പ്രശസ്ത ശാസ്ത്രജ്ഞൻ പീറ്റർ ഹിഗ്ഗ്സ് (Peter Higgs) അന്തരിച്ചു. ദൈവകണം എന്ന അപരനാമത്താൽ പ്രസിദ്ധമായ ഹിഗ്ഗ്സ് ബോസോണിന്റെ അസ്തിത്വം പ്രവചിച്ചതിന്റെ പേരിൽ നോബെൽ പുരസ്കാരം ഉൾപ്പടെയുള്ള ബഹുമതികൾക്കർഹനായ ഹിഗ്ഗ്‌സ് 94-ാം വയസ്സിൽ 2024 ഏപ്രിൽ 8-നാണ് അന്തരിച്ചത്.
ലഘു ജീവചരിത്രം
1929 മേയ് 29-ന് ബ്രിട്ടനിലെ ന്യൂകാസിലിൽ ജനിച്ചു. പിതാവ് ബി.ബി.സിയിൽ സൗണ്ട് എഞ്ചിനീയറായിരുന്നു. ചെറുപ്പത്തിലേ ഉണ്ടായിരുന്ന അസ്തമ കൊണ്ടുള്ള ബുദ്ധിമുട്ടും പിതാവിന്റെ തുടർച്ചയായുള്ള യാത്രയും മൂലം പീറ്ററിന് കുട്ടിയായിരിക്കേ പല വർഷവും സ്കൂൾ വിദ്യാഭ്യാസം മുടങ്ങി. മാതാവിന്റെ ഒപ്പം വീട്ടിൽ ഇരുന്നു പഠിച്ച പീറ്റർ പിന്നീട് പോൾ ഡിറാക് പൂർവ്വ വിദ്യാർത്ഥിയായ പ്രശസ്തമായ കൊത്താം ഗ്രാമർ സ്കൂളിൽ പഠിച്ചു. തുടർന്ന് ലണ്ടനിൽ ഉന്നത വിദ്യാഭ്യാസം നേടി. 1954-ൽ ഡോക്ടറേറ്റ് നേടി. തുടർന്ന് 6 വർഷം വിവിധയിടങ്ങളിൽ ജോലി ചെയ്ത ശേഷം 1960-ൽ എഡിൻബർഗ് സർവ്വകലാശാലയിൽ ലക്ചറർ ആയി പ്രവേശിച്ചു, പിന്നീട് ഇക്കാലം വരെയും അവിടെത്തന്നെയായിരുന്നു.
ഗവേഷണം
പീറ്റർ ഹിഗ്ഗ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗവേഷണം കണികാഭൗതികവുമായി ബന്ധപ്പെട്ടതായിരുന്നു. 1960 കളുടെ ആദ്യം പ്രപഞ്ചത്തിലെ അടിസ്ഥാനബലങ്ങളായ വിദ്യുത്കാന്തികബലത്തെയും (electromagnetic force) ദുർബ്ബലമായ അണുകേന്ദ്ര ബലത്തെയും (weak nuclear force) സംയോജിപ്പിച്ച് ഒരു ഏകീകൃതസിദ്ധാന്തം (Unified field theory) ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുകയായിരുന്നു. ഇതിന്റെ പിന്നിലുള്ള അടിസ്ഥാന ആശയം കണികാപ്രപഞ്ചത്തിലെ ചില സമമിതികൾ (symmetries) ആയിരുന്നു. എന്നാൽ ഇത്തരം സിദ്ധാന്തങ്ങളിലെ ഒരു പ്രശ്നം ഇലക്ട്രോൺ, ക്വാർക്ക് പോലുള്ള കണികകളുടെ മാസ് വിശദീകരിക്കുക എന്നതായിരുന്നു. മാത്രവുമല്ല ഇത്തരം സമമിതികൾ മാസ് ഇല്ലാത്ത ഒരിനം കണികകളുടെ അസ്തിത്വം പ്രവചിക്കുക കൂടി ചെയ്തു. ഇത് പരീക്ഷണങ്ങളിൽ നിന്നുള്ള നിരീക്ഷണങ്ങൾക്ക് എതിരായിരുന്നു. ഇതിനൊരു പരിഹാരം പീറ്റർ ഹിഗ്ഗ്സ് നിർദ്ദേശിച്ചു. ഇത് പിന്നീട് ഹിഗ്ഗ്‌സ് മെക്കാനിസം എന്നറിയപ്പെട്ടു. അതിചാലകതയെ സംബന്ധിച്ച് ആൻഡേഴ്സൺ എന്ന ശാസ്ത്രജ്ഞൻ നടത്തിയ ചില പഠനങ്ങൾ ഇതിലേക്കുള്ള വഴികാട്ടിയായി.
പീറ്റർ ഹിഗ്ഗ്സിനോടൊപ്പം തന്നെ മറ്റു ചില ശാസ്ത്രജ്ഞരും സമാനമായ പഠനങ്ങൾ നടത്തിയിരുന്നു. അതിനാൽ ഇത് ഹിഗ്ഗ്സിൻ്റെ മാത്രം പേരിൽ അറിയപ്പെടുന്നത് ശരിയല്ല എന്ന് പീറ്റർ ഹിഗ്ഗ്സ് തന്നെ പറഞ്ഞിട്ടുണ്ട്. ഇവർ തന്നെ മറ്റു ദ്രവ്യകണങ്ങൾക്ക് മാസ്സ് നൽകുന്നതിന് കാരണമാകുന്ന ഹിഗ്ഗ്‌സ് ഫീൽഡിൻ്റെ ക്വാണ്ടമായ ഹിഗ്ഗ്സ് ബോസോണിനെക്കുറിച്ചും പ്രവചിച്ചു. വളരെ വർഷങ്ങൾ നീണ്ടുനിന്ന പരീക്ഷണങ്ങൾക്കൊടുവിൽ 2012-ലാണ് ഈ കണത്തെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. തുടർന്ന് 2013-ലെ ഫിസിക്സ് നോബെൽ പുരസ്കാരം പീറ്റർ ഹിഗ്ഗ്സിനും ഫ്രാങ്കോ എംഗ്ളെറിനുമായി (Francois Englert) നൽകി. (എംഗ്ളെർ സഹപ്രവർത്തകനായ റോബെർട്ട് ബ്രൂട്ട് എന്ന മറ്റൊരു ശാസ്ത്രജ്ഞനുമായി ചേർന്ന് 1964-ൽ തന്നെ പീറ്റർ ഹിഗ്ഗ്സ് കണ്ടെത്തിയ അതേ സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചിരുന്നു. പക്ഷേ, ബ്രൂട്ട് -2011ൽ മരിച്ചതിനാൽ നോബെൽ പുരസ്കാരം ലഭിക്കാതെ പോയി.) ഇസ്രായേൽ ശാസ്ത്രജ്ഞർക്കു നൽകുന്ന വലിയ പുരസ്കാരമായ വുൾഫ് പ്രൈസിന് 2005-ൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ജറുസലേമിൽ നടന്ന പുരസ്കാര ചടങ്ങിൽ നിന്ന് അദ്ദേഹം വിട്ടു നിന്നു. പാലസ്തീൻകാരോട് ഇസ്രായേലികൾ ചെയ്യുന്ന അനീതികളിൽ പ്രതിഷേധിച്ചാണ് ഇത്തരം പ്രതികരണം നടത്തിയത്.
പീറ്റർ ഹിഗ്ഗ്സ് എന്ന മനുഷ്യസ്നേഹി
യുദ്ധവിരുദ്ധ പ്രസ്ഥാനമായ Campaign for Nuclear Disarmament ലെ ഒരു സജീവ അംഗമായിരുന്നു. അതിലെ തന്നെ മറ്റൊരു പ്രവർത്തകയെ വിവാഹം കഴിക്കുകയും ചെയ്തു. ഗ്രീൻപീസ് പാർട്ടിയിലും ഏറെക്കാലം അംഗമായിരുന്നു പീറ്റർ ഹിഗ്ഗ്സ്. പിന്നീട് ജനിത ഗവേഷണ പദ്ധതികൾക്കെതിരെ ഗ്രീൻപീസ് നിലപാട് എടുത്തപ്പോൾ അതിൽ നിന്നു വിട്ടു നിന്നു. അദ്ദേഹം എക്കാലത്തും ഒരു യുക്തിവാദിയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു ഫണ്ടമെൻ്റലിസ്റ്റ് നിലപാടെടുക്കുന്ന റിച്ചാർഡ് ഡോക്കിൻസ് പോലുള്ളവരോട് ചേർന്നു നിന്നില്ല. ആധുനിക ശാസ്ത്രമെല്ലാം തങ്ങളുടെ മതഗ്രന്ഥങ്ങളിൽ ഉണ്ടെന്ന് അവകാശപ്പെട്ടവരോടുള്ള വിയോജിപ്പ് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.
ബഹുമതികൾ
നോബെൽ പുരസ്കാരത്തിനു മുമ്പും പിമ്പുമായി ധാരാളം ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഒരു ഡസനിലധികം സർവ്വകലാശാലകൾ അദ്ദേഹത്തിനു ഡോക്ടറേറ്റു നൽകി ആദരിച്ചു. എഡിൻബർഗ് സർവ്വകലാശാല അദ്ദേഹത്തിൻ്റെ പേരിൽ ഒരു ഗവേഷണകേന്ദ്രവും തുടങ്ങിയിട്ടുണ്ട്.
ശാസ്ത്രജ്ഞർ ഹിഗ്ഗ്സ് ബോസോൺ എന്നു വിളിക്കുന്ന കണം പൊതുജനങ്ങൾക്കിടയിൽ കൂടുതലും അറിയപ്പെടുന്നത് ദൈവകണം എന്ന പേരിലാണ്. ഇത് ഒരു മാർക്കറ്റിംഗ് തന്ത്രത്തിലൂടെ സംഭവിച്ചു പോയതാണ്. അമേരിക്കയിലെ പ്രശസ്ത ശാസ്ത്രജ്ഞനായ ലിയോൺ ലെഡെർമാൻ ഈ കണത്തെ സംബന്ധിച്ച് ഒരു പുസ്തകമെഴുതിയപ്പോൾ അതിന്റെ പ്രസാധകർ പുസ്തകത്തിന് The God Particle: If the Universe Is the Answer, What Is the Question? എന്ന പേരു നൽകി. അങ്ങനെ ഒരു പേരു നൽകിയാൽ അതു കൂടുതൽ വിറ്റു പോകുമെന്നവർ അവർ കണക്കുകൂട്ടി. ദൈവവുമായി ഇതിൽ കൂടുതൽ ബന്ധമൊന്നും ഈ കണത്തിനില്ല.