനായി നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം വലിച്ചെയപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ അളവ് കുറക്കാനെങ്കിലും ശ്രമിക്കാം.

പ്ലാസ്റ്റിക് നിരോധനം കേരളത്തിൽ

ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മാണവും വില്‍പ്പനയും സൂക്ഷിക്കലും 2020 ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് നിരോധനം പ്രാബല്യത്തിൽ വന്നു. പ്ലാസ്റ്റിക് കവര്‍, പാത്രം, കുപ്പികള്‍ എന്നിവ നിരോധിക്കും. പ്ലാസ്റ്റിക് ക്യാരിബാഗും, ഗാര്‍ബേജ് ബാഗും എന്നിവയെല്ലാം നിരോധനത്തിൽ ഉൾപ്പെടുന്നുണ്ട്. 300 മില്ലി ലിറ്ററിന് പുറത്തുള്ള കുപ്പികളും നിരോധനത്തില്‍ ഉള്‍പ്പെടും.  പ്ലാസ്റ്റിക് നിരോധനം ലംഘിക്കുന്നവര്‍ക്ക് പിഴ ശിക്ഷ നല്‍കും. നിരോധനം ലംഘിക്കുന്നവര്‍ക്ക്  ആദ്യം 10,000 രൂപയായിരിക്കും പിഴ ശിക്ഷ. ആവര്‍ത്തിച്ചാല്‍ 50,000 രൂപയാണ് ശിക്ഷ.പ്ലാസ്റ്റിക് വസ്തുക്കളുടെ  ഉല്‍പ്പാദനവും വിപണനവും  സംസ്ഥാനം നിരോധിച്ചു.

ഒരു വർഷം 480 ടൺ പ്ലാസ്റ്റിക് മാലിന്യമാണ് പുറന്തള്ളുന്നതെന്ന് കഴിഞ്ഞ വർഷം ശുചിത്വമിഷൻ കണക്കാക്കിയിരുന്നു. 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് നിരോധിച്ച് 2016 ൽ തദ്ദേശഭരണവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ സംസ്ഥാനത്ത്  പോളി വിനൈല്‍ ക്ലോറൈഡ് (പി വിസി) ഉപയോഗിച്ചുള്ള ഫ്ലക്സ് നേരത്തെ സംസ്ഥാനത്ത് നിരോധിച്ചിരുന്നു.  തദ്ദേശസ്വയംഭരണ വകുപ്പാണ് ഓഗസ്റ്റ് മാസം  ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. അതിന് പിന്നാലെയാണ് ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നത്.

പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ); ടേബിളില്‍ വിരിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്സ്; കൂളിംഗ് ഫിലിം; പ്ലേറ്റുകള്‍, കപ്പുകള്‍, തെര്‍മോക്കോള്‍, സ്റ്റൈറോഫോം എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന അലങ്കാര വസ്തുക്കള്‍; ഒറ്റത്തവണ ഉപഭോഗമുള്ള പ്ലാസ്റ്റിക് കപ്പുകള്‍; പ്ലേറ്റുകള്‍; സ്പൂണുകള്‍; ഫോര്‍ക്കുകള്‍, സ്ട്രോകള്‍, ഡിഷുകള്‍, സ്റ്റിറര്‍; പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പര്‍ കപ്പുകള്‍; പ്ലേറ്റുകള്‍; ബൗള്‍; നോണ്‍ വൂവണ്‍ ബാഗുകള്‍; പ്ലാസ്റ്റിക് ഫ്ളാഗുകള്‍; പ്ലാസ്റ്റിക് ബണ്ടിംഗ്; പ്ലാസ്റ്റിക് വാട്ടര്‍ പൗച്ചസ്; പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകള്‍; കുടിക്കാനുള്ള പെറ്റ് ബോട്ടിലുകള്‍  (300 മില്ലിക്ക് താഴെ); പ്ലാസ്റ്റിക് ഗാര്‍ബേജ് ബാഗ്; പി.വി.സി ഫ്ളക്സ് മെറ്റീരിയല്‍സ്; പ്ലാസ്റ്റിക് പാക്കറ്റ്സ് എന്നിവയാണ് നിരോധിച്ചത്.

നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമം 1986 പ്രകാരം കര്‍ശനമായി നടപടികള്‍ സ്വീകരിക്കും. കലക്ടര്‍മാര്‍ക്കും സബ്ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍ക്കും മലിനീകരണ നിയന്ത്ര ബോര്‍ഡ് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കും പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും നടപടിയെടുക്കാന്‍ അധികാരമുണ്ട്.

നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമം 1986 പ്രകാരം കര്‍ശനമായി നടപടികള്‍ സ്വീകരിക്കും. കലക്ടര്‍മാര്‍ക്കും സബ്ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍ക്കും മലിനീകരണ നിയന്ത്ര ബോര്‍ഡ് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കും പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും നടപടിയെടുക്കാന്‍ അധികാരമുണ്ട്.

ജനുവരി 1 മുതല്‍ നിരോധിക്കുന്ന പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ ഇവയാണ്, പൂര്‍ണ ലിസ്റ്റ്

നിയമം ലംഘിക്കുന്ന പ്ലാസ്റ്റിക് നിര്‍മാതാക്കള്‍ മൊത്തവിതരണക്കാര്‍ ചെറുകിടവില്‍പ്പനക്കാര്‍ എന്നിവര്‍ക്ക് 10,000 രൂപ പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ട്. രണ്ടാമതും നിയമം ലംഘിക്കുകയാണെങ്കില്‍ 25,000 രൂപയാണ് പിഴ. തുടര്‍ന്നും നിയമം ലംഘിച്ചാല്‍ 50,000 രൂപ പിഴയീടാക്കുന്നതും സ്ഥാപനത്തന്‍റെ പ്രവര്‍ത്താനുമതി റദ്ദാക്കുന്നതുമാണ്. തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും ഇതിന് അധികാരം നല്‍കിയിട്ടുണ്ട്.

എക്സറ്റന്‍റഡ് പ്രൊഡ്യൂസേര്‍സ് റെസ്പോണ്‍സിബിലിറ്റി പ്ലാന്‍ പ്രകാരം വില്‍പ്പന നടത്തുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഉപഭോക്താക്കളില്‍ നിന്ന് തിരിച്ചുവാങ്ങി പണം നല്‍കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍, കേരഫെഡ്, മില്‍മ, കേരള വാട്ടര്‍ അതോറിറ്റി എന്നീ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഖരമാലിന്യ മാനേജ്മെന്‍റ് ചട്ട പ്രകാരം വ്യവസായ പാര്‍ക്കുകളിലെ 5 ശതമാനം ഭൂമി മാലിന്യ സംസ്കരണത്തിനും പുനഃചംക്രമണത്തിനുമായി മാറ്റിവെക്കണം. ഇത് കര്‍ശനമായി നടപ്പാക്കാനും തീരുമാനിച്ചു. പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം പരിസ്ഥിതി സൗഹൃദ ബാഗുകള്‍ ഉല്‍പാദിപ്പിക്കുന്ന യൂണിറ്റുകളെ വ്യവസായ വകുപ്പ് പ്രോത്സാഹിപ്പിക്കും.

കയറ്റുമതിക്കായി നിര്‍മിച്ചിട്ടുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍, ആരോഗ്യപരിപാലന രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍, കമ്പോസ്റ്റബിള്‍ പ്ലാസ്റ്റിക്കില്‍ നിന്നും നിര്‍മ്മിച്ച വസ്തുക്കള്‍ (ഐ.എസ് അല്ലെങ്കില്‍ ഐ.എസ്.ഒ 17088: 2008 ലേബല്‍ പതിച്ചത്). എന്നിവ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


അവലംബം

1.  Knowledge Paper on Plastic Industry for Infrastructure, February 2017

2. Report on Globalisation and Waste Management , International Solid Waste Association

Happy
Happy
52 %
Sad
Sad
9 %
Excited
Excited
17 %
Sleepy
Sleepy
0 %
Angry
Angry
9 %
Surprise
Surprise
13 %

One thought on “പ്ലാസ്റ്റിക് യുഗം – നമ്മളെന്നാണിനി വലിച്ചെറിയാതിരിക്കുക ?

  1. Sir, Space is full of rocket/ satellite debris, all cities are full of unused buildings. atmosphere is full of aircraft/rocket fumes. Petroleum products, including plastics have left world with debris, agriculture has leftover pesticides/fertiliser.
    Suppose we, did not use these will we have survived/ met our requirements? Suppose we had only carts drawn by bullocks/ horses, their dung would have left us in huge heaps.
    The laws to control use plastics seem limited to below 50 micron thickness.
    Plastics have left people with cancer, but have we not invented medicines against it? Our longevity has doubled since last 50years. We are double in population compared with that of 50 years ago.
    Any new fuel , like hydrazine rock, will apparently seem less polluting, but the left over from its processing/ storage systems/ solar panels or even old paper will not take us back to the supposedly old happier (pre-Silent Spring) days.
    Since plague we were supposing devastation. Malthus theory of ‘survival of fittest’ lead to Darwin’s evolution, or Socialism, all of which have left us with solutions for co-operation.
    Suppose a large asteroid hit us again and left the Earth dark for thousands of years, making most of the life extinct, and compel evolution from debris for another set of life , will such life remain selfless and flat?
    We have solved famines, diseases like plague, small pox. Even the surplus oxygen left-over by plants (> 80*)% life) have been consumed by animals, to present state, (still with large proportion of burning oxygen as compared with any other planet). If plants can collectively evolve into oxygen-consuming animals, as a survival solution, will not humans with better collective brains evolve solutions?
    It appears the author did not try to even mention the collective activity in Alappuzha against plastics.

Leave a Reply

നക്ഷത്രമാപ്പ് - ജനുവരി Previous post ജനുവരിയിലെ ആകാശം – 2020
Next post ഓസ്‌ട്രേലിയയിൽ തീ പടരുന്നു
Close