ഡോ. എൻ ഷാജി
[dropcap]ജ്യോ[/dropcap]തിശ്ശാസ്ത്രത്തിന്റെ ചരിത്രമെഴുതുന്നവർക്ക് വിട്ടു കളയാൻ പറ്റാത്ത ഒരാളാണ് പിയേർ ജാൻസെൻ (Pierre Jules César Janssen,1824 – 1907). ഫ്രാൻസിലെ പാരീസിൽ ജനിച്ച ജാൻസെൻ ചെറുപ്പത്തിലേ തന്നെ ഒരപകടത്തിൽപെട്ടതിനാൽ മുടന്തനായിത്തീർന്നു. അതിനാൽ സാധാരണ സ്കൂൾ വിദ്യാഭ്യാസം നേടാൻ കഴിഞ്ഞില്ല. എന്നാൽ അതുകൊണ്ടൊന്നും തളരാതെ നന്നായി പരിശ്രമിച്ച ജാൻസെൻ പ്രസിദ്ധനായ ജ്യോതിശ്ശാസ്ത്ര നിരീക്ഷകനും ശാസ്ത്രജ്ഞനും ആയിത്തീർന്നു. സ്പെക്ട്രോസ്കോപ്പ് എന്ന ഉപകരണം ആദ്യമായി രൂപകല്പന ചെയ്യപ്പെട്ട് കുറച്ചു കഴിഞ്ഞപ്പോഴാണ് അതുപയോഗിച്ച് സൂര്യഗ്രഹണം നിരീക്ഷിക്കാൻ ഒരു അവസരം ഒത്തുവന്നത്. 1868 ആഗസ്റ്റ് 18-ന് ഇന്ത്യയിൽ നിന്നു വീക്ഷിക്കാൻ കഴിയുന്ന ഒരു സമ്പൂർണ സൂര്യഗ്രഹണം നടന്നു. അതു നിരീക്ഷിക്കാനായി ജാൻസെൻ കാലേകൂട്ടി ഇന്നത്തെ ആന്ധ്രപ്രദേശിലെ ഗുണ്ടൂരിനടുത്ത് സന്നാഹങ്ങളുമായി എത്തിയിരുന്നു. സമ്പൂർണ സൂര്യഗ്രഹണ സമയത്ത് സൂര്യബിംബം മറയ്ക്കപ്പെട്ടപ്പോൾ സൂര്യനു ചുറ്റുമുള്ള കൊറോണ വ്യക്തമായി കാണാൻ കഴിഞ്ഞു. അതിന്റെ സ്പെക്ട്രം പരിശോധിച്ചപ്പോൾ സോഡിയത്തിന്റേതായ പരിചിതമായ രണ്ടു മഞ്ഞരേഖകൾക്കു പുറമേ മറ്റൊന്നുകൂടി കാണാൻ കഴിഞ്ഞു. ആ രേഖകൾ ഭൂമിയിൽ പരിചിതമായ ഒരു വാതകത്തിന്റേതുമല്ലായിരുന്നു. മറ്റൊരു കാര്യം കൂടി ജാൻസെൺ ശ്രദ്ധിച്ചു. അതു് ഗ്രഹണമില്ലാത്ത സമയത്തു കൂടി ദൃശ്യമാകും വിധം വ്യക്തതയുള്ളതായിരുന്നു. അതിനാൽ ഗ്രഹണം കഴിഞ്ഞും നിരീക്ഷണം തുടർന്നു. പിന്നീട് കുറച്ചു കാലം കഴിഞ്ഞ് ഇതേ സംബന്ധിച്ച് ഒരു ഗവേഷണ പ്രബന്ധം പ്രസിദ്ധീകരണത്തിനയച്ചു. ഇതിന്നിടയിൽ ജോസഫ് ലോക്കിയർ എന്ന മറ്റൊരു ശാസ്ത്രജ്ഞനും സൂര്യന്റെ സ്പെക്ട്രത്തിൽ ഈ മഞ്ഞ രേഖ പ്രത്യേകം ശ്രദ്ധിച്ചു. സൂര്യനിൽ കണ്ട ഈ രേഖ ഭൂമിയിൽ കണ്ടിട്ടില്ലാത്ത ഒരു മൂലകത്തിന്റെയാണെന്ന ധാരണയിൽ അതിന് ഹീലിയം എന്ന് പേരും കൊടുത്തു. അദ്ദേഹവും ഒരു ഗവേഷണ പ്രബന്ധം അതേ പ്രസിദ്ധീകരണത്തിനു തന്നെ അയച്ചു. അത്ഭുതമെന്നു പറയട്ടേ, രണ്ടു പ്രബന്ധവും ഒരേ ദിവസം തന്നെ പ്രസാധകർക്കു ലഭിച്ചു. അതിനാൽ സൂര്യനിൽ ഹീലിയം കണ്ടെത്തിയതിന്റെ ക്രഡിറ്റ് ഇരുവർക്കും ലഭിച്ചു. പിന്നീട് 27 വർഷം കഴിഞ്ഞാണ് ഭൂമിയിൽ ഇതുണ്ടെന്ന് വില്യം രാംസേ എന്ന മറ്റൊരു ശാസ്ത്രജ്ഞൻ കണ്ടെത്തിയത്.ഒരു മൂലകത്തെ ഭൂമിക്ക് പുറത്ത് നിന്ന് ആദ്യമായി കണ്ടെത്തുക, അതും നമ്മുടെ രാജ്യത്ത് വെച്ച് നടന്ന നിരീക്ഷണത്തില്‍. കൗതുകകരമായ ഈ സംഭവം നടന്നിട്ട് 151 വര്‍ഷം തികയുന്നു. ഫ്രഞ്ച് വാന നിരീക്ഷകനായ പിയേര്‍ ജാന്‍സെന്‍ ആണ് താരം.
ജാൻസെൻ തന്റെ സാഹസിക യാത്രകൾ പിന്നെയും തുടർന്നു. 1870-ൽ ഫ്രാൻസിൽ യുദ്ധം നടക്കുമ്പോൾ അങ്ങകലെ അൾജീരിയയിൽ സൂര്യഗ്രഹണം പ്രവചിക്കപ്പെട്ടിരുന്നു. അതു നിരീക്ഷിക്കാനായി ജാൻസെൺ പാരീസിൽ നിന്ന് പുറത്തു കടന്നത് ഒരു കൂറ്റൻ ബലൂണിലായിരുന്നു. പിന്നീടും ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങളിലേക്ക് ഗ്രഹണ നിരീക്ഷണത്തിനായി അദ്ദേഹം യാത്ര ചെയ്തിട്ടുണ്ട്. ജ്യോതിശ്ശാസ്ത്ര നിരീക്ഷണങ്ങൾക്കായി മൂന്നു മിനുട്ടുകൾക്കകം 180 ചിത്രങ്ങൾ എടുക്കാൻ കഴിയുന്ന ഒരു ‘ഫോട്ടോഗ്രാഫിക് റിവോൾവർ’ ആദ്യമായി ഉണ്ടാക്കിയത് ജാൻസെൺ ആയിരുന്നു. സൂര്യന്റെ ആറായിരത്തിലധികം ചിത്രങ്ങളടങ്ങിയ ഒരു അറ്റ് ലസും ജാൻസൺ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വീഡിയോ കാണാം
https://www.youtube.com/watch?v=gB4g-bpR5Yk