ഓരോ വർഷവും 100 കോടി ടണ്ണിലധികം സെല്ലുലോസ് സസ്യങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും പേപ്പറും തുണിത്തരങ്ങളും നിർമിക്കാനാണ് ഉപയോഗിക്കുന്നത്. എന്നാൽ MIT ഗവേഷകർ അടുത്തിടെ സെല്ലുലോസ് ചേർത്തു വളരെയേറെ ദൃഢതയും കാഠിന്യവുമുള്ള പുതിയതരം സംയുക്തം രൂപപ്പെടുത്തിയിരിക്കുകയാണ്.
ഈ സംയുക്തത്തിന് അലുമിനിയത്തിന്റെ അത്രതന്നെ കാഠിന്യമുണ്ടെന്നാണ് പറയുന്നത്. പ്രകൃതിദത്തമായ സെല്ലുലോസ് വളരെ ബലമേറിയതാണ്. സെല്ലുലോസ് നാരുകളിൽ നിന്ന് ആസിഡ് ഹൈഡ്രോളിസിസ് വഴി വേർതിരിച്ചെടുക്കുന്ന സെല്ലുലോസ് നാനോ ക്രിസ്റ്റലുകൾ ചേർത്ത് കൂടുതൽ സുസ്ഥിരവും പ്രകൃതിദത്തവുമായ പ്ലാസ്റ്റിക്കുകൾ ഉണ്ടാക്കാൻ സാധിക്കും. 60-90 % വരെ അളവിലുള്ള സെല്ലുലോസ് നാനോ ക്രിസ്റ്റലിന്റെ കൂടെ ചെറിയ തോതിൽ സിന്തറ്റിക് പോളിമർ കലർത്തിയാണ് കാഠിന്യമുള്ള സംയുക്തം നിർമിച്ചെടു ക്കുന്നത്.
3D പ്രിന്റിങ്ങും പരമ്പരാഗത കാസ്റ്റിങ് രീതികൾക്കും ഒരുപോലെ ഈ സംയുക്തം ഉപയോഗിക്കാം. 3D പ്രിന്റിങ് ഉപയോഗിച്ച് പല്ലിന്റെ ആകൃതിയിൽ സംയുക്തം രൂപപ്പെടുത്തി ഇതിന്റെ പ്രായോഗിക വശങ്ങൾ ശാസ്ത്രജ്ഞർ വിശദീകരിക്കുകയും ചെയ്തു. സെല്ലുലോസിന്റെ അളവ് കൂടുന്നതിനനുസരിച്ച് സംയുക്തത്തിന്റെ ബലവും വർധിക്കുന്നു. പെട്രോളിയം അധിഷ്ഠിത പ്ലാസ്റ്റിക്കിന് പകരം പ്രകൃതിദത്തമായ സെല്ലുലോസ് ഉപയോഗിക്കുന്നത് പാരിസ്ഥിതികമായും ഗുണകരമാണ്.
അവലംബം: Cellulose (2022) https://link.springer.com/article/10.1007/s10570-021-04384-7