Read Time:8 Minute


നീത നാനോത്ത്

കേൾക്കാം

രചന : നീത നാനോത്ത്

അവതരണം : ബിൻസി സനിൽ

അമ്മമാരെ നമ്മൾക്കെല്ലാവർക്കും അറിയാം. അമ്മമ്മാരെല്ലാവരും അവരുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവൻ പോലും കൊടുക്കുവാൻ മടി കാണിക്കാത്തവരാണ്. ഈ അമ്മമാർ നമ്മൾക്കിടയിൽ മാത്രമല്ല, പക്ഷേ ചെറു പ്രാണികൾക്കിടയിലും ഉണ്ട്. അത്തരമൊരു ചെറു പ്രാണിയെ ഞാൻ നിങ്ങള്‍ക്ക് പരിചയപെടുത്തട്ടെ? നമ്മുടെ എല്ലാം വീട്ടുവളപ്പിൽ ചില ചെടികളിൽ കാണാൻ പറ്റുന്ന ഒരു ചെറിയ പ്രാണിയാണ് ‘ആഫിഡുകള്‍’ (Aphids). ഈ വിഭാഗത്തിൽ പെടുന്ന പ്രാണികൾ സാധാരണയായി കീടങ്ങളാണ്. അവർക്കിഷ്ടമുള്ള ചെടികളുടെ സത്തു ഊറ്റികുടിച്ചാണ് അവ ജീവിക്കുന്നത്. ഇങ്ങനെ സത്ത് ഊറ്റികുടിക്കുമ്പോൾ ചെടികളുടെ ആരോഗ്യം കുറയുകയും, അവ ചിലപ്പോൾ കരിഞ്ഞു പോവുകയും ചെയ്യാറുണ്ട് . അത് കൊണ്ട് തന്നെ, പല കൃഷികൾക്കും വന്‍ നഷ്ടം സംഭവിക്കാറുമുണ്ട്. ഇതിനാല്‍ തന്നെ, അവരുടെ കൂട്ടത്തെ നിയന്ത്രിക്കേണ്ടത് അത്യാവശ്യവുമാണ്.

കടപ്പാട് വിക്കിപീഡിയ Jpeccoud

അത് പോട്ടെ…നമ്മൾക്ക് നമ്മുടെ കഥയിലേക്ക്‌ വരാം… ഈ ആഫിഡു വിഭാഗത്തിലെ ഒരു കൂട്ടരാണ് ‘പീ ആഫിഡുകള്‍’ (Pea Aphids, ശാസ്ത്ര നാമം: Acyrthosiphon pisum).. ഇവർക്കിഷ്ടം നമ്മുടെ പയറ് (pea) ചെടികളാണ്. ചൂടുള്ള കാലാവസ്ഥയിൽ അലൈംഗിക പ്രത്യുല്പാദനം (Asexual Reproduction) നടത്തുന്നവരാണിവർ. ഇവർ ഈ സമയത്തു കുഞ്ഞുങ്ങളെ പ്രസവിക്കുന്നവരാണ്. കുഞ്ഞു ആഫിഡുകൾ കാണാൻ ‘അമ്മ ആഫിഡുകളെ’ പോലെ തന്നെ ഇരിക്കും, പക്ഷേ വളരെ ചെറുതാണെന്ന് മാത്രം. ഇവർക്ക് മറ്റൊരു പ്രത്യേകത കൂടെ ഉണ്ട്.. ഈ കുഞ്ഞുങ്ങൾ ചിലപ്പോൾ വലുതാകുമ്പോൾ ചിറകു മുളച്ചു പറക്കും.. ചിലർ മാത്രം!! ശാസ്ത്രലോകത്തെ അതിശയിപ്പിച്ച നിഗൂഢ രഹസ്യങ്ങളിൽ ഒന്നാണ് ‘എന്തു കൊണ്ടാണ് ചില അഫിഡ് കുഞ്ഞുങ്ങൾക്കു മാത്രം വലുതാകുമ്പോൾ ചിറകു മുളക്കുന്നതു’ എന്നത്. നമ്മൾ ഓർക്കേണ്ട ഒരു പ്രധാന കാര്യം ഇവിടെ അലൈംഗിക പ്രത്യുല്പാദനമാണ് നടക്കുന്നത് എന്നതാണ്, അത്കൊണ്ട് തന്നെ ഇവിടെ ക്രോമസോം പുനസംയോജനം നടക്കുന്നില്ല. അതിനർത്ഥം ജനിതകഘടന ചിറകുള്ളവയും ചിറകില്ലാത്തവയും തമ്മിൽ മാറുന്നില്ല എന്നാണ്. ശാസ്ത്രം ചോദ്യം ചോദിക്കുക മാത്രമല്ല, കൃത്യമായ ഉത്തരം കണ്ടുപിടിക്കുകയും ചെയ്യും!! ശാസ്ത്രജ്ഞർ ഈ പ്രതിഭാസത്തെ പറ്റി കൂടുതൽ പഠിച്ചപ്പോൾ, ചില പ്രത്യേക സാഹചര്യത്തിലാണ് ചിറകുള്ള കുഞ്ഞുങ്ങൾ കൂടുതൽ ഉണ്ടാകുന്നതു എന്നു കണ്ടെത്തി. ആ സാഹചര്യങ്ങള്‍ ഏതൊക്കെയാവും?

ഒന്നാമത്തെ കാര്യം: ‘അമ്മ ആഫിഡുകള്‍’ കൂടുതൽ ഒരു ചെടിയിൽ കാണപെട്ടാൽ ചിറകുള്ള കുഞ്ഞുങ്ങൾ കൂടും. ഇതിന്റെ കൂടെ തന്നെ വേറൊരു കാരണമാണ് ചെടിയുടെ ആരോഗ്യം. ഞാൻ മുൻപേ പറഞ്ഞില്ലേ, ആഫിഡുകള്‍ ചെടിയുടെ സത്തു കുടിക്കുന്നത് ചെടിയുടെ ആരോഗ്യത്തെ ബാധിക്കുമെന്നത് ? അതാണിവിടെ നടക്കുന്നതും.. പ്രാണികളുടെ എണ്ണം കൂടിയാൽ ചെടിയുടെ ആരോഗ്യം നശിക്കും, അപ്പോൾ ഇങ്ങനെയുള്ള ചെടികളിൽ കൂടുതൽ കുഞ്ഞുങ്ങൾ വലുതാകുമ്പോൾ ചിറകു മുളച്ചു പറന്നു പോകും.. അപ്പോ നമ്മൾ കാരണം കണ്ടുപിടിച്ചു.. ഇനി നമുക്ക് ഈ കുഞ്ഞുങ്ങൾ മോശപ്പെട്ട അന്തരീക്ഷം എങ്ങനെ മനസ്സിലാക്കുന്നു എന്നു കൂടെ നോക്കാം. ശാസ്ത്രജ്ഞർ ഇത് കണ്ടുപിടിക്കാൻ പല പരീക്ഷണവും ചെയ്തു.. കുഞ്ഞുങ്ങളെ പല വികസനഘട്ടങ്ങളിലും നല്ല ആരോഗ്യമുള്ള, കൂട്ടമില്ലാത്ത ചെടികളിലേയ്യ്ക്കു മാറ്റി നോക്കി.. എന്നിട്ടും ചിറകു വളരുന്ന ആഫിഡുകളുടെ എണ്ണത്തിൽ കുറവൊന്നും കണ്ടില്ല. ഇതിന്റെ അർഥം ഒന്നേ ഉള്ളൂ … ജനിക്കുന്നതിന്റെ മുന്നേ തന്നെ ഇവരുടെ തല വര എഴുതിയിരിക്കുന്നു!!

കടപ്പാട് : brissonlab.org

ആഹാ! അപ്പോൾ അമ്മമാരാണ് കുഞ്ഞുങ്ങൾക്ക് വേണ്ടി തങ്ങളുടെ അന്തരീക്ഷം വിലയിരുത്തി, ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങൾക്കു ചിറകു മുളക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്!! നോക്കൂ എന്തു കരുതലാണീ അമ്മമാർക്ക്! ഇനി എന്തിനാണീ കുഞ്ഞുങ്ങൾക്ക് ചിറക്‌? ചിറകുള്ളവർ പുതിയ, ആരോഗ്യമുള്ള ചെടി നോക്കി പറന്നു പോകും. അടുത്ത തലമുറ നന്നായി ജീവിക്കാൻ വേണ്ടി ‘അമ്മ മനസ്സ്’ അറിഞ്ഞു ചെയ്യുന്നത്!

കടപ്പാട് bugguide.net

ഈ ‘അമ്മ മനസ്സിന്റെ’ രഹസ്യങ്ങൾ കുഞ്ഞുങ്ങൾക്ക് പകർന്നു കൊടുക്കുന്നത് എക്ഡൈസോൺ ഹോർമോൺ (Ecdysone hormone) ആണെന്നാണ് നൂതന സാങ്കേതികത പരീക്ഷണളിലൂടെ കണ്ടുപിടിച്ചത്. ഈ ഹോർമോൺ എന്നത് അത്ര ചില്ലറക്കാരനല്ല കേട്ടോ!! നമ്മുടെ ജനിതകഘടന അന്തരീക്ഷവുമായ് സംവദിക്കുന്നതിന്റെ (gene-environmental interaction) നേർകാഴചയാണ്‌ നാം ഇവിടെ കാണുന്നത് എന്ന് പറയാം.

ആഫിഡ് അമ്മമാർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ അവര്‍ ഇപ്പോള്‍ നില്‍കുന്ന ചെടിയില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല എന്ന് മനസിലാക്കും, ഉടനെത്തന്നെ തന്റെ ഉള്ളിൽ വളരുന്ന കുഞ്ഞുങ്ങൾക്ക് രാസ സൂചന കൊടുക്കും, ഈ എക്ഡൈസോൺ ഹോര്‍മോണിലൂടെ. ഈ ഹോർമോൺ, കുഞ്ഞുങ്ങളുടെ ചില പ്രത്യേക ജീനുകളിൽ പ്രവർത്തിച്ചു, ചിറകു മുളക്കാനുള്ള പ്രക്രിയ ആരംഭിക്കും, ഇവിടെ നിക്കണ്ട, എങ്ങോട്ടെങ്കിലും പറന്നു രക്ഷപ്പെട്ടോ മക്കളെ എന്ന മട്ടില്‍. തികച്ചും ആശ്ചര്യം അല്ലേ? ഇത് തന്നെയാണ് നാം പഠിക്കുന്ന പരിണാമത്തിന്റെ പാഠങ്ങളും ചെന്നെത്തുന്ന ഇടം. നമ്മളെപ്പോഴും പ്രകൃതിയോട് പ്രതികരിച്ചു കൊണ്ടുതന്നെ നമ്മുടെ ജനിതകഘടനയെ മാറ്റി മറിച്ചു കൊണ്ടിരിക്കുകയാണ് നമ്മുടെ കുഞ്ഞുങ്ങളുടെ നല്ല നാളേയ്ക്ക് വേണ്ടി!!

കടപ്പാട് pnas.org

ഈ പ്രതിഭാസത്തെ പറ്റി കൂടുതൽ അറിയണം എന്നുണ്ടെങ്കില്‍ കൂടുതൽ വായനക്ക് താഴേ രണ്ടു പ്രബന്ധങ്ങള്‍ കൊടുക്കുന്നു. ഈ വിഷയത്തിൽ ഗവേഷണം ചെയ്ത അമേരിക്കയിലെ ഒരു ലാബിന്റെ ലിങ്കും.


Neetha Nanoth University of Nebraska-Lincoln-ലെ ഗവേഷകയാണ്. ലൂക്ക സംഘടിപ്പിക്കുന്ന #JoinScienceChain സയൻസെഴുത്തിന്റെ ഭാഗമായി ഫേസ്ബുക്കിലെഴുതിയത്.

അധികവായനയ്ക്ക്

  1. https://www.pnas.org/content/114/6/1419
  2. https://royalsocietypublishing.org/doi/10.1098/rstb.2009.0255
  3. ലാബിന്റെ ലിങ്ക്: https://www.brissonlab.org/

#JoinScienceChain – ശാസ്ത്രമെഴുത്തിൽ നിങ്ങൾക്കും പങ്കാളിയാകാം

 

Happy
Happy
80 %
Sad
Sad
0 %
Excited
Excited
20 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “അമ്മമനസ്സിന്റെ ജനിതക രഹസ്യങ്ങൾ

Leave a Reply

Previous post ഒരു കിലോഗ്രാം എങ്ങനെ ഒരു കിലോഗ്രാമായി ?
Next post സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പരിസ്ഥിതിചരിത്രം
Close