എന്താണ് ഓസോണ്‍? ഓസോണ്‍ ശ്വസിക്കുന്നത് നല്ലതോ?

ഡോ. സംഗീത ചേനംപുല്ലി

അസിസ്റ്റന്റ് പ്രൊഫസര്‍, രസതന്ത്ര വിഭാഗം, ഗവ. എഞ്ചിനീയറിംഗ് കോളജ്, വെസ്റ്റ് ഹിൽ, കോഴിക്കോട്


ഭൂമിയിലെ ജീവജാലങ്ങളെ സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നത് ഓസോണ്‍ പാളിയാണ്. ഓസോണ്‍ പാളിയുടെ ക്ഷയവും അത് ജീവന്റെ നിലനില്പ് തന്നെ എങ്ങിനെ അപകടത്തിലാക്കുമെന്നതും  കഴിഞ്ഞ രണ്ടു ദശകമായി ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു.

Sun and Ozone

നിരന്തര ബോധവത്കരണവും ഇടപെടലും കൊണ്ട് ഓസോണ്‍ ദ്വാരത്തിന്റെ വലിപ്പം കുറയ്ക്കാന്‍ ഇന്ന് കഴിഞ്ഞിട്ടുണ്ട്.  ഓസോണിന്റെ ശ്രേഷ്ഠതയെകുറിച്ചുള്ള പൊതുബോധം വര്‍ധിച്ചപ്പോള്‍  തങ്ങളുടെ അബദ്ധധാരണകളും ആചാരങ്ങളും സാധൂകരിക്കാന്‍ അതുപയോഗപ്പെടുത്താമോ എന്നായി ചിലരുടെ നോട്ടം. തുളസിയും ആലും ഉള്‍പ്പടെയുള്ള സസ്യങ്ങള്‍ ഓസോണ്‍ പുറത്തുവിടുമെന്നും അതുകൊണ്ട് ആരോഗ്യത്തിന് നല്ലതായതിനാലാണ് ക്ഷേത്രപരിസരത്ത് നാട്ടുവളര്‍ത്തുന്നത് എന്നും ഒരു കൂട്ടം കപടശാസ്ത്രകാരന്‍മാര്‍  പ്രചരിപ്പിക്കുന്നുണ്ട്. ഇന്നിപ്പോള്‍ പരിസരദിനത്തില്‍ വായുമലിനീകരണത്തിന് ഓസോണ്‍ കാരണമാകുമെന്ന്  ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.എന്താണിതിലെയെല്ലാം  വാസ്തവം? ഓസോണ്‍ എന്ന രാസതന്മാത്രയുടെ സവിശേഷതകള്‍ എന്തെല്ലാമാണ് എന്ന് മനസ്സിലാക്കുന്നത് ഇത്തരം സംശയങ്ങള്‍ അകറ്റാന്‍ സഹായിക്കും.

എന്താണ് ഓസോണ്‍

പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനം, ഡച്ച്‌ ശാസ്ത്രജ്ഞനായ മാര്‍ട്ടിനസ് വാന്‍ മാരം ജലോപരിതലത്തിലെ വായുവിലൂടെ വൈദ്യുതി കടത്തിവിട്ടുള്ള ചില പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നു. അപ്പോള്‍ ഇലക്ട്രിഫയറില്‍ നിന്ന് ഒരു പ്രത്യേക ഗന്ധം പുറപ്പെടുന്നതായി അദ്ദേഹം നിരീക്ഷിച്ചു. എന്നാല്‍ എന്താണിതിനു കാരണം എന്ന് കണ്ടെത്താന്‍ കഴിഞ്ഞതുമില്ല. കുറച്ചുവര്‍ഷങ്ങള്‍ക്കു ശേഷം പരീക്ഷണങ്ങള്‍ക്കിടെ ഷോണ്‍ബൈന്‍ എന്ന ശാസ്ത്രജ്ഞനും ഈ പ്രത്യേക ഗന്ധം ഉണ്ടാകുന്നതായി മനസ്സിലാക്കി. പരീക്ഷണത്തിനിടെ മൂന്ന് ഓക്സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്ന് ഓസോണ്‍ തന്മാത്ര രൂപപ്പെട്ടതായിരുന്നു ഗന്ധത്തിന് കാരണം.  മണമുള്ളത് എന്നര്‍ത്ഥം വരുന്ന ഓസോണ്‍ എന്ന പേര് ആ നീല വാതകത്തിന് നല്കിയതും ഷോണ്‍ബൈന്‍ ആയിരുന്നു. ജാക്ക് ലൂയിസ് സോററ്റ് ആണ് ഓസോണിന്റെ രാസസമവാക്യം ആദ്യമായി കണ്ടെത്തിയത്. പിന്നീട് ഓസോണിന് അണുക്കളെ നശിപ്പിക്കാനാവുമെന്ന് തിരിച്ചറിയുകയും വെള്ളം ശുദ്ധീകരിക്കാനും അണുനശീകരണത്തിനുമായി അത് ഉപയോഗിക്കപ്പെടുകയും ചെയ്തു.

Ozone-1,3-dipole
ഓസോണ്‍ തന്മാത്ര : കടപ്പാട് വിക്കിമീഡിയ കോമൺസ്

1879 ല്‍ അള്‍ട്രാവയലറ്റ് സ്പെക്ട്രോസ്കോപ്പി ഉപയോഗിച്ച് സൌരവികിരണങ്ങളെക്കുറിച്ച് പഠിച്ചുകൊണ്ടിരുന്ന കോര്‍നു എന്ന ശാസ്ത്രജ്ഞന്‍ സൂര്യപ്രകാശം അന്തരീക്ഷത്തിലൂടെ കടന്നുവരുമ്പോള്‍ ഒരു പ്രത്യേക തരംഗദൈര്‍ഘ്യത്തില്‍ കുറഞ്ഞ കിരണങ്ങള്‍ പെട്ടെന്ന് അപ്രത്യക്ഷമാകുന്നതായി മനസ്സിലാക്കി. അന്തരീക്ഷത്തിന്റെ ഉയര്‍ന്ന തട്ടിലുള്ള ഏതോ വാതകം അരിപ്പ പോലെ സൂര്യപ്രകാശത്തിന്റെ ഈ പ്രത്യേക ഭാഗത്തെ ആഗിരണം ചെയ്യുന്നതാകാമെന്ന് അദ്ദേഹം കരുതി. അടുത്തവര്‍ഷം തന്നെ, സൂര്യകിരണങ്ങളെ വലിച്ചെടുക്കുന്ന ഈ അജ്ഞാത വസ്തു ഓസോണ്‍ ആണെന്ന് ഡബ്ലിയു. എന്‍ ഹാര്‍ഡ്‍ലി പരീക്ഷണങ്ങളിലൂടെ തെളിയിച്ചു.

[box type=”info” align=”aligncenter” class=”” width=””]1920 കളില്‍ ജി. എം. ബി ഡോബ്സന്‍റെ നേതൃത്വത്തില്‍ വികസിപ്പിച്ച സ്പെക്ട്രോമീറ്റര്‍ ഉപയോഗിച്ച് അന്തരീക്ഷത്തിലെ ഓസോണിന്റെ അളവും  ഋതുക്കള്‍ക്കനുസരിച്ച് അതിന് വരുന്ന മാറ്റവും കണ്ടെത്തി.ഓസോണ്‍ നിര്‍മ്മിക്കപ്പെടുന്ന രാസവിദ്യയുടെ രഹസ്യം സിഡ്നി ചാപ്മാന്‍ കണ്ടെത്തിയതോടെ അന്തരീക്ഷത്തിന്റെ രണ്ടാം തട്ടായ സ്ട്രാറ്റോസ്ഫിയറില്‍ സൂര്യപ്രകാശത്തിലെ അപകടകാരിയായ അള്‍ട്രാവയലറ്റ് കിരണങ്ങളെ അരിച്ചുമാറ്റുന്ന അരിപ്പ പോലെ ഓസോണ്‍ പ്രവര്‍ത്തിക്കുന്നു എന്ന് മനസ്സിലായി.[/box]

രണ്ടാറ്റങ്ങള്‍ കൂടിച്ചേര്‍ന്ന ദ്വയറ്റൊമിക തന്മാത്രയായാണ് നമ്മുടെ ജീവവായുവായ ഓക്സിജന്‍ നിലനില്‍ക്കുന്നത്. സാധാരണ നിലക്ക് ഓക്സിജന്‍ തന്മാത്ര ഉയര്‍ന്ന സ്ഥിരതയുള്ളതാണ്. എന്നാല്‍ അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ടില്‍ സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ചില ഓക്സിജന്‍ തന്മാത്രകളെ വിഘടിപ്പിച്ച് രണ്ട് ഒറ്റ ആറ്റങ്ങളാക്കി മാറ്റുന്നു. UV ഉയര്‍ന്ന ഊര്‍ജ്ജം കാരണമാണ് ഈ വിഘടനം സാധ്യമാകുന്നത്. ഈ ഒറ്റപ്പെട്ട ഓക്സിജന്‍ ആറ്റങ്ങള്‍ക്ക് രാസപ്രവര്‍ത്തന ശേഷി കൂടുതലായത് കൊണ്ട് അവയില്‍ ചിലത്  മറ്റൊരു ഓക്സിജന്‍ തന്മാത്രയെ ആക്രമിച്ച് മൂന്ന് ഓക്സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്ന ഓസോണായി മാറുന്നു. ഓസോണിന് ഓക്സിജനെ അപേക്ഷിച്ച് സ്ഥിരത തീരെ കുറവാണ്. അള്‍ട്രാവയലറ്റ് രശ്മികള്‍ പതിക്കുമ്പോള്‍ അത് വിഘടിച്ച് വീണ്ടും ഓക്സിജനായി മാറുന്നു.

Ozone Cycle
ഓസോൺ ചക്രം : കടപ്പാട് വിക്കിമീഡിയ കോമൺസ്

ഇങ്ങനെ ഓസോണ്‍ രൂപപ്പെടുകയും വിഘടിക്കുകയും ചെയ്യുന്നത് ഒരു ചക്രം പോലെ സംഭവിക്കുന്നു. ഓസോണ്‍ ചക്രം അഥവാ ചാപ്മാന്‍ ചക്രം എന്നാണ് ഇത് അറിയപ്പെടുന്നത്. അതുവഴി സ്ട്രാറ്റൊസ്ഫിയറിലെ ഓസോണിന്റെ അളവ് വലിയ മാറ്റങ്ങളില്ലാതെ തുടരുന്നു. അന്തരീക്ഷത്തിലെ മര്‍ദ്ദമനുസരിച്ച് കണക്കാക്കിയാല്‍ വെറും മൂന്നുമില്ലീമീറ്റര്‍ മാത്രമായിരിക്കും ഓസോണ്‍ പാളിയുടെ കനം. അന്തരീക്ഷത്തില്‍ ഇരുപത് മുതല്‍ മുപ്പത് കിലോമീറ്റര്‍ വരെ ഉയരത്തിലാണ് ഏറ്റവും  ഉയര്‍ന്ന അളവില്‍ ഓസോണ്‍ കാണപ്പെടുന്നത്. ഇവിടെത്തന്നെ പത്തുലക്ഷം വായുതന്മാത്രകളെടുത്താല്‍ അതില്‍ പത്ത് ഓസോണ്‍ തന്മാത്രകളെ ഉണ്ടാവൂ. എന്നാല്‍ ഇത് ഭൂമിക്ക് നല്‍കുന്ന സംരക്ഷണമാവട്ടെ ഒട്ടും നിസ്സാരമല്ല.

Chaman Equation

ഭൂമിയില്‍ ജീവന്‍ ഇന്നത്തെ രൂപത്തില്‍ വികസിക്കാനുള്ള പ്രധാനകാരണം ഓസോണ്‍ പാളിയുടെ സാന്നിധ്യമാണ് എന്ന് കരുതപ്പെടുന്നു. ആദിമകാലത്ത് വായുരഹിതസാഹചര്യത്തില്‍ ജീവിച്ചിരുന്ന സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനഫലമായി അന്തരീക്ഷത്തില്‍ ഓക്സിജന്‍ രൂപപ്പെടുകയും അതില്‍ നിന്ന് സൂര്യപ്രകാശത്തിന്റെ സഹായത്തോടെ ഓസോണ്‍ ഉണ്ടാവുകയും ചെയ്തു. ഓസോണ്‍ പാളിയില്ലായിരുന്നെങ്കില്‍ ഭൂമിവാഴുക സമുദ്രത്തിനടിയില്‍ വെളിച്ചവും വായുവും തട്ടാതെ ജീവിക്കുന്ന സൂക്ഷ്മ ജീവികളായേനെ.

സമുദ്രത്തില്‍ നിന്ന് ജീവന്‍ കരയിലേക്ക് നീങ്ങുന്നത് ഓസോണ്‍ പാളിയുടെ രൂപീകരണ ശേഷമാണ്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയിലെത്തിയാല്‍ അത് സൂര്യാഘാതം, കാഴ്ചനഷ്ടം, ജനിതകതകരാറുകള്‍, ത്വക് കാന്‍സര്‍ എന്നിവയ്ക്കൊക്കെ കാരണമാകും. ചിലയിനം ജീവജാലങ്ങളെത്തന്നെ തുടച്ചുമാറ്റാനുള്ള കഴിവ് യു.വി കിരണങ്ങള്‍ക്കുണ്ട്.

സൂര്യപ്രകാശത്തിലെ 200 മുതല്‍ 310 നാനോമീറ്റര്‍ വരെ തരംഗദൈര്‍ഘ്യമുള്ള വികിരണങ്ങളെയെല്ലാം ഓസോണ്‍ തന്മാത്രകള്‍ ആഗിരണം ചെയ്ത്  താപകിരണങ്ങളാക്കി മാറ്റുന്നു. ഏറ്റവും ഹാനികരമായ യു. വി. -ബി കിരണങ്ങളാണ്‌ ഇതില്‍ പ്രധാനം. ഇവ ഭൂമിയിലെത്തുന്ന അളവില്‍ മുന്നൂറ്റമ്പത് ദശലക്ഷം മടങ്ങ്‌ കുറവാണ് ഓസോണ്‍ വരുത്തുന്നത് എന്നറിയുമ്പോഴേ ഓസോണ്‍ പാളി എത്രത്തോളം പ്രധാനമാണെന്ന് മനസ്സിലാവൂ.

ഓസോണ്‍ നാശം എങ്ങനെ?

താരതമ്യേന സ്ഥിരത കുറഞ്ഞ തന്മാത്രയാണ് ഓസോണ്‍. നൈട്രജന്റെ ഓക്സൈഡുകള്‍, ജലത്തില്‍ നിന്നുണ്ടാകുന്ന ഹൈഡ്രോക്സില്‍ റാഡിക്കല്‍ എന്നിവയൊക്കെ ഓസോണിനെ വിഘടിപ്പിക്കും. എന്നാല്‍ വന്‍തോതില്‍ ഓസോണ്‍ തന്മാത്രകളുടെ നാശത്തിനു കാരണമായത് ക്ലോറോഫ്ലൂറോകാര്‍ബണുകള്‍ എന്ന ഹാലജന്‍ സംയുക്തങ്ങളാണ്. ആദ്യകാലത്ത് ഫ്രിഡ്ജുകളിലും എസി കളിലും ശീതീകാരിയായി ഉപയോഗിച്ചിരുന്ന ഇവ ഓസോണ്‍പാളിക്ക് കനത്തനാശമുണ്ടാക്കുന്നതായി 1970 കളില്‍ കണ്ടെത്തി.

ഓസോണ്‍ ശ്വസിക്കുന്നത് നല്ലതോ?

അറിയപ്പെടുന്നതില്‍ ഏറ്റവും ശക്തിയേറിയ ഓക്സീകാരിയാണ് ഓസോണ്‍. മനുഷ്യശരീരമോ മറ്റു വസ്തുക്കളോ എന്ന വിവേചനമൊന്നും അതിനില്ല. ജലശുദ്ധീകരണത്തിന് ഓസോണ്‍ ഉപയോഗിക്കാന്‍ കാരണവും അത് സൂക്ഷ്മജീവികളെ ഓക്സീകരണം വഴി നശിപ്പിക്കുന്നത് കൊണ്ടാണ്. ഓസോണ്‍ ശ്വസിക്കുന്നത് ആരോഗ്യവും ഊര്‍ജ്ജസ്വലതയും വര്‍ധിപ്പിക്കും എന്നൊരു തെറ്റിദ്ധാരണ ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കം വരെ നിലനിന്നിരുന്നു. മൃഗങ്ങളും പക്ഷികളും ചെറുജീവികളും ഓസോണ്‍ അടങ്ങിയ വായുവിന്‍റെ സാന്നിധ്യത്തില്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായും കൂടിയ അളവില്‍ അവക്ക് ജീവന്‍ നഷ്ടമാകുന്നതായും മനസ്സിലാക്കി. മനുഷ്യരില്‍ ഇത് ശ്വാസകോശത്തിന് വീക്കവും കൂടുതല്‍ നേരം ശ്വസിച്ചാല്‍ മരണത്തിനും കാരണമാകും എന്നും കണ്ടെത്തി.

ഒന്നാം ലോക മഹായുദ്ധ സമയത്ത് ലണ്ടനിലെ ക്യൂന്‍ അലക്സാണ്ട്രിയ ആശുപത്രിയില്‍ പട്ടാളക്കാരുടെ വ്രണങ്ങള്‍ അണുവിമുക്തമാക്കാന്‍ ഓസോണ്‍ ഉപയോഗിച്ചപോള്‍ ശരീര കലകളും നശിക്കുന്നതായിക്കണ്ടു. ശ്വസന, രക്തചംക്രമണ, നാഡീവ്യവസ്ഥകളെയെല്ലാം ഓസോണ്‍ നശിപ്പിക്കും എന്ന് ഇന്നറിയാം. കൂടിയ അളവില്‍ ശ്വസിക്കുന്നതും കുറഞ്ഞ അളവില്‍ ദീര്‍ഘകാലം ശ്വസിക്കുന്നതുമെല്ലാം ആരോഗ്യത്തിന് ഹാനികരമാണ്. ആസ്ത്മ, ഹൃദയസ്തംഭനം, ബ്രോങ്കൈറ്റിസ്, അകാല മരണം, പ്രത്യുല്പാദന മുരടിപ്പ് തുടങ്ങി പല പ്രശ്നങ്ങള്‍ക്ക് കാരണമാകും.

അന്തരീക്ഷത്തിന്റെ താഴെത്തട്ടായ ട്രോപ്പോസ്ഫിയറില്‍ ഓസോണ്‍ വായുമലിനീകാരിയും ഹരിതഗൃഹ വാതകവുമായാണ് കണക്കാക്കപ്പെടുന്നത്.  ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ തന്നെ ശാസ്ത്രലോകം തള്ളിക്കളഞ്ഞ തെറ്റിദ്ധാരണകളാണ് തുളസിയുടേയും ആലിന്റെയും പേരില്‍ ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നത്. അവക്ക് ഓസോണ്‍ പുറത്തുവിടാനാവില്ല എന്നത് മറ്റൊരു കാര്യം.

Ozone Hole
ഓസോൺ ദ്വാരം : കടപ്പാട് വിക്കിമീഡിയ കോമൺസ്

ഭൂമിയിലെ ജീവന്‍റെ നിലനില്‍പ്പിനു തന്നെ കാരണമായ ഓസോണ്‍ പാളിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ പടിപടിയായി വിജയം കണ്ടു വരുന്നു. ഏറ്റവും വിജയകരമായ പരിസ്ഥിതി കരാര്‍ എന്നാണ് ഇതിനു കാരണമായ മോണ്ട്രിയല്‍ ഉടമ്പടി അറിയപ്പെടുന്നത്. വായുമലിനീകരണത്തെക്കുറിച്ചുള്ള മുദ്രാവാക്യവുമായി പരിസ്ഥിതി ദിനം വന്നെത്തുമ്പോള്‍ അത് ഓസോണ്‍ പാളിയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാകുന്നു.

ഇന്ന് ഓസോൺദിനം – ഒരു വില്ലൻ പടിയിറങ്ങുന്നു, ആശങ്കകൾ ബാക്കി – ഓസോണിനെ കുറിച്ചുള്ള മറ്റൊരു ലേഖനം വായിക്കാം

വീഡിയോ

One thought on “എന്താണ് ഓസോണ്‍? ഓസോണ്‍ ശ്വസിക്കുന്നത് നല്ലതോ?

Leave a Reply