Read Time:5 Minute
[author title=”ഡോ. ബി. ഇക്ബാൽ” image=”https://luca.co.in/wp-content/uploads/2014/09/ekbal_b-e1521039251428.jpg”]ആസൂത്രണ ബോര്‍ഡ് അംഗം , എഴുത്തുകാരന്‍[/author]

ശാസ്ത്രമേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ അതിപ്രഗത്ഭരായ നിരവധി കേരളീയ ശാസ്ത്രജ്ഞരുണ്ട്. പക്ഷെ ഇവരിൽ പലരും മലയാളികൾക്കിടയിൽ വേണ്ടത്ര അറിയപ്പെടുന്നില്ല. കേരളീയരായ ശാസ്ത്രപ്രതിഭകള പരിചയപ്പെടുത്തുന്ന ലേഖനപരമ്പര..

ഗണിതശാസ്ത്രത്തിന് ഗണ്യമായ സംഭാവന നൽകിയ കേരളീയരിൽ പ്രധാനിയാണ് ഡോ. പി.കെ. മേനോൻ എന്ന പുളിയക്കോട് കേശവമേനോൻ

[dropcap][/dropcap]ധുനിക കാലത്ത് ഗണിതശാസ്ത്രത്തിൽ മൗലികമായ സംഭാവനകൾ നൽകിയ അപൂർവം കേരളീയ ശാസ്ത്രജ്ഞരിലൊരാളാണ് ഡോ. പുളിയക്കോട് കേശവമേനോൻ. ഗണിതശാസ്ത്രത്തിലെ സങ്കീർണ്ണങ്ങളായ നിരവധി സമകാലീന പ്രശ്‌നങ്ങൾക്ക് ഉത്തരം കണ്ടെത്തി ലോകപ്രശസ്തി നേടിയ വ്യക്തിയാണ് ഡോ. മേനോൻ. സംഖ്യാസിദ്ധാന്തം, തിയറി ഓഫ് അരിത്മറ്റിക് ഫംക്ഷൻസ് തുടങ്ങി നിരവധി മേഖലകളിൽ ഡോ. മേനോൻ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്.

പാലക്കാട് ജില്ലയിൽ 1917 സെപ്തംബർ നാലാം തീയതി ജനിച്ച ഡോ. പി.കെ. മേനോൻ സ്‌കൂൾ വിദ്യാഭ്യാസം നടത്തിയത് ആലത്തൂരിലായിരുന്നു. പിന്നീടദ്ദേഹം മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും 1939-ൽ ഗണിത ശാസ്ത്രത്തിൽ എം.എ.ബിരുദം നേടി. തുടർന്ന് രണ്ടു വർഷം പ്രൊഫ. വൈദ്യനാഥസ്വാമിയുടെ കീഴിൽ മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ ഗവേഷണത്തിലേർപ്പെട്ടു. 1941-ൽ അദ്ദേഹത്തിന് എം.എസ്.സി.ബിരുദം ലഭിച്ചു. 1941 മുതൽ 1943 വരെ അണ്ണാമല സർവകലാശാലയിലും പിന്നീട് 1949 വരെ മാതൃവിദ്യാലയമായ മദ്രാസ് ക്രിസ്ത്യൻ കോളേജിലും ലക്ചററായി സേവനം അനുഷ്ഠിക്കുകയും ഗവേഷണ പ്രവർത്തനങ്ങളിൽ മുഴുകുകയും ചെയ്തു. ‘തിയറി ഓഫ് നംബേഴ്‌സ്’ എന്ന സംഖ്യാസിദ്ധാന്തത്തെക്കുറിച്ചുള്ള പ്രബന്ധത്തിന്റെ അടിസ്ഥാനത്തിൽ മദ്രാസ് സർവകലാശാല 1948-ൽ അദ്ദേഹത്തിന് ഡി.എസ്.സി. ബിരുദം നൽകി.

1949-ൽ അദ്ദേഹം പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള സൈഫർ ബ്യൂറോയിൽ റിസർച്ച് ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. 1958-ൽ സൈഫർ ബ്യൂറോയുടെ ഡയറക്ടറായി ജോലിക്കയറ്റം കിട്ടിയ ഡോ. മേനോൻ 1977-ൽ റിട്ടയർ ചെയ്യുന്നതു വരെ ആ സ്ഥാനത്തു തുടർന്നു. ജോലിയിൽ നിന്നും വിരമിച്ച ശേഷം അദ്ദേഹം ഇൻഡ്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഓണററി പ്രൊഫസറായി ഗവേഷണം തുടർന്നു.
ഗണിതശാസ്ത്രത്തിലെ തിയറി ഓഫ് നംബേഴ്‌സ്, പോയിന്റ് സെറ്റ് തിയറി, തിയറി ഓഫ് ഗ്രൂപ്‌സ്, കോംബിനറ്റോറിയൽ ഗണിതം, മോഡേൺ ആൾജിബ്ര, സ്‌പെഷ്യൽ ഫംക്ഷൻസ് തുടങ്ങിയ നിരവധി മുൻനിര മേഖലകളിൽ ഡോ. മേനോൻ ഗവേഷണം നടത്തി. ‘ക്രിപ്‌റ്റോസ് ക്രിപ്റ്റസ്’ എന്ന വിശ്രുത ശാസ്ത്ര മാസികയുടെ എഡിറ്ററായി അദ്ദേഹം ചുമതല നിർവഹിച്ചിരുന്നു. ജേർണൽ ഓഫ് ദി ഇൻഡ്യൻ മാത്തമാറ്റിക്കൽ സൊസൈറ്റി, മാത്തമാറ്റിക്‌സ് സ്റ്റുഡന്റ്, പ്രൊസീഡിംങ്‌സ് ഓഫ് ദി ഇൻഡ്യൻ അക്കാദമി ഓഫ് സയൻസസ്, ജേർണൽ ഓഫ് പ്യൂർ ആൻഡ് അപ്ലൈഡ് മാത്തമാറ്റിക്‌സ്, ബുള്ളറ്റിൻ ഓഫ് അമേരിക്കൻ മാത്തമാറ്റിക്കൽ സൊസൈറ്റി തുടങ്ങിയ നിരവധി ഗണിതശാസ്ത്ര ജേർണലുകളിലായി അദ്ദേഹത്തിന്റെ അറുപതിൽ പരം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ഇൻഡ്യൻ മാത്തമാറ്റിക്കൽ സൊസൈറ്റി കൗൺസിൽ, ആറ്റമിക്ക് കമ്മീഷന്റെ മാത്തമാറ്റിക്‌സ് ഉപദേശക കമ്മിറ്റി, ഇൻഡ്യൻ നാഷണൽ സയൻസ് അക്കാദമിയുടെ സയൻസ് കൗൺസിൽ കമ്മിറ്റി എന്നീ അക്കാദമിക്ക് സമിതികളിൽ അദ്ദേഹം അംഗമായിരുന്നിട്ടുണ്ട്. 1967-ൽ അദ്ദേഹത്തെ ഇൻഡ്യൻ നാഷണൽ സയൻസ് അക്കാദമിയുടെ ഫെല്ലോ ആയി തെരഞ്ഞെടുത്തു. മാധ്യമ പ്രസിദ്ധികളിൽ നിന്നെല്ലാം അകന്ന് ഗാർഹിക കൃഷിയിലും സാഹിത്യാസ്വാദനത്തിലും ഗണിതശാസ്ത്ര ഗവേഷണത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു ശിഷ്ടകാലം കഴിച്ചുകൂട്ടിയ ഡോ. മേനോൻ 1979 ഒക്‌ടോബർ 22ന് നിര്യാതനായി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post നിങ്ങളുടെ ഫോണിൽ ഏതെല്ലാം മൂലകങ്ങളുണ്ട്‌ ?
Next post കാര്‍ട്ടോസാറ്റ് 3 ഉപഗ്രഹവുമായി പി ​സ് എല്‍ വി സി-47 റോക്കറ്റ് നാളെ കുതിച്ചുയരും
Close