വെള്ളത്തിന്റെ പുതിയ രൂപം
ഇപ്പോൾ വെള്ളത്തിന്റെ പുതിയൊരു രൂപം കണ്ടുപിടിച്ചിരിക്കുകയാണു ശാസ്ത്രജ്ഞർ. വെള്ളത്തിന്റേതുപോലെ സാന്ദ്രതയും ഘടനയും ഉള്ള ഒരുതരം ഐസ്.
ഡോ.ഡാലി ഡേവിസ് എഴുതുന്ന പംക്തി Vacuum Chamber
ഐസിന് വെള്ളത്തിനേക്കാൾ സാന്ദ്രത കുറവാണ്. വെള്ളത്തിന്റെ അത്ഭുത സവിശേഷതകളിൽ പ്രധാനപ്പെട്ട ഒന്നാണ് വെള്ളത്തിനു മുകളിൽ പൊന്തിക്കിടക്കുന്ന ഐസ്. ഇപ്പോൾ കണ്ടുപിടിച്ച ഐസ് രൂപം വെള്ളത്തിൽ പൊന്തിക്കിടക്കുകയോ താണു പോകുകയോ ഇല്ല പകരം വെ ള്ളത്തിനൊപ്പം കുലുങ്ങി നടക്കും. ശീതീകരിച്ച വെള്ളത്തിന് പല രൂപങ്ങളുണ്ടാകും. ഐസിനു 20 സാധാരണ പരൽ രൂപങ്ങളും (crystalline phases) ചുരുങ്ങിയത് രണ്ട് സെറ്റെങ്കിലും പരലല്ലാത്ത (amorphous form) രൂപങ്ങളും ഉണ്ട്. സാധാരണ ഐസിന്റെ തന്മാത്രകൾ ഒരു ഷഡ്ഭുജ ലാറ്റിസിൽ (hexagonal lattice) ക്രമീകരിച്ചിരിക്കുന്നു. എന്നാൽ, പരലല്ലാത്ത ഐസിന് ക്രമീകരിച്ച പരൽ (crystal) ഘടനയില്ല. ഭൂമിയിലെ മിക്കവാറും എല്ലാ ശീതീകരിച്ച വെള്ളവും പരൽ രൂപത്തിലാണ് കാണപ്പെടുന്നതെങ്കിലും പ്രപഞ്ചത്തിലെ ജലത്തിന്റെ ഏറ്റവും സാധാരണമായ ഘടന പരലല്ലാത്ത ഐസ് ആയിരിക്കുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.
പുതിയതായി കണ്ടെത്തിയ ഈ ഐസ് പരലല്ലാത്ത രൂപമാണ്. ഇതിനെ മീഡിയം ഡെൻസിറ്റി അമോർഫസ് ഐസ് (medium-density amorphous ice) എന്ന് വിളിക്കുന്നു.
ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ (UCL) അലക്സാണ്ടർ റോസു ഫിൻസന്റെ നേതൃത്വത്തിലുള്ള സംഘം, സാധാരണ പരൽ ഐസ് ഒരു ചെറിയ പാത്രത്തിൽ -200 ഡിഗ്രി സെൽഷ്യസ് താപനിലയിൽ എടുത്ത് സ്റ്റെയിൻലെസ് സ്റ്റീൽ ബോളുകൾ ഇട്ട് കുലുക്കി. ഇത്തരം കുലുക്കൽ ബോൾ മില്ലിങ്ങ് എന്നാണു അറിപ്പെടുന്നത്. കുലുക്കലിനു ശേഷം നോക്കിയപ്പോൾ ലോഹ ബോളുകളിൽ പറ്റിപ്പിടിച്ച ഒരു വെളുത്ത തരിയായി ഐസ് പ്രത്യക്ഷപ്പെട്ടു. ഈ കണ്ടെത്തലുകൾ ഇപ്രാവശ്യത്തെ സയൻസ് മാസികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സമയത്തിൽ ഉറച്ചുപോയ വെള്ളം’ എന്നാണ് പ്രമുഖ ശാസ്ത്രജ്ഞർ ഈ പുതിയ ജലരൂപത്തെ വിളിക്കുന്നത്. കാരണം ഭൂമിയല്ലാത്ത മറ്റ് ഗ്രഹങ്ങളുടെ ഉപഗ്രഹങ്ങളിലെ വൻതോതിലുള്ള ജലത്തിന്റെ സവിശേഷതകൾ പഠിക്കാനും അത്തരം ജലരൂപങ്ങളിൽ ജീവൻ സാധ്യമാണോ എന്നന്വേഷിക്കാനും ഈ പുതിയ കണ്ടെത്തൽ സാഹായിക്കും. എന്തായാലും വെള്ളത്തിന്റെ നിഗൂഢതക ളിലേക്കുള്ള ഒരു ടോർച്ച് ലൈറ്റാണ് ഈ കണ്ടെത്തൽ എന്നതിൽ സംശയമില്ല.
The research team used a process called ball milling, vigorously shaking ordinary ice together with steel balls in a jar cooled to -200 degrees Centigrade. “We shook the ice like crazy and destroyed the crystal structure,” said lead author Dr Alexander Rosu-Finsen. 2/6 pic.twitter.com/4Dr2q9arKk
— UCL News (@uclnews) February 3, 2023