ഡോ.യു.നന്ദകുമാർ
ബ്രിട്ടനിലെ നവീന വൈറസ് വ്യതിയാനം: ശാസ്ത്രവും ഭയവും
കോവിഡ് രോഗവ്യാപനം ബ്രിട്ടനിലും യൂറോപ്പിലും കൂടുതൽ ശക്തിയാർജ്ജിച്ചു വരുന്നതായി കണ്ടെത്തിയതോടെ പല രാജ്യങ്ങളും തുടർനടപടികളുമായി മുന്നോട്ടു പോയി. ബ്രിട്ടനുമായുള്ള യാത്രകൾ പരിമിതപ്പെടുത്തുന്നതുൾപ്പടെ അനേക നടപടികൾ ആസൂത്രണം ചെയ്തു വരുന്നു. അതിനിടയിലാണ് ഭീതിയുണ്ടാക്കുന്ന പുതിയ വാർത്ത പടരുന്നത്. വാർത്തകൾ അവകാശപ്പെടുന്നത്, ബ്രിട്ടനിൽ കണ്ടെത്തിയ പുതിയ മ്യൂട്ടേഷൻ അതിസങ്കീർണ്ണമായ അവസ്ഥ സൃഷ്ടിക്കുന്നുവെന്നും വ്യാപനം, മരണം എന്നിവയെ ബാധിക്കും എന്നുമൊക്കെയാണ്.
നമുക്ക് അതിനു പിന്നിലെ ശാസ്ത്രം പരിഗണിക്കാം.
ഇതുവരെ ബ്രിട്ടനിൽ 1 849 403 പേരെ കോവിഡ് ബാധിച്ചു; അതിൽ 64170 പേര് മരണപ്പെട്ടു. രോഗികളിൽ ഉദ്ദേശം 3.46% മരണനിരക്ക് ഉള്ളതായി കാണാം. തീർച്ചയായും ആശങ്കയുളവാക്കുന്നു ഇത്. അതിനിടയിലാണ് പുതിയ മ്യൂട്ടേഷൻ കഥകൾ പ്രചരിക്കുന്നത്. രാജ്യത്തിന്റെ തെക്കുകിഴക്കൻ പ്രദേശത്ത് വ്യാപിക്കുന്ന കോവിഡ് രോഗത്തിൽ നിന്നാണ് പുതിയ മ്യൂട്ടേഷൻ കണ്ടെത്തിയത്. എങ്കിലും ഇപ്പോൾ ഇത് മറ്റു പ്രദേശങ്ങളിലും ഉണ്ടെന്നു കരുതപ്പെടുന്നു. അടിക്കടി നടത്തുന്ന ജിനോം പഠനങ്ങളാണ് പുതിയ വ്യതിയാനത്തെ കണ്ടെത്തിയത്. അതായത് ഇമ്മാതിരി ജിനോം പഠനം ശക്തമല്ലാത്ത രാജ്യങ്ങളിൽ വ്യതിയാനങ്ങൾ കണ്ടെത്താനും വൈകുമെന്നർത്ഥം. ഈ നവീന വൈറസിനെ VUI – 202012/01 എന്ന് പേരിട്ടിരിക്കുന്നു. ഇനിയും പഠനം പൂർത്തിയാകാത്ത വ്യതിയാനം എന്ന അർത്ഥത്തിൽ “The first Variant Under Investigation in December 2020” എന്നാണ് അറിയപ്പെടുക.
പതിനേഴ് വ്യതിയാനങ്ങളാണ് പുതിയ വൈറസ് വേരിയന്റിൽ ഉള്ളത്. സത്യത്തിൽ നവീൻ മുറ്റൻറ് വൈറസിനെ കണ്ടെത്തിയത് ഒക്ടോബർ 2020 ലാണ്. കുറച്ചുനാൾ കഴിഞ്ഞു ചില പ്രദേശങ്ങളിൽ വ്യാപനത്തിന് വേഗത കൂടിയപ്പോളാണ് ആശങ്ക പടർന്നത്. ഇപ്പോൾ നമുക്ക് അറിയാവുന്നത് ഇത്രയുമാണ്: ഇംഗ്ലണ്ടിൽ ചില [പ്രദേശങ്ങളിൽ ശക്തമായ വ്യാപനമുണ്ട്. അവിടങ്ങളിൽ പുതിയ മ്യുറ്റന്റ് വൈറസുകളെ കാണാനായി. വൈറസ് വ്യാപനം വർധിച്ചയിടങ്ങളിൽ മ്യുറ്റൻറ്റ് വൈറസുകളെ കാണുന്നതാണോ അതോ മ്യുറ്റേഷനോ വ്യാപനത്തിന് കാരണം എന്ന് പറയാൻ ഇപ്പോഴത്തെ നിലയിൽ സാധ്യമല്ല.
വൈറസിന്റെ സ്പൈക്ക് പ്രൊട്ടീനിൽ N501Y എന്ന വ്യതിയാനം ഗൗരവമായ പഠനങ്ങൾ അർഹിക്കുന്നു. മനുഷ്യ കോശങ്ങളിലെ ACE2 സ്വീകരിണികളിൽ സ്വാധീനിക്കുന്ന രീതിയിലാണ് ഇതുള്ളത്. വ്യാപനത്തിന്റെ തോത്, വേഗത എന്നിവയിൽ വർദ്ധനവുണ്ടാക്കാൻ പുതിയ വൈറസിന് കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം തുടരുന്നതായി COVID-19 Genomics UK (COG-UK) Consortium അറിയിച്ചു. (Ref: bit.ly/3mhpTJX)
എന്നാൽ ഇറാസ്മസ് യൂണിവേഴ്സിറ്റിയിലെ മാറിയൻ കൂപ്മൻസ് (Marion Koopmans, the head of the Erasmus department of viroscience) പറയുന്നത് പുതിയ വൈറസ് അപകടകാരിയാകാൻ സാധ്യതയുണ്ട്, അതിനാൽ തന്നെ കൂടുതൽ പഠനം അനിവാര്യമാണ് എന്നാണ്. എന്തായാലും കൂടുതൽ പേരും വ്യാപനസാധ്യത കൂടുതലുള്ള വേരിയന്റ് അകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. മരണനിരക്ക് കൂടും എന്ന അഭിപ്രായത്തോട് പലരും യോജിക്കുന്നും ഇല്ല. മാസ്‌ക് ഉപയോഗം, സാമൂഹിക അകലം എന്നീ പെരുമാറ്റ രീതികൾ പിന്തുടരാത്ത സമൂഹത്തിൽ വൈറസ് വ്യാപനത്തിന്റെ തോത് കണ്ടെത്താൻ പ്രയാസമായിരിക്കും.
അതിനാൽ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലും വാർത്തകളിലും ആശങ്കയുയർത്തുന്ന വാർത്തകൾ പൂർണമായും ശരിയാവണമെന്നില്ല. വിദഗ്ധാഭിപ്രായം വരട്ടെ; അതുവരെ ഭയം പടർന്നുപിടിക്കാതെ നോക്കാം.