നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍; തൊട്ടറിയലിന്റെ ശാസ്ത്രം / 2

റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷനിലൂടെ ഇലക്ടോണിക്ക് രംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നിത്യ ജീവിതത്തെയും സാമൂഹ്യ – സാമ്പത്തിക വ്യവഹാരങ്ങളെയും വിവരവിനിമയത്തെയും ആഴത്തില്‍ സ്വാധീനിക്കുന്നവയാണ്. അതിന്റെ അടുത്ത തലമുറയായ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷനിലൂടെ മൊബൈല്‍ ഫോണ്‍ നിങ്ങളുടെ കൈവശമുള്ള മറ്റനവധി ഉപകരണങ്ങളെ പകരം വെയ്കുന്നതെങ്ങനെയെന്നും അതിന്റെ സുരക്ഷാ പ്രശ്നങ്ങളെന്തെന്നും രണ്ടു ഭാഗങ്ങളായി വായിക്കുക.

[author image=”http://luca.co.in/wp-content/uploads/2014/09/kavya-manohar.jpg” ]കാവ്യ മനോഹര്‍
http://www.kavyamanohar.blogspot.co.uk/[/author]

how nfc works
NFC യുടെ പ്രവര്‍ത്തന തത്വം, കടപ്പാട് : http://digitaldudette.blogspot.in

RFID ടാഗുകള്‍ക്ക് വളരെ സമാനമായ ഒരു ടാഗ്-റീഡ് മാനകമാണ് NFC. വിവരകൈമാറ്റത്തിനായി ഉപയോഗിക്കുന്നത്  ഇവിടെ റേഡിയോതരംഗങ്ങള്‍  തന്നെയാണ്. RFID പത്തു സെന്റിമീറ്ററുകള്‍ മുതല്‍ നൂറു മീറ്റര്‍ ദൂരത്തില്‍ വരെ ടാഗ് വായന സാദ്ധ്യമാക്കുമ്പോള്‍ NFCയില്‍  പക്ഷേ, അതു് തൊട്ടടുത്ത്- നാലഞ്ചു സെന്റിമീറ്റര്‍- ദൂരത്തിനകത്താണ്. ഇത്ര ചുരുങ്ങിയ ദൂരപരിധി മാത്രം അവകാശപ്പെടാനാവുന്ന ഒരു സാങ്കേതികവിദ്യകൊണ്ട് എന്താണൊരു പ്രയോജനം? എന്തുകൊണ്ടാണിവയില്‍ പരിധി ഇത്ര കുറഞ്ഞിരിക്കുന്നത്?

ആധുനിക മൊബൈല്‍ ഫോണുകളില്‍  NFC ടാഗുകള്‍ ഇന്ന് ലഭ്യമാണ്. അതിനു തന്നെ റീഡറായും വര്‍ത്തിയ്ക്കാനാകും. ടാഗായും റീഡറായും മാറിമാറി പ്രവര്‍ത്തിയ്ക്കാനാകുന്ന മൊബൈല്‍ഫോണുകള്‍, ഒപ്പം ഇന്റര്‍നെറ്റ് കണ്ക്ടിവിറ്റിയും. ഇവയൊക്കെ  ചേര്‍ന്ന് അനന്തമായ സാധ്യതകളുടെ ആകാശം തുറന്നു തരുന്ന ഒരു സംവിധാനമായി ഇതിനെ മാറ്റിയിരിക്കുന്നു. അതാണിതിന്റെ പ്രയോജനവും.

എന്തുകൊണ്ടീ ചെറിയ ദൂരപരിധി?

തരംഗങ്ങളുടെ ഉപയോഗത്തിന്റെ മാനകീകരണത്തെക്കുറിച്ച് മുന്നേ പറഞ്ഞുവല്ലോ. NFC മാനകപ്രകാരം 13.56 MHz ആവൃത്തിയിലുള്ള തരംഗങ്ങളാണ് വിവരവിനിമയത്തിനുപയോഗിക്കുക. ഈ ആവൃത്തിയിലുള്ള റേഡിയോതരംഗങ്ങളിലാണ് വിവര കൈമാറ്റം നടക്കേണ്ടത് എന്നത് തന്നെയാണ് അതിനെ ഹ്രസ്വദൂരത്തിലേയ്ക്കൊതുക്കുന്നതും. എന്തുകൊണ്ടെന്നോ? 13.56 MHz എന്ന ആവൃത്തിയിലുള്ള റേഡിയോ തരംഗത്തിന്റെ തരംഗദൈര്‍ഘ്യം ഏതാണ്ട് 22 മീറ്ററാണ്.  ഈ ദൈര്‍ഘ്യമുള്ള തരംഗങ്ങളേയാണ് NFC ഉപകരണത്തിലെ ആന്റിന കൈകാര്യം ചെയ്യേണ്ടത്. ആന്റിനയുടെ ഡിസൈനിങ്ങ് തത്വമെന്താണെന്നു വെച്ചാല്‍ അതിനു പ്രസരിപ്പിക്കേണ്ട/സ്വീകരിക്കേണ്ട തരംഗദൈര്‍ഘ്യത്തിന്റെ പാതി വലിപ്പമെങ്കിലും വേണം ആന്റിനയ്ക്ക്. അതായത് ഒരു NFC സ്റ്റാന്‍ഡാര്‍ഡനുസരിച്ചുള്ള വിവരകൈമാറ്റം നടത്താനുള്ള ആന്റിനയ്ക്ക് 11 മീറ്ററെങ്കിലും നീളമുണ്ടാവണം. അതെങ്ങനെ കൈവെള്ളയിലെ മൊബൈല്‍ഫോണിലൊതുക്കും? അല്ലെങ്കില്‍ ഒരു ഫോണിലൊതുങ്ങുന്ന ആന്റിനകൊണ്ട് NFC തരംഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും?

റേഡിയോതരംഗങ്ങളിലൂടെയുള്ള വിവരകൈമാറ്റത്തിന്  NFC സംവിധാനത്തില്‍ ഉപയോഗിയ്ക്കുന്ന ആന്റിനകള്‍ യഥാര്‍ത്ഥത്തില്‍ ആന്റിനകളല്ല എന്നതാണ് സത്യം. പകരം പരസ്പരം ഇണക്കപ്പെടുന്ന രണ്ട് ഇന്‍ഡക്ടറുകള്‍ ആണ് ഇവിടെ വിവരകൈമാറ്റത്തിനുപയോഗിയ്ക്കുന്നതു്. ഒന്ന് റീഡറിലേയും മറ്റൊന്ന് ടാഗിലേയും.  അവ തമ്മില്‍ നടക്കുന്ന മ്യൂച്വല്‍ ഇന്‍ഡക്ഷന്‍ വഴിയുള്ള ഊര്‍ജ്ജകൈമാറ്റമാണ് ലളിതമായിപ്പറഞ്ഞാല്‍ NFCയുടെ പ്രവര്‍ത്തന തത്വം.

ഫോണിലെ NFC ആന്റിന.
ഫോണിലെ NFC ആന്റിന.

ഇന്‍ഡക്ടറുകള്‍ ഇണക്കപ്പെടുവാന്‍ അവ തൊട്ടടുത്തായിരിക്കണമല്ലോ.  NFC റീഡര്‍ അതിലെ ഇന്‍ഡക്ടീവ് ചുരുളില്‍ 13.86 Mhz ആവൃത്തിയിലുള്ള കറന്റ് ഉണ്ടാക്കുന്നു.  ആ കറന്റു് ചുറ്റുമൊരു ചെറിയ ദൂരത്തില്‍ കാന്തികമണ്ഡലം ഉണ്ടാക്കും.  ആ കാന്തികമണ്ഡലത്തിലായിരിക്കും NFC ടാഗായി വര്‍ത്തിയ്ക്കുന്ന ഉപകരണം ഉണ്ടായിരിയ്ക്കുക. വിദ്യുത്കാന്തിക പ്രേരണം വഴി ആ കാന്തികമണ്ഡലം ടാഗിലെ ഇന്‍ഡക്ടീവ് ചുരുളില്‍ ഒരു കറന്റ് ഉണ്ടാക്കുന്നു.  ടാഗിലുണ്ടാകുന്ന കറന്റ് തിരിച്ചു് റീഡറിലെ  കറന്റിനെ സ്വാധീനിക്കും. ഈ പ്രക്രിയയിലൂടെയാണ് ടാഗിലെവിവരം റീഡറിലെത്തുക. ഈ ടാഗു് ഒരു പാസീവ് ടാഗായിരിയ്ക്കും. അതായത് വിവരം കൈമാറാന്‍ അതിന് സ്വന്തമായൊരു ഊര്‍ജ്ജ സ്രോതസ്സില്ല. റീഡറിന്റെ ഊര്‍ജ്ജമാണതിനായി ടാഗുപയോഗിക്കുക.

എന്തിനാണീ NFC?

എന്താണ് NFC യെന്നും എങ്ങനെയാണത് പ്രവര്‍ത്തിയ്ക്കുകയെന്നും മനസ്സിലായിരിക്കുമല്ലോ. ഇതിനെ എന്തിനൊക്കെ പ്രയോജനപ്പെടുത്താമെന്നു കണ്ടെത്തുന്നതിന് മനുഷ്യന്റെ ഭാവന മാത്രമാണ് പരിധി. അത്രമാത്രം അപാരമായ സാദ്ധ്യതകളാണ് ഈ വിവരസാങ്കേതികവിദ്യ തുറന്നു തരുന്നത്.

പണമിടപാടുകളുടെ കാര്യമെടുക്കാം. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിയ്ക്കാനുള്ള സംവിധാനമുള്ളവയാണ് ആധുനിക മൊബൈല്‍ഫോണുകള്‍. കച്ചവടത്തിനു ശേഷം കടയി ലെബില്‍ അടയ്ക്കണമെന്നിരിക്കട്ടെ. ബില്‍ തുകയടയ്ക്കുവാനായി കടയിലെ ബില്ലിങ്ങു് ഉപകരണത്തില്‍ മൊബൈല്‍ഫോണൊന്നു തട്ടിച്ചാല്‍ മാത്രം മതിയാകും.  ഇവിടെ നമ്മുടെ ഫോണ്‍ ഒരു  NFC ടാഗായി വര്‍ത്തിക്കുന്നു, ബില്ലിങ്ങ് ഉപകരണം ഒരു റീഡറും. കൂടുതല്‍ സുരക്ഷിതത്വത്തിനായി സെക്യൂരിറ്റി പിന്‍ നമ്പര്‍ കൂടി നല്‍കിയാല്‍ മാത്രം പണമിടപാടു പൂര്‍ത്തിയാകുന്ന വിധത്തില്‍ സംവിധാനം ഒരുക്കാവുന്നതേയുള്ളു.

വാതില്‍ പൂട്ടു തുറക്കുവാന്‍ RFID കാര്‍ഡുകള്‍ ഉപയോഗിക്കുന്ന കാര്യം മുന്നേ  പറഞ്ഞിരുന്നല്ലോ. NFC ടാഗായ മൊബൈല്‍ ഫോണും ഇമ്മട്ടില്‍ തന്നെ ഒരു ഇലക്ട്രോണിക് ചാവിയായി ഉപയോഗിയ്ക്കാവുന്നതേയുള്ളൂ. അലമാരയുടെ അല്ലെങ്കില്‍  വീടിന്റെ വാതില്‍പ്പൂട്ടില്‍ ഒരു NFC റീഡര്‍ ഘടിപ്പിയ്ക്കുക. നിങ്ങളുടെ മൊബൈല്‍ ഫോണ്‍ പൂട്ടിനോട് ചേര്‍ത്താല്‍ മാത്രം അതു തുറന്നു കിട്ടും. തീര്‍ന്നിട്ടില്ല. മികച്ച പൊതുഗതാഗത സംവിധാനങ്ങള്‍ ഏതൊരു നാടിന്റെയും വികസന സൂചികയിലൊന്നാണല്ലോ. ആവശ്യാനുസരണമുള്ള യാത്രാ വാഹനങ്ങളും ബുദ്ധിമുട്ടില്ലാതെ ടിക്കെറ്റൊക്കെയെടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യവും ഒക്കെയുണ്ടെങ്കില്‍ സര്‍ക്കാരിനും അതൊരു ലാഭകരമായ സംവിധാനമാകും. ഇവിടെ NFC എങ്ങനെ ഉപയോഗിയ്ക്കാം എന്നു നോക്കാം. യാത്രാടിക്കറ്റുകള്‍ NFC ടാഗ് ഘടിപ്പിച്ച കാര്‍ഡുകളാക്കുക. മുന്‍കൂര്‍ പണമടച്ചാല്‍ ഇവ കടകളില്‍ ലഭ്യമാകും.  NFC ഫോണുണ്ടെങ്കില്‍ പണമടച്ച് അതിലെ ടാഗിനെ യാത്രാ പാസാക്കി മാറ്റാനുമാകണം. ബസ് സ്റ്റോപ്പിലും റെയില്‍വേസ്റ്റേഷനിലുമൊക്കെയുള്ള യാത്രാമോണിറ്ററിങ്ങിനായുള്ള NFC റീഡറില്‍ ഒന്നു മുട്ടിച്ച ടിക്കറ്റുമായി/ഫോണുമായി ചെല്ലുമ്പോള്‍ വാഹനത്തിന്റെ വാതില്‍ നിങ്ങള്‍ക്കു തുറന്നു കിട്ടും, ലക്ഷ്യസ്ഥാനത്തിറങ്ങുമ്പോള്‍ കാര്‍ഡിലെ ബാലന്‍സ്  യാത്രാചിലവിനനുസരിച്ച് സ്വയം കിഴിച്ചുകൊള്ളും. Short range RFID യാത്രാടിക്കറ്റുകള്‍ ഇപ്പോള്‍ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ട്. മുമ്പ് ചിത്രത്തില്‍ കണ്ട ഓയ്സ്റ്റര്‍ കാര്‍ഡുകള്‍ ഉദാഹരണം. പണമടച്ചുപയോഗിയ്ക്കേണ്ട ഒരുപാടു് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കായി ഇത്തരം ഒറ്റ പ്രിപെയ്ഡ്കാര്‍ഡ് ഒരുക്കി സംഗതികള്‍ എത്രയോ ലളിത്മാക്കാനാകുമെന്നൊന്നു ആലോചിച്ചു നോക്കൂ.

സ്വന്തമായി ബാറ്ററിയൊന്നും ആവശ്യമില്ലാത്തതിന്നാല്‍ NFC ടാഗുകള്‍ വളരെ കുറഞ്ഞ ചെലവില്‍ ഉണ്ടാക്കാവുന്നതേയുള്ളൂ. അവയെ പരസ്യപോസ്റ്ററുകളിലും സാധനങ്ങളുടെ പായ്ക്കറ്റിലുമൊക്കെ വളരെ അനായാസം ചേര്‍ക്കാം. ഇങ്ങനെ ടാഗ് ചേര്‍ത്തിട്ടുള്ള ഉല്‍പ്പന്നങ്ങളെപ്പറ്റി ഉപഭോക്താവിന് കൂടുതല്‍ അറിയണമെന്നിരിക്കട്ടെ, അവയിലൊന്നു ഫോണ്‍ മുട്ടിച്ചാല്‍ ആ ഉല്‍പ്പന്നങ്ങളേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ തരുന്ന വെബ്‌സൈറ്റിലേയ്ക്കാവും നിങ്ങളുടെ ഫോണിലെ ബ്രൗസര്‍ ചെന്നെത്തുന്നത്. ഇവിടെ ടാഗ് റീഡറായാണ് നിങ്ങളു ടെഫോണ്‍ വര്‍ത്തിച്ചത്. സൈറ്റില്‍ നിന്നും ഓഫറായി കിട്ടിയേക്കാവുന്ന ഇലക്ട്രോണികു് ഡിസ്കൗണ്ടു് കൂപ്പണ്‍ NFC വഴി തന്നെ ബില്ലിങ്ങ് ഉപകരണത്തെ ബോധ്യപ്പെടുത്തി  വിലക്കിഴിവ് നേടാനുമാകും.

സ്മാര്‍ട്ട് പരസ്യപോസ്റ്ററുമായി സംവദിയ്ക്കുന്ന ഒരു ഫോണ്‍.
സ്മാര്‍ട്ട് പരസ്യപോസ്റ്ററുമായി സംവദിയ്ക്കുന്ന ഒരു ഫോണ്‍.

ഇനിയുമുണ്ട്. ബ്ലൂടൂത്ത് പെയറിങ്ങിനും  വൈഫൈ റൗട്ടറുമായുള്ള ബന്ധം സ്ഥാപിച്ചെടുക്കുവാനും നിങ്ങളൂടെ ഫോണിലെ  NFC വഴി സാധിക്കും. കൂടുതല്‍ പണിപ്പെടാതെ വെറുതെ രണ്ടുപകരണങ്ങളും തമ്മിലൊന്നു മുട്ടിച്ചാല്‍ NFC വഴി പെയെറിങ്ങ്  പൂര്‍ത്തിയാകും. എന്നാല്‍ NFC താരത്മ്യേന വേഗം കുറഞ്ഞ വിവിരവിനിമയ സംവിധാനമാണ്. കുറച്ചു മാത്രം ഡേറ്റ കൈമാറാന്‍ ഇതു വളരെ മികച്ചതാണെങ്കിലും  ഒരു ഫോട്ടോയോ വീഡിയോയൊ ഒക്കെ കൈമാറാന്‍ പരിമിതിയുണ്ട്. അതുകൊണ്ട് ബ്ലൂടൂത്ത് ബന്ധം NFC വഴി സ്ഥാപിക്കുകയും ഡാറ്റകൈമാറ്റം ബ്ലൂടൂത്ത് വഴി തന്നെ നടത്തുകയുമാകും ചെയ്യേണ്ടത്.

ഒട്ടേറെ ആവശ്യങ്ങള്‍ക്കായി ലോകമെമ്പാടും NFC ഉപയോഗിച്ചു തുടങ്ങിക്കഴിഞ്ഞു.  പാര്‍ക്കിങ്ങ് കൗണ്ടറിലും, മ്യൂസിയത്തിലെ പ്രദര്‍ശനവസ്തുവിലും, പാഠപുസ്തകത്തിലും, നഗരത്തിലെ പ്രതിമകളിലും ഒക്കെയൊക്കെ. ഗാന്ധി പ്രതിമയോട് ഫോണ്‍ ചേര്‍ത്താല്‍ ഗാന്ധിജി  ആ നഗരത്തില്‍ പണ്ടു ചെയ്ത പ്രസംഗം കേള്‍ക്കാന്‍ കഴിയുന്ന കാര്യമൊന്നാലോചിച്ചു നോക്കൂ.

പാര്‍ക്കിങ്ങു് കൗണ്ടറിലെ NFC മീറ്റര്‍, സാന്‍ഫ്രാന്‍സിസ്കോ.
പാര്‍ക്കിങ്ങു് കൗണ്ടറിലെ NFC മീറ്റര്‍, സാന്‍ഫ്രാന്‍സിസ്കോ.

വിദ്യാഭ്യാസ മേഖലയിലും വിനോദ സഞ്ചാര മേഖലയിലുമൊക്കെ വിപ്ലവങ്ങള്‍ സൃഷ്ടിക്കാനുതകുന്ന സാങ്കേതിക വിദ്യതന്നെയാണ് NFC. പാഠമുസ്തകങ്ങളടങ്ങുന്ന ലേണിങ്ങ്കിറ്റുമായി ബന്ധിപ്പിച്ച് ഒരു NFC ടാഗുണ്ടെന്നു വെയ്ക്കുക, അതുപയോഗിച്ച് അധികവായനയ്ക്കും, പരീക്ഷണങ്ങള്‍ ചെയ്തുകാണുവാനും ഒക്കെയുള്ള കൃത്യമായ വെബ്സൈറ്റുകളിലേയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്കെത്തുവാന്‍ കഴിയുമല്ലോ. ടൂറിസ്റ്റുകള്‍ക്ക് തങ്ങള്‍ക്കു മുന്നിലുള്ള ലാന്‍ഡ്‌മാര്‍ക്കിനേക്കുറിച്ച് ശരിയായ വിവരം നല്‍കുവാനും NFC മൊഡ്യൂളുകളുപയോഗിച്ച് സാധിയ്ക്കും.

NFC വിവരകൈമാറ്റം സുരക്ഷിതമാണോ?

മറ്റേതു ഡിജിറ്റല്‍ സംവിധാനത്തിലുമെന്ന പോലെ NFC വഴിയുള്ള വിവരവിനിമയത്തിലും സുരക്ഷാ വെല്ലുവിളികള്‍ ഉണ്ടാകും. പക്ഷേ തൊട്ടടുത്തു വരാതെ വിവരങ്ങള്‍ ചോര്‍ത്താന്‍ ബുദ്ധിമുട്ടാണെന്നതാണ് ഇതിലെ സുരക്ഷിതത്വങ്ങളിലൊന്ന്.  കാര്‍ഡുകളുപയോഗിക്കുമ്പോഴുള്ള വെല്ലുവിളികളും ഇതില്‍ കുറഞ്ഞിരിക്കുന്നു. എങ്കിലും ദൈനംദിന ഉപയോഗത്തിലേയ്ക്കു് NFC കടന്നുവരുന്തോറും മികച്ച എന്‍ക്രിപഷന്‍ സംവിധാനങ്ങളൊരുക്കി സുരക്ഷിതത്വം ഉറപ്പാക്കേണ്ടി വരും.

തുറന്ന പരസ്യപ്പലകകളിലെ ടാഗുകളില്‍ കൃത്രിമത്വം കാണിക്കാന്‍ എളുപ്പമാണ്. അങ്ങനെയൊരു ടാഗ് നിങ്ങളെ തെറ്റായ സൈറ്റുകളിലേയ്ക്ക് റീഡയറക്ട് ചെയ്തേയ്ക്കാം.  അതുകൊണ്ട് ഗ്ലാസോ പ്ലാസ്റ്റിക്കോ കൊണ്ട് സുരക്ഷിതമാക്കപ്പെട്ട ടാഗുകളില്‍ മാത്രം കൂടുതല്‍ വിവരങ്ങള്‍ക്കായി മുട്ടുക.

നിങ്ങളുടെ ടാഗിലെ വിവരങ്ങള്‍ എത്രമാത്രം സുരക്ഷിതമാണെന്നതാണ് അടുത്ത പ്രശ്നം. തൊട്ടടുത്തു വരാതെ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയില്ല എന്നത് NFCയുടെ പ്രധാന സുരക്ഷിതത്വങ്ങളിലൊന്നാണ്. തൊട്ടടുത്തെത്തിയാല്‍ പോലും രണ്ടുപകരണങ്ങളും കൃത്യമായ കോണളവിലാണെങ്കില്‍ മാത്രമേ വിവരം കൈമാറ്റം ചെയ്യപ്പെടൂ. വളരെ താഴ്ന്ന വിവരവിനിമയ നിരക്കുമൂലം ഞൊടിയിടയില്‍ വിവരങ്ങള്‍ ചോരാനുമിടയില്ല.  എങ്കിലും ദൈനംദിന ഉപയോഗത്തിലേയ്ക്കു് NFC കടന്നുവരുന്തോറും സുരക്ഷാസംവിധാനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ ഒരുക്കേണ്ടി വരും.

സ്വകാര്യതയാണ് അടുത്ത ചോദ്യം. ഉദാഹരണത്തിന് ഒരു ഡിസ്കൗണ്ട് സ്വീകരിയ്ക്കുവാനായി NFC വഴി നിങ്ങളാരാണെന്ന് വെളിപ്പെടുത്തേണ്ടി വരും. ഡിസ്കൗണ്ട് നല്‍കുന്ന കടയുടമ  ആ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമായിത്തന്നെ കൈകാര്യം ചെയ്യുമോ എന്നിടത്താണ് സ്വകാര്യതയുടെ പ്രശ്നമുദിയ്ക്കുന്നത്. വിശ്വസ്യത ഉറപ്പുവരുത്തി മാത്രം ഇത്തരം സേവനങ്ങള്‍ സ്വീകരിയ്ക്കുക എന്നുള്ളതു തന്നെയാണ് പോംവഴി. ഓണക്കാലത്ത് തുണിക്കടകള്‍ നല്‍കുന്ന നറുക്കെടുപ്പു കൂപ്പണില്‍ സ്വന്തം വിലാസവും ഫോണ്‍ നമ്പറുമൊക്കെ കൊടുക്കുമ്പോള്‍ എന്ത് ജാഗ്രത നമ്മള്‍ സ്വീകരിയ്ക്കുമോ അതേ ജാഗ്രത ഡിജിറ്റലായി ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോഴുമുണ്ടാകണമെന്നു മാത്രം.

ചുരുക്കത്തില്‍, ഇലക്ട്രോണിക്സിലും വിവരസാങ്കേതികവിദ്യയിലും തുടര്‍ച്ചയായുള്ള  ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും നടന്നുകൊണ്ടേയിരിയ്ക്കുകയാണ്. ആ പുതുമകളെല്ലാം നാം നിത്യവുമുപയോഗിയ്ക്കുന്ന മൊബൈല്‍ ഫോണടക്കമുള്ള ഉപകരണങ്ങളിലേയ്ക്കും കടന്നുവന്നുകൊണ്ടിരിയ്ക്കുന്നു. പക്ഷേ അതിന്‍റെ സാദ്ധ്യതകള്‍ മുഴുവനും ചൂഷണം ചെയ്യാവുന്ന വിധത്തില്‍ നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കേണ്ടിയിരിയ്ക്കുന്നു. ടെക്‍നോളജിയെ സംശയത്തോടെ മാറ്റിനിര്‍ത്താതെ അതിനെ ഉള്‍ക്കൊണ്ട് ജീവിതം സുന്ദരമാക്കാനുള്ള മനോഭാവമാണ് വളര്‍ന്നുവരേണ്ടത്.

ആദ്യഭാഗം…[button color=”blue” size=”small” link=”http://luca.co.in/near-field-communication/” target=”blank” ]1[/button]

[divider]

4 thoughts on “നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍; തൊട്ടറിയലിന്റെ ശാസ്ത്രം / 2

  1. ലളിതമായി എഴുതിയിരിക്കുന്നു, കാവ്യ!
    ദയവായി, ഈ ലേഖനത്തിലെ പ്രസക്തഭാഗങ്ങൾ മലയാളം വിക്കിപീഡിയയിലും ചേർക്കാമോ? :)

Leave a Reply