Read Time:16 Minute

സന്ധ്യാകാശത്ത് തിളങ്ങിനിൽക്കുന്ന വ്യാഴം ശനി, എന്നീ ഗ്രഹങ്ങൾ;അഴകാര്‍ന്ന വൃശ്ചികനക്ഷത്രഗണം, തലയ്ക്കുമുകളില്‍ തിരുവാതിര, ആകാശത്തിൽ ചതുരം വരച്ച് ഭാദ്രപഥം… ഇവയൊക്കെയാണ് 2022 ഒക്ടോബറിലെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ. ഓറിയോനിഡ് ഉല്‍ക്കാവര്‍ഷവും ഒക്ടോബറിന്റെ പ്രത്യേകതയാണ്.

2022 ഒക്ടോബർ 15ന് രാത്രി 8 മണിക്ക് മദ്ധ്യകേരളത്തിൽ കാണാൻ കഴിയുന്ന ആകാശം

Sky map 2022 october
2022ന് രാത്രി 8 മണിക്ക് മദ്ധ്യകേരളത്തിൽ കാണാൻ കഴിയുന്ന ആകാശം

സൗരരാശികൾ

സന്ധ്യാകാശത്ത് ഏകദേശം 7.30ന് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ രാശികളെ ഒക്ടോബർ മാസം നിരീക്ഷിക്കാം. തുലാംരാശി സന്ധ്യയോടെ പകുതി അസ്തമിച്ചിട്ടുണ്ടാകും. ഇവിടെ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ ഇവയെ തിരിച്ചറിയാവുന്നതാണ്.

ക്രാന്തി പഥം

ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തി പഥം (ecliptic). ക്രാന്തി പഥത്തിനിരുവശത്തുമായി 18° വീതിയിൽ ഭൂമിക്കു ചുറ്റുമുള്ള വൃത്തമാണ് രാശിചക്രം. രാശിചക്രത്തെ 12 ഭാഗങ്ങളാക്കി വിഭജിച്ച്, ആ ഭാഗങ്ങള്‍ക്ക് അവിടെയുള്ള നക്ഷത്രഗണങ്ങളുടെ പേരു നൽകിയിരിക്കുന്നു. ഇവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള സൗരരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും രാത്രിയില്‍ ഒരേ സമയത്ത് നിരീക്ഷിക്കാനാകും.

വൃശ്ചികം (Scorpion)

തെക്കുപടിഞ്ഞാറേ ചക്രവാളത്തിൽ നിന്നും 15°-30° മുകളിലായി ഒക്ടോബർ മാസത്തില്‍ വൃശ്ചികം രാശി (Scorpion) കാണാം. തേളിന്റെ ആകൃതി സങ്കല്പിച്ചിരിക്കുന്ന ഇതിലെ തിളക്കമേറിയ നക്ഷത്രം തൃക്കേട്ട (Antares) ആണ്. ഇതൊരു ചുവപ്പ് ഭീമന്‍ (Red giant) നക്ഷത്രമാണ്. ഈ ചുവപ്പ് ഭീമന്‍ നക്ഷത്രവും ഇരുവശവുമുള്ള പ്രഭകുറഞ്ഞ രണ്ടു നക്ഷത്രങ്ങളും ഉള്‍പ്പെട്ടതാണ് തൃക്കേട്ട എന്ന ചാന്ദ്രഗണം. വൃശ്ചികത്തിന്റെ തലഭാഗത്ത് കാണുന്ന അഞ്ച് നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് അനിഴം. തൃക്കേട്ടയ്ക്ക് താഴെ വാല്‍ ഭാഗം വരെ കാണുന്നത് മൂലം. ഒക്ടോബറിൽ തെക്കേ ചക്രവാളത്തിനു മുകളിലായി വൃശ്ചികം രാശിയെ യാതൊരു പ്രയാസവും കൂടാതെ തിരിച്ചറിയാം. വൃശ്ചികത്തിന്റെ വാൽ ഭാഗത്തുനിന്നും വടക്ക് കിഴക്കുദിശയിലായി ആകാശഗംഗയെയും (Milky way) നിരീക്ഷിക്കാവുന്നതാണ്.

ധനു (Sagittarius)

ഒക്ടോബർ മാസത്തില്‍ സന്ധ്യയ്ക്ക് തെക്കുപടിഞ്ഞആറെ ചക്രവാളത്തില്‍ നിന്നും 30°-50° മുകളിലായി ധനു രാശി (Sagittarius) കാണപ്പെടുന്നു. വില്ലിന്റെ (ധനുസ്സ്) ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണിത്. ആകാശ ഗംഗയുടെ (Milky way) കേന്ദ്രം ധനുരാശിയുടെ ഭാഗത്തായാണ് കാണുന്നത്. തിളക്കമേറിയ നക്ഷത്രങ്ങളാണുള്ളത് എന്നതിനാല്‍ ധനു രാശിടെ വ്യക്തമായി തിരിച്ചറിയാന്‍ കഴിയും. ഇതിന്റെ പടിഞ്ഞാറേ പകുതി ചാന്ദ്രഗണമായ പൂരാടവും ബാക്കി ഉത്രാടവും ആണ്

കുംഭം (Aquarius).

കുടമേന്തിയ ആളുടെ ആകൃതി സങ്കല്പിച്ചിട്ടുള്ള നക്ഷത്രരാശിയാണ്‌ കുംഭം (Aquarius). സാമാന്യം വലിപ്പമുള്ളതാണെങ്കിലും പ്രത്യേകതകളുള്ള നക്ഷത്രങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതാണ് ഈ നക്ഷത്രഗണം. ഒക്ടോബർ മാസത്തിൽ തെക്കുകിഴക്കന്‍ ചക്രവാളത്തില്‍ നിന്നും 50° മുതല്‍ 70° വരെ മുകളിലായി കുംഭം രാശിയെ കാണാം.

മീനം (Pisces)

കിഴക്കേചക്രവാളത്തിനു മുകളിൽ ഏകദേശം 10°- 50° ഇടിയിലായി, ഖഗോളമധ്യരേഖയിൽ നിന്നും അല്പം തെക്കുമാറി വ്യാപിച്ചുകിടക്കുന്ന മീനം രാശിയെ (Pisces) ഒക്ടോബറിൽ കാണാം. പ്രഭയേറിയ നക്ഷത്രങ്ങളൊന്നും ഈ രാശിയിലില്ല. ഈ രാശിയിലെ നക്ഷത്രഗണത്തിന് മീനുകളുടെ ആകൃതി സങ്കല്പിച്ചിരിക്കുന്നു.

മേടം (Aries)

സന്ധ്യയ്ക്ക് കിഴക്കേ ചക്രവാളത്തിനു മകളിലായി (അല്പം വടക്കു മാറി) മേടം രാശി (Aries) ഉദിച്ചുയരും. ആടിന്റെ ആകൃതി സങ്കല്പിച്ചിരിക്കുന്ന മേടം നക്ഷത്രഗണത്തിലെ പ്രധാന നക്ഷത്രം ഹമാൽ (Hamal) ആണ്. തിളക്കം കുറഞ്ഞ മറ്റുരണ്ട് നക്ഷത്രങ്ങളേയും തിരിച്ചറിയാൻ സാധിക്കും. ഈ മൂന്ന് നക്ഷത്രങ്ങളും ചേര്‍ന്ന് അശ്വതി എന്ന ചാന്ദ്രഗണം രൂപപ്പെടുന്നു.

മറ്റുപ്രധാന നക്ഷത്രഗണങ്ങൾ

ഗരുഡന്‍ (Aquila)

ശീർഷബിന്ദുവിൽ നിന്നും അല്പം പടിഞ്ഞാറായി കാണപ്പെടുന്ന നക്ഷത്രഗണമാണ് ഗരുഡൻ (Aquila). ഈ നക്ഷത്രഗണത്തിലെ തിളക്കമേറിയ നക്ഷത്രമാണ് ശ്രവണന്‍ (Altair).  ശീർഷബിന്ദുവിൽ നിന്നും ഏഗദേശം 10° പടിഞ്ഞാറായി ശ്രവണനെ കാണാം. അതിന്റെ ഇരുഭാഗത്തായി കാണുന്ന മറ്റു രണ്ടു നക്ഷത്രങ്ങളും കൂടി ചേർന്നതാണ് തിരുവോണം എന്ന ചാന്ദ്രനക്ഷത്രഗണം. ഈ ചാന്ദ്രഗണത്തിൽ മൂന്നു നക്ഷത്രങ്ങള്‍ ഒരു വരിയിലെന്ന പോലെ കാണപ്പെടുന്നു. ‘തിരുവോണം മുഴക്കോലുപോലെ മൂന്നെണ്ണം’ എന്നൊരു ചൊല്ലുണ്ട്.

ഭാദ്രപഥം
ഭാദ്രപഥവും ആന്‍ഡ്രോമിഡയും

ഭാദ്രപഥം (Pegasus)

സൗരരാശികള്‍ കഴിഞ്ഞാല്‍ ഒക്ടോബറിൽ സന്ധ്യാകാശത്തുകാണാൻ കഴിയുന്ന പ്രധാനപ്പെട്ട നക്ഷത്രഗണമാണ് ഭാദ്രപഥം (Pegasus). പറക്കുംകുതിര എന്നും ഇതറിയപ്പെടുന്നു. സന്ധ്യയ്ക്ക് കിഴക്ക് ദിശയില്‍, ചക്രവാളത്തില്‍ നിന്നും ഏകദേശം 40° മുകളിലായി, അല്പം വടക്കുമാറിയാണ് ഇതിന്റെ സ്ഥാനം. ഇതിലെ നാല് പ്രധാന നക്ഷത്രങ്ങള്‍ ചേര്‍ന്ന് ആകാശത്ത് വലിയ ഒരു ചതുരം തീര്‍ക്കുന്നു. ഇതില്‍ മുകളിലുള്ള (പടിഞ്ഞാറ് ) രണ്ട് നക്ഷത്രങ്ങള്‍ പൂരുരുട്ടാതിയും, താഴെയുള്ള രണ്ടെണ്ണം ഉത്രട്ടാതിയുമാണ്. ഉത്രട്ടാതിയിലെ അല്‍ഫെരാട്സ് (Alpheratz) എന്ന നക്ഷത്രം യഥാര്‍ത്ഥത്തില്‍ ആന്‍ഡ്രോമിഡ നക്ഷത്ര സമൂഹത്തിന്റെ ഭാഗമാണ്. ഭാദ്രപഥത്തിനും താഴെയായാണ് ആന്‍ഡ്രോമിഡയുടെ സ്ഥാനം. M31 എന്ന ഗാലക്സിയെ (ആന്‍ഡ്രോമിഡ ഗാലക്സി) ടെലിസ്കോപ്പിന്റെ സഹായത്തോടെ ഈ ഭാഗത്ത് നിരീക്ഷിക്കാന്‍ സാധിക്കും.

കാശ്യപി (Cassiopeia)

വടക്കേ ആകാശത്ത് M എന്ന അക്ഷരത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്ന നക്ഷത്രസമൂഹമാണ് കാശ്യപി (Cassiopeia). സന്ധ്യയോടെ ഇത് വടക്ക് കിഴക്കായി ഉദിച്ചുതുടങ്ങും. ഏഴരയോടെ വടക്കുകിഴക്കേ ചക്രവാളത്തിൽ നിന്നും 15°-30° മുകളിലായി കശ്യപിയെ കാണാം.

മറ്റുപ്രധാന നക്ഷത്രങ്ങളും നക്ഷത്ര ഗണങ്ങളും

വടക്കൻ ആകാശത്തു കാണാവുന്ന പ്രഭയേറിയ രണ്ടു നക്ഷത്രങ്ങളാണ് വേഗ (Vega), ദെനബ് (Deneb) എന്നിവ. ശീര്‍ഷ ബിന്ദുവിൽ നിന്നും ഏകദേശം 40° വടക്കുപടിഞ്ഞാറായി കാണുന്ന പ്രഭയേറിയ നക്ഷത്രമാണ് വേഗ. ലൈറ (Lyra) എന്ന നക്ഷത്രഗണത്തിലെ അംഗമാണിത്. ശീർഷബിന്ദുവിൽ നിന്നും 35° വടക്കായി കാണുന്ന തിളക്കമുള്ള നക്ഷത്രമാണ് ദെനബ്. ജായര (Cygnus) എന്ന നക്ഷത്രഗണത്തിലെ അംഗമാണ് ദെനബ്. ഈ മാസം ശീര്‍ഷബിന്ദുവിൽ നിന്നും വടക്കുമാറി കാണാൻ കഴിയുന്ന തിളക്കമേറിയ രണ്ടു നക്ഷത്രങ്ങളാണ് വേഗയും ദെനബും. ഇതിൽ പടിഞ്ഞാറുഭാഗത്തുകാണുന്ന, തിളക്കം കൂടിയ നക്ഷത്രം വേഗയും, അതിനു കിഴക്കായി കാണുന്ന നക്ഷത്രം ദെനബും ആകുന്നു.

ഗ്രഹങ്ങൾ

നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന അഞ്ചുഗ്രഹങ്ങളാണു ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിവ. ഈ അഞ്ചുഗ്രഹങ്ങളെയും ഒന്നിച്ചു നിരീക്ഷിക്കാൻ സാധിക്കുന്നത് അപൂര്‍വ്വമായ അവസരങ്ങളിൽമാത്രമാണ്. 2022 ഒക്ടോബറിലെ സന്ധ്യാകാശത്ത് പ്രയാസം കൂടാതെ തന്നെ വ്യാഴം ശനി എന്നീ ഗ്രഹങ്ങളെ തിരിച്ചറിയാൻ സാധിക്കും.

ശുക്രൻ

വളരെ വേഗം തിരിച്ചറിയാന്‍ കഴിയുന്ന ഖഗോള വസ്തുവാണ് ശുക്രന്‍ (Venus). മലയാളികള്‍ വെള്ളിനക്ഷത്രം എന്ന് വിളിച്ചത് ഈ ഗ്രഹത്തെയാണ്. കന്നി രാശിയിലാണ് ഈ മാസം ശുക്രന്റെ സ്ഥാനം. സൂര്യനും കന്നി രാശിയിൽ തന്നെ ആയതിനാൽ ഈ മാസം ശുക്രനെ നിരീക്ഷിക്കാൻ സാധിക്കില്ല.

ആകാശത്തിൽ തിളക്കമുള്ള വസ്തുവായി കാണപ്പെടൂന്നതിനാൽ ശുക്രൻ പലപ്പോഴും പറക്കുംതളികയായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. 1969ൽ അമേരിക്കൻ പ്രസിണ്ടന്റായിരുന്ന ജിമ്മി കാർട്ടർ ഒരു പറക്കുംതളികയെ കണ്ടതായി പറഞ്ഞിരുന്നു, പിന്നീട് നടത്തിയ വിശകലനങ്ങളിൽ അത് ഈ ഗ്രഹത്തിനെ തെറ്റിദ്ധരിച്ചതായിരിക്കുമെന്ന് കണ്ടെത്തിയിരുന്നു. മറ്റു പലരും ശുക്രനെ അന്യഗ്രഹത്തിൽ നിന്നുള്ളതെന്ന രീതിയിൽ തെറ്റിദ്ധരിച്ചിട്ടുണ്ട്.

വ്യാഴം

വ്യാഴം

സന്ധ്യയ്ക്ക് കിഴക്കേ ആകാശത്ത് ഏകദേശം മദ്ധ്യഭാഗത്തായി (കിഴക്കെ ചക്രവാളത്തിൽ നിന്നും ഏകദേശം 40° മുകളിലായി) ദൃശ്യമാകുന്ന ഏറ്റവും തിളക്കമേറിയ, നക്ഷത്രസമാനമായ വസ്തുവാണ് വ്യാഴം (Jupiter). മീനം രാശിയിലായാണ് ഇപ്പോൾ വ്യാഴത്തിന്റെ സ്ഥാനം. ആ ഭാഗത്തുകാണുന്ന എറ്റവും തിളക്കമേറിയ വസ്തുവായതിനാൽ വ്യാഴത്തെ എളുപ്പത്തിൽ തിരിച്ചറിയാം. 12 വർഷം കൊണ്ടാണ് വ്യാഴം ക്രാന്തിപഥത്തലൂടെ ഒരു പരിക്രമണം പൂർത്തിയാക്കുന്നത്. അതിനാൽ ഓരോ വർഷവും ഓരോ രാശിയിയിലായാണ് വ്യാഴത്തെ കാണാൻ കഴിയുക. അടുത്തവർഷം ഇതേ സമയം വ്യാഴം മേടം രാശിയിലായിരിക്കും.

ശനി

സന്ധ്യയ്ക്ക് ശീര്‍ഷബിന്ദുവിൽ നിന്നും ഏകദേശം 30° തെക്കുമാറി, വ്യാഴത്തിനു പടിഞ്ഞാറായി മകരം രാശിയിൽ തന്നെ ശനിയെ (Saturn) കാണാം. വ്യാഴത്തേക്കാൾ അല്പം തിളക്കം കുറഞ്ഞു കാണപ്പെടുന്ന ശനിയുടെ പരിക്രമണകാലം 29.46 വര്‍ഷമാണ്.

ചൊവ്വ

ഇടവം രാശിയിലുള്ള ചൊവ്വ (Mars)രാത്രി 10 മണിയോടെ കിളക്കെ ചക്രവാളത്തിൽ ഉദിച്ചുയരും. പുലർച്ചെ 4.30-ഓടെ നോക്കിയാൽ ഏകദേശം തലയ്ക്കുമുകളിലായി കാണാൻ സാധിക്കും.

ബുധൻ

സൂര്യാദയത്തിനു അപ്ലം മുമ്പായി ഉദിക്കുന്ന ബുധനെ , രാലിവെ 5.30ഓടെ കിഴക്കെ ചക്രവാളത്തിനു മുകളിലായി കാണാനാകും, കന്നിരാശിയിലാണ് സ്ഥാനം.


ഓറിയോനിഡ് ഉല്‍ക്കാവര്‍ഷം – The Orionid meteor shower

orinoid-meteor-shower
ഓറിയോനിഡ് ഉല്‍ക്കാവര്‍ഷം | വര – എന്‍. സാനു

ഓക്ടോബര്‍ 2 മുതല്‍ നവംബര്‍ 7 വരെ ഓറിയോനിഡ് ഉല്‍ക്കാവര്‍ഷം (The Orionid meteor shower) കാണാനുള്ള സമയമാണ്. ഹാലിയുടെ ധൂമകേതു കടന്നുപോയ വഴിയില്‍ ഉപേക്ഷിച്ചുപോയ അവശിഷ്ടങ്ങളാണ് ഓറിയോനിഡ് ഉല്‍ക്കകളായി ഭൂമിയില്‍ പതിക്കുന്നത്. ഒക്ടോബര്‍ 10 മുതല്‍ 21വരെയാണ് പരമാവധി ഉല്‍ക്കാപതനങ്ങള്‍ കാണാന്‍ കഴിയുന്നത്. ഓറിയോണ്‍ (വേട്ടക്കാരന്‍) നക്ഷത്രസമൂഹത്തിന്റെ ഭാഗത്ത് കാണുന്നതിനാലാണ് ഇവയ്ക്ക് ഓറിയോനിഡ് എന്ന പേര് വന്നത്. അര്‍ദ്ധരാത്രിക്ക് ശേഷം ഓറിയോണിലെ തിരുവാതിര നക്ഷത്രത്തിനുസമീപത്തുനിന്നും എല്ലാ ദിശയിലേക്കും ഇവ നിപതിക്കും.


കുറിപ്പ്

  • ചിത്രങ്ങള്‍ തോതനുസരിച്ചുള്ളവയല്ല.
  • 2022 ഒക്ടോബർ 15 സന്ധ്യയ്ക്ക് 7.30 നു മദ്ധ്യകേരളത്തിലെ ആകാശക്കാഴ്ച കണക്കാക്കിയാണ് (പ്രത്യേകം സൂചിപ്പിക്കാത്ത പക്ഷം) വിവരണം തയ്യാറാക്കിയിട്ടുള്ളത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
82 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
18 %

Leave a Reply

Previous post IC 5332 ഗാലക്സിയുടെ ചിത്രവുമായി വെബ്ബ് ടെലിസ്കോപ്പ്
Next post ശാസ്‌ത്രലോകം പറയുന്നു ; അംഗീകാരങ്ങൾ ഔദാര്യമല്ല
Close