2023 ഒക്ടോബർ 29ന് വളരെ നേരിയ ഒരു ചന്ദ്രഗ്രഹണം ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും ദൃശ്യമാകും. ചന്ദ്രബിംബത്തിന്റെ ഏകദേശം 13% വരെ മാത്രം മറയ്ക്കപ്പെടുന്ന ഈ ഗ്രഹണം ഇന്ത്യയിൽ 29ന് പുലർച്ചെ 1.44നാണ് അതിന്റെ പരമാവധിയിൽ കാണാനാകുക (അന്താരാഷ്ട്ര സമയം ഒക്ടോബർ 28 ന് 20:14). ഇന്ത്യൻ സമയം പുലർച്ചെ 01:04 മുതൽ 02:24 വരെയാണ് ഗ്രഹണത്തിന്റെ ദൈർഘ്യം.
ചന്ദ്രഗ്രഹണം ഉണ്ടാകുന്നതെങ്ങനെ?
ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കാനിടയാകുന്ന പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. പൗര്‍ണമിയില്‍ മാത്രമാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. പൗര്‍ണമി ദിവസം ഭൂമി ഇടയിലും സൂര്യചന്ദ്രന്മാർ ഇരുപുറവും എന്ന നിലയിൽ ഇവ മൂന്നും ഏകദേശം നേർരേഖയിലായി വന്നുചേരുന്നു. എല്ലാ പൗർണ്ണമികളിലും ഇവ കൃത്യം നേർരേഖയിലായിരിക്കില്ല. അതിനാൽ എല്ലാ പൗർണ്ണമികളിലം ഭൂമിയുടെ നിഴൽ മറുഭാഗത്തുള്ള ചന്ദ്രനിൽ പതിക്കാനിടയാകില്ല. എന്നാല്‍ എപ്പോഴെങ്കിലും ഇവ മൂന്നും കൃത്യം നേര്‍ രേഖയില്‍ വന്നാല്‍, ചന്ദ്രനില്‍ പതിയ്ക്കേണ്ട സൂര്യ പ്രകാശത്തെ ഭൂമി തടയുകയും ചന്ദ്രന്‍ ഭൂമിയുടെ നിഴലിലാവുകയും ചെയ്യുന്നു. ഇങ്ങനെയാണ് ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്.
ഭൂമി, സൂര്യന്‍, ചന്ദ്രന്‍ എന്നിവ എല്ലാ പൗർണമിയിലും കൃത്യം നേര്‍ രേഖയില്‍ വരാത്തതാണ് എല്ലാ പൗര്‍ണമിയിലും ചന്ദ്രഗ്രഹണം ഉണ്ടാകാത്തിനു കാരണം. ആ സമയങ്ങളിൽ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കാതെ അല്പം മാറിയാകും കടന്നുപോകുക.
പൂർണ്ണ ചന്ദ്രഗ്രഹണവും ഭീഗീക ചന്ദ്രഗ്രഹണവും
സൂര്യനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ പതിക്കുന്നതുമൂലം ഭൂമിയുടെ മറുഭാഗത്ത് മൂന്നുതരം നിഴലുകൾ രൂപപ്പെടും.
- പ്രഛായ (Umbra) – ഭൂമിയിൽ നിന്നും ആരംഭിച്ച് ഒരു വൃത്തസ്തൂപത്തിന്റെ (Cone) ആകൃതിയിൽ നേർത്തുനേർത്തുവരുന്ന പൂർണ്ണനിഴൽ ഭാഗമാണ് പ്രഛായ. ചന്ദ്രൻ ഭൂമിയുടെ പ്രഛായയിൽ പ്രവേശിക്കുമ്പോഴാണ് പൂർണ്ണചന്ദ്രഗ്രഹണം സംഭവിക്കുന്നത്.
- ഉപഛായ (Penumbra) – പ്രഛായയ്ക്കു ചുറ്റുമായി ഭാഗികമായി മാത്രം നിഴൽ വീഴുന്ന പ്രദേശമാണ് ഉപഛായ. ചന്ദ്രൻ ഭൂമിയുടെ ഉപഛായ പ്രദേശത്തുകൂടി കടന്നു പോകുമ്പോഴാണ് ഭാഗിക ചന്ദ്രഗ്രഹണം അനുഭവപ്പെടുന്നത്.
- എതിർഛായ (Antumbra) – പ്രഛായ അവസാനിക്കുന്നിടത്തുനിന്നും ആരംഭിക്കുന്നതും പ്രഛായയുടെ വിപരീത ദിശയിലുള്ളതുമായ കോണീയ നിഴൽ പ്രദേശമാണ് എതിർഛായ. എതിർഛായയിൽ നിന്നും നോക്കുന്നയാൾക്ക് പ്രകാശത്രോതസ്സിന്റെ ഉള്ളിയാലാണ് അതിനെ മറയ്ക്കുന്ന അതാര്യവസ്തു കാണപ്പെടുക. ഭൂമിയുടെ എതിർഛായയിലൂടെ ചന്ദ്രൻ കടന്നുപോകാനിടവന്നാൽ ഒരു വലയഗ്രഹണമാകും സംഭവിക്കുക.
ചന്ദ്രഗ്രഹണം നിരീക്ഷിക്കുന്നത് സുരക്ഷിതമാണോ?
നഗ്നനേത്രങ്ങൾകൊണ്ട് ചന്ദ്രഗ്രഹണം നിരീക്ഷിക്കുന്നത് പൂര്‍ണമായും സുരക്ഷിതമാണ്. ചന്ദ്രന് സ്വന്തമായി പ്രകാശമില്ല, സൗരവികിരണത്തെ പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നത്. ചന്ദ്രനിൽ നിന്നും ഇപ്രകാരം പ്രതിഫലിച്ചെത്തുന്ന വികിരണങ്ങൾ വളരെ തീവ്രത കുറഞ്ഞതും നിര്‍ദ്ദോഷവുമാണ്. ഗ്രഹണ സമയത്ത് അതിന്റെ തീവ്രത വീണ്ടും കുറയുകയുന്നു. അതിനാൽ ചന്ദ്രഗ്രഹണം നേരിട്ട് കാണുന്നതിന് യാതൊരു ദോഷവും ഇല്ല.
One thought on “ഒക്ടോബർ 29 – ഇന്ത്യയിൽ ഭാഗിക ചന്ദ്രഗഹണം”