പാവപ്പെട്ടവര്‍ക്ക് വീട് മേയാന്‍, കുടയായി, തൊപ്പിയായി, ആഹാരമായി പനകള്‍ മത്സരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. മൂന്ന് തരം പനകളാണ് മനുഷ്യന് ഉപകാരികളായി ഇവിടെ ഉണ്ടായിരുന്നത്. പ്രധാനി കുടപ്പന തന്നെ.
കുടപ്പന
കുടപ്പനക്ക് (Corypha umbraculifera) ആ പേര് വന്നത് അക്കാലങ്ങളില്‍ ഇവ വന്‍തോതിൽ മറക്കുടയും, ഓലക്കുടയും, തോപ്പിക്കുടയുമൊക്കെ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു എന്നതിനാലാണ് (ശീലക്കുടകള്‍ ശീലമാവാന്‍ സമയം പിന്നെയുമെടുത്തു!) മിക്കവാറും വീടുകളില്‍ ഒന്നോ രണ്ടോ കുടപ്പനകള്‍ വളര്‍ത്തിയിരുന്നു. വീട് മേയാനുള്ള ഓല ലഭിക്കുകയാണ് ഉദ്ദേശം. വീടുകള്‍ എല്ലാം കോണ്‍ക്രീറ്റ് അഥവാ ഓടിട്ടതോടെ പനകളൊക്കെ നാട് നീങ്ങി തുടങ്ങി. കുടപ്പന ഒരിക്കല്‍ പുഷ്പിച്ചാല്‍ പിന്നെ ജീവിക്കില്ല. ഉണങ്ങിപ്പോകും. 30-40 വര്‍ഷം ജീവിച്ചാണ് പൂവിടുക. ലോകത്ത് തന്നെ ഏറ്റവും വലിയ പൂങ്കുല കുടപ്പനയുടെത് ആണ്. പന പൂവിടുന്നതോടെ മുറിച്ചു മാറ്റുകയെ നിവൃത്തിയുള്ളു.
ദാരിദ്ര്യം അകറ്റി നിര്‍ത്തുന്നതിലും കുടപ്പന മഹത്തായ പങ്കു വഹിച്ചു. കുടപ്പനയുടെ തടിയുടെ ഉള്‍ഭാഗം(pith) സ്ടാർച്ച് തരികള്‍ നിറഞ്ഞതാണ്. ഇത് ആഹാരമാക്കിയിരുന്നു.. പന എവിടെങ്കിലും മുറിച്ചാല്‍ അതിന്റെ അവകാശം അടുത്തുള്ള എല്ലാവര്ക്കും കൂടിയാണ്. താറാവിനും കോഴിക്കും മാത്രമല്ല മനുഷ്യനും ഇവ ഉപകരിച്ചിരുന്നു. പന കുറുകെ മുറിച്ചു വട്ടത്തിലുള്ള കഷണങ്ങളാക്കും. പനയുടെ പുറന്തൊലി ചെത്തിക്കളഞ്ഞു അകം ഭാഗം ചെറിയ ചീളുകളാക്കി ഉണക്കി സൂക്ഷിക്കുകയാണ് അടുത്ത പടി. ഇവ ആവശ്യമനുസരിച്ചു ഉരലില്‍ ഇടിച്ചു വെള്ളത്തില്‍ പിഴിഞ്ഞ് നൂറു എടുക്കുകയാണ് ആഹരമാക്കാനുള്ള ആദ്യത്തെ ചടങ്ങ്. ഇവ വെള്ളം ചേര്‍ത്ത് കുറുക്കി “പനങ്കഞ്ഞി” ഉണ്ടാക്കും.
കാര്യമായ രുചിയോന്നുമില്ലെങ്കിലും സാധാരണക്കാര്‍ എന്തെങ്കിലുമൊരു ചമ്മന്തി ഉണ്ടാക്കി അര്‍ദ്ധഖരാവസ്ഥയിലുള്ള പനങ്കഞ്ഞി കഴിച്ച് വിശപ്പടക്കിയിരുന്നു. ഈ പനങ്കഞ്ഞി പരിപാടി മദ്ധ്യ തിരുവിതാംകൂറിലാണ് കൂടുതലായും കണ്ടിരുന്നത്. അന്നത്തെ ഏറ്റവും പാവപ്പെട്ടവരാണ് പനങ്കഞ്ഞി കുടിക്കുക ( ഇത് പോലെ വെള്ളുകപ്പ പൊടി വെള്ളത്തില്‍ കലക്കി കപ്പ കുറുക്കി കഴിക്കുന്ന ഏര്‍പ്പാടും ഉണ്ടായിരുന്നു). ഹരിതവിപ്ലവം സംഭവിച്ചതോടെയാണ് പനങ്കഞ്ഞി കുടിക്കലൊക്കെ അവസാനിപ്പിച്ച് എല്ലാവർക്കും വിശപ്പടക്കാനായത്.
ചൂണ്ടപ്പന
നമ്മുടെ നാട്ടിലെ രണ്ടാമത്തെ പന ചൂണ്ടപ്പന അഥവാ കള്ളുപനയാണ് (Caryota urens). ചൂണ്ടയുടെ കൈപിടിയായി ചൂണ്ടപ്പനയിലയുടെ തണ്ട് ഉപയോഗിച്ചിരുന്നു. പനങ്കള്ള് കിട്ടുന്നത് ചൂണ്ടപ്പനയുടെ പൂങ്കുല ചെത്തിയാണ് (ഈ പൂങ്കുലയില്‍ നിന്നാണ് “പനങ്കുല പോലുള്ള മുടി” എന്ന പ്രയോഗം വരുന്നത്). ചൂണ്ടപ്പനയുടെ തടിയില്‍ നിന്നുമാണ് തൂമ്പാക്കൈ ഉണ്ടാക്കിയിരുന്നത്. പനമ്പട്ട ആനയുടെ ഇഷ്ടഭക്ഷണമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
കരിമ്പന
മൂന്നാമത്തെപന കരിമ്പന അഥവാ നൊങ്കു പനയാണ് (Borassus flabellifer). യക്ഷിപ്പനയെന്നും വിളിക്കും. മഴക്കുറവുള്ള പാലക്കാടന്‍ മേഖലയിലാണ് ഇവ കൂടുതലായി കാണുന്നത്. കരിമ്പനയില്‍ ആണും പെണ്ണുമുണ്ട്. പൂങ്കുലകള്‍ ചെത്തിയാല്‍ അക്കാനി എന്ന കള്ള് ലഭിക്കും. ആണ്‍പനകളാണ് സാധാരണ ചെത്തുക. പെണ്പൂങ്കുലകള്‍ പാകമായാല്‍ നൊങ്കു കരിക്ക് കിട്ടും. അക്കാനി കുറുക്കി ‘കരിപ്പെട്ടി’ എന്ന ശര്‍ക്കര ഉണ്ടാക്കുന്നത് പതിവായിരുന്നു. കരിമ്പനയില്‍ നിന്നായത് കൊണ്ട് കരിപ്പെട്ടി! കരിമ്പനയുടെ ഓലയാണ് എഴുതാനുള്ള തളിയോലയായി ഉപയോഗിച്ചിരുന്നത്. നാരായം അഥവാ എഴുത്താണി ഉപയോഗിച്ചായിരുന്നു എഴുത്ത്. വീട് മേയാന്‍ പനയോല അഥവാ പട്ടയും ധാരാളം ഉപയോഗിച്ചിരുന്നു.
ഇതിന്റെയൊക്കെ വ്യത്യസ്തത ഇപ്പോഴാണ് മനസ്സിലായത്.