
ജ്യോതിഷ് കെ.
റിസർച്ച് സ്കോളർ
ഫിസിക്സ് വിഭാഗം, കുസാറ്റ്

നിര്‍മ്മിതബുദ്ധിയുടെ തുടക്കക്കാര്‍ നൊബേല്‍ നേടുമ്പോള്‍
നിര്‍മ്മിത ബുദ്ധി നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഉപാധിയായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേലിന് ഏറെ പ്രസക്തിയുണ്ട്. നിര്‍മ്മിത ബുദ്ധിയ്ക്ക് അടിത്തറയിട്ട ശാസ്ത്രജ്ഞരായ ജോണ്‍ ഹോപ്‌ഫീൽഡ്, ജെഫ്രി ഹിന്റണ്‍ എന്നിവരെയാണ് ഈ വര്‍ഷം ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരത്തിനായി സ്വീഡിഷ് അക്കാദമി തിരഞ്ഞെടുത്തിരിക്കുന്നത്. അമേരിക്കന്‍ ശാസ്ത്രജ്ഞനും പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലയിലെ എമിറിറ്റസ് പ്രൊഫസറുമാണ് ജോണ്‍ ഹോപ്‌ഫീൽഡ്. ബ്രിട്ടിഷ് കനേഡിയന്‍ ശാസ്ത്രജ്ഞനായ ജെഫ്രി ഹിന്റണ്‍ ടൊറന്റോ സര്‍വ്വകലാശാല എമിറിറ്റസ് പ്രൊഫസറുമാണ്. ആര്‍ട്ടിഫിഷ്യല്‍ ന്യൂറല്‍ നെറ്റ്‌വർക്കിന്റെ സഹായത്തോടെ നിര്‍മ്മിതബുദ്ധി വികസിപ്പിക്കുന്നതിന്റെ അടിസ്ഥാനപരമായ കണ്ടെത്തലുകള്‍ക്കാണു പുരസ്‌കാരം.

മനുഷ്യമസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇവര്‍ ഈ മാതൃക സൃഷ്ടിച്ചിരിക്കുന്നത്. ഒരു മെഷീന്‍ അതിനുനല്‍കുന്ന വിവരങ്ങള്‍ നമ്മുടെ ഓര്‍മ്മകള്‍പോലെ ശേഖരിക്കുകയും ആവശ്യാനുസരണം അത് ഓര്‍ത്തെടുക്കുകയും പ്രവചിക്കുകയും ചെയ്യുന്ന ഒരു നിര്‍മ്മിത ന്യൂറല്‍ ശൃംഖല (Artificial Neural Network) യ്ക്കാണ് ഹോപ്‌ഫീൽഡും ഹിന്റണും രൂപം നല്‍കിയത്.
1980-കളുടെ തുടക്കത്തില്‍ ഭൗതികശാസ്ത്രത്തിന്റെയും സ്റ്റാറ്റിസ്റ്റിക്‌സിന്റെയും പിന്‍ബലത്തോടെ ഉയര്‍ന്നശേഷിയുള്ള കമ്പ്യൂട്ടറുകളുടെ സഹായത്തില്‍ മനുഷ്യമസ്തിഷ്‌കത്തെ അനുകരിക്കാം എന്ന ചിന്ത രൂപപ്പെട്ടുവന്നു. അതിന്റെ അടിസ്ഥാനത്തില്‍ ലഭ്യമായ വിവരങ്ങളെ സമഗ്രമായി പരിശോധിച്ച് ക്രോഡീകരിച്ച് മനുഷ്യബുദ്ധിക്കുസമാനമായി പ്രവര്‍ത്തിപ്പിക്കാമെന്ന് ഗവേഷകര്‍ കണ്ടെത്തി. 1940-കളില്‍ത്തന്നെ നിര്‍മ്മിതബുദ്ധി എന്ന ആശയത്തിന്റെ പ്രാധാന്യം ശാസ്ത്രലോകം മനസ്സിലാക്കിയിരുന്നെങ്കിലും ഭീമന്‍ ഡേറ്റ ശേഖരണവും സംഭരണവും അന്ന് അപ്രാപ്യമായിരുന്നു. എന്നാല്‍ പിന്നീട് ഇന്റന്‍നെറ്റിന്റെ വരവോടുകൂടി ഡേറ്റ ലഭ്യത വര്‍ധിച്ചു. വിവരശേഖരണം താരതമ്യേന എളുപ്പത്തിലായി. വന്‍ ഡേറ്റ ശേഖരിക്കാന്‍ ശേഷിയുള്ള സൂപ്പര്‍ കമ്പ്യൂട്ടറുകളും ശാസ്ത്രലോകം വികസിപ്പിച്ചു. ഇതോടുകൂടി നിര്‍മ്മിത ന്യൂറല്‍ ശൃംഖലകളിലെ പഠനങ്ങള്‍ക്ക് അനന്തസാധ്യതകള്‍ തുറന്നുവന്നു. ഈ കാലയളവിലാണ് ജോണ്‍ ഹോപ്‌ഫീൽഡും ജോഫ്രി ഹിന്റണും തങ്ങളുടെ പഠനങ്ങള്‍ ആരംഭിച്ചത്.

നിര്‍മ്മിതബുദ്ധിയുടെ പ്രവര്‍ത്തനരീതിയെ നമുക്ക് നിത്യജീവിതവുമായി ബന്ധപ്പെടുത്തി ഒന്ന് ആലോചിച്ചുനോക്കിയാലോ?
സംസാരഭാഷയില്‍ നമ്മള്‍ അധികം ഉപയോഗിക്കാത്ത, അപൂര്‍വ്വമായ ചില വാക്കുകള്‍ ചിലപ്പോഴൊക്കെ ഉപയോഗിക്കേണ്ടതായി വരാറില്ലേ? എന്നാല്‍, ആ വാക്ക് കൃത്യമായി ഓര്‍ത്തെടുക്കാന്‍ പ്രയാസപ്പെടുകയും ഉച്ചാരണത്തില്‍ അതിനു സമാനമായ മറ്റു പല വാക്കുകള്‍ ഓര്‍ത്തെടുക്കുകയും ചെയ്യും. ഒടുവില്‍ നമ്മുടെ തലച്ചോര്‍ ശരിയായ വാക്ക് കണ്ടെത്തും. ഇതുപോലെ ശരിയായ വാക്ക് കണ്ടെത്താനായി സമാനമായ വാക്കുകളിലൂടെ സഞ്ചരിച്ച് മനസ്സ് ഓര്‍മ്മ വീണ്ടെടുക്കുന്നത് അസോസിയേറ്റഡ് മെമ്മറിയില്‍ നിന്നാണ്. 1982-ല്‍ ഹോപ്‌ഫീൽഡ് വികസിപ്പിച്ച ഈ അല്‍ഗൊരിതം ഹോപ്‌ഫീൽഡ് നെറ്റ്‌വർക്ക് എന്നാണ് അറിയപ്പെടുന്നത്. അതായത് ഈ നെറ്റ്‌വർക്കിലേക്ക് നമ്മള്‍ അപൂര്‍ണമായൊരു പാറ്റേണ്‍ നല്‍കിയാല്‍ നേരത്തേ ശേഖരിച്ച വിവരങ്ങള്‍ അപഗ്രഥിച്ച് ഏറ്റവും അനുയോജ്യമായ പാറ്റേണ്‍ കണ്ടെത്താന്‍ ഇതിന് സാധിക്കും.

ഹോപ്‌ഫീൽഡ് നെറ്റ്‌വർക്ക് ഉപയോഗിച്ച് പദാര്‍ത്ഥങ്ങളുടെ കാന്തികസ്വഭാവം പ്രവചിക്കാന്‍ സാധിക്കുന്ന ഒരു സൈദ്ധാന്തിക മാതൃകയും ജോണ്‍ ഹോപ്‌ഫീൽഡ് മുന്നോട്ടുവച്ചു. ഇതില്‍ ഓരോ ആറ്റത്തെയും ഓരോ കുഞ്ഞന്‍ മാഗ്നറ്റായും ഓരോ മാഗ്നറ്റിനെയും ഓരോ ന്യൂറോണായും അദ്ദേഹം കണക്കാക്കി. ഈ ന്യൂറോണുകള്‍ ഒരു പ്രത്യേകരീതിയില്‍ ബന്ധപ്പെട്ടുകിടക്കുന്നുവെന്നും ഭൗതികശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ അദ്ദേഹം വിശദീകരിച്ചു.

ഹോപ്‌ഫീൽഡ് കണ്ടെത്തിയ നെറ്റ്‌വർക്ക് അടിസ്ഥാനമാക്കി പുതിയൊരു സങ്കീര്‍ണമായ നെറ്റ്‌വർക്കിനാണ് ഹിന്റണ്‍ രൂപംനല്‍കിയത്. ‘ബോള്‍ട്സ്മാന്‍ മെഷീന്‍’ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതില്‍ പ്രധാനമായും രണ്ടുതരം നോഡുകളാണുള്ളത്- നല്‍കുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിസിബിള്‍ നോഡും നെറ്റ്‌വർക്കിന്റെ സുപ്രധാന അല്‍ഗൊരിതം ഉള്‍ക്കൊള്ളുന്ന ഹിഡന്‍ നോഡും. ബോള്‍ട്സ്മാന്‍ സമവാക്യം ഉപയോഗിച്ച് നിര്‍മ്മിച്ച ഈ നെറ്റ്‌വർക്കിന്റെ പ്രത്യേകത എന്തെന്നാല്‍, മുമ്പ് പരിചിതമല്ലാത്ത വിവരങ്ങളാണെങ്കിലും സംഭരിച്ച വിവരങ്ങളുമായുള്ള സമാനത മനസ്സിലാക്കാനും അതനുസരിച്ച് പ്രവചിക്കാനും ഈ നെറ്റ്‌വർക്കിന് സാധിക്കുന്നു.
മൊബൈല്‍ ഫോണുകളില്‍ ഉപഭോക്താവിന്റെ ഇഷ്ടാനുസരണം വാര്‍ത്തകളും സിനിമകളും ഷോപ്പിങ് റെക്കമെന്‍ഡേഷനും മറ്റും എത്തിക്കുന്നതിനു പിറകിലുള്ള അല്‍ഗൊരിതം ബോള്‍ട്സ്മാന്‍ മെഷീനിന്റെ വികസിത രൂപമാണ്.
നിര്‍മ്മിതബുദ്ധിയുടെ പിതാവെന്നറിയപ്പെടുന്ന ജെഫ്രി ഹിന്റണ്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഐ.ഐയുടെ അനന്തസാധ്യതകള്‍ ലോകത്തോട് പങ്കുവച്ചു, ഒപ്പം ചില ആശങ്കകളും; നിര്‍മ്മിത ബുദ്ധി മനുഷ്യനെ കടത്തിവെട്ടുമോ? ഹിന്റണ്‍ തൊടുത്തുവിട്ട ചോദ്യം അവശേഷിക്കുമ്പോഴും നിര്‍മ്മിതബുദ്ധി മനുഷ്യരാശിക്ക് മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. ആരോഗ്യ, സാങ്കേതിക, നിര്‍മ്മാണ മേഖലകളില്‍ എ.ഐയുടെ സാധ്യത അനിര്‍വ്വചനീയമാണ്.
ഇപ്പോൾ, വലിയ തോതിലുള്ള ഡാറ്റയുടെ ലഭ്യതയും കമ്പ്യൂട്ടിംഗ് ശക്തിയുടെ വർദ്ധനയും വഴി ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്‌വർക്കുകൾ സാധാരണയായി വലിയതാണ്; നിരവധി ലയേഴ്‌സ് ഉൾകൊള്ളുന്നവയാണ് ; ഇവയെ ഡീപ് ന്യൂറൽ നെറ്റ്‌വർക്കുകൾ എന്ന് വിളിക്കുന്നു; ഇവയെ പരിശീലിപ്പിക്കുന്ന രീതിയെ ഡീപ് ലേണിംഗ് എന്ന് വിളിക്കുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ പ്രാധാന്യത്തിന്റെ തെളിവാണ് ഹോപ്ഫീൽഡിനും ഹിൻ്റണും ലഭിച്ച നോബേൽ സമ്മാനം. AI വികസിക്കുന്നത് തുടരുമ്പോൾ വരും വർഷങ്ങളിൽ കൂടുതൽ ശ്രദ്ധേയമായ മുന്നേറ്റങ്ങളും ആപ്ലിക്കേഷനുകളും പ്രതീക്ഷിക്കാം.

നൊബേൽ ലേഖനങ്ങൾ

നൊബേൽ പുരസ്കാരം 2024 – പ്രഖ്യാപനം ഒക്ടോബർ 7 മുതൽ

ഈ വർഷത്തെ നൊബേൽ സമ്മാന പ്രഖ്യാപനങ്ങൾ ഒക്ടോബർ 7 മുതൽ 14 വരെ നടക്കും. ലൂക്കയിൽ തത്സമയം കാണാം. ശാസ്ത്ര നൊബേലുകളുടെ പ്രഖ്യാപന ശേഷം ലൂക്കയിൽ വിശദമായ ലേഖനവും LUCA TALK അവതരണവും ഉണ്ടായിരിക്കുന്നതാണ്
നൊബേൽ പുരസ്കാരം 2024 – തിയ്യതികൾ
തിയ്യതി, സമയം | വിഷയം |
---|---|
2024 ഒക്ടോബർ 7, ഇന്ത്യൻ സമയം 3 PM | വൈദ്യശാസ്ത്രം |
2024 ഒക്ടോബർ 8, ഇന്ത്യൻ സമയം 3.15 PM | ഫിസിക്സ് |
2024 ഒക്ടോബർ 9, ഇന്ത്യൻ സമയം 3.15 PM | കെമിസ്ട്രി |
2024 ഒക്ടോബർ 10, ഇന്ത്യൻ സമയം 4.30 PM | സാഹിത്യം |
2024 ഒക്ടോബർ 11, ഇന്ത്യൻ സമയം 2.30 PM | സമാധാനം |
2024 ഒക്ടോബർ 14, ഇന്ത്യൻ സമയം 3.15 PM | സാമ്പത്തികശാസ്ത്രം |
ശാസ്ത്ര നൊബേലുകളുടെ പ്രഖ്യാപന ശേഷം ലൂക്കയിൽ വിശദമായ ലേഖനവും LUCA TALK അവതരണവും ഉണ്ടായിരിക്കുന്നതാണ്
