Read Time:4 Minute

നവനീത് കൃഷ്ണന്‍ എസ്

Pale Blue Dot ന്റെ മുപ്പതാം വാര്‍ഷികത്തില്‍ പരിഷ്കരിച്ച ചിത്രവുമായി നാസ!

Pale Blue Dot. -നാസ പുറത്തുവിട്ട പരിഷ്കരിച്ച ചിത്രം  കടപ്പാട് nasa.gov

വോയേജര്‍ 1 പേടകം അവസാനമായി എടുത്ത ചിത്രമാണ് വിശ്വവിഖ്യാതമായ നീലപ്പൊട്ട് അഥവാ Pale Blue Dot. ആ ചിത്രം മിക്കവരും കണ്ടിട്ടുണ്ടാകും. 1990ലെ വലന്റൈന്‍ദിനത്തില്‍ ഭൂമിയില്‍നിന്ന് ഏറെയേറെ അകലെവച്ച് (600കോടി കിലോമീറ്റര്‍) വോയജര്‍ പകര്‍ത്തിയ ചിത്രത്തിന്റെ മുപ്പതാംവാര്‍ഷികമാണ് നാളെ. ഈ ആഘോഷത്തെ വേറിട്ടതാക്കാന്‍ ചിത്രത്തിന്റെ ഒരു പരിഷ്കരിച്ച രൂപം നാസ പുറത്തുവിട്ടിരിക്കുകയാണ്. പുതിയ ഇമേജ് പ്രൊസ്സസ്സിങ് സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തി ഒറിജിനല്‍ ചിത്രത്തോട് നീതി പുലര്‍ത്തിയാണ് പുതിയ ചിത്രം പരിഷ്കരിച്ചെടുത്തത്.

1990 ഫെബ്രുവരി 14ല്‍ വോയജര്‍ പകര്‍ത്തിയ ചിത്രം  കടപ്പാട് nasa.gov

ഈ ചിത്രം പകര്‍ത്തി അരമണിക്കൂര്‍ കഴിഞ്ഞതോടെ വോയേജര്‍ 1ലെ ക്യാമറ എന്നെന്നേയ്ക്കുമായി സ്വിച്ച്ഓഫ് ചെയ്തിരുന്നു. പേടകത്തിന്റെ ഊര്‍ജ്ജ ഉപഭോഗം നിയന്ത്രിക്കുക എന്നതായിരുന്നു ലക്ഷ്യം. സോളാര്‍പാനലുകള്‍ ഉപയോഗിക്കാതെ, റേഡിയോ ആക്റ്റീവ് ആയ പ്ലൂട്ടോണിയം ഉപയോഗിച്ചാണ് വോയേജറിലെ വൈദ്യുതോത്പാദനം. ഏറെ വര്‍ഷക്കാലം ഈ സംവിധാനം ഊര്‍ജ്ജം പുറത്തുവിട്ടുകൊണ്ടിരിക്കും. അതിനാല്‍ മാത്രമാണ് ഇപ്പോഴും വോയേജര്‍ പേടകങ്ങള്‍ സിഗ്നലുകള്‍ ഭൂമിയിലേക്കയ്ക്കുന്നതും ഇവിടെനിന്ന് അയച്ചവ സ്വീകരിക്കുന്നതും.

വോയോജറിന്റെ ഫോട്ടോയെടുക്കുമ്പോഴുള്ള സ്ഥാനം കടപ്പാട്: NASA/JPL-Caltech

Pale Blue Dot എന്ന ചിത്രം ഒറ്റയ്ക്കായിരുന്നില്ല ഭൂമിയിലെത്തിയത്. കൂടെ 59 മറ്റു ചിത്രങ്ങളും ഉണ്ടായിരുന്നു. ഫാമിലി പോട്രയിറ്റ് എന്ന പേരില്‍ പ്രസിദ്ധമായ 60 ചിത്രങ്ങളില്‍ ഏറ്റവും അറിയപ്പെട്ടത് Pale Blue Dot ആയിരുന്നു എന്നു മാത്രം. ശുക്രന്‍, ഭൂമി, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂണ്‍ എന്നീ ഗ്രഹങ്ങളുടെ ഫോട്ടോകളായിരുന്നു ഫാമിലി പോട്രയിറ്റില്‍ ഉണ്ടായിരുന്നത്. ക്യാമറയുടെ ചില പരിമിതി കാരണം ചൊവ്വയുടെ ഫോട്ടോ എടുക്കാന്‍ കഴിഞ്ഞില്ല. ബുധനാകട്ടേ സൂര്യനോട് ചേര്‍ന്നു കിടക്കുന്നതിനാല്‍ ഫോട്ടോയെടുപ്പ് സാധ്യവുമായിരുന്നില്ല.

സൗരയൂഥ കുടുംബചിത്രം – ഫാമിലി പോട്രയിറ്റ്, കടപ്പാട്: NASA/JPL-Caltech

വോയേജര്‍ 1 പേടകം ഇപ്പോള്‍ ഇന്റര്‍സ്റ്റെല്ലാര്‍ സ്പേസിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്, ഭൂമിയില്‍നിന്ന് ഏറ്റവും അകലെയെത്തിയ മനുഷ്യനിര്‍മ്മിത പേടകം എന്ന ഖ്യാതിയോടെ…


അധികവായനയ്ക്ക്

  1. https://www.nasa.gov/feature/jpl/pale-blue-dot-revisited

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post റേഡിയേഷന്‍ തിന്നു ജീവിക്കുന്ന പൂപ്പലുകള്‍!
Next post ജനിതക വിളകൾ ആപത്തോ ?
Close