Read Time:7 Minute
[author title=”എന്‍. സാനു” image=”http://luca.co.in/wp-content/uploads/2016/10/Sanu-N.jpg”][/author]

 

സൂപ്പർമൂൺ എന്ന അതിചന്ദ്ര പ്രതിഭാസമാണ് ഈ മാസത്തെ പ്രധാന ആകർഷണം. ശുക്രൻ. ചൊവ്വ എന്നീ ഗ്രഹങ്ങളെ പ്രയാസംകൂടാതെ തിരിച്ചറിയാൻ സാധിക്കും. നവംബറിലെ ആകാശക്കാഴ്ചകളെ പറ്റി കൂടുതല്‍ വായിക്കാം.

Evening Sky November 2016
സന്ധ്യാകാശം, 2016 നവംബര്‍ 14

പ്രധാന രാശികളും നക്ഷത്രസമൂഹങ്ങളും.

ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തി പഥം (ecliptic). ക്രാന്തി പഥത്തിനിരുവശത്തുമായി 18 ഡിഗ്രി വീതിയിൽ ഭൂമിക്കു ചുറ്റുമുള്ള വൃത്തമാണ് രാശിചക്രം. രാശിചക്രത്തിലെ നക്ഷങ്ങളെ 12 നക്ഷത്രസമൂഹങ്ങളാക്കി വിഭജിച്ചവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള നക്ഷത്രരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും ഒരേ സമയത്ത് പൂര്‍ണമായും നമുക്ക് നിരീക്ഷിക്കാനാകും. സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം ധനു, മകരം, കുംഭം, മീനം മേടം രാശികളെ നവംബറിൽ നിരീക്ഷിക്കാൻ സാധിക്കും. തെക്ക്-പടിഞ്ഞാറുമുതല്‍ വടക്ക് കിഴക്കായാണ് സൂര്യപാത അഥവാ ക്രാന്തി പഥം ഈ മാസം കാണപ്പെടുന്നത്.

sky-eclipticസന്ധ്യയോടെ തന്നെ വൃശ്ചികം രാശി അസ്തമിച്ചു തുടങ്ങും. തെക്ക് പടിഞ്ഞാറേ ആകാശത്താണ് ധനു രാശിയുള്ളത്. ധനുവിന്റെ വലത്തേ പാതി(താഴെ ഭാഗം)  പൂരാടവും ഇടത്തേ പാതി (മുകൾ ഭാഗം) ഉത്രാടവുമാണ്. ധനുവിന് കിഴക്ക് മാറി മകരം, അതിനും കിഴക്കായി കുംഭം തുടർന്ന് മീനം, മേടം എന്നീ  രാശികൾ സ്ഥിതി ചെയ്യുന്നു. ഇതോടൊപ്പമുള്ള നക്ഷത്രമാപ്പ് ഉപയോഗിച്ച് നക്ഷത്രസമൂഹങ്ങളെ തിരിച്ചറിയാവുന്നതാണ്.

സൗരരാശികള്‍ കഴിഞ്ഞാല്‍ സന്ധ്യാകാശത്തുള്ള പ്രധാനപ്പെട്ട നക്ഷത്രഗണമാണ് ഭാദ്രപഥം, പറക്കുംകുതിര എന്നൊക്കെ അറിയപ്പെടുന്ന പെഗാസസ് (Pegasus). തലയ്ക്കുമുകളിൽ വടക്ക് കിഴക്കായി സന്ധ്യയ്ക്ക് ഭാദ്രപഥം കാണപ്പെടുന്നു. ഇതിലെ നാല് പ്രധാന നക്ഷത്രങ്ങള്‍ ചേര്‍ന്ന് ആകാശത്ത് വലിയ ഒരു ചതുരം തീര്‍ക്കുന്നു. ഇതില്‍ പടിഞ്ഞാറുള്ള രണ്ട് നക്ഷത്രങ്ങള്‍ ചേര്‍ന്ന് പൂരുരുട്ടാതി ,കിഴക്കുള്ള രണ്ടെണ്ണം ചേര്‍ന്ന് ഉത്രട്ടാതി എന്നീ ചാന്ദ്രഗണങ്ങള്‍ ഉണ്ടാകുന്നു.

middle-sky-November 2016
2016 നവംബര്‍ മാസത്തെ ആകാശം, തലയ്ക്കുമുകളില്‍

ഉത്രട്ടാതിയിലെ അല്‍ഫെരാട്സ് (Alpheratz) എന്ന നക്ഷത്രം യഥാര്‍ത്ഥത്തില്‍ ആന്‍ഡ്രോമിഡ നക്ഷത്രസമൂഹത്തിന്റെ ഭാഗമാണ്. ഭാദ്രപഥത്തിനും കിഴക്കായാണ് ആന്‍ഡ്രോമിഡയുടെ സ്ഥാനം. M31 എന്ന ഗാലക്സിയെ (ആന്‍ഡ്രോമിഡ ഗാലക്സി) ടെലിസ്കോപ്പിന്റെ സഹായത്തോടെ ഈ ഭാഗത്ത് നിരീക്ഷിക്കാന്‍ സാധിക്കും. ഭാദ്രപഥത്തിനു പടിഞ്ഞാറായി സിഗ്നസ്സ്, അതിനും പടിഞ്ഞാറുമാറി ലൈറ എന്നീ നക്ഷത്ര സമൂഹങ്ങളാണുള്ളത്. സിഗ്നസ്സിലെ ദെനബ്, ലൈറയിലെ വീഗ എന്നിവ പ്രഭയേറിയ നക്ഷത്രങ്ങളാണ്. സന്ധ്യയ്ക്ക് 7 മണിയോടെ തലയ്ക്കുമുകളില്‍ കുറച്ച് പടിഞ്ഞാറ് മാറി കാണുന്ന പ്രഭയേറിയ നക്ഷത്രം ശ്രവണനാണ് (Altair). ഇത് അക്വില എന്ന നക്ഷത്ര സമൂഹത്തില്‍ പെടുന്നു. ശ്രവണനും, ശ്രവണന്റെ ഇരുഭാഗത്തുമായി കാണുന്ന പ്രഭകുറഞ്ഞ രണ്ട് നക്ഷത്രങ്ങളും ചേര്‍ന്നതാണ് തിരുവോണം. ‘തിരുവോണം മുഴക്കോലുപോലെ മൂന്നെണ്ണം ‘എന്നൊരു ചൊല്ല് മലയാളത്തില്‍ ഉണ്ട്.

west-sky-nov-2016

north-sky-nov-2016

പടിഞ്ഞാറേ ആകാശത്ത് ചക്രവാളത്തിന് മുകളിലായി ഒഫ്യൂക്കസ്; വടക്ക് പടിഞ്ഞാറായി ഹെര്‍ക്കുലീസ്, സിഗ്നസ്; വടക്ക് സെഫിയുസ്, കാസിയോപ്പിയ; വടക്ക് കിഴക്കായി പെഴ്സിയസ്, ആൻഡ്രോമിഡ, പെഗാസസ്; തെക്ക് കിഴക്കായി ഫീനിക്സ് എന്നിവയാണ് പ്രധാന നക്ഷത്രസമൂഹങ്ങള്‍.

east-sky-nov-2016

south-sky-nov-2016

ഗ്രഹങ്ങള്‍

സൂര്യ-ചന്ദ്രന്മാർ കഴിഞ്ഞാൽ പ്രഭയേറിയ ഖഗോളവസ്തുവായ ശുക്രന്‍തന്നെയാണ് ഈ മാസം നമ്മുടെ ശ്രദ്ധയില്‍ വളരെ വേഗത്തില്‍ വരുന്ന ഗ്രഹം. പടിഞ്ഞാറേ ചക്രവാളത്തില്‍ സൂര്യാസ്തമനത്തോടെ തന്നെ ദൃശ്യമാകുന്ന ഈ ഗ്രഹം പക്ഷേ 8മണിയോടെ പൂര്‍ണമായും അസ്തമിക്കും. പടിഞ്ഞാറൻ ചക്രവാളത്തിൽ അല്പം മുകളിൽ ഇടത്തുമാറിയാണ് ശുക്രനെ സന്ധ്യയ്ക്ക് കാണാൻ കഴിയുക. മാസത്തിന്റെ തുടക്കത്തില്‍ വൃശ്ചികം രാശിയില്‍ കാണപ്പെടുന്ന ശുക്രന്‍ നവംബര്‍ ഒന്നാം ആഴ്ചയോടെ ധനു രാശിയിലേക്ക് നീങ്ങും. വൃശ്ചികം രാശിയിൽ കാണപ്പെടുന്ന ശനിയെ മാസത്തിന്റ തുടക്കത്തിൽ ശുക്രന് താഴെയായി കാണാം. എന്നാൽ സൂര്യൻ വൃശ്ചികം രാശിയിലേക്ക് കടക്കുന്നതോടെ ശനി ദൃശ്യമല്ലാതാകും. ധനുരാശിക്ക് മുകളിലായി ചൊവ്വയെ കാണാം. തെക്ക്-പടിഞ്ഞാറൻ ചക്രവാളത്തിന് ഏകദേശം 450 മുകളിലായി ചുവപ്പ് നിറത്തിൽ ശോഭിക്കുന്ന ചൊവ്വയെ പ്രയാസംകൂടാതെ തന്നെ തിരിച്ചരിയാൻ സാധിക്കും. വ്യാഴം പുലർച്ചെ കിഴക്കൻ ചക്രവാളത്തിൽ ദൃശ്യമാകും. കന്നിരാശിയിലാണ് വ്യാഴത്തിന്റെ സ്ഥാനം. ബുധൻ സൂര്യസമീപമായതിനാൽ ദൃശ്യമാകില്ല.

സൂപ്പർ മൂൺ അഥവാ അതിചന്ദ്രൻ

earth-sun-moon-position-on-super-moon

ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയത്ത് സംഭവിക്കുന്ന പൂർണ ചന്ദ്രനെയാണ് അതിചന്ദ്രൻ എന്ന് വിളിക്കുന്നത്. ശരാശരി എഴുപത് വർഷത്തിൽ ഒരിക്കലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ നൂറ്റാണ്ടിലെ ആദ്യ അതിചന്ദ്രൻ നവംബര്‍ 14ന് ആണ്. ചന്ദ്രനെ അതിന്റെ ശരാശരിയേക്കാൾ 14 ശതമാനം കൂടുതല്‍ വലിപ്പത്തിലും 30 ശതമാനം കൂടുതല്‍ ശോഭയിലും കാണാന്‍ കഴിയും. ഇതേ പറ്റി കൂടുതൽ അറിയാൻ അതിചന്ദ്രനും അവസാനിക്കാത്ത ലോകാവസാനവും എന്ന ലൂക്കയിലെ ലേഖനം വായിക്കുക.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കേരളത്തില്‍ കുടിവെള്ളം കിട്ടാക്കനിയാകും; ജലാവബോധ പരിപാടികള്‍ ആരംഭിക്കണം
Indian Rupee Next post കറൻസി നോട്ടുകൾ ശരിക്കും വെറും കടലാസുകളാണോ ?
Close