Read Time:5 Minute

ആകാശത്ത് നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന അഞ്ചുഗ്രഹങ്ങളാണു ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിവ. ഈ അഞ്ചുഗ്രഹങ്ങളെയും ഒന്നിച്ചു നിരീക്ഷിക്കാൻ സാധിക്കുന്നത് അപൂര്‍വ്വമായ അവസരങ്ങളിൽമാത്രമാണ്. ഇവയിൽ നാലെണ്ണത്തെ ഒരേ സമയം കാണാൻ കഴിയുന്ന അപൂർവ്വമായ അവസരമാണ് ഈ വർഷം ജനുവരി-ഫെബ്രുവരി മാസങ്ങളിൽ സംജാതമായിരിക്കുന്നത്. കൂടാതെ, ഒരു ടെലസ്കോപ്പിന്റെ സഹായത്താൽ യുറാനസിനെയും നെപ്ട്യൂണിനെയും ഇതൊടൊപ്പം കാണാനാകും. ഇവയെ എവിടെ എപ്പോൾ എവിടെ എങ്ങനെ നിരീക്ഷിക്കാം എന്നു നോക്കാം.

രാത്രി 8 മണിയോടെ നിരീക്ഷിക്കുന്നതാണ് നല്ലത്. പടിഞ്ഞാറെ ചക്രവാളത്തിനു മുകളിൽ അതീവ ശോഭയോടെ പ്രകാശിച്ചു നിൽക്കുന്ന നക്ഷത്രസമാനമാനമായ വസ്തുവാണ് ശുക്രൻ (Venus). രാത്രിയാകാശത്ത് ചന്ദ്രൻ കഴിഞ്ഞാൽ ഏറ്റവും ശോഭയോടെ കാണാനാകുന്നത് ശുക്രനെയാണ്. പടിഞ്ഞാറെ ചക്രവാളത്തിനു മുകളിൽ നക്ഷത്രസമാനമായി കാണപ്പെടുന്നതിൽ ഏറ്റവും വലിപ്പത്തിലും ശോഭയിലും കാണാനാകുന്നതിനാൽ ശുക്രനെ പ്രയാസം കൂടാതെ തിരിച്ചറിയാം. ശുക്രന് സമീപത്തായി നക്ഷത്രസമാനമായ മറ്റൊരു വസ്തു ശോഭയോടെ കാണപ്പെടുന്നു; അത് ശനി (Saturn) ഗ്രഹമാണ്. ജനുവരി 21, 22 ദിവസങ്ങളിൽ അത് ശുക്രനിൽ നിന്നും അല്പം തെക്കുമാറി കാണാം. തുടർന്നുള്ള ദിവസങ്ങളിൽ അത് ശുക്രനിൽ നിന്നും തെക്കുപടിഞ്ഞാറ് ദിശയിൽ അകന്നുപോകുന്നതായി കാണാം.

തലക്കു മുകളിൽ (അല്പം വടക്കുകിഴക്കായി) ഏറ്റവും ശോഭയോടെ കാണപ്പെടുന്ന നക്ഷത്രസമാനമായ വസ്തു വ്യാഴം (Jupiter) ആണ്. തലക്കുമുകളിൽ അതിലും ശോഭയുള്ള മറ്റൊരു വസ്തു (ചന്ദ്രനല്ലാതെ) ഉണ്ടാവുകയില്ല. അതിനാൽ വ്യാഴത്തെ എളുപ്പത്തിൽ തിരിച്ചറിയാം. വ്യാഴത്തിനടുത്ത് ഇളം ചുവപ്പുനിറത്തിൽ ശോഭയോടെ കാണുന്നത് രോഹിണി എന്ന നക്ഷത്രക്കൂട്ടത്തിലെ തിളക്കമുള്ള നക്ഷത്രമാണ്, ബ്രഹ്മർഷി (Aldebaran) എന്നാണ് അതിന്റെ പേര്.

കിഴക്കെ ചക്രവാളത്തിനു മുകളിലാണ് ചൊവ്വ (Mars)-യെ കാണാനാകുന്നത്. കിഴക്കുദിശയിൽ നിന്നും അല്പം വടക്കുമാറി ചക്രവാളത്തിനു മുകളിൽ ഓറഞ്ച് നിറത്തിൽ ശോഭയോടെ കാണാനാകുന്ന നക്ഷത്രസമാനമായ വസ്തുവാണ് ചൊവ്വ. കിഴക്കെ ചക്രവാളത്തിനു മുകളിൽ ഓറഞ്ചുനിറത്തിൽ അതിലും ശോഭയുള്ള മറ്റൊരു വസ്തു സന്ധ്യക്ക് കാണാനാകില്ല; അതിനാൽ ചൊവ്വയെയും എളുപ്പത്തിൽ തിരിച്ചറിയാം.

തലക്കു മുകളിൽ വ്യാഴത്തിനു പടിഞ്ഞാറായാണ് യുറാനസിന്റെ സ്ഥാനം. വളരെ മങ്ങിയ ഒരു നക്ഷത്രം പോലെ തെളിഞ്ഞ രാത്രിയിൽ ഇതിനെ കാണാനായേക്കും. ഒരു ടെലിസ്കോപ്പിന്റെ സഹായത്തോടെ യുറാനസിനെ നിരീക്ഷിക്കാനാകും. ശക്തിയേറിയ ഒരു ടെലിസ്കോപ്പിലൂടെ നോക്കിയാൽ പടിഞ്ഞാറെ ആകാശത്ത്, ശുക്രന് മുകളിലായി നെപ്ട്യൂണിനെയും കാണാ. ടെലിസ്കോപ്പ് ഉപയോഗിച്ച് വ്യാഴത്തിന്റെ ഉപഗ്രഹങ്ങൾ, ശനിയുടെ വലയം, ശനിയുടെ ഉപഗ്രഹങ്ങൾ, ശുക്രന്റെ കല എന്നിവയും നിരീക്ഷിക്കാനാകും.

ഗ്രഹങ്ങളുടെ സമ്മേളനം കാണാനാകുന്ന അപൂർവ്വ അവസരമാണിത് എന്ന് പറഞ്ഞത് വെറുതെയല്ല എന്നു മനസ്സിലായല്ലൊ. അപ്പോൾ കാണുകയല്ലെ….

വായിക്കാം
വിശദമായി വായിക്കാം
Happy
Happy
19 %
Sad
Sad
4 %
Excited
Excited
69 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
8 %

Leave a Reply

Previous post പുണ്യപുരാതന അസോള സംഭവം
Next post സസ്യലോകത്തെ “സൺസ്ക്രീൻ”: ഉൽപാദനവും നിയന്ത്രണവും – Kerala Science Slam
Close