ശ്രീജിത്ത് കെ.എസ്
ആമസോണ്‍ മഴക്കാടുകളുടെ കാവലാളായ പൗലിനോയുടെ മരണത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത് ഒരു ജനതയുടെ ശബ്ദവും ആ ജനത പ്രകൃതിക്കൊരുക്കിയ കവചവുമാണ്.
നിങ്ങളുടെ സഹായം തേടിയാണ് ഈ കത്ത് എഴുതുന്നത്.ഈ നിമിഷവും ഞങ്ങളുടെ കാട് കൊള്ളയടിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിരവധി വനം കൊള്ളക്കാരെ ഞങ്ങള്‍ കണ്ടെത്തി തടയുന്നു. അവരുടെ യന്ത്രങ്ങള്‍ നശിപ്പിക്കുന്നു.അത് വളരെ ഗുണം ചെയ്യുന്നുണ്ട്. അനധികൃത മരം വെട്ടുകാരില്‍ നിന്ന് ഞങ്ങള്‍ക്ക് നിരന്തരം ഭീഷണിയുണ്ട്. ഞങ്ങളുടെ കൂട്ടത്തിലെ മൂന്നു പേര്‍ ഇതിനകം കൊല്ലപ്പെട്ടിരിക്കുന്നു.പക്ഷേ ഞങ്ങളുടെ പോരാട്ടം തുടരുക തന്നെ ചെയ്യും.കാരണം കാട് ഞങ്ങളുടെ ജീവനാണ്. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഞങ്ങളുടെ ‘അവ’ ബന്ധുക്കളും കാടിനകത്തുണ്ട്.ഈ വനങ്ങള്‍ നശിച്ചാല്‍ അവര്‍ക്ക് നിലനില്പില്ല. ജീവനുള്ള കാലം വരെ അവര്‍ക്കു വേണ്ടി, എല്ലാവര്‍ക്കും വേണ്ടി , പ്രകൃതിക്കു വേണ്ടി ഞങ്ങള്‍ പോരാടും. ഞങ്ങളുടെ കാടുകള്‍ കാക്കുന്നതിന് ഞങ്ങളെ സഹായിക്കുക. തോറ്റു പിന്മാറുക എന്നത് ഉണ്ടാകില്ല. നന്ദി ഗാര്‍ഡിയന്‍ *ലോകത്തിലെ മുഴുവന്‍ മനുഷ്യര്‍ക്കുമായി ഗാര്‍ഡിയന്‍ അയച്ച കത്ത്.
ബ്രസീലിലെ വനം മാഫിയയുടെഏറ്റവും ഒടുവിലത്തെ ഇരയാണ് പൗലോ പൗലിനോ ഗോജാജര. 120 ഓളം പേരടങ്ങുന്ന ഗാർഡിയൻ ഓഫ് ഫോറസ്റ്റ് എന്ന സംഘത്തിലെ അംഗമായിരുന്നു 26 കാരനായ ഗോജാജര. ലോബോ (ചെന്നായ) എന്നാണ് അയാൾ സുഹൃത്തുക്കൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. തന്റെ സംഘത്തിന്റെ സുരക്ഷയ്ക്ക് ജീവൻ വരെ നൽകുന്ന ചെന്നായയെ പോലെ അവൻ ആ പേര് അന്വർത്ഥമാക്കി.
ആമസോൺ കാടുകളുടെ കിഴക്കേ അറ്റമാണ് അരാരിബോയിയ (Arariboia) എന്ന ട്രൈബൽ സ്വയംഭരണ പ്രദേശം. സാവന്ന (savanna) ഭൂപ്രകൃതിയിൽ നിന്ന് മഴക്കാടുകളിലേക്ക് മാറുന്ന ഒരു സംക്രമണ പ്രദേശമാണിത്. അതു കൊണ്ട് തന്നെ ആമസോണിൽ മറ്റൊരിടത്തും കാണാത്ത ജൈവ വൈവിധ്യമാണ് ഇവിടെയുള്ളത്. അനധികൃതമായ മരം വെട്ടൽ ഇവിടുത്തെ പരിസ്ഥിതിയേയും ആദിവാസി വിഭാഗങ്ങളേയും രൂക്ഷമായി ബാധിക്കാൻ തുടങ്ങി. ഇതിനെതിരെയാണ് 2012ൽ ഗോജാജര ട്രൈബുകൾ ഗാർഡിയൻ ഒഫ് ഫോറസ്റ്റ് ഉണ്ടാക്കുന്നത്. കാടിനുള്ളിൽ റോന്ത് ചുറ്റി വനംകൊള്ളക്കാരെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. അവരെ കാട്ടിൽ നിന്ന് തുരത്തിയും ഉപകരണങ്ങൾ നശിപ്പിച്ചും ഒരു പരിധി വരെ അനധികൃത മരംവെട്ടൽ കുറയ്ക്കാൻ ഗാർഡിയന് സാധിച്ചു. 200ൽ അധികം ക്യാമ്പുകളാണ് ഗാർഡിയൻസ് നശിപ്പിച്ചത്.
പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത അവ (Awa) വിഭാഗത്തിലെ ട്രൈബുകളും ഈ വനാന്തരങ്ങളിലാണ് കഴിയുന്നത്. വേട്ടയാടിയും കായ്കനികൾ ശേഖരിച്ചും ജീവിക്കുന്ന ഇവരുടെ നിലനിൽപ്പ് പൂർണമായും കാടിനെ ആശ്രയിച്ചാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ വൾനറബിൾ ആയ ‘അവ’കളുടെ അതിജീവനത്തിനായി ഗാർഡിയൻസ് നിലകൊള്ളുന്നു.
വലതുപക്ഷ നേതാവായ ബോൽസൊനാരൊ അധികാരത്തിൽ വന്നതിനു ശേഷം ആമസോൺ കാടുകളും ആദിവാസി വിഭാഗങ്ങളും വലിയ ഭീഷണികളാണ് നേരിടുന്നത്.ഗോത്രവർഗ സ്വയംഭരണ മേഖലകളിൽ ഖനനത്തിനും അഗ്രിബിസിനസിനും അനുമതി നൽകാനായി പരിസ്ഥിതി നിയമങ്ങളെല്ലാം ഉദാരമാക്കി. വന സംരക്ഷണത്തിനായുള്ള സർക്കാർ ഏജൻസികളെ ദുർബലമാക്കിയതും WWF, ഗ്രീൻപീസ് തുടങ്ങിയ NG0 കളുടെ പ്രവർത്തനം നിയന്ത്രിച്ചതും ആമസോൺ കാടുകളെ അനധികൃത മരംവെട്ട് മാഫിയയ്ക്ക് തുറന്നു കൊടുക്കന്നതിന് സമമായിരുന്നു. വനം കയ്യേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്ന ബോൽസൊനാരോയുടെ പ്രസംഗങ്ങളും കാട് വെട്ടിത്തെളിക്കുന്നത് അതിവേഗത്തിലാക്കി.അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പിനെ പോലെ കാലാവസ്ഥാ വ്യതിയാനത്തെ നിരാകരിക്കുന്ന ആളാണ് ബോൽസൊനാരൊ.2019 ലെ ആമസോണ്‍ തീക്ക് കാരണമായതിലും അത് നിയന്ത്രണാതീതമായി പോയതിലും ഇത്തരം നിലപാടുകള്‍ക്ക് വലിയ പങ്കുണ്ട്.22 ലക്ഷം ഏക്കര്‍ മഴക്കാട് ചാരമാക്കി മാറ്റിയ കാട്ടു തീ ഏറ്റവും അധികം ബാധിച്ചത് തദ്ദേശീയ ഗോത്ര വിഭാഗങ്ങളെയാണ്.
വനം കൊള്ളയ്ക്ക് പ്രതിബന്ധമായി നില്‍ക്കുന്ന ആദിവാസി വിഭാഗങ്ങളെ കായികമായാണ് നേരിടുന്നത്. 2018 ല്‍ മാത്രം 135 തദ്ദേശീയ മനുഷ്യരെയാണ് വനം മാഫിയകള്‍ കൊലപ്പെടുത്തിയത്. ഗാര്‍ഡിയന്‍ ഓഫ് ഫോറസ്റ്റിന്റെ പ്രവര്‍ത്തകരെല്ലാം നിരവധി ആക്രമണങ്ങള്‍ക്ക് ഇരയായവരാണ്. പൗലോ പൗലിനോ ഗോജാജര ഈ സംഘത്തില്‍ കൊല്ലപ്പെടുന്ന നാലാമത്തെ വ്യക്തിയാണ്.APIB (Brazil’s Indigenous People Articulation) പറയുന്നുണ്ട്, ഈ സര്‍ക്കാരിന്റെ കൈകളില്‍ ഗോത്ര രക്തം പുരണ്ടിരിക്കുന്നു. പക്ഷേ അവര്‍ ചെറുത്തു നില്പുമായി മുന്നോട്ട് തന്നെയാണ്.
ലോബോ റോയിട്ടേഴ്സ് വാര്‍ത്താ സംഘത്തോട് പറഞ്ഞത് പോലെ, “ഞാന്‍ ചിലപ്പോള്‍ ഭയപ്പടാറുണ്ട്.പക്ഷേ ഞങ്ങള്‍ക്ക് തലയുയര്‍ത്തി നിന്നേ മതിയാകൂ.ഇത് ഞങ്ങളുടെ പോരാട്ടമാണ്. “
അധികവായനയ്ക്ക്
https://www.survivalinternational.org/news/11989