Read Time:19 Minute

സുരേഷ് വി, സോജൻ ജോസ്

സസ്യശാസ്ത്ര വിഭാഗം, പാലക്കാട് ഗവ. വിക്ടോറിയ കോളേജ്‌

സസ്യ ശാസ്ത്രജ്ഞരെ കാലങ്ങളോളം കുഴക്കിയ ഒരു വലിയ സമസ്യയാണ് ഇത്. കൃത്യമായി ഉത്തരം പറയാൻ കഴിയാതെ ഡാർവിനെയും പിന്നീട് വന്ന പല പരിണാമ ശാസ്ത്രജ്ഞരെയും കുഴക്കിയ ഈ നിഗൂഢതയിലേക്ക് വെളിച്ചം വീശുന്ന ഒരു കണ്ടുപിടിത്തം ശാസ്ത്രലോകം മൂന്നുവർഷം മുമ്പ് പുറത്തുവിട്ടു

(സമർപ്പണം: ഒന്നര പതിറ്റാണ്ട് മുൻപ് ചിറ്റൂർ സർക്കാർ കോളേജിൽ വച്ച് സസ്യവർഗീകരണ ശാസ്ത്ര ചരിത്രം ഒരു ത്രില്ലർ കഥ പോലെ പഠിപ്പിച്ച ടി.കെ. ദിനേഷ് കുമാർ എന്ന ഞങ്ങളുടെ ഗുരുനാഥന്)

ഭൂമിയിലെ സസ്യവർഗങ്ങളിൽ വൈവിധ്യം കൊണ്ട് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവയാണ് പുഷ്പിത സസ്യങ്ങൾ. അതിവേഗം പരിണമിക്കാനുള്ള കഴിവ്, വ്യത്യസ്ത കാലാവസ്ഥാ മേഖലകളിൽ നിലനിന്നുപോകാനുള്ള വൈദഗ്ദ്ധ്യം എന്നിവ ഇവയെ ഇതര സസ്യങ്ങളിൽ നിന്നും വേറിട്ടതാക്കുന്നു. ഇന്നത്തെ പുഷ്പിത സസ്യങ്ങളുടെ പൂർവികർ എങ്ങനെയായിരുന്നു?.  ഒരല്പം കാൽപനികമായി പറഞ്ഞാൽ, ഭൂമിയിൽ വിരിഞ്ഞ ആദ്യ പുഷ്പം ഏതായിരുന്നു?. സസ്യ ശാസ്ത്രജ്ഞരെ കാലങ്ങളോളം കുഴക്കിയ ഒരു വലിയ സമസ്യയാണ് ഇത്. ജീവജാലങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് ലോകത്തെ പഠിപ്പിച്ച ചാൾസ് ഡാർവിൻ പുഷ്പിത സസ്യങ്ങളുടെ ഉത്ഭവത്തെ വിശേഷിപ്പിച്ചത് ‘വെറുപ്പിക്കുന്ന നിഗൂഢത'(Abominable mystery) എന്നാണ്. കൃത്യമായി ഉത്തരം പറയാൻ കഴിയാതെ ഡാർവിനെയും പിന്നീട് വന്ന പല പരിണാമ ശാസ്ത്രജ്ഞരെയും കുഴക്കിയ ഈ നിഗൂഢതയിലേക്ക് വെളിച്ചം വീശുന്ന ഒരു കണ്ടുപിടിത്തം ശാസ്ത്രലോകം രണ്ടുവർഷം മുമ്പ് പുറത്തുവിട്ടു.

ആൽഫ്രഡ് വല്ലെസ് – ചാൾസ് ഡാർവിൻ

ചാൾസ് ഡാർവിൻ-ആൽഫ്രഡ് വല്ലെസ്(Charles Darwin-Alfred Russel Wallace) ദ്വയത്തിന്റെ പരിണാമ സിദ്ധാന്തം വന്നതിന് ശേഷം സർവ്വ ജീവശാസ്ത്രമേഖലകളിലും തദനുസൃതമായ ദൂരവ്യാപക മാറ്റങ്ങൾ വന്നു-പ്രത്യേകിച്ചും വർഗീകരണ ശാസ്ത്രത്തിൽ. അനായാസം ഓർമിക്കാനും പഠിക്കാനും പാകത്തിൽ ജീവ ജാലങ്ങളെ അടുക്കിപ്പെറുക്കി വയ്ക്കുന്ന അതുവരെയുള്ള രീതി ഇതോടെ പാടെ മാറി. പകരം, ജീവി വർഗങ്ങളെ അവയുടെ പരിണാമഗതിയനുസരിച്ച് വർഗീകരിക്കണമെന്ന ഏകാഭിപ്രായത്തിൽ എല്ലാ വർഗീകരണ ശാസ്ത്രജ്ഞരും  എത്തി. എന്നാൽ ആ അഭിപ്രായൈക്യം അവിടംകൊണ്ട് തീർന്നു. വ്യത്യസ്താഭിപ്രായങ്ങളുടെ കോലാഹലം തന്നെയായിരുന്നു പിന്നീടങ്ങോട്ട് എന്ന് പറയാം. എങ്ങനെയുള്ളവയാണ് പരിണാമ വ്യവസ്ഥയിൽ പിന്നിലുള്ള സസ്യങ്ങൾ(Primitive), എങ്ങനെയുള്ളവയാണ് മുന്നിലുള്ള സസ്യങ്ങൾ(Advanced) എന്ന വിഷയത്തിലായിരുന്നു അടിപിടി. ആദ്യ പുഷ്പിത സസ്യം എങ്ങനെയുള്ളതായിരുന്നു എന്ന കാര്യത്തിൽ അനേകം അഭിപ്രായങ്ങൾ വന്നു. ഓരോ പരിണാമ ശാസ്ത്രജ്ഞനും അതത് കാലം നിലവിലുള്ള ഫോസിൽ തെളിവുകൾക്കൊപ്പം അവരവരുടെ ഭാവനയും കോർത്തിണക്കി ഓരോ തരം സിദ്ധാന്തങ്ങൾ മുന്നോട്ടുവച്ചു. ദൗർഭാഗ്യകരമെന്ന് പറയാം, ഫോസിൽ തെളിവുകൾ വളരെയൊന്നും ബാക്കിവച്ചിട്ടില്ലാത്ത ഒരു വിഭാഗമായിരുന്നു പൂർവിക പുഷ്പിത സസ്യങ്ങൾ. ആ സിദ്ധാന്തങ്ങൾ അംഗീകരിച്ചും എതിർത്തും ധാരാളം പേർ രംഗത്തിറങ്ങിയതോടെ അഭിപ്രായ അനൈക്യം പാരമ്യത്തിലെത്തി. ഈ അഭിപ്രായ വൈജാത്യങ്ങളെ സാമാന്യമായി രണ്ട് വ്യത്യസ്ത ചിന്താധാരകളായി വക തിരിച്ചിരിക്കുന്നു: ഒന്ന്, ‘എൻഗ്ലറിയൻ(Englarian) സ്‌കൂൾ’; രണ്ടാമത്തെത്, ‘റാനേലിയൻ(Ranalian) സ്‌കൂൾ’.

പരിണാമ ശാസ്ത്രം പൂർണമായും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു സസ്യവർഗീകരണ ക്രമം ആദ്യമായി കൊണ്ടുവന്നത് ജർമൻ സസ്യശാസ്ത്രകാരന്മാരായ അഡോൾഫ് എൻഗ്ലർ(Adolf Engler:1844-1930), കാൾ പ്രന്റൽ (Karl Prantl: 1849-1893) എന്നിവരാണെന്ന് പറയാം. ഇവരുടെ സിദ്ധാന്തമനുസരിച്ച് പുഷ്പിതസസ്യങ്ങളുടെ ഏറ്റവും ആദ്യകാലത്തുള്ള പിന്മുറക്കാർ ഏകലിംഗപുഷ്പികളും കാറ്റിനാൽ പരാഗണം നടത്തുന്നവയുമാണ്. ദളപുടങ്ങളോ(Petals) ബാഹ്യദളങ്ങളോ(Sepals) ഇല്ലാത്ത നഗ്‌ന പുഷ്പങ്ങളാണ് (naked flowers) മിക്കതിനുമുള്ളത്. ഏകദേശം കാറ്റാടി മരം(Casuarina equisetifolia) പോലുള്ള സസ്യങ്ങൾ. പുഷ്പിത സസ്യങ്ങൾ ഉരുത്തിരിഞ്ഞു  എന്ന് കരുതപ്പെടുന്ന ജിംനോസ്‌പേമുകൾ (Gymnospe rms) മേൽ പറഞ്ഞ സ്വഭാവങ്ങൾ കാണിക്കുന്നവയാണ് എന്നതാണ് ഇതിന് ഉപോൽപലകമായി എൻഗ്ലറും അനുയായികളും മുന്നോട്ടുവച്ച പ്രധാനവാദം. വായു പരാഗണം, ഏകലിംഗത്വം എന്നിവ മിക്കവാറും എല്ലാ ജിംനോസ്‌പേമുകളിലും കാണപ്പെടുന്നു. ഒറ്റ നോട്ടത്തിൽ പൈനസ്(Pinus) പോലുള്ള ജിംനോസ്‌പേമുകളുടെ കോണുകളോട്(Cones) രൂപസാദൃശ്യം തോന്നുന്ന വയാണ് കാറ്റാടി മരത്തിന്റെ പൂക്കുല. ഏറ്റവും ലളിത മായ ഘടനയുള്ളവ പിന്നാക്കം(Primitive), രൂപത്തിലും ഘടനയിലും സങ്കീർണമായവ പരിണാമപരമായി മുന്നാക്കം(Advanced) എന്നൊരു തത്വം അന്നത്തെ പരിണാമ ശാസ്ത്രജ്ഞർ പൊതുവേ അംഗീകരിച്ചുപോന്നിരുന്നു. ആ നിലയ്ക്ക് നോക്കുമ്പോൾ എൻഗ്ലർ പറഞ്ഞ പിന്നാക്ക സസ്യങ്ങളുടെ ഘടന അതിലളിതംതന്നെയായിരുന്നു. എൻഗ്ലറിന്റെ വാദങ്ങൾക്ക് പിന്തുണയുമായി വിഖ്യാത സസ്യശാസ്ത്രജ്ഞരായ റിച്ചാർഡ് വെറ്റ്സ്റ്റീൻ(Richard Wettstein:1863-1931), എ.ബി.റെൻഡ്ൽ(Alfred Barton Rendle:1865-1938) എന്നിവർ കടന്നുവന്നു. ഇതാണ് സസ്യപരിണാമത്തിലെ എൻഗ്ലറിയൻ സ്‌കൂൾ എന്നറിയപ്പെടുന്ന ആദ്യത്തെ ചിന്താധാര. കോണിഫെറസ് അമെന്റിഫെറസ് തിയറി(Coniferous-Amentiferous Theory) എന്നും ഇത് അറിയപ്പെടുന്നു. കാറ്റാടിയുടെ പൂക്കുലയെ അമെന്റ്(Ament) എന്നും പറയാറുണ്ട്. പൈനസ് ഉൾപ്പെടുന്ന ജിംനോസ്‌പേം വിഭാഗമായ കോണിഫെറുകൾ(Conifers) അമെന്റ് പൂക്കുല വിഭാഗത്തിലൂടെ പുഷ്പിത സസ്യങ്ങളായി എന്നാണ് ഇതിന്റെ ചുരുക്കം. 

മേൽപറഞ്ഞ സിദ്ധാന്തത്തിന് കടക വിരുദ്ധമായ ഒരു ചിന്താ ധാരയാണ് എൻഗ്ലറിയൻ സ്‌കൂളിനെ എതിർക്കുന്നവർ മുന്നോട്ടുകൊണ്ടുവന്നത്. ലളിതമായ ഘടനയുള്ളവ പരിണാമപരമായി എപ്പോഴും പിന്നാക്കം നിൽക്കുന്നവരല്ല എന്നും ഘടനാപരമായി സങ്കീർണമായവ പരിണാമ ഗുപ്തിയിൽ ലളിതമായി മാറാമെന്നും അവർ വാദിക്കുന്നു. ഒരു ജീവിയുടെ പരിണാമപരമായ മുന്നാക്ക -പിന്നാക്കാവസ്ഥകൾ നിശ്ചയിക്കേണ്ടത് അവയുടെ ഘടനാപരമായ ലാളിത്യമോ സങ്കീർണതയോ വച്ചല്ല എന്നും മറിച്ച്, ഏറ്റവും വലിയ ലക്ഷ്യമായ നിരന്തര പിന്തുടർച്ചയും നിലനിൽപ്പും ഉറപ്പുവരുത്താൻ സ്വന്തം സവിശേഷതകളെ അവ എത്ര കാര്യക്ഷമമായി ഉപയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണെന്നും അവർ വാദിച്ചു. 

പരാഗണത്തിന്നായി ആശ്രയിക്കുന്ന വ്യത്യസ്ത മാർഗങ്ങളാണ് പുഷ്പിത സസ്യങ്ങളുടെ ഏറ്റവും വലിയ സവിശേഷത.  ഷഡ്പദങ്ങളും കാറ്റും വെള്ളവും മൃഗങ്ങളും മനുഷ്യനുമെല്ലാം പരാഗ വാഹകരാണ്. സാമാന്യമായി പറയുകയാണെങ്കിൽ പരാഗണം എന്ന ഒരൊറ്റ പ്രക്രിയയിൽ ആശ്രിതമാണ് സസ്യവിഭാഗങ്ങളുടെ നിലനിൽപ്പ്. എത്ര കാര്യക്ഷമമായി ഇത് ചെയ്യാൻ കഴിയുമോ, പരിണാമപരമായി അത്രയും മുന്നാക്കം നില്ക്കുന്നവയാകും ആ സസ്യവർഗം. കാര്യക്ഷമത എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് ഏറ്റവും കുറവ് വിഭവങ്ങൾ ഉപയോഗിച്ചുകൊണ്ട് ഏറ്റവും നന്നായി പ്രത്യുൽപാദന പ്രക്രിയ നടത്തുക എന്നതാണ്. എപ്പോഴും പരിണാമത്തിന്റെ ഇന്ധനം വൈജാത്യങ്ങളാണെന്നിരിക്കെ, മേൽപറഞ്ഞ പ്രത്യുത്പാദന പ്രക്രിയയിൽ നല്ല രീതി യിൽ വൈജാത്യങ്ങളുണ്ടാവുന്നു എന്ന് ഉറപ്പുവരുത്തു ന്നവ മുന്നാക്കമായിരിക്കും. ഇത്തരത്തിൽ നോക്കുമ്പോൾ പുഷ്പങ്ങൾ ഒറ്റയ്ക്ക് നിൽക്കുന്നവയും ദ്വിലിംഗ പുഷ്പികളും ധാരാളം പുഷ്പദളങ്ങൾ ഉള്ളവയും ഷഡ് പദങ്ങളെ മാത്രമാശ്രയിച്ച് പരാഗണം നടത്തുന്നവയും ആകാരത്തിൽ വലിപ്പവുമുള്ള മരങ്ങളായിരിക്കും ഏറ്റവും കാര്യക്ഷമത കുറഞ്ഞ സസ്യങ്ങളെന്ന് കണക്കാക്കപ്പെട്ടു. കാരണം പൂക്കൾ കുലകളായി കാണുന്നതിന് പകരം ഓരോന്നായി വയ്ക്കുമ്പോൾ എല്ലാ പൂക്കളിലും പരാഗണം നടത്താൻ ഷഡ്പദങ്ങൾ എത്തണമെന്നില്ല. ഏകദേശം ഇന്നത്തെ ചെമ്പകമരം പോലെയുള്ള സസ്യങ്ങൾ ഈ വിഭാഗത്തിൽ വരും. സൂര്യകാന്തി പോലെയുള്ള പൂക്കുലകളാണെങ്കിൽ വരുന്ന ഒരു ഷഡ്പദത്തെ ക്കൊണ്ട് മൊത്തം പൂക്കളും പരാഗണം നടത്തി വിടാം. പൂക്കളുണ്ടാക്കി വിത്തുകൾ ഉൽപാദിപ്പിക്കാനുള്ള വിഭവങ്ങൾ ഇത്തരത്തിൽ ധാരാളമായി ലഭിക്കും. ഇത്തരം വർഗങ്ങളെ അതിനാൽ ഏറ്റവും മുന്നാക്കമായും, നേരത്തെ പറഞ്ഞ ചെമ്പകപ്പൂക്കൾ പോലെ പിന്നാക്ക സവിശേഷതകൾ ഒത്തുചേരുന്ന വർഗമായ റാനേൽസ്(Ranales)-നെ ഏറ്റവും പരിണാമ പിന്നാക്ക വിഭാഗമായും കണക്കാക്കാമെന്ന് ഇവർ വാദിച്ചു. ഈ ചിന്താധാരയാണ് റാനേലിയൻ സ്‌കൂൾ.  

ഏകലിംഗത്വത്തെ ലളിതമായ ഒരു പിന്നാക്ക സ്വഭാവമായി അഡോൾഫ് എൻഗ്ലർ അവതരിപ്പിച്ചപ്പോൾ, വ്യതിയാനം ഉറപ്പുവരുത്താനായി സസ്യങ്ങൾ കാണിക്കുന്ന ‘കടുംകൈ’ ആയി റാനേലിയൻ സ്‌കൂൾ ഇതിനെ കണ്ടു. സ്വപരാഗണം വഴിയുള്ള പ്രത്യത്പാദനം സന്തതിപരമ്പരകളിൽ വ്യതിയാനം കുറയ്ക്കും. പരിണാമപരമായി അത് നല്ലതല്ല. അതിനാൽ പരപരാഗണം ഉറപ്പുവരുത്താൻ സസ്യങ്ങൾ പല മാർഗങ്ങൾ അവലംബിക്കാറുണ്ട്. ഏകലിംഗത്വം ഇതിന്റെ അങ്ങേയറ്റമാണ്, ഇവിടെ പരപരാഗണം മാത്രമാണ് ഏക മാർഗം.

എൻഗ്ലറിയൻ സ്‌കൂളിനെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ശാസ്ത്രജ്ഞപിന്തുണ ലഭിച്ചത് റാനേലിയൻ സ്‌കൂളിനാണ്. പ്രഗത്ഭ വർഗീകരണ ശാസ്ത്രജ്ഞരായ സി.ഇ.ബെസ്സി(Charles Edwin Bessey:1846-1915), ജോൺ ഹച്ചിൻസൺ(John Hutchinson:1884-1972), ആർമൻ തക്തജൻ(Armen Leonovich Takhtajan:1910-2009), റോബർട്ട് തോൺ(Robert F. Thorne:1920-2015) എന്നിവർ റാനേലിയൻ സ്‌കൂളിനൊപ്പം അണിനിരന്നു. പൊതുവിൽ ഒരേ ചിന്താധാര പങ്കുവയ്ക്കുന്നവരാണെങ്കിലും, വർഗീകരണ ക്രമത്തിൽ കൂടുതൽ വിശദാംശങ്ങളിലേക്ക് പോകും തോറും ഇവരോരോരുത്തരും വ്യത്യസ്താഭിപ്രായങ്ങൾ പുലർത്തിപ്പോന്നിരുന്നു. ഓരോ വർഗീകരണ ശാസ്ത്രജ്ഞനും സ്വന്തം വർഗീകരണതത്വമനുസരിച്ച് ഓരോ വ്യത്യസ്ത ക്രമം അവതരിപ്പിച്ചു; അവയോരോന്നും സസ്യ വർഗങ്ങളെ വ്യത്യസ്തമായ നിലകളിൽ പ്രതിഷ്ഠിച്ചു. ഇത് സസ്യ വർഗീകരണം പിന്തുടരുന്ന മറ്റുള്ളവരെ വലച്ചത് കുറച്ചൊന്നുമല്ല. 

Angiosperm Phylogeny Group 4 (2016) ന്റെ ചുരുക്കിയ രേഖാചിത്രം

ഇതിനൊരു മാറ്റം വന്നത് ഒരു ഏകീകൃത വർഗീകരണ ക്രമം ഒരു കൂട്ടം തന്മാത്രാ പരിണാമ ശാസ്ത്രജ്ഞർ (Molecular Phylogeneticists) മുന്നോട്ടുവച്ചപ്പോളാണ്. സസ്യങ്ങളുടെ ബാഹ്യരൂപ ഘടനയിൽ കാണുന്ന സാ മ്യതകളിലും വ്യത്യാസങ്ങളിലും ഊന്നുന്ന വർഗീകരണ ക്രമത്തിന് പകരമായി, ആന്തരികമായ ജനിതക ഘടന യും ഡി.എൻ.എ.യിൽ ഉള്ള സാമ്യങ്ങളും വ്യത്യാസങ്ങളുമാണ് ഇവർ ഉപയോഗിച്ചത്. എ.പി.ജി.(Angiosperm Phylogeny Group) എന്ന വർഗീകരണ ക്രമം അങ്ങനെ ഉരുത്തിരിഞ്ഞു വന്നു. ഇന്നിപ്പോൾ ലോകമൊട്ടുക്കും അധികം ഗവേഷകരും അംഗീകരിച്ചുപോരുന്നത് ഈ ക്രമമാണ്. പുതിയ തെളിവുകൾക്കും ഡാറ്റകൾക്കുമനു സരിച്ച് ഈ ക്രമം പരിഷ്‌കരിച്ചും പോരുന്നു. 2016ൽ പ്രസിദ്ധീകരിച്ച എ.പി.ജി. 4 ആണ് ഏറ്റവും പുതിയ പതിപ്പ്. അപ്പോഴും ആദ്യത്തെ പുഷ്പിതസസ്യം എങ്ങിനെയുള്ളതായിരുന്നു എന്ന കാര്യത്തിൽ വ്യക്തമായ ഒരു അഭിപ്രായം എ.പി.ജി.യും മുന്നോട്ടുവച്ചില്ല, പിന്നാക്ക സ്വഭാവങ്ങൾ പുലർത്തുന്ന ഒരു കൂട്ടം സസ്യവർഗങ്ങളെ പ്രിമിറ്റീവ് സ്‌റ്റോക്ക് എന്ന രീതിയിൽ കാണിക്കുകയാണ് അവർ ചെയ്തത്.

എന്നാൽ ഇപ്പോൾ അതിനൊരു വ്യക്തമായ മറുപടി എത്തിയിരിക്കുകയാണ്. വ്യത്യസ്ത സസ്യവിഭാഗങ്ങളുടെ ജനിതക ഘടന പഠിച്ച് അവയുടെ ഏറ്റവും ആദിയായ രൂപം ഒരു കൂട്ടം ഗവേഷകർ പുനഃസൃഷ്ടിച്ചിരിക്കുന്നു.

ഡി.എൻ.എ. പഠനങ്ങളാണ് ഇവിടെയും ആസ്പദം. ജീവജാലങ്ങളുടെ എല്ലാ സവിശേഷതകളും ആലേഖനം ചെയ്യപ്പെട്ട ഇടം ഡി.എൻ.എ.യാണ് എന്നതിനാൽ തന്നെ, അതിനെ അടിസ്ഥാനമാക്കിയ പഠനങ്ങൾ ഏറ്റവും വിശ്വാസ്യവുമാണെന്ന് പറയാം. വിവിധ സസ്യവിഭാഗങ്ങളുടെ ജനിതക സാമ്യതകളും വ്യത്യാസങ്ങളും പഠിക്കുന്നതിലൂടെ അവ തമ്മിലുള്ള പരിണാമപരമായ അന്തരം(Evolutionary Distance) കണക്കാക്കാൻ കഴിയും, ഇതിലൂടെ ഏറ്റവും പിന്നാക്കമുള്ള സസ്യവിഭാഗത്തിന്റെ ഘടനയും അത് വഴി ആദ്യ പുഷ്പത്തിന്റെ രൂപവും മനസ്സിലാക്കാൻ പറ്റും. ഘടനാപരമായ ചില മാറ്റങ്ങളൊഴിച്ചാൽ ഒറ്റ നോട്ടത്തിൽ നമ്മുടെ ചെമ്പക(Magnolia) പൂവിനെ പോലെയാണത്രേ ഈ ആദ്യ പുഷ്പം.

ആദിപുഷ്പത്തിന്റെ ഘടന കടപ്പാട് : nature.com

ഏറ്റവും ലളിതമായ പുഷ്പഘടനയുള്ള, ഷഡ്പദ പരാഗണം നടത്തുന്ന, ദ്വിലിംഗപുഷ്പികളായിരുന്നു ഇവ. റേഡിയൻ സമമിതി(Actinomorphic), രണ്ടിലധികം നിരകളിലായി ഓരോ നിരയിലും മൂന്ന് വ്യത്യസ്ത ദളങ്ങൾ, ബാഹ്യദളങ്ങളും(Sepals) ദളങ്ങളും(Petals) തമ്മിൽ വ്യത്യാസമില്ലായ്മ, കേസരങ്ങൾ(Stamens) രണ്ടിലധികം നിരകളിലായി ഓരോ നിരയിലും മൂന്നെണ്ണം വീതം, അഞ്ചിലധികം സ്വതന്ത്ര അണ്ഡാശയങ്ങൾ(Ovary) ഒരു സ്‌പൈറലായി അടുക്കിയ ജനിപുടം(Gynoecium) എന്നിവ ഈ പുഷ്പത്തിന്റെ മറ്റ് സവിശേഷതകളാണ്. ചില മുൻധാരണകളെ തിരുത്താനും ഈ പുതിയ പഠനം കാരണമായിട്ടുണ്ട്. കാലങ്ങളായി സസ്യശാസ്ത്രജ്ഞർ കരുതിപ്പോന്നിരുന്നത് പിന്നാക്ക സസ്യങ്ങളുടെ പൂക്ക ളിൽ ദളങ്ങളും സ്‌പൈറൽ രീതിയിൽ ആയിരിക്കുമെന്നാണ്. ചെമ്പക വിഭാഗത്തിൽ(Ranales) കൂടുതലും അങ്ങനെ ആയിരുന്നുതാനും. എന്നാൽ ഇപ്പോഴത്തെ പഠനം പറയുന്നത്, ചെമ്പരത്തി പോലെ ഓരോ ദളവും ഓരോ വലയമായാണ് ഈ ആദ്യ പുഷ്പത്തിൽ ഉണ്ടായിരുന്നത് എന്നത്രേ. കാലാന്തരത്തിൽ അനേകശതം വ്യ ത്യസ്ത വിഭാഗങ്ങളായി പരിണമിക്കാനുള്ള അടിസ്ഥാന ശില ലളിതമായ ഈ ഒരു പുഷ്പമായിരുന്നു. പഴയ റാനേലിയൻ സ്‌കൂളിനെ പിന്തുണയ്ക്കുന്നതാണ് ഈ പുതിയ കണ്ടെത്തൽ എന്ന് പ്രത്യേകം പറയേണ്ടതില്ല. ഇത്തരം കൂടുതൽ പഠനങ്ങൾ വഴി ഫോസിൽ പോലും ബാക്കി വയ്ക്കാതെ മണ്മറഞ്ഞുപോയ പൂർവിക ജനുസുകളെ പുനഃസൃഷ്ടിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കാം.

Floral diagram colour code: light green=undifferentiated tepals; green=sepals; yellow=petals; red=stamens; blue=carpels. കടപ്പാട് : nature.com

അധികവായനയ്ക്ക്‌

  1.  The ancestral flower of angiosperms and its early diversification.
Happy
Happy
75 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
25 %

2 thoughts on “ഭൂമിയിൽ വിരിഞ്ഞ ആദ്യ പുഷ്പം ഏതായിരുന്നു ?

Leave a Reply

Previous post പെണ്മണം കലരാ(നരുതാ)ത്ത ധീരനൂതന ലോകങ്ങള്‍
Next post റേഡിയേഷന്‍ തിന്നു ജീവിക്കുന്ന പൂപ്പലുകള്‍!
Close