2004- ൽ ചൊവ്വയിലിറങ്ങിയ പര്യവേഷണ ഉപകരണം മാര്‍സ് ഓപ്പർച്യൂണിറ്റി റോവർ, ചൊവ്വയുടെ ഉപരിതലത്തില്‍ 40കി.മീറ്റർ ദൂരം സഞ്ചരിച്ച് ഭൂമിക്കു പുറത്ത് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യനിർമ്മിത വസ്തു എന്ന ബഹുമതിക്കർഹമായിരിക്കുന്നു.
ഇതിനു മുമ്പ് ഈ സ്ഥാനം സ്വന്തമാക്കിവെച്ചിരുന്നത് സോവിയറ്റ് യൂണിയൻ ചന്ദ്രനിലിറക്കിയ ലൂണാക്കോത്ത്-II എന്ന റോവറായിരുന്നു. 1973 ജനുവരി 15 ൹ ചന്ദ്രനിലിറങ്ങിയ ലൂണാക്കോത്ത്-II അഞ്ചു മാസം കൊണ്ടാണ് 39 കി.മീറ്റർ ഓടിയത്. ചൊവ്വയിലെ ഈഗിൾ ഗർത്തത്തിൽ നിന്നും തുടങ്ങി എൻഡവർ ഗർത്തത്തിന്റെ പടിഞ്ഞാറെ വക്കിലെത്തി നിൽക്കുന്ന യാത്രക്കിടയില്‍ ആ റെക്കോഡ് ഭേദിച്ച ഓപ്പര്‍ച്യൂണിറ്റി ചൊവ്വയെക്കുറിച്ചുള്ള നിരവധി വിവരങ്ങൾ ഇതിനകം ഭൂമിയിലേക്കെത്തിക്കുകയുണ്ടായി.
2003 ജൂലൈ 7 ന് വിക്ഷേപിച്ച ഓപ്പര്‍ച്യൂണിറ്റി 2004 ജനുവരി 25 നാണ് ചൊവ്വയില്‍ ഇറങ്ങിയത്. ഓപ്പര്‍ച്യൂണിറ്റിയോടൊപ്പമുണ്ടായിരുന്ന ഇരട്ട സഹോദരി സ്പിരിറ്റ് എന്ന റോവര്‍ മൂന്നാഴ്ചയ്ക്ക് ശേഷം ചൊവ്വയുടെ മറുവശത്തും ഇറങ്ങി. 90 ചൊവ്വ ദിനങ്ങളാണ് ഇവയുടെ ജീവിത കാലമായി കണക്കാക്കിയിരുന്നതെങ്കിലും 2009 -ല്‍ നിശ്ചലമാകും വരെ സ്പിരിറ്റ് ചൊവ്വയിലെ സഞ്ചാരം തുടരുകയും 2010 വരെ ഭൂമിയിലേക്ക് വിവരങ്ങള്‍ എത്തിക്കുകയും ചെയ്തിരുന്നു. ഓപ്പര്‍ച്യൂണിറ്റിയാകട്ടെ ചൊവ്വയിലെ അതിന്റെ പത്താം വാര്‍ഷികവും പിന്നിട്ടിരിക്കുകയാണ്.
കേവലം ഒരു കിലോ മീറ്ററിനപ്പുറം സഞ്ചരിക്കാന്‍ പദ്ധതിയില്ലാതിരുന്ന ഓപ്പര്‍ച്യൂണിറ്റി, താണ്ടിയ ദൂരങ്ങള്‍ അസാമാന്യമാണെന്നും എത്ര ദൂരം താണ്ടി എന്നതിനേക്കാള്‍ പ്രധാനമാണ് അത് അയച്ചുതന്ന വിവരങ്ങളെന്നും നാസയിലെ ചൊവ്വ പര്യവേണ വാഹന ദൗത്യത്തിന്റെ മാനേജര്‍ ജോണ്‍ കലാസ് പറയുന്നു.
ഇനിയും ചൊവ്വയില്‍ തുടരുവാനുള്ള വൈദ്യതി ലഭ്യമാകുമെന്നും നല്ല ആരോഗ്യസ്ഥിതിയാണ് ഇപ്പോഴും താന്‍ പുലര്‍ത്തുന്നതെന്നും 2014 ജനുവരിയിലും മാര്‍ച്ചിലും അയച്ച തന്റെ ‘സെല്‍ഫി’ യിലൂടെ ഓപ്പര്‍ച്യൂണിറ്റി ലോകത്തെ അറിയിച്ചുകഴിഞ്ഞു. ചിത്രത്തില്‍ ഇടതുവശത്തുള്ള ദൃശ്യത്തില്‍ സോളാര്‍ പാനലുകളില്‍ കാണുന്ന പൊടിപടലങ്ങള്‍ വലതുവശത്തെ ദൃശ്യത്തില്‍ കാണുന്നില്ലെന്നത് ശ്രദ്ധിക്കുക.
ചിത്രത്തിന് കടപ്പാട് :NASA/JPL-Caltech/Cornell Univ./Arizona State Univ
തയ്യാറാക്കിയത് : ഷാജി അരിക്കാട്
നമുക്ക് മഗൽ യാനെ കുറിച് ചിന്ടിക്കുകയും അഭിമാനിക്കുകയും ചെയ്യാം
ഒരു കിലോമീറ്റർ തീരുമാനിച്ചിടത്തു 40 കിലോമീറ്റർ എന്ജിനീയറിംഗ് വൈദഗ്ധ്യം അപാരം .