Read Time:29 Minute

ഫ്രഞ്ച് സർജനും ശരീര- നരവംശശാസ്ത്രജ്ഞനുമായിരുന്ന  പോൾ ബ്രോക്കയുടെ 200-ാം ജന്മവാർഷികം ലോകമെമ്പാടും ആചരിച്ച് വരികയാണ്.  മനുഷ്യരുടെ സംസാരശേഷി സ്ഥിതിചെയ്യുന്ന തലച്ചോറിലെ കേന്ദ്രം കണ്ടെത്തിയതിനെ തുടർന്നാണ്  ബ്രോക്കാ ലോകപ്രശസ്തി കൈവരിച്ചത്. തലച്ചോറിലെ ഫ്രോണ്ടൽ  ദളത്തിലെ  ഈ സവിശേഷ  ഭാഗം ബ്രോക്കായുടെ ഭാഗം (Broca’s Area) എന്നറിയപ്പെടുന്നത്.

പ്രസിദ്ധ ശാസ്ത്രസാഹിത്യകാരൻ കാൾ സാഗൻ (Carl Sagan: 1934-1996) 1977 രചിച്ച പ്രശസ്തമായ ബ്രോക്കായുടെ മസ്തിഷ്കം (Broca’s Brain: Reflections on the Romance of Science: 1977) എന്ന ശാസ്ത്രസാഹിത്യ കൃതിയാണു്  വൈദ്യലോകത്ത് മാത്രമായി അറിയപ്പെട്ടിരുന്ന ബ്രോക്കായുടെ സംഭാാവനകളെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. ശാസ്ത്രീയ ലോകവീക്ഷണത്തെക്കുറിച്ചുള്ള സാഗന്റെ നിരീക്ഷണങ്ങളാണ് പുസ്തകത്തിലെ വിഷയം. 

പാരിസിലെ വിഖ്യാതമായ നരവംശശാസ്ത്ര മ്യൂസിയം ( Musée de l’Homme :Museum of Man) സന്ദർശിക്കവെ അവിടെ സൂക്ഷിച്ചിരുന്ന  പോൾ ബ്രോക്കായുടെ തലച്ചോറ് കാൾ സാഗൻ കാണുകയുണ്ടായി.  ബ്രോക്കായുടെ ജീവിതത്തെക്കുറിച്ചും സംഭാവനകളെക്കുറിച്ചും ചിന്തിക്കാൻ കാൾ സാഗൻ പ്രേരിതനായി. ബ്രോക്കായുടെ  തലച്ചോറ് പരിശോധിക്കവെ സാഗന്റെ മനസ്സിലൂടെ കടന്നു പോകുന്ന ചിന്തകളാണ് ബ്രോക്കായുടെ മസ്തിഷ്കം എന്ന   പുസ്തകത്തിലെ ആദ്യത്തെ  ലേഖനത്തിൽ  രേഖപ്പെടുത്തിയിട്ടുള്ളത്.

പോൾ ബ്രോക്ക (പിയറി പോൾ ബ്രോക്ക 28 ജൂൺ 1824 – 9 ജൂലൈ 1880) ഫ്രാൻസിലെ സെന്റ്-ഫോയ്-ലാ-ഗ്രാൻഡെയിൽ ഹ്യൂഗനോട്ട് കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. സാധാരണ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം, 16-ാം വയസ്സിൽ, സെന്റ്-ഫോയ് കോളേജിലെ സാഹിത്യ, ശാസ്ത്ര ഫാക്കൽറ്റികളിൽ ഉന്നത ബഹുമതികളോടെ ബിരുദം നേടി. ഭൗതിക ശാസ്ത്രത്തിലെ തന്റെ കഴിവുകളെ അടിസ്ഥാനമാക്കി, പാരീസിലെ ഇ കോൾ പോളിടെക്നിക്കിൽ എഞ്ചിനീയറിംഗ് പഠിക്കാൻ അദ്ദേഹം ആഗ്രഹിച്ചു.  1840-ൽ അദ്ദേഹത്തിൻ്റെ ലിയോൺടൈൻ എന്നു പേരുള്ള ഏക സഹോദരിയുടെ മരണത്തെ തുടർന്നാണ്  ബ്രോക്കാ വൈദ്യശാസ്ത്ര പഠനത്തിനായി തീരുമാനിച്ചത്.  17-ആം വയസ്സിൽ അദ്ദേഹം പാരീസിൽ മെഡിക്കൽ സ്‌കൂളിൽ ചേർന്നു, 20-ആം വയസ്സിൽ ബിരുദം നേടിയ ശേഷം, ബ്രോക്ക, ആദ്യം യൂറോളജിസ്റ്റും ഡെർമറ്റോളജിസ്റ്റുമായ ഫിലിപ്പ് റിക്കോർഡിനോടൊപ്പം ( 1800-1889) ഹോപ്പിറ്റൽ ഡു മിഡിയിലും പിന്നീട് 1844-ൽ സൈക്യാട്രിസ്റ്റ് ഫ്രാൻസ്വാ ലൂറെറ്റിനോടൊപ്പം (1797-1851) ബിസിറ്റി ഹോസ്പിറ്റലിലും  ഇൻ്റേൺഷിപ്പ് നടത്തി . 1845-ൽ അദ്ദേഹം ശസ്ത്രക്രിയാ വിദഗ്ധനുമായ പിയറി നിക്കോളാസ് ഗെർഡിയുടെ (1797-1856) കീഴിൽ പരിശീലനം നടത്തി.  . 1849-ൽ അദ്ദേഹത്തിന് മെഡിക്കൽ ഡോക്ടറേറ്റ് ലഭിച്ചു. 1853-ൽ, ബ്രോക്ക പാരീസ് മെഡിക്കൽ സ്കൂൾ ആശുപത്രിയിലെ സർജനായി നിയമിതനായി.  1868-ൽ  ക്ലിനിക്കൽ സർജറി ചെയർ ആയി നിയമിക്കപ്പെട്ട ശേഷം  മരണം വരെ അദ്ദേഹം ഈ പദവിയിൽ സേവനമനുഷ്ഠിച്ചു.

വളരെ യാദൃശ്ചികമായും നാടകീയമായുമാണ് ബ്രോക്കാ മസ്തിഷ്കത്തിലെ സംസാരത്തെ നിയന്ത്രിക്കുന്ന കേന്ദ്രം കണ്ടെത്തിയത്.  സംസാരശേഷി നിരന്തരം നഷ്ടപ്പെടുകയും വലത് ഭാഗം തളരുകയും ചെയ്ത ലെബൊർഗ്നേ എന്ന രോഗിയെപ്പറ്റി ബ്രോക്കാക്ക് ചില സുഹൃത്തുക്കളിൽ നിന്നും വിവരം ലഭിച്ചു.  “ടാൻ “ എന്ന വാക്കുമാത്രമാണു അയാൾ ഉച്ചരിച്ചിരുന്നത്. അത്കൊണ്ട് അയാളെ “ടാൻ ടാൻ” എന്നാണു മറ്റുള്ളവർ വിളിച്ചിരുന്നത്.  ലെബോർഗ്നേയെ ബ്രോക്കാ നിരന്തരം പിന്തുടർന്നു. “ടാൻ” 1861 ഏപ്രിൽ 17-ന് അന്തരിച്ചു. ബ്രോക്കാ അയാളുടെ  തച്ചോറിൽ പോസ്റ്റ് മാർട്ടം പരിശോധന നടത്തുകയും  ഇടത് ഭാഗത്തെ  ഫ്രോണ്ടൽ ദളത്തിലെ തകരാറുള്ള ഭാഗം കണ്ടെത്തുകയും ചെയ്തു. ടാൻ ടാനു സംസാര ശേഷി നഷ്ടപ്പെട്ടത് ഈ ഭാഗത്തെ തകരാറുമൂലമാണെന്ന നിഗമനത്തിൽ ബ്രോക്ക് എത്തി.   പിന്നീട് ഇതേ  രോഗലക്ഷണമുള്ള 12 പേരെകൂടി ബ്രോക്കാ കണ്ടെത്തി ഫ്രോണ്ടൽ ദളത്തിൽ സംസാരശക്തിയെ നിയന്ത്രിക്കുന്ന  ഈ ഭാഗത്തെയാണ് ബ്രോക്കായുടെ ഭാഗം  എന്ന് പിന്നീട് നാമകരണം ചെയ്തത്.

ബ്രോക്ക 1861-ൽ പാരീസിലെ അനാട്ടമിക്കൽ സൊസൈറ്റിക്ക് തൻ്റെ നിരീക്ഷണങ്ങൾ  റിപ്പോർട്ട് ചെയ്തു, പിന്നീട് അദ്ദേഹം തൻ്റെ കണ്ടെത്തലുകൾ ‘ഓൺ ലോസ് ഓഫ് സ്പീച്ച്’, ‘ഓൺ ദി സീറ്റ് ഓഫ് ദി ഫാക്കൽറ്റി ഓഫ് ആർട്ടിക്കുലേറ്റ് ലാംഗ്വേജ്’ എന്നീ പ്രബന്ധങ്ങളിൽ പ്രസിദ്ധീകരിച്ചു.  ടാനു സംഭവിച്ച സംസാര വൈകല്യത്തെ “അഫേമിയ” എന്നാണ് ബ്രോക്ക പരാമർശിച്ചത്.  പിന്നീട് , “അഫാസിയ” എന്ന പദമാണു  പൊതുവിൽ സ്വീകരിക്കപ്പെട്ടത്.

ബ്രോക്കായുടെ ഭാഗമെന്ന് വിശേഷിപ്പിക്കപ്പെട്ട മസ്തിഷ്ക ഭാഗത്തെ തകാരാറുമൂലം സംഭവിക്കുന്ന സംസാര വൈകല്യത്തെ  ബ്രോക്കായുടെ അഫാസിയ (Broca’ Aphasia) എന്നു വിളിക്കപ്പെട്ടു. പ്രകടിത അഫാസിയ എന്നും ഇത് അറിയപ്പെട്ടു. ബ്രോക്കായുടെ ഭാഗം ഇന്ന് കൃത്യമാക്കി നിർവ്വചിച്ചിക്കപ്പെട്ടിട്ടുണ്ട്.  തലച്ചോറിൻ്റെ ഘടനയെ സംബന്ധിച്ച ബ്രോഡ്മാൻ  മാപ്പിന്റെ (Brodmann Map) 44, 45 കേന്ദ്രങ്ങളാണു ബ്രോക്ക ഭാഗമായി നിർണ്ണയിക്കപ്പെട്ടിട്ടുള്ളത്. 

വിവിധ ഭാഷണ, ഭാഷാ ധർമ്മങ്ങളിൽ ബ്രോക്കായുടെ ഭാഗത്തുണ്ടാകുന്ന ഗുരുതരമായ അഫാസിയ പങ്കാളിത്തം വഹിക്കുന്നുണ്ട്. ഇതുകൂടാതെ, ഫംഗ്ഷണൽ മാഗ്നറ്റിക് റിസോണൻസ് ഇമേജിങ് പഠനങ്ങൾ ബ്രോക്കായുടെ ഭാഗം  ഉത്തേജിപ്പിച്ചാൽ ഉണ്ടാകുന്ന ഭാഷാ പ്രവർത്തനവ്യതിയാനം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, മസ്തിഷ്ക ട്യൂമർ (മുഴകൾ) കാരണം വളരെ സാവധാനം ബ്രോക്കയുടെ ഭാഗത്തിനുണ്ടാകുന്ന സാവധാനമുണ്ടാകുന്ന നാശം സംഭാഷണത്തെ താരത്മ്യേന ബാധിക്കാതിരിക്കുന്നുമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതു കാണിക്കുന്നത്, ബ്രോക്കയുടെ ഭാഗത്തിന്റെ ധർമ്മം അവിടെയുണ്ടാകുന്ന കോശനാശസമയത്ത് അടുത്ത ഏതെങ്കിലും ഭാഗത്തേയ്ക്കു മാറ്റി നൽകപ്പെടുന്നതാകമെന്നു കരുതപ്പെടുന്നു

മസ്തിഷ്കത്തിന്റെ വിവിധഭാഗങ്ങൾ  സവിശേഷമായ ധർമ്മങ്ങൾ നിർവഹിക്കുന്നു എന്നും ഇടത് വലത് സെറിബ്രൽ അർധഗോളങ്ങൾ തമ്മിൽ വ്യത്യാസങ്ങളുണ്ടെന്നുമുള്ള  ശാസ്ത്രിയ വിവരങ്ങൾ   ഇതോടെയാണ് വ്യക്തമാക്കപ്പെട്ടത്. മനുഷ്യരുടെ സവിശേഷ കഴിവുകൾ തലച്ചോറിലെ വ്യത്യസ്ഥഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്നു  എന്ന് വ്യക്തമാക്കിയ സെറിബ്രൽ ലോകലൈസേഷൻ  (Cerebral localisation) എന്ന ആശയം അങ്ങിനെയാണു രൂപപ്പെട്ടത്. രോഗലക്ഷണങ്ങളിൽ നിന്നും തലച്ചോറിൻ്റെ ഏത് ഭാഗത്തെ തകരാറുമൂലമാണു രോഗമുണ്ടാകുന്നതെന്ന് കണ്ടെത്തി  കൃത്യമായ രോഗനിർണ്ണയം നടത്തുന്നതിനു ഇതോടെ സാധിക്കുമെന്ന് വന്നു.

സംസാര കേന്ദ്രങ്ങൾ

സംസാര ശേഷിയെ നിയന്ത്രിക്കുന്ന രണ്ട് കേന്ദ്രങ്ങൾ പ്രോണ്ടൽ , ടെമ്പറൽ ദളങ്ങളിലായി സ്ഥിതിചെയ്യുന്നു ഫോണ്ടൽ ദളത്തിന്റെ ഏറ്റവും താഴെയും മോട്ടോർ കോർട്ടെക്സിലെ മുഖത്തിന്റെ ഭാഗം  പ്രതിനിധാനം ചെയ്യുന്നതിന്റെ തൊട്ടുമുൻപിലുമുള്ള  ഗൈറസിലുള്ള  ബ്രോക്കായുടെ ഭാഗം  (Brocas Area) ഇതിലൊന്ന്. ശബ്ദമുണ്ടാക്കുന്നതിനുള്ള  സ്വനപേടകത്തെയും അനുബന്ധ മാംസപേശികളുടെ ചലനത്തെ നിയന്ത്രിക്കുന്നത് ഈ ഭാഗമാണ്. ബ്രോക്കായുടെ പ്രദേശത്തിന് തകരാറു സംഭവിച്ചാൽ മറ്റുള്ളവർ പറയുന്നത് മനസ്സിലാക്കാൻ കഴിയുകയും  സംസാരിക്കേണ്ട കാര്യങ്ങൾ മനസ്സിലുദിക്കയും ചെയ്യുമെങ്കിലും ശബ്ദം പുറപ്പെടുവിക്കാനുള്ള കഴിവ് നഷ്ടപ്പെടും. ബ്രോക്കാസ് മൂകത (Brocas Aphasia) എന്നാണ് ഈ വൈകല്യത്തെ വിശേഷിപ്പിക്കുന്നത്. ബ്രോക്കായുടെ പ്രദേശത്തിന് സംഭവിക്കുന്ന തകരാറിന്റെ സ്വഭാവമനുസരിച്ച്  ഭാഗികമോ പൂർണ്ണമോ ആയ മൂകതയുണ്ടാവാം. (Partial or Total Aphasia).

ടെമ്പറൽ ദളത്തിന്റെ ഏറ്റവും മുകളിലുള്ള ഗൈറസിന്റെ (ചുളിവ്)  പിൻഭാഗത്ത് സ്ഥിതി ചെയ്യുന്ന വെർണിക്കിയുടെ പ്രദേശമാണ് സംസാരശേഷിയുമായി  ബന്ധമുള്ള രണ്ടാമത്തെ പ്രദേശം. കഴിയുന്നത് വെർണിക്കേയുടെ പ്രദേശത്താണ് (Wenicke’s Area) കേൾവിയിലുടെയും വായനയിലൂടെയും ലഭിക്കുന്ന  വിവരങ്ങൾ അപഗ്രഥിക്കപ്പെടുന്നത്. വെർണിക്ക് പ്രദേശത്തിന് (ബ്രോഡ്മാൻ കേന്ദ്രം 22)  കേടുപറ്റിയാൽ കേൾക്കാനും വായിക്കാനു പറ്റും പക്ഷേ അവയെന്തൊക്കെയെന്ന്  മനസ്സിലാക്കി പ്രതികരിക്കാൻ കഴിയില്ല. തനിക്ക് ഒന്നും മനസ്സിലാവുന്നില്ലെന്നത് മറച്ചുവക്കുന്നതിനായി പരസ്പരം ബന്ധമില്ലാതെ എന്തൊക്കെയോ സംസാരിക്കുന്നതിലേക്കാണ് ഈ തകരാറു ബാധിക്കുന്നവർ നയിക്കപ്പെടുക.  ഈ സ്ഥിതി വിശേഷത്തെ വെർണിക്കിയുടെ മൂകത (Wenicke’s Apahsia) എന്നാണ് വിശേഷിപ്പിക്കുന്നത്.  ജർമ്മൻ ന്യൂറോളജിസ്റ്റായ കാൾ വെർണിക്കിയാണ് (Carl Wernicke: 1848- 1905) തലച്ചോറീലെ ഈ ഭാഗത്തെ കണ്ടെത്തുകയും  ബന്ധപ്പെട്ട തകരാറുകളെ  വിശദീകരിക്കയും ചെയ്തത്. ബ്രോക്കാസ് മൂകതയെ ചാലക മൂകതയെന്നും (Motor Aphasia), വെണിക്കിയുടെ മൂകതയെ  സംവേദന മൂകതയെന്നും (Sensory Aphasia) വിശേഷിപ്പിക്കാറുണ്ട്.

ബ്രോക്കാ ഒരു സർജ്ജനും ന്യൂറോളജിസ്റ്റും മാത്രമായിരുന്നില്ല.  നരവംശശാസ്ത്രജ്ഞനും സ്വതന്ത്രചിന്തകനും ദരിദ്രരുടെ ആരോഗ്യ സേവനത്തിനായി ജീവിതം ഉഴിഞ്ഞു വച്ച ജനകീയ ഡോക്ടറുമായിരുന്നു ബ്രോക്കാ. ഫ്രാൻസിലെ ശിശുമരണത്തിന്റെ കാരണങ്ങളെക്കുറിച്ച് അദ്ദേഹം വിപുലമായ പഠനങ്ങളും നടത്തി. 

സമകാലീനനായിരുന്ന ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിന്റെ വലിയ പ്രചാരകൻ കൂടിയായിരുന്നു  ബ്രോക്കാ. പരിണാമ സിദ്ധാന്തത്തിന് പകരമായി പ്രചരിപ്പിച്ചിരുന്ന സൃഷ്ടിവാദത്തെ (Creationism) (ദൈവം ഓരോ ജീവജാലങ്ങളെയും പ്രത്യേകം പ്രത്യേകമായി സൃഷ്ടിച്ചതാണെന്ന മതപരമായ നിലപാട്)  ബ്രോക്കാ അംഗീകരിച്ചില്ല. സൃഷ്ടി വാദത്തെ പുശ്ചിച്ച് കൊണ്ട് ബ്രോക്കാ പറഞ്ഞത്  ആദാമിന്റെ  ദുഷിച്ച മകനെക്കാൾ കുരങ്ങിൽ നിന്നും പരിണമിച്ച മനുഷ്യനാവാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നാണ്. സ്വതന്ത്ര ചിന്തകനായിരുന്ന ബ്രോക്കാ സ്വതന്ത്ര ചിന്തകരുടെതായ ഒരു പ്രസ്ഥാനം  1848 ൽ രൂപീകരിച്ചു. പ്രഞ്ചു ഭരണകൂടത്തിന്റെ  കടുത്ത എതിർപ്പിനെ അതിജീവിച്ച് ഡാർവിന്റെ വംശോല്പത്തി (Origin of Species) പ്രസിദ്ധീകരിച്ച അതേവർഷം (1859) ൽ നരവംശശാസ്ത്രത്തിനായുള്ള ഒരു സമിതിയും അദ്ദേഹം രൂപീകരിച്ചു.

ചാൾസ് ഡാർവിൻ

1866 മുതൽ മരണം വരെ, ബ്രോക്ക തന്റെ പരിശ്രമങ്ങളിൽ ഭൂരിഭാഗവും നരവംശശാസ്ത്രത്തിൻ്റെ പുരോഗതിയിൽ കേന്ദ്രീകരിച്ചു. ബ്രോക്കയുടെ നരവംശശാസ്ത്ര ഗവേഷണങ്ങളിൽ ഭൂരിഭാഗവും തലയോട്ടികളുടെയും തലയോട്ടി ചുറ്റളവിൻ്റെയും താരതമ്യ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ചരിത്രാതീത കാലത്തെ തലയോട്ടിയിൽ നിന്നുള്ള അളവുകളെ അടിസ്ഥാനമാക്കി തലച്ചോറിൻ്റെ ഘടനയും ഭൂപ്രകൃതിയും പരിശോധിക്കുന്നതിനുള്ള വിവിധ ഉപകരണങ്ങളും രീതികളും അദ്ദേഹം ആവിഷ്കരിച്ചു. തലച്ചോറും തലയോട്ടിയും തമ്മിലുള്ള ബന്ധം നിർണ്ണയിക്കാൻ കുറഞ്ഞത് 27 ഉപകരണങ്ങളെങ്കിലും അദ്ദേഹം കണ്ടുപിടിച്ചു, അതിൽ ഗോണിയോമീറ്റർ (കോണുകൾ അളക്കുന്നതിനുള്ള ഉപകരണം), ക്രാനിയോഗ്രാഫ് (തലയോട്ടിയുടെ രൂപരേഖ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന ഉപകരണം), നിരവധി സ്റ്റീരിയോഗ്രാഫിക് ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ബ്രോക്കയുടെ സ്റ്റീരിയോഗ്രാഫിക് ഉപകരണം

തലച്ചോറിലെ രക്തക്കുഴലിനെ ബാധിക്കുന്ന ധമനിവീക്കം (Aneurysm) അദ്ദേഹം വളരെയേറെ പഠന വിധേയമാക്കിയിരുന്നു. അതേ രോഗം ബാധിച്ചാണ് നിർഭാഗ്യവശാൽ 1880 ൽ 56-ആം വയസ്സിൽ ബ്രോക്കാ മരണമടഞ്ഞത്.  ബ്രോക്ക 500-ലധികം പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ച പാരീസിലെ മോണ്ട്പർണാസ്സെ സെമിത്തേരിയിൽ അദ്ദേഹത്തെ സംസ്കരിച്ചു. കോർട്ടിക്കൽ ലോക്കലൈസേഷൻ, സംസാരം, നരവംശശാസ്ത്രം എന്നിവയെക്കുറിച്ചുള്ള ആശയങ്ങളിൽ അദ്ദേഹത്തിൻ്റെ സ്വാധീനം ഇന്നും നിലനിൽക്കുന്നു,

ആധുനിക ന്യൂറോ സൈക്കോളജിയുടെയും അവബോധ ന്യൂറോ സയൻസിൻ്റെയും (Cognitive Neuroscience) അടിത്തറ പിയറി പോൾ ബ്രോക്ക സ്ഥാപിച്ചു. 1880-ൽ പോൾ ബ്രോക്കയെ മൂന്നാം ഫ്രഞ്ച് റിപ്പബ്ലിക്കിൻ്റെ (1870 മുതൽ 1940 വരെയുള്ള കാലം) മാതൃകാപരമായ പ്രതീകങ്ങളിലൊന്നാക്കി മാറ്റി. അദ്ദേഹത്തിൻ്റെ മരണശേഷം താമസിയാതെ, അദ്ദേഹത്തിൻ്റെ പ്രതിമകൾ പല ഫ്രഞ്ച് നഗരങ്ങളിലും സ്ഥാപിക്കപ്പെട്ടു,   നിരവധി തെരുവുകൾക്കും ഭരണപരമായ കെട്ടിടങ്ങൾക്കും മെഡിക്കൽ ലെക്ചർ ഹാളുകൾക്കും അദ്ദേഹത്തിൻ്റെ പേര് നൽകി. 1866-ൽ ഫ്രഞ്ച് അക്കാദമി ഓഫ് മെഡിസിനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതും  അദ്ദേഹം മരണപ്പെട്ട വർഷം ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ സെനറ്റിൽ ശാസ്ത്രത്തെ പ്രതിനിധീകരിച്ച് ആജീവനാന്ത അംഗത്വം ലഭിച്ചതുമാണ് ബ്രോക്കയ്ക്ക് ലഭിച്ച ഏറ്റവും വലിയ രണ്ട് ബഹുമതികൾ. ഈഫൽ ടവറിൽ ആലേഖനം ചെയ്തിട്ടുള്ള 72 പേരുകളിൽ ഒന്ന്  ബ്രോക്കായുടേതാണ്. .

മസ്തിഷ്മം ഘടനയും ധർമ്മങ്ങളും

മനുഷ്യരിലെ നാഡീവ്യൂഹത്തെ കേന്ദ്ര നാഡീവ്യൂഹം (Central Nervous System) , പ്രാന്ത നാഡീവ്യൂഹം (Peripheral Nervous System) എന്നിങ്ങനെ രണ്ടായി തിരിക്കാം. മസ്തിഷ്കവും (തലച്ചോറ്), സുഷുമ്നയും (Spinal Cord) ചേർന്നതാണ് കേന്ദ്രനാഡീവ്യൂഹം.  സുഷുപ്നാ നാഡികളും (Spinal Nerves) മസ്തിഷ്ക നാഡികളുമാണ്(Cranial Nerves) പ്രാന്ത നാഡീവ്യൂഹത്തിന്റെ ഭാഗങ്ങൾ.  ശ്വസനം, ചയാപചയം,, ഹൃദയമിടിപ്പ്. അന്ത്രസ്രാവ ഗ്രന്ഥികളുടെ (Endocrine Glands) സ്രവം തുടങ്ങിയവയെ  ക്രമീകരിക്കുന്ന സ്വതന്ത്ര നാഡീവ്യൂഹവും  (Autonomic Nervous System) പ്രാന്ത നാഡീവ്യൂഹത്തിന്റെ ഭാഗമാണ്. 

സെറിബ്രൽ അർധഗോളങ്ങളും (Cerebral Hemispheres) മസ്തിഷ്ക ദണ്ഡും (Brain Stem)  സെറിബല്ലവും (Cerebellum) ചേർന്നതാണ് മസ്തിഷ്കം. അന്തസ്രാവി ഗ്രന്ഥികളിൽ പ്രധാനപ്പെട്ട പിറ്റ്യൂട്ടറി ഗ്രന്ഥി (Pituitary Gland) മസ്തിഷ്കത്തിന്റെ അടിഭാഗത്തായി സ്ഥിതി ചെയ്യുന്നു. മസ്തിഷ്ക ദണ്ഡിന്റെ തുടർച്ചയാണ് സുഷുപ്നയും അതിൽ നിന്നും പുറപ്പെടുന്ന നാഡികളും. സുഷുപ്നയിൽ നിന്നും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും നാഡികൾ പ്രവഹിക്കുന്നു. സവിശേഷ പ്രവർത്തനങ്ങൾക്കായി   തലച്ചോറിൽ നിന്നും പന്ത്രണ്ട് നാഡികൾ  നേരിട്ട് ആരംഭിക്കുന്നുണ്ട്.

സെറിബ്രൽ  ഗോളങ്ങൾ, സെറിബെല്ലം, മസ്തിഷ്ക തണ്ട്, തലാമസ് Thalamus), ഹൈപ്പോതലാമസ് (Hypothalamus) എന്നിവയാണ് മനുഷ്യ മസ്തിഷ്കത്തിന്റെ  ഘടനാപരമായ  ഭാഗങ്ങൾ.   സെറിബ്രൽ  ഗോളങ്ങൾ  ഇടതും വലതുമായി രണ്ട് അർധഗോളങ്ങളായി  തിരിച്ചിരിക്കുന്നു. സെറിബെല്ലവും മസ്തിഷ്ക ദണ്ഡും സെറിബ്രൽ  ഗോളങ്ങളുടെ തുടർച്ചയായും  തലാമസും ഹൈപ്പോതലാമസും ഉൾഭാഗത്തായുമാണ് സ്ഥിതിചെയ്യുന്നത്.   സെറിബ്രൽ ഗോളങ്ങളാണ് പരിണാമപരമായി അവസാനമായി രൂപപ്പെട്ടവ. പരിണാമ പ്രക്രിയയിൽ മനുഷ്യ വംശം ആവിർഭവിക്കയും ബുദ്ധിപരവും മറ്റുമായ കഴിവുകൾ ആർജ്ജിച്ച് ഇതര ജീവജാലങ്ങളിൽ നിന്നും മുന്നോട്ട് പോകയും ചെയ്തത് സെറിബ്രൽ ഗോളങ്ങളുടെ സങ്കീർണ്ണതയിലും പ്രവർത്തന ക്ഷമതയിലും വൈവിധ്യത്തിലുമുള്ള വളർച്ചയുടെ ഫലമായിട്ടാണ്. മറ്റ് ജീവജാലങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നത് തലച്ചോറിന്റെ ഇതരഭാഗങ്ങളാണ്. അവയുടെമേൽ സെറിബ്രൽ ഗോളങ്ങൾക്ക് ലഭിച്ച മേധാവിത്വമാണ് മനുഷ്യരെ മറ്റ് ജീവികളിൽ നിന്നും  വ്യതിരിക്തരാക്കുന്നത്. 

തലച്ചോറിനെ ഊർധ്വ മസ്തിഷ്കമെന്നും (Upper Brain: Cerebrum) അധോമസ്തിഷ്കമെന്നും (Lower Brain)  രണ്ടായി തിരിക്കാറുണ്ട്. മസ്തിഷ്ക അർധഗോളങ്ങളായ സെറിബ്രൽ ഗോളങ്ങളാണ് ഊർധ്വ മസ്തിഷ്കത്തിന്റെ ഭാഗങ്ങൾ. മസ്തിഷ്ക ദണ്ഡും അതിന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന  സെറിബെല്ലവും ചേർന്നതാണ് അധോമസ്തിഷ്കം. മധ്യ മസ്തിഷ്കം (Midbrain), , പോൺസ് {Pons),  മെഡുല ഒബ്ലോംഗേറ്റ (Medula Oblongata) എന്നിങ്ങനെ മൂന്ന് ഭാഗങ്ങൾ ചേർന്നതാണ് മസ്തിഷ്ക ദണ്ഡ്. അധോമസ്തിഷ്കതലമാണ് അധോബോധപരമായ ശാ‍രീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ശ്വാസോച്ച്വാസം, ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, വൈകാരികവിക്ഷോഭങ്ങൾ എന്നിവയെല്ലാം അധോമസ്തിഷ്കത്തിൽ നടക്കുന്നു.. നാഡീവ്യൂഹത്തിന്റെ പ്രവർത്തനങ്ങൾ മൂന്നു തലത്തിൽ നടക്കുന്നു. വിവിധ ശാരീരിക പ്രവർത്തനങ്ങളുടെ വൈവിധ്യവും സവിശേഷതകളുമനുസരിച്ചാണ് ഈ വിഭജനം. ഊർധമസ്തിഷ്കം, അധോമസ്തിഷ്കം, സുഷുപ്നയും നാഡികളും എന്നിവയാണ് ഈ മുന്നു തലങ്ങൾ.

സെറിബ്രൽ അർധഗോളങ്ങൾ

കോർപ്പസ് കലോസം (Corpus Callosum)   എന്ന  നാഡീ തന്തുക്കളുടെ (Nerve fibres) സഞ്ചയമാണ്.  സെറിബ്രൽ അർധഗോളങ്ങളെ തമ്മിൽ  ബന്ധിപ്പിക്കുന്നത് കലോസത്തിലൂടെയാണ് അർധങ്ങളിലെ   സന്ദേശങ്ങൾ അന്വോന്യം  വിനിമയം ചെയ്യപ്പെടുന്നത്. .. ഇടത്തെ അർധഗോളം ശരീരത്തിന്റെ വലത്തെ ഭാഗത്തെയും വലത്തേത് ഇടതു ഭാഗത്തേയും നിയന്ത്രിക്കുന്നു. ഓരോ അർധഗോളത്തിന്റെയും വിവിധഭാഗങ്ങൾക്ക് വ്യത്യസ്ത ചുമതലയാണ് നിർവഹിക്കാനുള്ളത്. പൊതുവിൽ  തലച്ചോറിന്റെ ഇടത് ഭാഗം സംസാരം, എഴുത്ത്, അമൂർത്ത ചിന്ത, ബുദ്ധിശക്തി എന്നിവയേയും വലത് ഭാഗം സൃഷ്ടിപരത, കലാപരമായ കഴിവുകൾ, എന്നിവയേയും പ്രതിനിധാനം ചെയ്യുന്നു.  ഇടത് അർധഗോളത്തിന്റെ ചിന്താരീതി അപഗ്രഥനാത്മവും യുക്തിചിന്താപരവുമാണെങ്കിൽ വലത് ഭാഗത്തിന്റേത് വൈകാരികവും ഉദ് ഗ്രഥനാത്മകവുമാണ്.  ഇടത് ഭാഗം സാമാന്യവൽക്കരണത്തിലും വലത് ഭാഗം വ്യക്തിപരമായ അനുഭവത്തിനുമാണ് ഊന്നൽ നൽകുന്നത്.  

സംസാരത്തെയും ചിന്തയേയും നിർണ്ണയിക്കുന്നത് കൊണ്ട് ഇടത് ഭാഗത്തെ മേധാവിത്വം വഹിക്കുന്നു എന്ന അർത്ഥത്തതിൽ  അധീശാർധ ഗോളമായി (Dominant Hemisphere) കരുതുന്നു. ഇടത് ഭാഗത്ത് സംസാരിക്കാനും സംസാരിക്കാനുമുള്ള കഴിവ് നിലനിൽക്കുന്നതിനാൽ ഇടത് ഗോളത്തിന്റെ തകരാറുള്ളവരിൽ പക്ഷാഗ്ഘാതത്തോടൊപ്പം സംസാര വൈകല്യങ്ങളും  (Aphasia) കാണപ്പെടുന്നു. വലത് കൈ ഉപയോഗിക്കുന്നവരിൽ തലച്ചോറിന്റെ ഇടത് ഭാഗവും ഇടത് കൈയ്യന്മാരിൽ വലത് ഭാഗവുമായിരിക്കും സാധാരണ ഗതിയിൽ മേധാവിത്വം വഹിക്കുന്നത്. എന്നാൽ എപ്പോഴും ഇങ്ങനെയാവണമെന്നില്ല പല ഇടൻ കയ്യന്മാരിലും ഇടത് തലച്ചോറ് മേധാവിത്വം വഹിക്കാറുണ്ട്. 

മസ്തിഷ്ക ദളങ്ങൾ

സെറിബ്രൽ അർധഗോളങ്ങൾക്ക് നാലു ഭാഗങ്ങളാണുള്ളത്: പ്രോൺടൽ, പരൈറ്റൽ, ഓക്സിപിറ്റൽ  ടെമ്പറൽ എന്നിങ്ങനെ നാമകരണം ചെയ്തിട്ടുള്ള നാലു  മസ്തിഷ്ക ദളങ്ങളാണവ. (Cerebral Lobes).  വിവിധ ദളങ്ങൾക്ക് വ്യത്യസ്തമായ ചുമതലകൾ നിർവഹിക്കാനുണ്ട്. ഉപരിതലത്തിലെ മധ്യഭാഗത്തെ വിടവായ കേന്ദ്ര സൾക്കസിന് (Central Sulcus) മുന്നിൽ ഫ്രോണ്ടൽ ദളവും (Frontal Lobe) പിന്നിലായി പരൈറ്റൽ ദളവും (Parietal Lobe) താഴെഭാഗത്തായി ടെമ്പറൽ ദളവും (Temporal Lobe) സ്ഥിതിചെയ്യുന്നു. ലാറ്ററൽ സൾക്കസ് (Lateral Sulcus) അഥവാ സിൽ വിയൻ ഫിഷർ (Sylvian Fissure) ടെമ്പറൽ ദളത്തെ പ്രോണ്ടൽ പരൈറ്റൈൽ ദളങ്ങളിൽ നിന്നും വേർതിരിക്കുന്നു. 

സെൻട്രൽ സൾക്കസിന്  തൊട്ടുമുന്നിലുള്ള ഫ്രോണ്ടൽ ദളത്തിലെ മോട്ടോർ കോർട്ടക്സാണ് (Motor Cortex) മാംസപേശികളെ നിയന്ത്രിക്കുന്നത്. ഓക്സിപ്പൻ ദളത്തിലാണ് ദൃശ്യ  കോർട്ടെക്സുള്ളത് (Visual Cortex). ശ്രവണ കോർട്ടെക്സും. (Auditory Cortex)  ഘ്രാണ കോർട്ടെക്സും (Olfactory Cortex) ടെമ്പറൽ ദളത്തിലാണുള്ളത്. കോർട്ടക്സിലെ ഈ  കേന്ദ്രങ്ങളാണ് സംവേദന അവയവയങ്ങളിലൂടെ ലഭിക്കുന്ന നാഡീസ്പന്ദങ്ങളെ സ്വീകരിക്കയും അപഗ്രഥിക്കയും ചെയ്യുന്നത്.

Happy
Happy
50 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
17 %
Angry
Angry
0 %
Surprise
Surprise
33 %

One thought on “തലച്ചോറിലെ സംസാരശേഷി കേന്ദ്രം കണ്ടെത്തിയ പോൾ ബ്രോക്കയുടെ ഇരുന്നൂറാം ജന്മവാർഷികദിനം

Leave a Reply

Previous post അധ്യയനദിനങ്ങളും സ്കൂൾ വിദ്യാഭ്യാസവും
Next post അശോകമരത്തിന്റെ ആത്മബന്ധങ്ങൾ
Close