ഓസോൺപാളി ക്ഷയവും മോൺട്രിയൽ പ്രോട്ടക്കോളും
അന്തരീക്ഷത്തിലെ ഓസോൺ പാളിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ 1987 സെപ്തംബർ 16ന് നിലവിൽ വന്ന മോൺട്രിയൽ പ്രോട്ടോക്കോളിന്റെ സ്മരണാർത്ഥം എല്ലാ വർഷവും സെപ്തംബർ 16 ഓസോൺ ദിനമായി ആചരിക്കുന്നു. ജനങ്ങളിൽ ഓസോൺപാളി സംരക്ഷണത്തെ സംബന്ധിക്കുന്ന അവബോധം സൃഷ്ടിക്കാൻ ഇത്തരത്തിൽ ഒരു ദിനാചരണം നടത്താൻ ഐക്യരാഷ്ട്ര സഭയുടെ 1994 ൽ ചേർന്ന ജനറൽ അസംബ്ലിയാണ് തീരുമാനിച്ചത്. ഈ വർഷത്തെ ഓസോൺ ദിന മുദ്രാവാക്യം ‘ഓസോൺ നമ്മുടെ ജീവിതത്തിന്’ (Ozone for Life) എന്നാണ്.
ഓസോൺ പാളി സംരക്ഷണാർത്ഥം യു.എന്നിന്റെ നേതൃത്വത്തിൽ 1985 ൽ നടന്ന വിയന്നാ കൺവെൻഷന്റെ തീരുമാനപ്രകാരമാണ് മോൺടിയൽ പ്രോട്ടക്കോൾ എന്നറിയപ്പെടുന്ന ഒരു അന്താരാഷ്ട ഉടമ്പടിക്ക് രൂപം നല്കുന്നത്.ഭൂമിയുടെ അന്തരീക്ഷത്തിലെ ഓസോൺ പാളിയുടെ ക്ഷയത്തിന്നിടയാക്കുന്ന വസ്തുക്കളുടെ ഉല്പാദനം, ഉപഭോഗം,കയറ്റുമതി എന്നിവ നിയന്ത്രിക്കുന്നതു സംബന്ധമായ മോൺട്രിയൽ ഉടമ്പടി 1987 സപ്തംബർ 16 ന് 197 ലോക രാഷ്ട്രങ്ങൾ ഒപ്പുവെയ്ക്കുകയും അംഗീകരിക്കുകയും ചെയ്തു. യു.എന്നിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വീകാര്യതയും അംഗീകാരവും അമേരിക്ക ഉൾപ്പെടെയുള്ള ലോക രാഷ്ട്രങ്ങൾക്കിടയിൽ ലഭിച്ച ഒരു ഉടമ്പടി ആയിരുന്നു ഇത്.
ഓസോൺ പാളിയും അൾട്രാ വൈലറ്റ് രശ്മികളും
ഭൂമിക്ക് മുകളിൽ അന്തരീക്ഷത്തിൽ സ്ട്രാറ്റോസ്ഫിയറിലുള്ള ഓസോൺ വാതകമാണ് സൂര്യനിൽ നിന്നും ഭൂമിയിലേക്ക് പ്രവഹിക്കുന്ന ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും ഭൂമിയിലെ ജീവന് സംരക്ഷണം നൽകുന്നത്. അൾട്രാവയലറ്റ് രശ്മികൾ നേരെ ഭൂമിയിലെത്തിയാൽ ഉണ്ടാവാനായുള്ള അപകടങ്ങൾ ഏറെയാണ്. മനുഷ്യരിൽ ചർമ ക്യാൻസർ, കണ്ണിന് തിമിരം, സൂര്യാഘാതം എന്നിവയുണ്ടാക്കുകയും, ശരീരത്തിന്റെ പ്രതിരോധ ശേഷിയെ കുറയ്ക്കുകയും ചെയ്യും. കാർഷിക വിളകളുടെയും മറ്റു ചെടികളുടെയും ഉല്പാദന ക്ഷമത ഗണ്യമായി കുറയുന്ന സാഹചര്യവും സംജാതമാക്കും.
ഭൂമിക്ക് മുകളിൽ 14.5 കിലോമീറ്ററിനും 50 കിലോമീറ്ററിനിടയിലുമുള്ള അന്തരീക്ഷത്തെയാണ് സ്‌ട്രാറ്റോസ്ഫിയർ എന്ന് നാമകരണം ചെയ്തിട്ടുള്ളത്. ഇവിടെയാണ് ഓസോൺ വാതകം കേന്ദീകരിച്ച് ഒരു വാതക പാളിയായി നിലക്കൊള്ളുന്നത്.ഭൂമിയിൽ നിന്നും 14.5 കിലോമീറ്റർ വരെയുള്ള അന്തരീക്ഷത്തെ ട്രോപ്പോസ്ഫിയർ എന്നും 50 കിലോമീറ്ററിനു തൊട്ടു മുകളിലുള്ള 85 കിലോ മീററർ വരെയുള്ള അന്തരീക്ഷത്തെ മെസോസ്ഫിയർ എന്നും പറയുന്നു. അതിനു മുകളിൽ 10,000 കിലോമീറ്റർ വരെയുള്ള അന്തരീക്ഷത്തെ വിവിധ ഉയരങ്ങൾക്കിടയിൽ തെർമോസ്ഫിയർ, അയണോസ്ഫിയർ, എക്സോസ്ഫിയർ എന്നിങ്ങനെയും നാമകരണം ചെയ്തിരിക്കുന്നു.
ഓക്സിജന്റെ മൂന്ന് ആറ്റങ്ങൾ സംയോജിച്ചാണ് ഒരു ഓസോൺ തന്മാത്ര രൂപം കൊള്ളുന്നത്. ഭൂമിയ്ക്ക് മുകളിലെ അന്തരീക്ഷത്തിന്റെ ഭാഗമായ സ്ട്രാറ്റോസ്ഫിയറിൽ ഒരു നിശ്ചിത അളവിൽ സ്ഥിരമായുള്ള ഒരു പാളിയായാണ് ഓസോൺ വാതകം സ്ഥിതി ചെയ്തിരുന്നത്. അവിടെ ഓസോൺ തന്മാത്രകൾ തുടർച്ചയായി വിഘടിക്കുകയും രൂപം കൊള്ളുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ് നടക്കുന്നത്. ഓസോൺ വാതക തന്മാത്രകളുടെ സാന്നിധ്യത്തെ ഏതാണ്ട് സ്ഥിരമായി നിലനിർത്തും വിധത്തിലുള്ള ഒരു പ്രക്രിയയാണിത്.
സൂര്യനിൽ നിന്ന് ഭൂമിയിലേയ്ക് പ്രവഹിക്കുന്ന അൾട്രാ വൈലറ്റ് രശ്മികളെ അന്തരീക്ഷത്തിലെ ഓസോൺ പാളി തടഞ്ഞു നിർത്തുന്നു. സൗര കേന്ദ്രത്തിൽ നടക്കുന്ന ന്യൂക്ലിയർ റിയാക്‌ഷന്റെ ഫലമായാണ് അൾട്രാ വൈലറ്റ് രശ്മികൾ രൂപം കൊള്ളുന്നത്. അവ പ്രകാശത്തോടൊപ്പം ഭൂമിയിലേക്ക് പ്രവഹിക്കുന്നു. അൾട്രാ വൈലറ്റ് രശ്മികളെ അവയുടെ തരംഗദൈർഘ്യത്തിന്റെ ഏറ്റക്കുറച്ചിലുകളുടെ അടിസ്ഥാനത്തിൽ UV-a, UV-b, UV-cഎന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. തരംഗം ദൈർഘ്യം കൂടുതലുള്ള തും താരതമ്യേന ഹാനികരമല്ലാത്തതുമായ UV-a രശ്മികളുടെ 95 ശതമാനവും ഭൂമിയിലെത്തുന്നു. എന്നാൽ ഇടത്തരം തരംഗദൈർഘ്യമുള്ളതും മനുഷ്യനിൽ സൂര്യാഘാതവും, ചർമ ക്യാൻസർ , കണ്ണിൽ തിമിര ബാധ പോലുള്ള രോഗങ്ങളുമുണ്ടാക്കാനിടയുള്ളതും, ചെടികളുടെ ഉല്പാദന ക്ഷമത കുറയ്ക്കുന്നതുമായ UV-bയുടെ 95 ശതമാനത്തെയും ഭൂമയിലെത്തുന്നതിൽ നിന്നും ഓസോൺ പാളി തടയുന്നു. ശേഷിക്കുന്ന 5 ശതമാനം ഭൂമിയിലെത്തുകയും ചെയ്യുന്നു. തരംഗ ദൈർഘ്യം ഏറ്റവും കുറവുള്ളതും ഭൂമിയിലെ ജീവന് ഏറെ ഹാനികരവുമായ UV-c രശ്മികളെ ഭൂമിയിൽ എത്തുന്നതിൽ നിന്നും അന്തരീക്ഷത്തിലെ ഓസോൺ പാളി പൂർണ്ണമായും തടയുന്നു.
ഓസോൺ പാളീക്ഷയം
അന്തരീക്ഷത്തിലെ ഓസോൺ തന്മാത്രകളും ക്ലോറിൻ , ബ്രോമിൻ തുടങ്ങിയ മൂലകങ്ങളുടെ ആറ്റങ്ങളും തമ്മിൽ പ്രതിപ്രവർത്തിക്കുമ്പോൾ ഓസോൺ തന്മാത്രകൾ വിഘടിക്കും. അന്തരീക്ഷത്തിലെത്തുന്ന ഒരു ക്ലോറിൻ ആറ്റത്തിന് അതവിടെ നിന്ന് അപ്രത്യക്ഷമാവുന്നതിന് മുമ്പ് ഒരുലക്ഷം ഓസോൺ തന്മാത്രകളെ വരെ വിഘടിപ്പിക്കാൻ കഴിയും. ഭൂമിയിൽ നിന്നും അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയറിലെത്തുന്ന ചില രാസസംയുക്തകങ്ങൾ അൾട്രാ വൈലറ്റ് രശ്മികളുടെ സാന്നിധ്യത്തിൽ വിഘടിച്ച് ക്ലോറിൻ ആറ്റങ്ങൾ പുറത്തുവിടും. അത്തരത്തിലുള്ള രാസ സംയുക്തകങ്ങളെ ഓസോൺക്ഷയകാരി വസ്തുക്കൾ (Ozone depleting substances-ODS) എന്നു പറയും. ക്ലോറോ ഫ്ലൂറോ കാർബണുകൾ(CFCs), ഹൈഡ്രോക്ലോറോ ഫ്ലൂറോ കാർബണുകൾ(HCFCs), ഹാലോണുകൾ,കാർബൺ ടെട്രാക്ലോറൈഡ്, മീഥയിൽ ക്ലോറോഫോം എന്നിവ ഇത്തരത്തിലുള്ള വസ്തുക്കളാണ്.
അന്തരീക്ഷത്തിലെ ഓസോണിന്റെ 90 ശതമാനവും സ്ട്രാറ്റോസ്ഫിയറിലാണുള്ളത്. ഇവിടെ സൂര്യനിൽ നിന്നുള്ള അൾട്രാ വൈലറ്റ് രശ്മികളുടെ സാന്നിധ്യത്തിൽ ഓക്സിജൻ (O2) തന്മാത്രകൾ വിഘടിച്ച് ഓക്സിജൻ കണങ്ങൾ രൂപം കൊള്ളുകയും അവ മറ്റു ഓക്സിജൻ കണങ്ങളുമായി ചേർന്ന് ഓക്സിജൻ തന്മാത്രകളും , ഓക്സിജൻ തന്മാത്രകളുമായി ചേർന്ന് ഓസോൺ(O3) തന്മാത്രകളും രൂപം കൊള്ളുന്നു. ഇതോടൊപ്പം തന്നെ ഓസോൺ തൻമാത്രകൾ നൈട്രജൻ, ഹൈഡ്രജൻ, ക്ലോറിൻ , ബ്രോമിൻ എന്നിവയുമായി പ്രതിപ്രവർത്തിച്ച് വിഘടിക്കുകയും ചെയ്യുന്നു. ഓസോൺ ക്ഷയത്തിന്നിടയാക്കുന്ന വസ്തുക്കളുടെ സാന്നിധ്യത്തിന് പ്രകൃത്യാ ഉള്ള കാരണങ്ങളും മനുഷ്യ നിർമിത കാരണങ്ങളുമുണ്ട്. മനുഷ്യ നിർമിത കാരണങ്ങളുടെ അഭാവത്തിൽ സ്ട്രാറ്റോസ്ഫിയറിലെ ഓസോൺ ക്ഷയവും, രൂപീകരണവും സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടാണ് നടക്കുന്നത്.
അന്റാർട്ടിക്കയിലെ ഓസോൺ പാളി സുഷിരങ്ങൾ
ഓസോൺ പാളിയുടെ ക്ഷയത്തിനു കാരണമായിട്ടുള്ളത് മനുഷ്യർ ഉപയോഗിക്കുന്ന റഫ്രിജറേറ്റുകൾ, മറ്റു ശിതീകരണികൾ , എയറസോൾ സ്പ്രേകൾ മുതലായവയിൽ നിന്നും വമിക്കുന്ന ക്ലോറോ ഫ്ലൂറോ കാർബണുകളാണെന്നു 1970 കളിൽ തന്നെ കണ്ടെത്തിയിരുന്നു. സ്ട്രാറ്റോസ്ഫിയറിലെ ഓസോൺ വിഘടനത്തിന് കാരണമായിട്ടുള്ളത് നൈട്രജൻ ഓക്സൈഡാണെന്ന് ഡച്ച് രസതന്ത്രജ്ഞനായ പോൾ ജോസഫ് ക്രൂട്ട്സൺ 1970 ൽ കണ്ടെത്തി. മനുഷ്യർ അന്തരീക്ഷത്തിലേക്ക് വമിപ്പിക്കുന്ന ക്ലോറോ ഫ്ലൂറോകാർബണുകളും ഇതിന് കാരണമാവുന്നുണ്ടെന്ന് അമേരിക്കൻ രസതന്ത്രജ്ഞരായ മറിയോ മോലിന, എഫ്. ഷെർവുഡ് റൗലാൻഡ് എന്നിവർ 1974 ലും കണ്ടെത്തി. 1995 ൽ ഇവർ മൂന്നുപേരും ഈ കണ്ടുപിടുത്തങ്ങൾക്ക് നോബൽ സമ്മാനം പങ്കിടുകയും ചെയ്തു. പിന്നീട് പോൾ ജോസഫ് ക്രൂട്ട്സൺ ആണ് നമ്മുടെ വർത്തമാന ജിയോളജിക്കൽ കാലഘട്ടത്തെ ‘ആന്ത്രോപ്പോസീൻ’ എന്ന് നാമകരണം ചെയ്യാൻ നിർദ്ദേശിച്ചത്. ഈ കണ്ടുപിടുത്തങ്ങൾ അന്തരീക്ഷ രസതന്ത്ര പഠനങ്ങൾക്ക് ഒരു പുതിയ മാനം നല്കുകയും ചെയ്തു.
1985 ൽ ബ്രിട്ടീഷ് അന്റാർട്ടിക്കാ സർവെയിലെ ഭൗമ ഭൗതിക ശാസ്ത്രജ്ഞരായ ജോസഫ് ചാൾസ് ഫാർമൻ, ബ്രയാൻ ഗാർഡ്നർ , ജോൺ ഷാൻക്ലിൻ എന്നിവർ അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയറിലെ ഓസോൺ പാളീക്ഷയം സംബന്ധിച്ച് കൃത്യമായി അളവുകളെടുത്ത് പഠിക്കുകയുണ്ടായി. 1970 കളുടെ അവസാനമാവുമ്പോഴേക്കും അതിനു മുമ്പത്തെ 20 വർഷക്കാലം സ്ഥിരമായ അവസ്ഥയിൽ നിന്നിരുന്ന ഓസോണിന്റെ അളവ് കുറഞ്ഞ് 1984 ആകുമ്പോഴേക്കും മുമ്പത്തെ ദശാബ്ദങ്ങളിലേതിന്റെ മൂന്നിൽ രണ്ടായി ചുരുങ്ങിയിരിക്കുന്നു എന്നാണവർ കണ്ടെത്തിയത്. ഈ പ്രതിഭാസം അന്റാർട്ടിക്കയിലെ ഓസോൺ പാളി സുഷിരങ്ങൾ എന്ന പേരിലാണ് പിന്നീട് അറിയപ്പെട്ടത്.
വിയന്ന കൺവെൻഷനും, മോൺട്രിയൽ പ്രോട്ടക്കോളും
ഓസോൺപാളി ക്ഷയിക്കുന്നത് ഭൂമിയിൽ ജീവന് ഭീഷണിയാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് 1985 മാർച്ചിൽ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ നടന്ന വിയന്ന കൺവെൻഷന്റെ ഭാഗമായി 1987 സപ്തംബർ 16 ന് മോൺടിയൽ പ്രോട്ടക്കോൾ നിലവിൽ വന്നത്. ഇത് പ്രാബല്യത്തിൽ വന്നതാവട്ടെ 1989 ആഗസ്ത് 26 നും.ഓസോൺ പാളീക്ഷയത്തിനു കാരണമായിട്ടുള്ള വസ്തുക്കളുടെ ഉല്പാദനവും ഉപയോഗവും ഘട്ടം ഘട്ടമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പ്രോട്ടക്കോളിൽ ഇത്തരം വസ്തുക്കളുടെ ആഗോള ഉപഭോഗത്തിന്റെ 90 ശതമാനത്തെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രങ്ങളും പങ്കാളികളായി എന്നതാണ് എടുത്തു പറയേണ്ട കാര്യം. ശാസ്ത്ര സമൂഹവും രാഷ്ട്ര ഭരണ നേതൃത്വങ്ങളും ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ ഒരേ മനസ്സോടെ മാനവരാശിയെ സംബന്ധിക്കുന്ന ആഗോള മാനമുള്ള ഒരു പ്രശ്നത്തിൽ ഐക്യപ്പെട്ടതിന്റെ ഒരേ ഒരു അനുഭവമായി ഇതിനെ കാണാം.
ഈ രൂപത്തിൽ ഐക്യപ്പെട്ടുണ്ടായ തീരുമാനങ്ങളും അവ നടപ്പിലാക്കാൻ കാണിച്ച ഇഛാശക്തിയും ഫലം കാണുകയുണ്ടായി. 2009 ഓടുകൂടി പ്രോട്ടക്കോൾ പ്രകാരമുള്ള 98 ശതമാനം രാസവസ്തുക്കളുടെയും ഉപഭോഗം പൂർണമായും കുറച്ചുകൊണ്ടുവന്നു. അടുത്ത കാലത്ത് നടന്ന പഠനങ്ങളിൽ അന്തരീക്ഷത്തിലെ ഓസോൺ പാളീക്ഷയകാരി (ODS)കളുടെ അളവിൽ വലിയ കുറവു വന്നതായി കണ്ടെത്തുകയുണ്ടായി. ഇതിന്റെ ഫലമായി 250 ദശലക്ഷത്തിലധികം ചർമ ക്യാൻസർ രോഗങ്ങളും 50 ദശലക്ഷത്തോളം തിമിര (cataract)രോഗങ്ങളും ഭീമമായ കാർഷികഉല്പാദനപ്രതിസന്ധികളും ഒഴിവാക്കാൻ സാധിച്ചു എന്നാണ് കണക്കാക്കുന്നത്.
ഇത്രയുമൊക്കെ സാധ്യമായതിന് പിന്നിൽ ചില കാരണങ്ങൾ ഉണ്ട്. ഇവ ചില പാഠങ്ങൾ നൽകുന്നുമുണ്ട്. ഒന്നാമതായി OECD രാജ്യങ്ങൾ ഇതിന്നായി പണം മാറ്റി വെച്ചു കൊണ്ട് മറ്റു രാഷ്ട്രങ്ങളെ പ്രോത്സാഹിപ്പിച്ചു. രണ്ടാമതായി മോൺടിയൽ പ്രോട്ടക്കോളിന്റെ സാങ്കേതിക സഹായ സമിതി പുതിയ അറിവും സാങ്കേതികവിദ്യയും ലോകത്തിനു ലഭ്യമാക്കി.
നിലവിലെ അവസ്ഥ
വിജയം ആഘോഷിക്കാനായിട്ടില്ല എന്നാണ് ഇപ്പോഴത്തെ അവസ്ഥ സംബന്ധമായ ചില പഠനങ്ങൾ നൽകുന്ന സൂചനകൾ. 2010 കൾക്കു ശേഷം ഉടമ്പടി പഴയ പോലെ പ്രവർത്തിക്കുന്നില്ല എന്നാണ് നിരീക്ഷിക്കപ്പെടുന്നത്. സി.എഫ്.സി (CFCs) വാതകങ്ങളുടെ ഉൽസർജനം 30 ശതമാനം കണ്ട് വർധിച്ചിട്ടുണ്ട്. പ്രധാനമായും ടൈക്ലോറോ ഫ്ലൂറോ മീഥെയിൻന്റെ( CFC-11) കാര്യത്തിലാണീ വർധനവുമായിട്ടുള്ളത്. ക്ലോറോ ഫ്ലൂറോ കാർബണുകൾക്കും(CFCs), ഹൈഡ്രോ ക്ലോറോ ഫ്ലൂറോ കാർബണുകൾക്കും(HCFCs) പകരമായി ഇപ്പോൾ ഉപയോഗിക്കുന്ന, ഓസോൺ പാളി ക്ഷയത്തിന്നിടവരുത്താത്ത, ഹൈഡ്രോ ഫ്ലൂറോ കാർബണുകൾ (HFCs) കാലാവസ്ഥാ മാറ്റത്തിന്നിടയാക്കുന്ന ഹരിതഗൃഹ വാതകങ്ങളാണ്. ഹൈഡ്രോ ഫ്ലൂറോ കാർബൺ ഉപയോഗം മൂലം അന്തരീക്ഷത്തിൽ10ജീഗാടൺ CO2(1Gigaton=100 കോടി മെട്രിക് ടൺ) വിനു തുല്യമായ ഹരിത ഗൃഹ വാതക വർധനവുണ്ടാവുമെന്നും ഇത് യൂറോപ്യൻ യൂനിയൻ പാരീസ് ഉടമ്പടി പ്രകാരം 2019 നും 2030നുമിടയിൽ കുറയ്ക്കാൻ ലക്ഷ്യമിട്ട 7 ജിഗാ ടൺ CO2 വിനേക്കാൾ കൂടുതലാണെന്ന സ്ഥിതിവിശേഷമാണു സംജാതമാക്കുക എന്നും നിരീക്ഷിക്കപ്പെടുന്നു. ഇതു മൂലം HFC ഉപയോഗം ഘട്ടം ഘട്ടം മായി കുറയ്ക്കാനാവശ്യമായ ഒരു നിയമ ഭേദഗതി റുവാണ്ടയിലെ കിഗാലിയിൽ 2016 ഒക്ടോബർ 15 ന് ചേർന്ന മോൺട്രിയൽ പ്രോട്ടക്കോൾ അംഗരാഷ്ട്രങ്ങളുടെ ഇരുപത്തെട്ടാം സമ്മേളനത്തിൽ ഉണ്ടായിട്ടുണ്ട്.
മോൺട്രിയൽ പ്രോട്ടക്കോളിന്റെ 33 വർഷക്കാലത്തെ അനുഭവങ്ങൾ നൽക്കുന്ന പാഠം ആഗോളമായി മാനവരാശി നേരിടുന്ന പ്രശ്നങ്ങളെ സമീപിക്കുമ്പോൾ ആഗോള ഐക്യവും സഹകരണവും ഉണ്ടെങ്കിൽ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാം എന്നതാണ്.കാലാവസ്ഥാ മാറ്റത്തിന്റെ കാര്യത്തിലോ ഇപ്പോൾ നാം നേരിടുന്ന മഹാമാരിയുടെ കാര്യത്തിലോ ഈ രൂപത്തിൽ ഒരു പൊതു നയസമീപനം ഇതുവരെയുണ്ടായിട്ടില്ല എന്നത് ഏറെ ആശങ്കയുളവാക്കുന്നതാണ്.ആഗോള തലത്തിൽ ഐക്യപ്പെട്ടു പ്രവർത്തിക്കാൻ വിമുഖത കാണിക്കുന്ന വർത്തമാന കാലത്തെ തീവ്ര ദേശീയതാവാദത്തിന്റെ ഇടുങ്ങിയ മാനസികാവസ്ഥ പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കുകയുമാണ്.
അധിക വായനയ്ക്ക്
- https://www.nature.com/articles/s41467-020-18052-0
- world-ozone-day-2020-history-significance-and-celebration
- World Ozone Day 2020: History, Theme and Celebration
ഓസോണുമായി ബന്ധപ്പെട്ട മറ്റു ലൂക്ക ലേഖനങ്ങൾ
- ഉത്തരധ്രുവത്തിലെ ഓസോൺ പാളിയിലെ വിള്ളൽ അടഞ്ഞതെങ്ങനെ ?
- ഇന്ന് ഓസോൺദിനം – ഒരു വില്ലൻ പടിയിറങ്ങുന്നു, ആശങ്കകൾ ബാക്കി
- എന്താണ് ഓസോണ്‍? ഓസോണ്‍ ശ്വസിക്കുന്നത് നല്ലതോ?