അഭിലാഷ് രവീന്ദ്രൻ
പക്ഷികളുടെ ലോകത്തെ പരിചയപ്പെടുത്തുന്ന പുതിയ പംക്തി.
ഒരു പക്ഷി നോട്ടക്കാരനെന്ന നിലയിൽ ഈ കഥകളുടെ യാഥാർത്ഥ്യം അറിയാൻ ഏറെ കൗതുകം തോന്നി. വിശദമായി നടന്നു നോക്കിയപ്പോൾ പുഴയോരത്തെ വന്മരങ്ങളിൽ അലറിയമരുന്ന യക്ഷിയും മറുതയും കൊമ്പൻ കാട്ടുമുങ്ങകളുടെ പ്രണയസല്ലാപമായിരുന്നു. രക്തമുറഞ്ഞു പോകുന്ന വെള്ളിക്കണ്ണു തുറന്നിരുന്നത് വിശന്നു പരവശനായ വെള്ളിമൂങ്ങയുടെ ഇരയെ കാത്ത പ്രതീക്ഷകളായിരുന്നു. ഒരൊറ്റ കൂവൽ കൊണ്ട് മരണദേവനെ വീട്ടിലേക്ക് ആവാഹിച്ചിരുന്നത് കാലൻകോഴിയെന്നോ കുത്തിച്ചുലാൻ എന്നോ അറിയപ്പെടുന്ന ഒരു പാവം മൂങ്ങയാണ്.
ദേവതമാരുടെ വാഹനമെന്നും മന്ത്രവാദിനികളുടെ ദൂതരെന്നും ഒക്കെ ഈ പാവം പക്ഷികളിൽ ദുരൂഹത ഒന്നു കൊണ്ടു മാത്രം അന്ധവിശ്വാസങ്ങൾ ആരോപിക്കപ്പെട്ടു പോന്നിരുന്നെന്ന് പതിയെ മനസ്സിലായി. ലോകത്താകെ നിലനിൽക്കുന്ന കഥകൾ നോക്കുകയാണെങ്കിൽ ആസ്ടെക് – ഇൻകാ സംസ്കാരത്തോളം പഴക്കമുണ്ട് ചിലതിന്.
ഇന്നും മെക്സിക്കോയിൽ ആളുകൾ പറയാറുണ്ട് മൂങ്ങ മൂളിയാൽ അവിടെ ഇന്ത്യൻ മരിച്ചിരിക്കുമെന്ന് . എല്ലായിടത്തും അപശകുനങ്ങളുടെ ആധാരശിലയായി കരുതപ്പെട്ടിരുന്നെങ്കിലും ഗ്രീക്കുകാർ ഇതിനെ അഥീനാ ദേവിയുടെ വാഹനമായി കരുതി ആരാധിച്ചു പോന്നു. ഇന്നും അവിടങ്ങളിൽ അറിവിൻ്റെ പക്ഷിയായി മൂങ്ങകളെ സംരക്ഷിച്ചും പോരുന്നു. ജപ്പാനിൽ അൽഭുത സിദ്ധികളുള്ള ഭാഗ്യവാഹകരായാണ് മൂങ്ങകളെ കണ്ടിരുന്നത്. ദക്ഷിണ പൂർവ്വേഷ്യയിലാകെ ഹിന്ദു വിശ്വാസ ക്രമത്തിൽ സമ്പത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും അധിദേവതയായ ലക്ഷമി ദേവിയുടെ വാഹനമായി മൂങ്ങകളെ കരുതുന്നു.
മണ്ണുത്തി ഫോറസ്ട്രി കോളേജിലെ ഡോ.നമീർ പറഞ്ഞ ഒരു കഥയുണ്ട്. തൃശ്ശൂർ മുളങ്കന്നത്ത്കാവ് അടുത്തൊരിടത്ത് മരങ്ങൾ തിങ്ങിനിറഞ്ഞ ഒരു ഭാഗത്തു നിന്നും രാവിരുണ്ടു കഴിയുമ്പോൾ ഭീതിതമായ അലർച്ചകൾ കേൾക്കുകയാണ്. സ്വാഭാവികമായും യക്ഷി/ മറുത മുതലായ ദുർദേവതകളിലേക്കാണ് അന്ധവിശ്വാസങ്ങൾ വിരൽ ചൂണ്ടിയത്. ഇതിലൊന്നും വിശ്വാസമില്ലാത്ത ചിലർ പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. ഏതായാലും ജാഗ്രതയും ഭയവും, ഒപ്പം കെട്ടുകഥകളും ഏറിവന്നതല്ലാതെ അലർച്ചകൾക്ക് കുറവൊന്നും ഉണ്ടായില്ല. ഒടുവിൽ മൂങ്ങകളെക്കുറിച്ച് സാമാന്യ ധാരണകളുള്ള ഒരു പക്ഷി നിരീക്ഷകനാണ് ഈ ശബ്ദം കേട്ട് കൊളളിയാനെന്നു പേരുള്ള കൊമ്പൻ കാട്ടുമൂങ്ങയാണതെന്ന് മനസ്സിലാക്കിയതത്രെ. അദ്ദേഹം അതിനെ കണ്ടു പിടിച്ച് കാണിച്ചു കൊടുത്തതോടെ ഭയത്തിൻ്റെ ഇരുട്ടു നീങ്ങി ആശ്വാസത്തിൻ്റെ വെളിച്ചം തെളിഞ്ഞെന്ന് ചരിത്രം. ഡോ. സാലിം അലി ഈ മൂങ്ങയുടെ ശബ്ദത്തെ കൊടിയ വേദന സഹിച്ചുള്ള ഒരു സ്ത്രീയുടെ നിലവിളിയോടാണ് ഉപമിച്ചതെന്നു കൂടെ കൂട്ടിച്ചേർക്കുമ്പോൾ നമുക്ക് ഏറെക്കുറെ ചിത്രം പൂർണമാകും.
എന്തുകൊണ്ടാണ് ഈ പക്ഷികളിൽ ഇത്തരം കഥകൾ ലോകമാകെ തന്നെ ആരോപിക്കപ്പെട്ടു പോന്നിരുന്നതെന്നു നോക്കാം. നമുക്കു കാണാൻ കഴിയാത്ത / കണ്ടെത്താൻ കഴിയാത്ത എന്തിലും അതിഭാവുകത്വവും അൽഭുത സിദ്ധികളും ആരോപിക്കുന്ന മനുഷ്യ സ്വഭാവം തന്നെയായിരിക്കണം പ്രധാന കാരണം.
ഇനി ഭാഗ്യവശാലോ നിർഭാഗ്യവശാലോ ഒരു മൂങ്ങയെ കണ്ടെത്തിയെന്നിരിക്കട്ടെ, എല്ലായർത്ഥത്തിലും ഈ വിഭാഗക്കാർ നമ്മുടെ സ്വാഭാവികമായ പക്ഷി സങ്കൽപങ്ങളോട് യോജിച്ചു പോകാതിരിക്കാൻ മാത്രം വിചിത്രരാണ്. വ്യവസ്ഥാപിതമായ പക്ഷി സൗന്ദര്യ സങ്കൽപങ്ങൾക്കകത്തു വരുന്ന മൂങ്ങകൾ ചുരുക്കമായിരിക്കും. കുത്തനെ നിവർന്ന് അനങ്ങാതെയുള്ള ഇരിപ്പ്, വലുതും ഉരുണ്ടതുമായ തല, പരന്ന മുഖത്തിനു ചുറ്റുമായി കാണുന്ന വൃത്താകൃതിയിലുള്ള ഫലകം (facial disk), വലിയ ഉണ്ടക്കണ്ണുകൾ, കൊമ്പുപോലെ തോന്നിക്കുന്ന തൂവലുകൾ (ear-tufts), മുഖത്തു തൂവലുകളിൽ മറഞ്ഞിരിക്കുന്ന കൊക്ക്, 270° തിരിക്കാവുന്ന കുറുകിയ കഴുത്ത്, താരതമ്യേന ചെറിയ വാൽ, മരപ്പട്ടകളുടെയോ ഉണക്കയിലകളുടെയോ നിറത്തിലുള്ള തൂവലുകൾ, എന്നിവ വൈചിത്ര്യങ്ങളിൽ ചിലതു മാത്രം.
ജീവിലോകത്തെ ഏറ്റവും മിടുക്കരായ ഇരപിടിയന്മാരിൽ മുമ്പരാണിവർ. രാത്രി ഒട്ടുമിക്ക ജീവജാലങ്ങളും നിസ്സഹായരാകുന്ന ഇരുട്ടിൽ മൂങ്ങകൾ അതിശക്തരാണ്. ഇരുട്ടിലും കാണാവുന്ന കണ്ണുകളും അനിതരസാധാരണമായ കേൾവി ശക്തിയുമാണിത് സാധ്യമാക്കുന്നത്. മൂങ്ങകളുടെ കണ്ണുകളുടെ നിറം വെച്ച് അവയുടെ ഇരതേടൽ ശീലം മനസ്സിലാക്കാൻ കഴിയും എന്ന് പൊതുവേ പറയാറുണ്ട്. ഇതനുസരിച്ച് ഓറഞ്ചു നിറത്തിൽ കണ്ണുള്ള മൂങ്ങകൾ രാവിലെയും സന്ധ്യക്കും (crepuscular)ഇര തേടുന്നവയാണ്. മഞ്ഞക്കണ്ണുള്ളവ പകലും ഇരതേടാൻ (diurnal) പ്രാപ്തരാണ്. ഇരുണ്ട നിറത്തിലുള്ള കണ്ണകളുള്ളവയാകട്ടെ, തീർത്തും രാത്രിഞ്ചരരാണ് (nocturnal). ഇവരുടെ ചെവികൾ തലയുടെ രണ്ടു വശത്തും ഒരേ പോലെയല്ല (asymmetrical) കാണപ്പെടുക. ഈ സവിശേഷത കൊണ്ട് കേൾക്കുന്ന ശബ്ദത്തിൻ്റെ ഒരു ത്രിമാന മാപ്പിംഗ് നടത്താൻ മൂങ്ങകൾക്കാവും മഞ്ഞിൽ അധിവസിക്കുന്നചില മൂങ്ങകൾക്ക് മഞ്ഞിൽ12 അടി താഴെയുള്ള ഒരു എലിയുടെ കരച്ചിൽ കേൾക്കാനാവുമത്രേ. മൂങ്ങകളുടെ പരന്ന മുഖവും കൊമ്പുപോലെ ഉയർന്നു നിൽക്കുന്ന തൂവലുകളുമൊക്കെ അത്യുഗ്രൻ ശബ്ദ സ്വീകരണികളായി (Receptors) പ്രവർത്തിക്കാൻ കഴിവുള്ളവയാണ്. പുള്ളുകളെപ്പോലെ (falcons)യുള്ള മറ്റ് ഇരപിടിയൻ പക്ഷികളെ അപേക്ഷിച്ചു നോക്കുമ്പോൾ വേഗത കൊണ്ടല്ല മൂങ്ങകൾ വിജയിക്കുന്നത്. ഏറെക്കുറെ അദൃശ്യവും നിശ്ശബ്ദവുമായി പറക്കാനുള്ള കഴിവു കൊണ്ടും കൂടിയാണ്. പുള്ളുകളുടെ ചിറകിനേക്കാൾ ആപേക്ഷികമായി വലുപ്പവും വീതിയും കൂടുതലാണ് മൂങ്ങകളുടെ ചിറകിന്. ഇത് ചിറകടി പരമാവധി കുറച്ച് വായുവിലുയരാനും (Lift) തെന്നി നീങ്ങാനും (Glide) സഹായിക്കുന്നു. കൂടാതെ തൂവലുകളുടെ വശങ്ങളിലും അറ്റങ്ങളിലുമുള്ള മാർദ്ദവമാർന്ന നാരുകൾ ചിറകടികളിൽ തൂവലുകൾ തമ്മിലുരയുന്ന ശബ്ദങ്ങളെ ഇല്ലാതാക്കുന്നു. അതി മൃദുവായ ഒരു പുതപ്പ് ഒഴുകി നീങ്ങുന്ന പോലെ തറനിരപ്പിനോട് ചേർന്ന് അതീവ നിശ്ശബ്ദമായ ഇര തേടലിന് മൂങ്ങകൾ സജ്ജരാവുന്നത് ഈ വിധമാണ്. രാത്രി നമ്മൾ ടോർച്ചൊക്കെ ഉപയോഗിച്ച് എങ്ങനെയൊക്കെയോ കണ്ടെത്തിയ വലിയൊരു മുങ്ങ, കണ്ണൊന്നു തെറ്റിയാൽ എങ്ങോട്ട് പറന്നു പോയെന്ന് മഷിയിട്ടു നോക്കിയാൽ കാണില്ല. അത്ര നിശ്ശബ്മായാണവ പറക്കുക.
ഉറച്ച കാലുകളും മൂർച്ചയേറിയ നഖങ്ങളും വേട്ടകളുടെ വിജയ സാധ്യതകൾക്ക് ഉറപ്പേകുന്നു. ഈ രണ്ടു വിരലുകൾ മുന്നിലും പിന്നിലുമായുള്ള വിന്യാസവും മൂർച്ചയേറിയ നഖങ്ങളും കരുത്തോടെ ഇരയെ ചുരുട്ടിപ്പിടിക്കാൻ പര്യാപ്തമാണ്. മിക്കവാറും എലികൾ പോലെയുള്ള സസ്തനികൾ, മറ്റു പക്ഷികൾ, ഉരഗങ്ങൾ, മത്സ്യങ്ങൾ, എന്നു വേണ്ട വലിയ ചില മൂങ്ങകൾ കരിങ്കുരങ്ങുകളെ വരെ വേട്ടയാടി ആഹരിക്കുന്നത് കണ്ടിട്ടുണ്ടെന്ന് കേരളത്തിലെ പക്ഷികളിൽ ഇന്ദുചൂഡൻ മാഷ് പറഞ്ഞു വക്കുന്നു. ഇരകളെ മിക്കവാറും കൊത്തി വിഴുങ്ങാറാണ് മൂങ്ങകൾ പതിവ്. അതിശക്തമായ ദഹനരസങ്ങൾ ഏതാണ്ടെന്തും ദഹിപ്പിച്ചു കളയും. ദഹിക്കാതെ ബാക്കി വരുന്നവയാകട്ടെ ചെറിയ ഉരുളകളായി തുപ്പിക്കളയുന്ന സ്വഭാവവും (Regurgitating) ഇവയ്ക്കുണ്ട്. ചില മൂങ്ങകൾ മരപ്പൊത്തുകളിലാണ് പകൽ കഴിച്ചുകൂട്ടുന്നതെങ്കിൽ (Roosting) ചിലവ പുൽമേടുകളിലും കൈതക്കാടിനിടയിലും മുളങ്കൂട്ടത്തിനുള്ളിലും ഉയരമുള്ള മരങ്ങളുടെ ഇലച്ചാർത്തുകളിലും, എന്തിന് നമ്മുടെ വീടുകളുടെ മച്ചിൽ പോലും ഒളിച്ചു കഴിയുന്നു. അപൂർവ്വം ചിലർ പാറകൾക്കിടയിലെ പൊത്തുകളിലും മഞ്ഞുമൂടിയ പ്രദേശങ്ങളിൽ പോലും അധിവസിക്കുന്നു. നമ്മുടെ നാട്ടിൽ ഉള്ള ഒട്ടുമിക്ക ആവാസവ്യവസ്ഥകളിലും മൂങ്ങകളെ കണ്ടെത്താനാവും. സവിശേഷമായ മങ്ങിയ നിറങ്ങളിലുള്ള തൂവലുകൾ പകൽ സമയത്ത് പ്രച്ഛന്ന വേഷരായി അനങ്ങാതെയിരിക്കാൻ പ്രാപ്തരാക്കുന്നു.
എന്തിനാണിവ പകലിങ്ങനെ ഒളിച്ചിരിക്കുന്നത്? മറ്റു പക്ഷികൾ രാത്രി ഉറങ്ങുമ്പോൾ കാലൻ്റെ രൂപത്തിൽ അവരുടെ ജീവനപഹരിക്കാനാവുന്ന ഒരുവനെ പകൽ അവർ പെട്ടെന്നു തിരിച്ചറിയും. പകൽ സമയത്ത് നിർഭാഗ്യവശാൽ ഒളിയിടം വെളിപ്പെട്ടു പോയാൽ കാക്കകൾ കൂട്ടമായോ കാക്കത്തമ്പുരാട്ടിയോ ഓലേഞ്ഞാലിയോ മൈനയോ ഒക്കെ ഇവയെ നിർദാക്ഷിണ്യം ആക്രമിക്കും. പലപ്പോഴും കാലൻ കോഴിയെപ്പോലുള്ള വലിയ മൂങ്ങകൾ മാരകമായി പരിക്കുപറ്റി അവശരായി വീണു പോകാറുണ്ട്.
നമ്മുടെ വീട്ടിലും നാട്ടിലുമൊക്കെ എലി ശല്യം നിയന്ത്രിക്കുന്നതിൽ ഇവ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പാടങ്ങളിൽ നെല്ലു കട്ടു കൊയ്യാൻ വരുന്ന എലികളെ സംഹരിക്കാൻ തെങ്ങിൻ്റെ പട്ടക്കവിൾ കുത്തി നിർത്തി മൂങ്ങകൾക്ക് സിംഹാസനമൊരുക്കാറുണ്ട് കൃഷിക്കാർ. മൂങ്ങാത്തലപ്പ് എന്നാണിതിനു വിളിപ്പേരു പറഞ്ഞു വരുന്നത്. വെള്ളിമൂങ്ങയുടെ ഇംഗ്ലീഷ് പേര് തന്നെ ബാർൻ ഔൾ എന്നാണ് (Asian Barn owl) ബാർൻ എന്നാൽ കളപ്പുരയെന്നോ പത്തായപ്പുരയെന്നോ ആണ് അർത്ഥം. അവിടത്തെ എലികളാണ് ഇഷ്ടൻ്റെ പ്രിയപ്പെട്ട ആഹാരം. അദ്യശ്യരായി നിന്ന് ഇത്രയേറെ മനുഷ്യന് സഹായങ്ങൾ ചെയ്യുന്ന മറ്റേത് പക്ഷി വിഭാഗമുണ്ട്? അപ്പോൾ, വെറുക്കപ്പെടേണ്ട / ഭയക്കേണ്ട ഒന്നല്ല, മൂങ്ങകൾ എന്ന പക്ഷി ലോകത്തെ അൽഭുത പ്രവർത്തകർ. മൂങ്ങകളെ തേടി കണ്ടെത്തുക, അവയുടെ വിചിത്രസ്വഭാവങ്ങൾ നിരീക്ഷിക്കുക എന്നത് എക്കാലവും നമുക്കേവർക്കും കൗതുകമുണർത്തുന്ന കാര്യമാണ്.
മറ്റ് ഇരപിടിയൻ പക്ഷികളായ പുളളുകളോടും പരുന്തുകളോടുമാണ് വർഗ്ഗ ശാസ്ത്രപരമായി മൂങ്ങകൾക്ക് ബന്ധമെന്നാണ് ആദ്യകാലങ്ങളിൽ കരുതിയിരുന്നത്. പക്ഷേ മൂങ്ങകളുമായി (Tytonidae, strigidae) ഏറ്റവുമടുത്ത ബന്ധം പുലർത്തുന്നത് രാച്ചുക്കുകളെന്ന (caprimulgidae) വിഭാഗമാണ്.
രൂപം കൊണ്ടും രീതികൾ കൊണ്ടും പ്രച്ഛന്ന വേഷമത്സരത്തിലെ രാജാക്കന്മാരാണ് മൂങ്ങകളെങ്കിൽ അവിടത്തെ ചക്രവർത്തിമാരാണ് രാച്ചുക്കുകൾ. പലപ്പോഴും പാറക്കല്ലായും കരിയിലയായും ഉണക്കക്കമ്പിൻ്റെ അറ്റമായുമൊക്കെ കാണുന്ന ഒന്ന് പറന്നു പൊങ്ങുമ്പോൾ മാത്രമാണ് ഒരു പക്ഷിയായിരുന്നെന്ന് ഞെട്ടലോടെ തിരിച്ചറിയുക. കൃത്യവും വ്യക്തവുമായ ശബ്ദങ്ങളില്ലായിരുന്നെങ്കിൽ (distinctive calls) പക്ഷി ലോകത്തെ അപൂർവ്വ വിഭാഗക്കാരായ ഇവയെ കണ്ടെത്തുക ഏറെക്കുറെ അസാധ്യമായേനെ. രാത്രി (nocturnal)/ പുലർച്ചെക്കും സന്ധ്യക്കും (crepuscular ) പ്രാണികളെ പിടിക്കാൻ പറന്നു നടക്കുമ്പോൾ ആണ് സാധാരണ ഗതിയിൽ ഇവരെ കാണാനാവുക.
കുറുകിയ കൊക്ക്, വലിയ കണ്ണുകൾ വലുതായി തുറക്കാവുന്ന വായ, ചുണ്ടു തുടങ്ങുന്നിടത്തായി പ്രാണികളെ വായിലേക്ക് നയിക്കാൻ മീശ രോമങ്ങൾ, തീരെച്ചെറിയ കാലുകൾ കൂർത്ത നീളമുള്ള ചിറകുകൾ എന്നിവ ഈ വിഭാഗക്കാരുടെ സവിശേഷതയാണ്. വലിയ ചിറകടികളൊന്നുമില്ലാതെ തെനി നീങ്ങാനുള്ള കഴിവുണ്ട് ഇവർക്ക്. കൂടാതെ വളരെ മൃദുവായ തൂവലുകളും മൂങ്ങകളെപ്പോലെ നിശ്ശബ്ദമായി പറക്കാൻ സഹായിക്കുന്നു. പെട്ടെന്ന് വലിയ ഒരില കാറ്റിൽ പറന്നു പോകും പോലെ തോന്നിക്കും ചിലപ്പോൾ. പാടത്തും പുൽമേടുകളിലും മരങ്ങൾ തിങ്ങിനിറഞ്ഞ കാടതിരുകളിലും പാറപ്പുറത്തും എല്ലാം കാണപ്പെടുന്നു. പകൽ സമയത്ത് അതീവ രഹസ്യമായി ഒളിച്ചിരിക്കുക ആണു പതിവ്. പലപ്പോഴും പറന്നു പൊങ്ങുമ്പോഴോ അല്ലെങ്കിൽ അനങ്ങാതിരുന്ന് ഉച്ചത്തിൽ വിളിക്കുമ്പോഴോ ആണ് പക്ഷി നിരീക്ഷകർ ഇവയെ കാണുന്നത്. നമ്മുടെ ഇലപൊഴിയും കാടുകളിൽ പല തവണ കാലിൻ്റെ അടിയിൽ നിന്നെന്നവണ്ണം രാച്ചുക്കുകൾ പറന്നു പോകുന്നത് വിസ്മയത്തോടെ നോക്കി നിന്നിട്ടുണ്ട്. വരും അദ്ധ്യായങ്ങളിൽ മൂങ്ങകളെയും രാച്ചുക്കുകളെയും വിശദമായി, ചിത്രങ്ങളോടെ തന്നെ പരിചയപ്പെടുത്താം.
പക്ഷികളുടെ അധോലോകത്തേക്ക് ഒരിക്കൽ കൂടി എല്ലാവർക്കും സ്വാഗതം.!
(തുടരും)