ഒലെ ക്രിസ്റ്റെന്‍സെൻ റോമര്‍ (Ole Rømer 1644-1710) എന്ന ഡാനിഷ് ജ്യോതിസാസ്ത്രജ്ഞന്റെ 376-ആം ജന്മദിനമാണ് സെപ്റ്റംബർ 25. പ്രകാശത്തിന് വേഗതയുണ്ട് എന്ന് തെളിവുകളോടെ സ്ഥിരീകരിക്കയും അത് കണക്കാക്കാന്‍ മാർഗം കണ്ടെത്തുകയും ചെയ്തു എന്നതാണ് റോമറുടെ മുഖ്യ സംഭാവന.
പ്രകാശം ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് എത്താന്‍ സമയമെടുക്കുമോ എന്നത് പ്രാചീന ഗ്രീക്ക് ചിന്തകരുടെ കാലം മുതലുള്ള ചോദ്യമാണ്. അരിസ്റ്റോട്ടില്‍ മുതല്‍ ദെക്കാര്‍ത്തെ വരെയുള്ള മിക്ക ചിന്തകരുടെയും നിലപാടനുസരിച്ച് പ്രകാശം, അതുണ്ടായ അതേ സമയം തന്നെ ഏതൊരാൾക്കും , അയാള്‍ എവിടെയായാലും ദൃശ്യമാകും. എന്നു വെച്ചാൽ, പ്രകാശവേഗം അനന്തമാണ്. മറിച്ചുള്ള വാദഗതികള്‍ ഉണ്ടായിരുന്നെങ്കിലും അതിന് മതിയായ തെളിവുകള്‍ ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെയാണ് റോമറുടെ നിരീക്ഷണം ശ്രദ്ധേയമാകുന്നത്.
ഡെൻമാര്‍ക്കില്‍ നിന്ന് പാരീസ്സിലെത്തി ,1671 മുതല്‍ പ്രസിദ്ധജ്യോതിശാസ്ത്രജ്ഞനായ കാസ്സിനിയുടെ കീഴില്‍ പ്രവര്‍ത്തിക്കയായിരുന്നു റോമര്‍. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളുടെ ഗ്രഹണം (വ്യാഴത്തിനു പിന്നില്‍ അവ മറയുന്ന ഇടവേള) നിരീക്ഷിച്ച് അതിനെ നാവികര്‍ക്ക് സഹായകമായ ഒരു ക്ലോക്ക് ആയി ഉപയോഗപ്പെടുത്താമെന്ന ആശയം അവയെ കണ്ടെത്തിയ ഗലീലിയോയുടെ കാലത്ത് തന്നെ ഉയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി കാസ്സിനിയും സഹപ്രവര്‍ത്തകരും വ്യാഴ ഉപഗ്രഹങ്ങളുടെ ഗ്രഹണപ്പട്ടിക തയ്യാറാക്കി. അതില്‍ ഇയോ എന്ന ഉപഗ്രഹത്തിന്റെ ഗ്രഹണ സമയത്തിന് വരുന്ന വ്യതിയാനം കാസ്സിനിയും ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഇത് പ്രകാശത്തിന്റെ വേഗതയെകുറിച്ച് സൂചന നല്കിയെങ്കിലും തല്‍സമയ ദൃശ്യതയെകുറിച്ച് സംശയമില്ലാതിരുന്ന കാസ്സിനി ആ സാധ്യത അവഗണിച്ചു. എന്നാല്‍ ഈ വിവരങ്ങള്‍ ലഭ്യമായ റോമര്‍ അതിനെ കൂടുതല്‍ പഠന വിധേയമാക്കി. ഭൂമി വ്യാഴത്തോട് അടുക്കുന്ന കാലത്ത് ഇയോയുടെ ഗ്രഹണ ഇടവേള ചുരുങ്ങി വരുന്നതായും അകലുന്ന സമയത്ത് വര്‍ധിച്ചു വരുന്നതായും റോമർ മനസ്സിലാക്കി. ഇതിന് കാരണം ഇയോയില്‍ നിന്ന് ഭൂമിയിലേക്ക് പ്രകാശം എത്താൻ എടുക്കുന്ന സമയയത്തിലെ വ്യത്യാസമാണെന്ന് റോമർ അനുമാനിച്ചു.. അത് പ്രകാരം 1676 നവംബര്‍ 9 ന്റെ ഇയോഗ്രഹണം മുന്‍ ഗ്രഹണത്തിന്റെ സമയത്തിലും 10മിനിട്ട് വൈകിയാവും സംഭവിക്കുകയെന്നും പ്രവചിച്ചു. അത് ശരിയാവുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂമിയുടെപരിക്രമണപാതയുടെ പകുതി സഞ്ചിക്കാന്‍ പ്രകാശം 22 മിനിട്ട് സമയമെടുക്കുമെന്ന് കണക്കാക്കി. തുടര്‍ന്ന് ഈ അനുമാനവും നിരീക്ഷണഫലങ്ങളും പ്രബന്ധമായി അദ്ദേഹം ദ സയന്‍സ് എന്ന ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിക്കയും അത് വിവിധ മാസികകള്‍ പുനപ്രസിദ്ധീകരിക്കയും ചെയ്തു. കാസ്സിനി ഈ നിഗമനത്തെ തുടര്‍ന്നും എതിര്‍ത്തെങ്കിലും മറ്റൊരു ജ്യോതിശാസ്ത്രജ്ഞനായ ക്രിസ്റ്റ്യൻ ഹൈജന്‍സ് അതിനെ പിന്തുണച്ച് രംഗത്ത് വന്നു.മാത്രമല്ല, പ്രകാശവേഗത്തിന് ഒരു സംഖ്യാ മൂല്യം കണക്കാക്കുകയും ചെയ്തു. ഏറെ വൈകാതെ പ്രകാശവേഗത പൊതുവില്‍ അംഗീകരിക്കപ്പെട്ടു.