ബെറിലിയം ഉണ്ടായതെങ്ങനെ ?

[author title=”ഡോ. എൻ ഷാജി” image=”http://luca.co.in/wp-content/uploads/2016/10/DrNShaji.jpg”].[/author]
കടപ്പാട് : വിക്കിപീഡിയ
[dropcap]ദൃ[/dropcap]ശ്യപ്രപഞ്ചത്തിന്റെ മൊത്തം കണക്കെടുത്താൽ ദ്രവൃത്തിന്റെ മാസിന്റെ 98 ശതമാനം ഹൈഡ്രജന്റെയും ഹീലിയത്തിന്റെയും രൂപത്തിലാണ്. പിരിയോഡിക് ടേബിളിലെ അടുത്ത സ്ഥാനക്കാരായ ലിഥിയം, ബെറിലിയം, ബോറോൺ എന്നിവ മൂന്നും ചേർന്നാലും ഒരു ശതമാനത്തിന്റെ ദശലക്ഷത്തിലൊന്നുപോലും വരില്ല. പ്രപഞ്ചത്തിന്റെ തുടക്കത്തിൽ മഹാസ്ഫോടനത്തിലൂടെ വിവിധ മൂലകങ്ങളെല്ലാം ഉണ്ടായെന്നായിരുന്നു പ്രശസ്ത ശാസ്ത്രജ്ഞൻ ജോർജ് ഗാമോവിന്റെയും (Georgiy Antonovich Gamov) സഹപ്രവർത്തകരുടേയും ധാരണ. മഹാസ്ഫോടനത്തെത്തുടർന്നുണ്ടായ പ്രോട്ടോണുകളും ന്യൂട്രോണുകളും തമ്മിൽ ചേർന്ന് പടിപടിയായി ഹൈഡ്രജൻ, ഹീലിയം തുടങ്ങി ഓരോ തരം മൂലകവും  ഉണ്ടാകുന്നുവെന്നായിരുന്നു അവർ കരുതിയത്. എന്നാൽ പിന്നീട് ആ ധാരണ തിരുത്തേണ്ടി വന്നു. അത് നടക്കില്ല. മാസ് നമ്പർ (ന്യൂട്രോണുകളുടെ എണ്ണം + പ്രോട്ടോണുകളുടെ എണ്ണം) 5 ആയിട്ടുള്ള സ്ഥിരതയുള്ള ന്യൂക്ലിയസുകൾ ഇല്ല എന്നതായിരുന്നു പ്രധാന പ്രശ്നം. രണ്ടു ഹീലിയം ന്യൂക്ലിയസുകൾ ചേർന്ന് ഒരു ബെറിലിയം-8 ഉണ്ടായാൽ തന്നെ അത് ഉടനെ റേഡിയോ ആക്ടീവ് വിഘടനത്തിനു വിധേയമാകും. അതിനാൽ ഹൈഡ്രജനും ഹീലിയത്തിനും പുറമേയുള്ള മൂലകങ്ങൾ കാര്യമായ അളവിൽ ഉണ്ടായിക്കാണില്ല.

പ്രപഞ്ചത്തിലെ ഏറ്റവും കൂടുതലുള്ള മൂലകങ്ങളുടെ ഉത്ഭവത്തിലേക്ക് നയിച്ച ന്യൂക്ലിയാര്‍ റിയാക്ഷനുകള്‍

പിന്നെ എങ്ങനെയാണ് ഭൂമിയിൽ കുറച്ചെങ്കിലും കാണപ്പെടുന്ന ബെറിലിയം ഉണ്ടായിട്ടുണ്ടാവുക.? കാർബൺ, ഓക്സിജൻ എന്നിവയെപ്പോലെ നക്ഷത്രക്കാമ്പിൽ നടക്കുന്ന ന്യൂക്ലിയാർ സംലയനത്തിലായിരിക്കുമോ? ഇക്കാര്യം വിശദമായി പഠിക്കുമ്പോൾ ഒരു കാര്യം ബോധ്യമാകും. ബെറിലിയത്തിന്റെ ചില ഐസോടോപ്പുകൾ  സൂര്യനെപ്പോലുള്ള നക്ഷത്രങ്ങളിൽ ഉണ്ടാകുന്നുണ്ടെങ്കിലും അവ വിഘടിച്ചു പോകും. അതിനാൽ ആ വഴിയും അടയുന്നു. ഇപ്പോൾ പൊതുവെ അംഗീകരിക്കപ്പെട്ട സിദ്ധാന്തം അനുസരിച്ച് ബെറിലിയത്തെപ്പോലുള്ള അറ്റോമിക ഭാരം കുറഞ്ഞ മൂലകങ്ങളുണ്ടാകുന്നത് വിചിത്രമായ ഒരു വഴിയിലാണ്. പ്രപഞ്ചത്തിൽ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരിക്കുന്ന കോസ്മിക് കിരണങ്ങളിലെ പ്രോട്ടോണും ആൽഫ കണങ്ങളും കാർബൺ, നൈട്രജൻ തുടങ്ങിയ അണുകേന്ദ്രങ്ങളിൽ നിന്ന് ന്യൂട്രോണുകളെയോ പ്രോട്ടോണുകളെയോ ഇടിച്ചുതെറിപ്പിക്കുമ്പോൾ ബാക്കി വരുന്നത് അണുഭാരം കുറഞ്ഞ അണുകേന്ദ്രങ്ങളായിരിക്കും. നമ്മൾ ഭൂമിയില്‍ കാണുന്ന ബെറിലിയം  ഏതാണ്ട് പൂർണമായും ഇത്തരത്തില്‍ ഉണ്ടായതാണ്. ബോറോണിന്റെ കഥയും വ്യത്യസ്തമല്ല.

Leave a Reply