ഡോ.ദീപ.കെ.ജി
ന്യൂക്ലിയസിൽ 12 അധിക ന്യൂട്രോണുകളാണ് ഓക്‌സിജന്റെ അപൂർവ ഐസോടോപ്പ് ആയ ഓക്‌സിജൻ-28 ൽ ഉള്ളത്. 8 പ്രോട്ടോണുകളും 20 ന്യൂട്രോണുകളുമുള്ള ഓക്സിജൻ-28, കൂടുതൽ സ്ഥിരത പ്രകടിപ്പിക്കും എന്നതായിരുന്നു പ്രവചനം. എന്നാൽ, പരീക്ഷണത്തിലൂടെ സൃഷ്ടിച്ച ഓക്സിജൻ-28 ന് സ്ഥിരത വളരെ കുറവായിരുന്നു. ന്യൂക്ലിയസിലെ ഷെല്ലുകൾ ‘മാന്ത്രിക സംഖ്യകളായ’ 2, 8, 20, 28, 50, 82, 126 എണ്ണം പ്രോട്ടോണുകളോ ന്യൂട്രോണുകളോ കൊണ്ട് നിറയുമ്പോൾ, പുതിയതായി കണികകൾ ചേർക്കുന്നതിനും എടുത്തുകളയുന്നതിനും വളരെ ബുദ്ധിമുട്ടാണ്. ഓക്‌സിജന്റെ ഏറ്റവും കാണപ്പെടുന്ന രൂപം, 160, എട്ട് പ്രോട്ടോണുകളും എട്ട് ന്യൂട്രോണുകളും ഉള്ളതിനാൽ ഇരട്ടി മാന്ത്രികമാണ്. അതുപോലെ 8 പ്രോട്ടോണുകളും 20 ന്യൂട്രോണുകളുമുള്ള ഓക്സിജൻ-28, ഇരട്ടി മാന്ത്രികമായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
ഓക്സിജൻ-28 നെ കണ്ടെത്തിയത് ജപ്പാനിലെ Riken RI Beam Factory യിൽ നടത്തിയ പരീക്ഷണത്തിലായിരുന്നു. അതിനുവേണ്ടി കാൽസ്യം-48 ഐസോടോപ്പുകളുടെ ഒരു ബീം ഉപയോഗിച്ച്, ഫ്‌ളൂറിൻ-29 ഐസോടോപ്പ് സൃഷ്ടിച്ചു. ഈ ഐസോടോപ്പിന് ഓക്സിജൻ-28 നേക്കാൾ ഒരു പ്രോട്ടോൺ കൂടുതലുണ്ട്, എന്നാൽ, ന്യൂട്രോണുകൾ 20 ആണ്. അടുത്തതായി ഫ്‌ളൂറിൻ-29 നെ ദ്രാവക ഹൈഡ്രജന്റെ കട്ടിയുള്ള ഒരു മതിലിലേക്ക് കടത്തിവിടുക വഴി, ന്യൂക്ലിയസിൽ നിന്ന് ഒരു പ്രോട്ടോണിനെ പുറത്താക്കി, ഓക്സിജൻ-28 ഉൽപാദിപ്പിക്കുകയായിരുന്നു. എന്നാൽ, ഓക്‌സിജന്റെ ഈ അപൂർവരൂപം പ്രതീക്ഷിച്ച പോലെ സ്ഥിരത ഉള്ളതായിരുന്നില്ല. നേരിട്ട് നിരീക്ഷിക്കാൻ കഴിയാത്തത്ര ഹ്രസ്വമായിരുന്നു ഓക്സിജൻ-28 ന്റെ ജീവിതകാലം. പകരം, ശാസ്ത്രജ്ഞർ അതിന്റെ decay ഉൽപന്നങ്ങൾ കണ്ടെത്തി: ഓക്‌സിജൻ -24, കൂടാതെ 4 ന്യൂട്രോണുകൾ. മുമ്പ് നടത്തിയ പരീക്ഷണങ്ങളിൽ ഒരേസമയം 2 ന്യൂട്രോണുകൾ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. എന്നാൽ, ഒരേസമയം നാലെണ്ണം കണ്ടെത്തുന്നത് ഇതാദ്യമാണ്.
മാന്ത്രിക സംഖ്യകളുടെ പട്ടിക സാർവത്രികമായി ബാധകമല്ലെന്നുള്ള വാദത്തെ ഈ പരീക്ഷണം പിന്തുണയ്ക്കുന്നു.