ഡോ. റെജിമോൻ പി.കെ.
മഹാരാജാസ് കോളേജ്, എറണാകുളം
ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. പത്താം ദിവസമായ ഇന്ന് നിയോണിന്‍റെ പ്രത്യേകതകളെ കുറിച്ചും നിയോണ്‍ സംയുക്തങ്ങളെ കുറിച്ചും കൂടുതലറിയാം
നിയോണിന്‍റെ കണ്ടെത്തല്‍
അന്തരീക്ഷവായു തണുപ്പിച്ച് ദ്രവീകരിച്ച് അതിൽനിന്ന് വിവിധ വാതകങ്ങൾ വേർത്തിരിക്കവേയാണ് അലസവാതകങ്ങൾ എന്നറിയപ്പെടുന്ന 18-ാം ഗ്രൂപ്പ് മൂലകങ്ങൾ കണ്ടെത്തുന്നത്. നൈട്രജൻ, ഓക്സിജൻ, കാർബൺ ഡൈ ഓക്സൈഡ് എന്നിവ വേർത്തിരിച്ചതിന് ശേഷവും അന്തരീക്ഷവായുവിൽ എന്തൊക്കെയോ മൂലകങ്ങൾ അവശേഷിക്കുന്നതായി മനസ്സിലാക്കിയ ഹെൻറി കാവൻഡിഷ് (Henry Cavendish) ആണ് പഠനങ്ങൾക്ക് തുടക്കം കുറിച്ചത്. സ്പെക്ട്രോസ്കോപ്പി എന്ന സാങ്കേതികവിദ്യയും അതിന് അനുകൂലമായ സാഹചര്യമൊരുക്കി. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ സർ വില്യം റാംസെയും (Sir William Ramsay), മോറിസ് ഡബ്ല്യു.ട്രാവേഴ്സ് (Morris W Travers) ഉം ചേർന്ന് നടത്തിയ പരീക്ഷണങ്ങളിൽ നിന്നാണ് നിയോണ്‍ കണ്ടെത്തുന്നത്.
ശോഭിക്കുന്ന ചുവന്ന വെളിച്ചത്തിന്റെ സാന്നിധ്യം സ്പെക്ട്രോസ്കോപ്പിക് ഡിസ്ചാർജ്ജിൽ (spectroscopic discharge) കണ്ടെത്തിയതാണ് പുതിയൊരു വാതകത്തിന്റെ കണ്ടെത്തലിൽ അവസാനിച്ചത് . പുതുതായി വേർത്തിരിച്ച ഈ വാതകത്തിന് പുതിയത് എന്ന ഗ്രീക്ക് പദത്തിന് സമാനമായി ലാറ്റിനിൽ ഉള്ള നിയോ എന്ന വാക്കിൽ നിന്നും നിയോൺ എന്ന് നാമകരണം ചെയ്തു. റാംസെയുടെ പുത്രനായ വില്യം ജോർജ്ജാണ് നിയോൺ എന്ന പേര് നിർദ്ദേശിച്ചത്.
സാന്ദ്രതയുടെ കാര്യത്തിൽ അലസവാതകങ്ങളിൽ രണ്ടാംസ്ഥാനമാണ് നിയോണിന്. നക്ഷത്രങ്ങളില്‍ നടക്കുന്ന ന്യൂക്ലിയാർ റിയാക്ഷൻ വഴിയാണ് നിയോണിന്റെ രൂപപ്പെടല്‍. അതിന്റെ പ്രക്രിയ ചുവടെ കൊടുക്കുന്നു.
അതായത് മഗ്നീഷ്യത്തിന്റെ രണ്ട് ഐസോടോപ്പുകൾ ന്യൂക്ലിയാർ റിയാക്ഷനിൽ ഏർപ്പെട്ടിട്ടാണ് നിയോൺ രൂപപ്പെടുന്നത്. മഗ്നീഷ്യം ന്യൂട്രോണുകളെ സ്വീകരിക്കുകയും ആൽഫാ കണങ്ങൾ വിസരണം ചെയ്യുകയും ചെയ്യുമ്പോഴാണ് നിയോൺ ഉണ്ടാകുന്നത്. നക്ഷത്രങ്ങളില്‍ കൂടാതെ സൗരയൂഥത്തിൽ വ്യാഴത്തിലും ചന്ദ്രനിലും നിയോണിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
നിയോൺ സംയുക്തങ്ങൾ
പൊതുവെ രാസപ്രവർത്തനങ്ങളിൽ ഏർപ്പെടാത്ത മൂലകങ്ങളാണ് നിഷ്ക്രിയവാതകങ്ങൾ. നിയോൺ സാധാരണ അന്തരീക്ഷഊഷ്മാവിലും മർദ്ദത്തിലും രാസപ്രവർത്തനത്തിൽ ഏർപ്പെടാറില്ല. എന്നാൽ താഴ്ന്നഊഷ്മാവിലും ഉയർന്നമർദ്ദത്തിലും നിയോൺ സംയുക്തങ്ങൾ ഉണ്ടാക്കുന്നുണ്ട്.
1. ക്ലാത്തറേറ്റുകൾ (Clatherates)
-300C യും -0.35 മുതൽ -0.48Gpa മർദ്ധത്തിലും നിയോൺ വാതകം ഐസ് ക്രിസ്റ്റലുകൾക്കിടയിൽ കുടുങ്ങിപ്പോകുന്നു. ഇത്തരത്തിലുള്ള ക്രിസ്റ്റലുകളാണ് ക്ലാത്തറേറ്റുകൾ എന്നറിയപ്പെടുന്നത്. എന്നാൽ ഐസും നിയോൺ ആറ്റങ്ങളും തമ്മിൽ സ്ഥിരമായ രാസബന്ധനം ഉണ്ടാകുന്നില്ല. ഉയർന്ന ഊഷ്മാവിൽ ഐസ് ഉരുകുമ്പോൾ നിയോൺ വാതകം സ്വാതന്ത്രമാകുന്നു.
2. വാണ്ടർവാൾസ് തന്മാത്രകൾ (wanderwalls molecules)
നിയോൺ വാതകം (സൂപ്പര്‍ സോണിക് ജെറ്റ് എക്സ്പാന്‍ഷന്) വിധേയമാക്കുമ്പോൾ ഒന്നിലധികം നിയോൺ ആറ്റങ്ങൾ കൂടിക്കിച്ചേർന്ന് നിയോൺക്ലസ്റ്ററുകൾഉണ്ടാകുന്നു. Ne2, Ne3, Ne4
3. കോംപ്ലക്സുകൾ
നിയോൺ സംക്രമണമൂലകങ്ങളുടെ കോംപ്ലക്സുകളുമായി പ്രവർത്തിച്ച് പുതിയ കോംപ്ലക്സുകൾ ഉണ്ടാക്കുന്നു. ഈ പ്രവർത്തനം ഏതാണ്ട് 20Kഊഷ്മാവിലാണ് നടക്കുന്നത്. [Cr(Co)5Ne], [Mo(Co)5Ne]
4. അയോണുകള്‍ – നിയോണൈഡുകള്‍
ലോഹങ്ങള്‍ ബാഷ്പീകരിച്ച് ഹൈഡ്രജന്റെയും നിയോണിന്റെയും മിശ്രിതത്തിലേക്ക് ഉയർന്നഇലക്ട്രിക്ക് ഫീൽഡിന്റെ സാന്നിധ്യത്തിൽ ലോഹത്തിന്റെയും നിയോണിന്റെയും അയോണുകൾ രൂപപ്പെടുന്നു. അവയെ നിയോണൈഡുകള്‍ എന്ന് വിളിക്കുന്നു. ZrNe, TiNe+, TiH2Ne+ ഉദാഹരണങ്ങൾ. അയോണിക് ക്ലസ്റ്ററുകൾ ഇതോടൊപ്പംഉണ്ടാകുന്നു. Cu+Ne4, Cu+Ne12 എന്നിവ ഉദാഹരണങ്ങൾ.
5. നിയോണിയം (Neonium)
പ്രോട്ടോണേറ്റ് ചെയ്ത നിയോൺ ആറ്റങ്ങളാണ് നിയോണിയം. ഹൈഡ്രജൻ കാറ്റയോണുകൾ അതിന്റെ ഉയർന്നഊർജ്ജനിലയിൽ നിയോണുമായി പ്രവർത്തിച്ചതാണ് നിയോണിയം ഉണ്ടാകുന്നത്.
Ne + H2+ → NeH++ H
സ്കൂബാ ഡൈവിങ്ങും നിയോണും –
സ്കൂബാ ഡൈവിങ്ങിൽ ഉപയോഗിക്കുന്ന വാതക മിശ്രിതത്തിൽ നിയോൺ ഉപയോഗിക്കുന്നുണ്ട് കാരണം – സാധാരണ മിശ്രിതത്തിൽ നൈട്രജൻ ആണ് ഉപയോഗിക്കാറ്. എന്നാൽ കൂടുതൽ ആഴത്തിലേക്ക് പോകുമ്പോൾ കൂടുന്നത്കൊണ്ട് നൈട്രജൻ രക്തത്തിൽലയിച്ചുചേരുന്നു. പെട്ടന്ന് ഉയരത്തിലേക്ക് കുത്തിച്ചെത്തുമ്പോഴുണ്ടാകുന്ന മർദ്ദവിത്യാസംമൂലം രക്തത്തിൽ ലയിച്ചു ചേർന്ന നൈട്രജൻ സ്വാതന്ത്രമാവുകയും കുമിളകളായി പുറംതള്ളപ്പെടുകയും ചെയ്യും ഈപ്രവർത്തനം അത്യന്തം വേദനാജനകമാണ്. ഇതൊഴിവാക്കാൻവേണ്ടി രക്തത്തിൽ വളരെക്കുറച്ചുമാത്രം ലയിക്കുന്ന നിയോണോ, ഹീലിയമോ ഉപയോഗിക്കുന്നു.