Read Time:9 Minute

സുരേഷ് വി, സോജൻ ജോസ്‌

സസ്യ ശാസ്ത്ര വിഭാഗം ഗവ. വിക്ടോറിയ കോളേജ്, പാലക്കാട്

ദുർമന്ത്രവാദം കൊണ്ട് രാജകുമാരന്മാരെ സ്വന്തം വരുതിയിലാക്കി അടിമപ്പണി ചെയ്യിക്കുന്ന മന്ത്രവാദികളെ മുത്തശ്ശികഥകളിൽ കേട്ടുകാണും. ജൈവലോകത്തുമുണ്ട് ഇതുപോലെ ഒരു മന്ത്രവാദി.

കടപ്പാട്‌ : earthsky.org

ആമസോൺ മഴക്കാടുകളിൽ കാണപ്പെടുന്ന ഒഫിയോകോർഡിസെപ്‌സ് യൂണിലാറ്ററാലിസ് (Ophiocordyceps unilateralis) എന്ന പൂപ്പലാണ് ഈ വിരുതൻ മന്ത്രവാദി. ശാസ്ത്രീയമായി അസ്‌കോമൈ സെടെസ്(Ascomycetes) എന്ന, സഞ്ചികളിൽ വിത്തുൽപാദിപ്പിക്കുന്ന ഇനം പൂപ്പലുകളാണ് ഇവ.

സ്വന്തമായി ഭക്ഷണം പാകം ചെയ്യാനാവാത്ത (Heterotrophs) സസ്യജീവിവർഗമാണ് പൂപ്പലുകൾ അഥവാ കുമിളുകൾ. അതിനാൽ തന്നെ ഇവയെ സസ്യം എന്ന വിഭാഗത്തിൽ ഉൾകൊള്ളിക്കുന്നതിനെപ്പറ്റി വലിയ വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ട്. മറ്റ് ജീവികളിൽ പരാദമായി (Parasites), അല്ലെങ്കിൽ അവയുടെ മൃതശരീരത്തിൽ (Saprophytes) മാത്രമേ ഇവയ്ക്ക് ജീവിക്കാൻ കഴിയുകയുള്ളൂ. ഇതിൽ പരാദകുമിൾ വിഭാഗത്തിൽ വരുന്നവയാണ് നമ്മുടെ പൂപ്പൽ ഒഫിയോകോർഡിസെപ്‌സ്. ഇവയുടെ പ്രത്യുൽപാദനത്തിന് ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥ, ഭൂനിരപ്പിൽ നിന്നും ഏകദേശം 25 മുതൽ 30 സെന്റിമീറ്റർ വരെ ഉയരത്തിലും 20-30ഡിഗ്രി സെന്റിഗ്രേഡ് അന്തരീക്ഷ ഊഷ്മാവിലും 94-95% അന്തരീക്ഷ ഈർ പ്പത്തിലും(Humidtiy) ഉള്ള ഭാഗങ്ങളാണ്. എന്നാൽ ചലനശക്തി (Mobiltiy) ഇല്ലാത്തതിനാൽ ഇത്തരമൊരു അനുയോജ്യ സ്ഥലത്ത് എത്തിച്ചേരുക ഇവയെ സംബന്ധിച്ചിടത്തോളം അസാധ്യമത്രേ. അതിനാൽ തന്നെ ചലനശേഷിയുള്ളതും എല്ലായിടത്തും കാണുന്നതുമായ മറ്റൊരു ജീവിയെ ഉപ യോഗപ്പെടുത്താൻ ഈ പൂപ്പലുകൾ പരിണമിച്ചു. ഉറുമ്പുകളാണ് ആ പാവം ജീവികൾ. കാമ്പോനോട്ടസ് ലിയോനാർഡി(Camponotus leonardi) എന്നാണ് ഒഫിയോകോർ ഡിസെപ്‌സ് ഇരയാക്കുന്ന ഈ ഉറുമ്പുകളുടെ ശാസ്ത്രീയ നാമം.

ഒഫിയോകോർഡിസെപ്‌സിന്റെ ചെറിയ വിത്തുകൾ (Spores) കാമ്പോനോട്ടസ് ഉറുമ്പിന്റെ ശരീരത്തിൽ പറ്റി പ്പിടിക്കുന്നിടത്തുനിന്നാണ് കഥ ആരംഭിക്കുന്നത്. മറ്റേതൊരു പൊടിയുമെന്ന പോലെ ഈ വിത്തുകളും തങ്ങളുടെ ശരീരത്തിൽ ഒട്ടിപ്പിടിച്ച കാര്യം കാമ്പോനോട്ടസ് ഉറുമ്പുകൾ അറിയുകയേ ഇല്ല. അവ തങ്ങളുടെ ദൈനംദിന ജോലികളിൽ മുഴുകി കഴിയുകയാവും. ഏതാനും മണിക്കൂറുകൾക്കകം ഈ വിത്തുകൾ പൊട്ടിമുളയ്ക്കുകയും വിത്തിൽ നിന്നും ചെറിയ പൂപ്പൽ നാരുകൾ(Hyphae) കാമ്പോനോട്ടസിന്റെ പുറം മുഴുവൻ പടരുകയും ചെയ്യും. അതിന് ശേഷം ഈ ചെരുനാരുകൾ കാമ്പോനോട്ടസിന്റെ പുറംകവചം(Exoskeleton) തുളച്ച് ശരീരത്തിനകത്ത് കയറി അവിടെ വളരാൻ തുടങ്ങും. ഉറുമ്പ് ഈ സമയത്തൊക്കെ ഇതൊന്നുമറിയാതെ തന്റെ ദൈനംദിന ജോലികളിൽ വ്യാപൃതരായിരിക്കുകയാവും. ശരീരത്തിൽ പടരുന്ന നാരുകൾ കാമ്പോനോട്ടസിന്റെ തലച്ചോറിൽ എത്തുന്നതോടെ കഥ പരിസമാപ്തിയിലേക്ക് നീങ്ങും. അപ്പോഴേക്കും ഒഫിയോ കോർഡിസെപ്‌സ് അതിന്റെ വളർച്ച പൂർത്തിയാക്കുകയും പ്രത്യുൽപാദനത്തിന് തയ്യാറാവുകയും ചെയ്തിരിക്കും. ഇനിയാണ് ഒഫിയോകോർഡിസെപ്‌സ് പൂപ്പൽ അതിന്റെ മന്ത്രവാദം ആരംഭിക്കുന്നത്. തലയ്ക്കകത്ത്  എത്തുന്ന പൂപ്പൽ നാരുകൾ, ഇപ്പോഴും അറിയപ്പെടാത്ത ചില രാസപദാർഥങ്ങൾ അവിടെ പുറപ്പെടുവിക്കുകയും അതോടെ പൂപ്പലിന്റെ ആജ്ഞാനുവർത്തിയായ ഒരു അടിമയായി കാമ്പോനോട്ടസ് ഉറുമ്പ് മാറുകയും ചെയ്യും!. ഇനി കാമ്പനോട്ടസ് ഉറുമ്പിന്റെ ചിന്തകളും ചലനങ്ങളുമെല്ലാം നിയന്ത്രിക്കുന്നത് പൂപ്പലായിരിക്കും!!. പിന്നെ പൂപ്പലിന് അനുയോജ്യമായ ആവാസ വ്യവസ്ഥയുള്ള ഇടം തേടി ഉറുമ്പ് അലയാൻ തുടങ്ങും; അനുയോജ്യമായ താപനിലയും ഈർപ്പവും ഉള്ള സ്ഥലം കിട്ടിയാൽ അവിടെയുള്ള ഏതെങ്കിലും ഒരു കുറ്റിച്ചെടിയിൽ അത് കയറും; പൂപ്പലിന്റെ പ്രത്യുല്പാദനത്തിന് ഏറ്റവും അനുയോജ്യമായ, തറയിൽ നിന്നും ഏ കദേശം 25-30 സെന്റിമീറ്റർ ഉയരത്തിലുള്ള ഒരു ഇലയിൽ കടിച്ചുതൂങ്ങും. തീർന്നു!. അതിൽ പിന്നെ കാമ്പോനോട്ടസി ന് അനങ്ങാനേ കഴിയില്ല, അവിടെ കിടന്ന് അത് മരിക്കും. അനുയോജ്യമായ ആവാസവ്യവസ്ഥയിൽ എത്തിപ്പെടുന്ന ഒഫിയോകോർഡിസെപ്‌സ് പൂപ്പൽ വൈകാതെ പ്രത്യുല്പാ ദന പ്രക്രിയ ആരംഭിക്കും. മരിച്ച കാമ്പോനോട്ടസ് ഉറുമ്പിന്റെ തല തുളച്ച് പൂപ്പലിന്റെ വിത്തുവാഹകം(Sporangium) പുറത്തുവരികയും ചെറിയ പൊടി പോലെയുള്ള ധാരാളം വിത്തുകൾ(Spores) കാറ്റിൽ ചുറ്റുപാടും വിതറുകയും ചെ യ്യും. ഈ വിത്തുകളെല്ലാം അടുത്ത കാമ്പോനോട്ടസ് ഇരയേയും കാത്ത് കിടക്കും. ഒരു കാമ്പോനോട്ടസ് കോളനിക്കടുത്താണ് ഇവയെങ്കിൽ ധാരാളം ഇരകളെ കിട്ടുകയും ചെയ്യും. ആയിരക്കണക്കിന് ഒഫിയോ കോർഡിസെപ്‌സ് സ്പീഷീസുകൾ ജീവലോകത്ത് ഉണ്ട്. ഇവയോരോന്നും ഓരോ തരം ഷട്പദങ്ങളെ തങ്ങളുടെ ആവശ്യത്തിന് ഉപയോഗിക്കുന്നവയാണ്.

കടപ്പാട്‌ : researchgate.net

പരിണാമ പ്രക്രിയ ഒരുതരം സായുധ മത്സരമാണ്. വേട്ടക്കാരനും(Predator) ഇരയും(Prey) തമ്മിലുള്ള സായുധ മത്സരം. ശത്രുവിനെതിരെ മികച്ച ആയുധമുള്ളവ നിലനിൽക്കും. ഈ മത്സരത്തിൽ പിടിച്ചുനിൽക്കാൻ പറ്റാത്ത ജീവികൾ ഒടുങ്ങും. എന്നാൽ ജീവി വർഗങ്ങൾ അത്ര പെട്ടെന്ന് ഒരിക്കലും കീഴടങ്ങാറില്ല. അവ പുതിയ ആയുധങ്ങൾ വികസിപ്പിച്ചുകൊണ്ടേയിരിക്കും. നമ്മുടെ കഥയിലെ ഇരകളായ കാമ്പോനോട്ടസ് ഉറുമ്പുകളും അതുപോലെ തന്നെ. അവ അത്ര പെട്ടെന്ന് തോറ്റുകൊടുക്കാൻ തയ്യാറല്ല. സ്വന്തം കോളനിയിലെ ഏതെങ്കിലും അംഗത്തിന്റെ മേൽ ഒഫിയോകോർഡിസെപ്‌സ് ബാധിച്ചു എന്ന വസ്തുത കാമ്പോനോട്ടസ് കോളനിയിലെ ജോലിക്കാർ ഉറുമ്പുകൾ മനസിലാക്കുന്നതായും അക്കാര്യം ഉറപ്പായാൽ ഉടനെ തന്നെ ആ ഉറുമ്പിനെ കോളനിയിൽ നിന്നും വളരെ ദൂരെ കൊണ്ടുപോയി ഉപേക്ഷിക്കാൻ തുടങ്ങുന്നതായും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഈ രീതി മൂലം ഏതാനും ചില അംഗങ്ങളെ നഷ്ടപ്പെടുമെങ്കിലും കോളനിയിലെ മറ്റംഗങ്ങളെ പൂപ്പൽ ബാധിക്കാതെ സംരക്ഷിക്കാൻ സാധി ക്കും. അതുപോലെ തന്നെ ഒഫിയോകോർഡിസെപ്‌സിനെ തന്നെ പരാദിക്കുന്ന മറ്റൊരു പരാദപ്പരാദത്തെ ഇപ്പോൾ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. ഒഫിയോകോർഡിസെ പ്‌സ് പൂപ്പൽ ഈ വെല്ലുവിളികളെ തീർച്ചയായും മറികടക്കും. അത് എങ്ങനെയാവും എന്നത് പക്ഷേ കാത്തിരുന്ന് തന്നെ കാണണം.

വീഡിയോ കാണാം


അവലംബം:

  1. Andersen S, Hughes D. Host specificity of parasite manipulation: Zombie ant death location in Thailand vs. Brazil. Communicative & Integrative Biology. 2012;5(2):163-5.
  2. Harmon, K. ‘Fungus Makes Zombie Ants Do All the Work.’ The Scientific American 31 July 2009
  3. Hughes, DP, Andersen, SB, Hywel-Jones, NL, Himaman, W, Billen, J & Boomsma, JJ 2011, ‘Beha vioral mechanisms and morphological symptoms of zombie ants dying from fungal infection’ B M C Ecology, vol 11, no. 13, pp. 13
Happy
Happy
50 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ലൗ കനാൽ ദുരന്തവും ചില പരിസ്ഥിതി ചിന്തകളും
Next post ബഹിരാകാശ ജീവിതത്തെക്കുറിച്ചൊരു പുസ്തകം
Close