Read Time:5 Minute


ഡോ.ചിഞ്ചു സി. 

 

ലോകത്ത്  വലിയ ലാഭമുള്ള ഒരു ബിസിനസ്സാണ് അക്കാദമിക് ജേണലുകൾ പ്രസിദ്ധീകരിക്കുക എന്നത്. ജേണലുകളുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട പണികളെല്ലാം തന്നെ അധ്യാപകരും ഗവേഷകരും ആയ ആളുകൾ പൂർണ്ണമായും സൗജന്യമായി പബ്ലിഷിംഗ് കമ്പനികൾക്ക് ചെയ്തുകൊടുക്കുന്നതുകൊണ്ടാണ് ഇത്. ജേണലുകളുടെ പ്രസാധന ചെലവുകളെ സംബന്ധിച്ച കണക്കുകൾ പലതും ലഭ്യമാണെങ്കിലും എഡിറ്റിങ്ങ്, പിയർ റിവ്യു തുടങ്ങി ഗവേഷകർ സൗജന്യമായി ചെയ്തു കൊടുക്കുന്ന അധ്വാനത്തിന്റെ മൂല്യം കാര്യമായി കണക്കാക്കപ്പെട്ടിരുന്നില്ല. പ്രസിദ്ധീകരണ കമ്പനികൾ ജേണലുകൾക്കായി ചുമത്തുന്ന ഭീമമായ തുകകൾ ചർച്ച ചെയ്യപ്പെടുന്ന സമയത്തും ഈ സൗജന്യ അധ്വാനത്തിന്റെ മൂല്യം കാര്യമായി ചർച്ചയാവാറില്ല.

ഗവേഷകരും ശാസ്ത്രജ്ഞരും അധ്യാപകരും ഒക്കെ തങ്ങളുടെ മേഖലകളിലെ മറ്റു ഗവേഷകർ തയ്യാറാക്കുന്ന പഠന ലേഖനങ്ങളുടെ നിലവാരവും, പ്രസിദ്ധീകരണ യോഗ്യതയും മറ്റും പരിശോധിച്ച് അഭിപ്രായം പറയുകയും അവ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് പിയർ റിവ്യൂ. സാധാരണ ഓരോ ലേഖനവും ഒന്നിലേറെ പേർ ഒന്നിലേറെ തവണ ഇങ്ങനെ പരിശോധിക്കാറുണ്ട്. ഓരോ പിയർ റിവ്യൂവറും ഒരു വർഷം ശരാശരി 4.73 ലേഖനങ്ങൾ പരിശോധിക്കുന്നു എന്നൊരു കണക്ക് ഉണ്ടെങ്കിലും ആയിരത്തിനു മുകളിൽ പിയർ റിവ്യൂ ഒരു വർഷം ചെയ്യുന്നവരും ഉണ്ട്. ഇതിന്റെയൊന്നും കൃത്യമായ കണക്കുകൾ ഒരു സ്ഥലത്തും ഇല്ല എന്നതാണ് മറ്റൊരു വസ്തുത.

Research Integrity and Peer Review എന്ന ജേണലിൽ 2021 നവംബർ 14-ന് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഹംഗറിയിലും ഓസ്ട്രേലിയയിലും നിന്നുള്ള സൈക്കോളജി ഗവേഷകരായ ബാലാസ് അസെൽ (Balazs Aczel), ബർണബാസ് സാസി (Barnabas Szaszi), അലക്സ് ഹോൾകോംബ് (Alex Holcombe) എന്നിവർ ഈ വിഷയം വിശദമായി പഠിച്ച് അവതരിപ്പിച്ചിട്ടുണ്ട്. ജേണലുകളുടെ പിയർ റിവ്യൂ സംവിധാനത്തിനായി ഗവേഷകർ ചെലവാക്കുന്ന സമയത്തിന് ഏകദേശം മൂല്യം നിർണയിക്കാനാണ് അവർ ശ്രമിച്ചത്. ലോകമെമ്പാടും പ്രസിദ്ധീകരിക്കുന്ന ജേണൽ ലേഖനങ്ങളുടെ വിവരങ്ങൾ ഒരുമിച്ചു ലഭ്യമായ ഒരു സ്ഥലവും ഇല്ലാത്തതിനാൽ ഇത്തരമൊരു പഠനത്തിൽ വിവര ശേഖരണം തന്നെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പൊതു ഇടത്തിലുള്ള വിവരങ്ങൾ മാത്രമേ അവർ ഈ പഠനത്തിൽ ഉപയോഗിച്ചിട്ടുള്ളൂ. dimensions.ai എന്ന ശേഖരത്തിൽ ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് ചില അനുമാനങ്ങൾ നടത്താനാണ് അവർ ശ്രമിച്ചത്.

കടപ്പാട് : Research Integrity and Peer Review എന്ന ജേണലിൽ 2021 നവംബർ 14-ന് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ നിന്നും

2020 എന്ന ഒരു വർഷത്തെ മാത്രം കണക്കെടുത്താൽ ലോകമെമ്പാടും ഗവേഷകർ പിയർ റിവ്യൂ നടത്താനായി മാത്രം ചെലവഴിച്ച സമയം 10 കോടി മണിക്കൂറിൽ കൂടുതലാണ് എന്നാണ് അവർ കണ്ടെത്തിയത്. ഇത് ഏതാണ്ട് പതിനയ്യായിരം വർഷം വരും. അമേരിക്കയിൽ നിന്നുള്ള ഗവേഷകർ മാത്രം ഇങ്ങനെ ചെലവഴിച്ച സമയത്തിന്റെ മൂല്യം രൂപയിൽ കണക്കാക്കിയാൽ അത് 2020 വർഷത്തിൽ പതിനോരായിരം കോടിയി രൂപയിലേറെ വരും (1.5 billion US dollars,  111695400000 in INR). ചൈനയിൽ നിന്നുള്ള ഗവേഷകരുടേത് അയ്യായിരം കോടി രൂപയോളം വരും. UK-യിൽ നിന്നുള്ളവരുടേത് മൂവായിരം കോടിക്കടുത്താണ്. ഇന്ത്യയിലും മറ്റും നിന്നുള്ളവരുടെ കണക്കുകൾ ഇതിൽ ഉൾപ്പെട്ടിട്ടില്ല. 87,000 ജേണലുകളുടെ കണക്കുകൾ മാത്രം വെച്ചാണ് ഈ അനുമാനങ്ങൾ നടത്തിയിട്ടുള്ളത്. യഥാർത്ഥ കണക്കുകൾ ഇതിലൊക്കെ ഒരുപാട് കൂടുതലാവാം എന്നും ഈ ഗവേഷകർ പറയുന്നു.

ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിലും അവ വായിക്കാൻ ലഭ്യമാക്കുന്നതിനും ഉള്ള ചെലവ് കുറയ്ക്കേണ്ടതിനെപ്പറ്റി നടക്കുന്ന ചർച്ചകളുടെ കൂടെ പിയർ റിവ്യു സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനും പിയർ റിവ്യു ചെയ്യുന്നവരുടെ അധ്വാനം അംഗീകരിക്കപ്പെടാനും ഉള്ള ചർച്ചകൾ കൂടി ഉണ്ടാവണം എന്നതാണ് ഈ പഠനം മുന്നോട്ടു വെയ്ക്കുന്ന ഒരു പ്രധാന സൂചന.


അനുബന്ധ വായനയ്ക്ക്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പാതിരിയുടെ ക്ഷൗരക്കത്തി
Next post Dr.B.EKBAL – LUCA TALK ൽ പങ്കെടുക്കാം
Close