Read Time:15 Minute
ഡോ അജയ് ബാലചന്ദ്രൻ

പ്രൊഫസർ, ഫോറൻസിക് മെഡിസിൻ വിഭാഗം, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്

അവയവദാനത്തെപ്പറ്റിയുള്ള ചർച്ചകൾ അടുത്തകാലത്തായി വീണ്ടും സജീവമായിരിക്കുകയാണ്. പൊതുചർച്ചയിൽ ഈ വിഷയത്തെക്കുറിച്ച് വരുന്ന വാർത്തകൾ പലതും വസ്തുതകളുമായി ഒരു ബന്ധവുമില്ലാത്തവയാണ്.   സ്വീകർത്താക്കൾ ശസ്ത്രക്രിയയ്ക്കുശേഷം എത്രനാൾ ജീവിച്ചിരിക്കും എന്നതുൾപ്പെടെയുള്ള വിവാദവിഷയങ്ങൾ ഒന്ന് പരിശോധിക്കാം.

organ-transplant-rulesedited
എന്താണ് അവയവദാനം?

ദാതാവിനെ അടിസ്ഥാനമാക്കിയാൽ രണ്ടുതരം അവയവദാനങ്ങളുണ്ട്.ഒരു വ്യക്തി ദാനം ചെയ്യാവുന്ന ഒരു ശരീരാവയവം (ഉദാ: കരളിന്റെ ഭാഗം, വൃക്കകളിലൊന്ന്) തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതെ തന്നെ മറ്റൊരാൾക്ക് ദാനം ചെയ്യുന്നതാണ് ഒന്ന്. മസ്തിഷ്കമരണം സംഭവിച്ച ഒരാളുടെ ശരീരത്തിൽ നിന്ന് അവയവങ്ങൾ (ഹൃദയം, ശ്വാസകോശങ്ങൾ തുടങ്ങിയവ) ദാനം ചെയ്യുന്ന പ്രക്രിയയാണ് മറ്റൊന്ന്.
രക്തം, മജ്ജ എന്നിവപോലെയുള്ള ശരീരകലകൾ ദാനം ചെയ്യുന്നത് അവയവദാനമായല്ല കണക്കാക്കപ്പെടുന്നത്.

ചരിത്രം:

ഒരു ശരീര കലയായ രക്തം മറ്റൊരാൾക്ക് നൽകാനാകും എന്ന് കണ്ടെത്തിയത് പതിനേഴാം നൂറ്റാണ്ടിലാണ്. 1901-ൽ രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ചതോടെ രക്തദാനം വളരെ സുരക്ഷിതമായ ഒരു പ്രക്രിയയായി മാറി. കോർണിയ (നേത്രപടലം) മാറ്റിവയ്ക്കലിൽ പത്തൊൻപതാം നൂറ്റാണ്ടിൽത്തന്നെ പരീക്ഷണങ്ങൾ നടന്നിരുന്നുവെങ്കിലും മനുഷ്യരിൽ വിജയകരമായ ഇത്തരം ആദ്യ ശസ്ത്രക്രിയ നടന്നത് 1905-ലാണ്.  രക്തഗ്രൂപ്പുകളുടെ കണ്ടുപിടുത്തവും അണുവിമുക്ത ശസ്ത്രക്രിയയുടെ ആവിർഭാവവും അനസ്തീഷ്യയുടെ വളർച്ചയും ഒക്കെ ശരീരകലകളും അവയവങ്ങളും മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയകളുടെ വളർച്ചയ്ക്കും കാരണമായി.

ബോസ്റ്റണിൽ നടന്ന ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ പുനരാവിഷ്കാരം. ചിത്രത്തിന് കടപ്പാട് ഫ്ലിക്കർ.കോം
ബോസ്റ്റണിൽ നടന്ന ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ പുനരാവിഷ്കാരം. | ചിത്രത്തിന് കടപ്പാട് ഫ്ലിക്കർ.കോം

ആദ്യമായി ഒരു ആന്തരാവയവം മാറ്റിവയ്ക്കപ്പെട്ടത് 1954-ൽ ഇംഗ്ലണ്ടിലാണ്. ഒരാളുടെ വൃക്ക അയാളുടെ ഇരട്ടസഹോദരന് മാറ്റിവയ്ക്കുകയായിരുന്നു ചെയ്തത്. വൃക്ക സ്വീകരിച്ചയാൾ എട്ടുവർഷത്തിനുശേഷം മരിച്ചുവെങ്കിലും  അവയവദാതാവ്  ശസ്ത്രക്രിയയ്ക്ക് ശേഷം 56 വർഷം ജീവിച്ചിരുന്നു. മൃതശരീരത്തിൽ നിന്നും വൃക്ക മാറ്റിവയ്ക്കൽ ആദ്യമായി നടന്നത് 1962-ലാണ്. ശ്വാസകോശം (1963), ആഗ്നേയദഹനഗ്രന്ഥി (1966). കരൾ (1967), ഹൃദയം (1967) ചെറുകുട‌ൽ (1989) എന്നിങ്ങനെ പല അവയവങ്ങളും മാറ്റിവയ്ക്കുന്നതിൽ വൈദ്യശാസ്ത്രം വിജയിച്ചുകൊണ്ടിരുന്നു. ഇപ്പോൾ കൈകൾ, മുഖം എന്നിങ്ങനെ ധാരാളം ശരീരഭാഗങ്ങൾ മാറ്റിവയ്ക്കുവാനുള്ള ശേഷി ശാസ്ത്രം നേടിയിട്ടുണ്ട്.
വൃക്കയും കരളും മറ്റും മാറ്റിവയ്ക്കുന്നത് മരണാസന്നനായ ഒരു വ്യക്തിയുടെ ജീവിതം നീട്ടി നൽകുന്ന ശസ്ത്രക്രിയയാണെങ്കിൽ ശരീരഭാഗങ്ങൾ മാറ്റിവയ്ക്കുന്നത് വ്യക്തികളുടെ ജീവിതത്തിന്റെ മൂല്യം വർദ്ധിപ്പിക്കാൻ സഹായിക്കും. കയ്യില്ലാത്ത ഒരാൾക്ക് വിരലുകൾ ചലിപ്പിക്കാൻ സാധിക്കുന്ന ഒരു കൈ ലഭിക്കുന്ന സാഹചര്യത്തെക്കുറിച്ച് ചിന്തിച്ചുനോക്കൂ.

ഇന്ത്യ:

കുത്തഴിഞ്ഞുകിടക്കുകയായിരുന്ന ഇന്ത്യയിലെ അവയവദാനരംഗത്തെ നിയന്ത്രിക്കാനുള്ള ഒരു നല്ല നീക്കമായിരുന്നു 1994-ൽ കൊണ്ടുവന്ന അവയവം മാറ്റിവയ്ക്കൽ നിയമം. പിന്നീട് ഇതിന് പല തവണ പരിഷ്കാരങ്ങൾ വരുത്തുകയുണ്ടായിട്ടുണ്ട്. ഈ നിയമപ്രകാരമുള്ള ചട്ടങ്ങളെല്ല്ലാം പാലിച്ച് മനുഷ്യസ്നേഹികളായ വ്യക്തികൾ തങ്ങളുടെ ശരീരാവയവങ്ങൾ യാതൊരു മുൻപരിചയമോ ബന്ധമോ ഇല്ലാത്തവർക്ക് പ്രതിഫലേച്ഛ കൂടാതെ ദാനം ചെയ്ത സംഭവങ്ങൾ കേരളത്തിൽ പല തവണ ഉണ്ടായിട്ടുണ്ട്.

അപകടമരണങ്ങളിൽപ്പെട്ടവരുടെ അവയവങ്ങൾ ഒന്നിലധികം വ്യക്തികളുടെ ജീവൻ രക്ഷിക്കുന്ന സംഭവങ്ങളും കേരളത്തിൽ നടന്നിട്ടുണ്ട്. മസ്തിഷ്കമരണം സംഭവിച്ചവരുടെ ശരീരാവയവങ്ങൾ നീക്കം ചെയ്യുന്നതാണ് ജീവനുള്ള ഒരു ദാതാവിൽ നിന്ന് ശരീരാവയവം എടുക്കുന്നതിനേക്കാള്‍ പലതുകൊണ്ടും നല്ലത്. ഇന്ത്യയിൽ മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യുന്നതുസംബന്ധിച്ച അന്തിമതീരുമാനമെടുക്കുന്നത് ബന്ധുക്കളാണ്. ഒരാൾക്ക് സ്വന്തം അവയവങ്ങൾ ദാനം ചെയ്യണമെന്നുണ്ടെങ്കിലും ബന്ധുക്കൾക്ക് അതിനെതിരായ തീരുമാനം അയാളുടെ മരണശേഷം എടുക്കാൻ സാധിക്കും. മരിച്ചയാള്‍ക്ക് തന്റെ തീരുമാനം നടപ്പാക്കുമെന്ന് ഉറപ്പുവരുത്താന്‍ മാര്‍ഗ്ഗമൊന്നുമില്ലല്ലോ.
ഇത്തരം അവയവദാനത്തിനുള്ള സംവിധാനവും (അതിനുള്ള ചട്ടങ്ങളും മറ്റും) കേരളത്തിൽ നിലവിലുണ്ട്. മസ്തിഷ്കമരണം സംഭവിച്ചവരിൽ നിന്നുള്ള അവയവദാനം ഏറ്റവും കൂടുതൽ നടക്കുന്നത് തമിഴ്നാട്ടിലാണ്. കേരളത്തിലും ഇത്തരം അവയവദാനങ്ങൾ ക്രമേണ വർദ്ധിച്ചുവരുകയാണ്.

മറ്റ് രാജ്യങ്ങൾ:

ബ്രിട്ടൺ, ഫ്രാൻസ്, ഇംഗ്ലണ്ട്, ജർമനി എന്നിവ പോലുള്ള രാജ്യങ്ങളിൽ മൃതദേഹങ്ങളിൽ നിന്നെടുക്കുന്ന അവയവങ്ങളാണ് ജീവിച്ചിരിക്കുന്നവർ ദാനം ചെയ്യുന്ന അവയവങ്ങളേക്കാൾ കൂടുതൽ. ഉദാഹരണത്തിന് സ്പെയിനിൽ മസ്തിഷ്കമരണം സംഭവിച്ചവരിൽ നിന്നുള്ള അവയവദാനത്തിന്റെ നിരക്ക് 2013-ൽ ദശലക്ഷത്തിന് 35.3 ആയിരുന്നെങ്കിൽ ജീവിച്ചിരിക്കുന്ന ദാതാക്കൾ ദാനം നൽകിയ അവയവങ്ങളുടെ നിരക്ക് അതിന്റെ നാലിലൊന്നായിരുന്നു (ദശലക്ഷത്തിന് 8.1). ഇന്ത്യയിൽ ഈ അനുപാതം നേരേ മറിച്ചാണെന്ന് മാത്രമല്ല ആകെ അവയവദാനങ്ങളുടെ എണ്ണവും ശുഷ്കമാണ് (ദശലക്ഷത്തിൽ 0.26!!).
യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും അവയവദാനം സംബന്ധിച്ചുള്ള തീരുമാനമെടുക്കുന്നത് വ്യക്തികളാണ്. തന്റെ അവയവങ്ങൾ മരണശേഷം ദാനം ചെയ്യേണ്ടതില്ല എന്ന് ഒരു വ്യക്തി തീരുമാനമെടുത്തില്ലെങ്കിൽ ആ വ്യക്തിയുടെ അവയവങ്ങൾ മരണശേഷം നീക്കം ചെയ്യാന്‍ അധികാരികള്‍ക്ക് സ്വാഭാവികമായും അവകാശമുണ്ടാകുന്ന തരത്തിലാണ് അവിടങ്ങളിലെ നിയമങ്ങൾ മിക്കതും നിര്‍മ്മിച്ചിരിക്കുന്നത്. അവയവദാനം അപകടമാണെങ്കില്‍ ശക്തമായ നിയമങ്ങളുള്ള യൂറോപ്യൻ രാജ്യങ്ങളിൽ അവയവദാനത്തിനെതിരേയുള്ള എതിർപ്പ് ശക്തമാകേണ്ടതല്ലേ? ഇത് ഒരു തട്ടിപ്പ് സംവിധാനമാണെങ്കിൽ ഉന്നത ജീവിത നിലവാരം പുലര്‍ത്തുന്നുവെന്ന് കരുതപ്പെടുന്ന ആ നാടുകളിലെ ജനത വമ്പിച്ച പ്രതിഷേധം ഉയര്‍ത്തേണ്ടതല്ലേ? അവയവദാനത്തോട് കേരളത്തിലുള്ളതുപോലുള്ള എതിർപ്പ് ഒരു യൂറോപ്യൻ രാജ്യങ്ങളിലുമില്ല! എന്തായിരിക്കും ഇതിന് കാരണം?

കേരളം:

മറ്റെങ്ങുമില്ലാത്തതരം തട്ടിപ്പുകൾ നമ്മുടെ കേരളത്തിൽ ആരോഗ്യ/അവയവദാന മേഖലകളിലുണ്ടോ? അതാണോ കേരളത്തിൽ ആധുനിക വൈദ്യശാസ്ത്രത്തോട് പൊതുവേയും അവയവദാനത്തോട് പ്രത്യേകിച്ചും ഉണ്ടാകുന്ന എതിർപ്പുകൾക്ക് കാരണം? കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ ഇല്ലാതെ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുക ബുദ്ധിമുട്ടാണ്.

[highlight color=”pink”]കേരളത്തിൽ സർക്കാർ മേഖലയിൽ അവയവമാറ്റ ശസ്ത്രക്രിയകൾ നടക്കുന്ന ആശുപത്രികൾ കുറവാണ്. അധികം ശസ്ത്രക്രിയകളും സ്വകാര്യ ആശുപത്രികളിലാണ് നടക്കുന്നത്. ആരോഗ്യ ഇൻഷുറൻസ് എടുത്തിട്ടുള്ള വ്യക്തികളുടെ എണ്ണം വിദേശരാജ്യങ്ങളെ അപേക്ഷിച്ച് കേരളത്തിൽ തുലോം കുറവാണ്. അവയവം മാറ്റിവയ്ക്കൽ വേണ്ടിവരുന്ന തരത്തിലുള്ള അസുഖങ്ങൾ ഒരു കുടുംബത്തിന്റെ സാമ്പത്തികനിലതന്നെ തകിടം മറിയ്ക്കാൻ പോകുന്നതാണ്. ഇത്തരം ശസ്ത്രക്രിയയ്ക്ക് പോകേണ്ടതില്ല എന്നും ഇത് തട്ടിപ്പാണെന്നും ഈ മാർഗ്ഗത്തിലൂടെ സൗഖ്യം കിട്ടുകയില്ല എന്നും ഉള്ള പ്രചാരണത്തിന്റെ അടിസ്ഥാന കാരണങ്ങളിലൊന്ന് (ലേഖകന്റെ അഭിപ്രായത്തിൽ) ഈ സ്ഥിതിവിശേഷമാണ്.[/highlight]

യൂറോപ്യൻ രാജ്യങ്ങൾ, തായ്‌ലാന്റ് എന്നിവ പോലെയുള്ള രാജ്യങ്ങൾ ഈ സാമ്പത്തികപ്രശ്നത്തെ മറികടന്നത് ആരോഗ്യപരിപാലനം പൂർണ്ണമായി പൊതുമേഖലയിൽ (സൗജന്യമായി) ലഭ്യമാക്കിക്കൊണ്ടാണ്. അമേരിക്കയിൽ ഇൻഷുറൻസ് സംവിധാനം എല്ലാ ജനങ്ങൾക്കും ലഭ്യമാക്കാനുള്ള നീക്കങ്ങളിലൂടെയാണ് ഈ പ്രശ്നത്തെ മറികടക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്.

മേൽപ്പറഞ്ഞതിൽ ഏത് മാർഗ്ഗത്തിലൂടെയോ, അതല്ല ഇനി മറ്റെന്തെങ്കിലും മാർഗ്ഗങ്ങളിലൂടെയോ രോഗികളുടെയും കുടുംബങ്ങളുടെയും സാമ്പത്തിക സുരക്ഷിതത്ത്വം ഉറപ്പുവരുത്തുന്ന ഒരു സമൂഹത്തിൽ അവയവദാനശസ്ത്രക്രിയകളോട് (ആധുനിക വൈദ്യശാസ്ത്രത്തോടും) എതിർപ്പുണ്ടാകാനുള്ള സാദ്ധ്യത കുറവാണ്.

ഇതിനൊക്കെപ്പുറമേ മതപരമായോ മറ്റോ ഉള്ള ശാസ്ത്രവിരുദ്ധതയാണ് വൈദ്യശാസ്ത്രത്തിനെതിരേ കള്ളപ്രചാരണം നടത്താൻ പ്രേരണയാകുന്നത് എങ്കിൽ അതിന് മരുന്നൊന്നുമില്ല. അവയവദാനം കൊണ്ട് രോഗികൾക്ക് ഒരു പ്രയോജനവുമില്ലെന്നും ആശുപത്രികൾക്ക് പണമുണ്ടാക്കാനുള്ള ഒരു തട്ടിപ്പ് മാത്രമാണിതെന്നുമാണ് ഒരു വാദം.

യാഥാർത്ഥ്യം:

അവയവം സ്വീകരിച്ച വ്യക്തി എത്രനാൾ ജീവിച്ചിരിക്കാൻ സാദ്ധ്യതയുണ്ട്, ആ വ്യക്തിയുടെ ആരോഗ്യത്തിൽ ഇതുകൊണ്ട് ഗുണമെന്തെങ്കിലുമുണ്ടാകുമോ എന്നീ ചോദ്യങ്ങളുടെ ഉത്തരത്തിൽ നിന്ന് നമുക്ക് അവയവദാനം സംബന്ധിച്ച ധാരണ ലഭിക്കും. വിദേശരാജ്യങ്ങളിലെ കണക്കുകളാണ് നമുക്ക് ലഭ്യമായിട്ടുള്ളത്. ഇന്ത്യയിലും ഇത്തരത്തിലുള്ള പൂർണ്ണവും കൃത്യമായ കണക്കുകൾ ശേഖരിക്കാനും ലഭ്യമാക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അമേരിക്കയിൽ വൃക്കകൾ സ്വീകരിച്ച  4714 വ്യക്തികളിൽ നടന്ന പഠനത്തിൽ 46.7% ആൾക്കാരിൽ 10 വർഷം കഴിഞ്ഞും വൃക്കകൾ പ്രവർത്തനക്ഷമമായിരുന്നു എന്നാണ് കാണപ്പെട്ടിട്ടുള്ളത്.

[box type=”shadow” align=”” class=”” width=””]ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കുന്നത് സംബന്ധിച്ച കണക്കുകൾ സൂചിപ്പിക്കുന്നത് സ്വീകർത്താക്കൾ ഒരുവർഷം ജീവിച്ചിരിക്കാനുള്ള സാദ്ധ്യത 84.5% ആണെന്നും 5 വർഷം ജീവിച്ചിരിക്കാനുള്ള സാദ്ധ്യത 72.5% ആണെന്നുമാണ്. 21% സ്വീകർത്താക്കൾ 20 വർഷം വരെ ജീവിച്ചിരിക്കുന്നതായി കണ്ടിട്ടുണ്ട്.[/box]

മാറ്റിവച്ച അവയവങ്ങളെ ശരീരം തള്ളിക്കളയുന്ന സ്ഥിതി ഉണ്ടാകാനുള്ള സാദ്ധ്യത സ്വീകർത്താക്കൾ നേരിടുന്ന വലിയൊരപകടമാണ്. ഇതിന് ശരീരത്തിന്റെ ഇമ്യൂൺ സംവിധാനത്തെ നിയന്ത്രിക്കുന്ന മരുന്നുകൾ ദീർഘകാലം ഉപയോഗിക്കേണ്ടിവരും (ഇത് ആന്റിബയോട്ടിക്കുകൾ അല്ല).  അവയവങ്ങൾ സ്വീകരിച്ച വ്യക്തികൾക്ക് ഏറെക്കുറെ സാധാരണ ജീവിതം നയിക്കാനും സാധിക്കും.

heart

ചില മതവിഭാഗങ്ങൾ രക്തം പോലും സ്വീകരിക്കാത്തവരാണ്. അതേ സമയം തന്നെ അവയവദാനം പുണ്യമാണെന്ന് കരുതുന്ന രാജ്യങ്ങളുമുണ്ട്. ശ്രീലങ്കയിൽ അഞ്ചിലൊന്ന് ആൾക്കാർ നേത്രദാനം നടത്താനുള്ള സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളവരാണ്. ശ്രീലങ്കയിൽ നിന്ന് അവരുടെ ആവശ്യം കഴിഞ്ഞ് ബാക്കി വരുന്ന നേത്രപടലങ്ങൾ മറ്റുരാജ്യങ്ങളിലേയ്ക്ക് നൽകപ്പെടുന്നുമുണ്ട്.
അവയവദാനത്തിനെതിരായി അഭിപ്രായപ്രകടനങ്ങളും പ്രചാരണങ്ങളും നടത്തുന്നവരുടെ ധാരണകൾ എന്തു തന്നെയാണെങ്കിലും വസ്തുതകൾ ഇതൊക്കെയാണ്. ഇത് തട്ടിപ്പാണെന്നും അവയവങ്ങൾ സ്വീകരിക്കുന്നയാളുകൾക്ക് ആയുസ്സില്ല എന്നും മറ്റുമുള്ള പ്രചരണങ്ങൾ അജ്ഞതയോ ശാസ്ത്ര വിരുദ്ധതയോ തന്നെയാണ്. അതേ സമയം തന്നെ അവയവ മാറ്റ ശസ്ത്രക്രിയയുടെ പ്രയോജനം നീതിയുക്തമായ രീതിയിൽ ജനങ്ങൾക്കെല്ലാം ലഭ്യമാക്കാനാകുന്ന സംവിധാനങ്ങളും മറ്റും സൃഷ്ടിക്കേണ്ടതും ആവശ്യമാണ്. ഇതു സംബന്ധിച്ച ചർച്ചകൾ എന്തായാലും നല്ലതു തന്നെ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ- തെറ്റും ശരിയും

Leave a Reply

പൊരിച്ച കോഴിക്കാൽ Previous post ആറാമത്തെ രുചി
Next post 2016 ഒക്ടോബറിലെ ആകാശം
Close