Read Time:9 Minute

റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷനിലൂടെ ഇലക്ടോണിക്ക് രംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നിത്യ ജീവിതത്തെയും സാമൂഹ്യ – സാമ്പത്തിക വ്യവഹാരങ്ങളെയും വിവരവിനിമയത്തെയും ആഴത്തില്‍ സ്വാധീനിക്കുന്നവയാണ്. അതിന്റെ അടുത്ത തലമുറയായ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്റെ സാദ്ധ്യതകളും സുരക്ഷാ പ്രശ്നങ്ങളും രണ്ടു ഭാഗങ്ങളായി വായിക്കുക.  

[author image=”http://luca.co.in/wp-content/uploads/2014/09/kavya-manohar.jpg” ]കാവ്യ മനോഹര്‍
http://www.kavyamanohar.blogspot.co.uk/[/author]

NFC
ATM കാര്‍ഡ്, മൊബൈല്‍ഫോണ്‍ ഇവയൊക്കെ നിത്യജീവിതത്തിന്റെ  ഭാഗമാണ് നമുക്കിന്ന്. ഇതിനൊക്കെ പുറമേ ആവശ്യാനുസരണം തിരിച്ചറിയല്‍ കാര്‍ഡുകള്‍, യാത്രാരേഖകള്‍, താക്കോലുകള്‍, ടിക്കറ്റുകള്‍ അങ്ങനെ പലതും കയ്യില്‍ വെയ്കേണ്ടിയും വരും.

എന്നാല്‍, ഇവയ്‌കെല്ലാം പകരം വെയ്കാവുന്ന ഒന്നായി കയ്യിലെപ്പോഴുമുള്ള മൊബൈല്‍ ഫോണ്‍ മാറുന്ന ചിത്രം ഒന്നാലോചിച്ചു നോക്കൂ. ട്രെയിനിന്റെ  വാതില്ക്കലുള്ള ഒരുപകരണത്തില്‍ ഫോണ്‍ കൊണ്ട് ഒന്നു സ്പര്‍ശിച്ചാല്‍ മതി, ടിക്കറ്റിന്റെ വില താനെ നമ്മുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും കിഴിച്ച് വാതില്‍ തുറന്നു തരുന്ന സംവിധാനം, തുണിക്കടകളില്‍ നിന്നും സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ഒക്കെ ഇറങ്ങുമ്പോള്‍ ഇതേ മട്ടില്‍ പണമടയ്ക്കാന്‍ കഴിയുന്ന സംവിധാനം, കടയില്‍ കാണുന്ന ഒരു പുസ്തകത്തിന്റെ  കവറിലേയ്ക്കൊന്നു ഫോണ്‍ ചേര്‍ത്താല്‍ അതിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ തരുന്ന വെബ്സൈറ്റിലേയ്ക്കുള്ള കണ്ണി തുറന്നു കിട്ടുന്നു, വഴിയില്‍ കാണുന്ന കടയുടെ പരസ്യബോര്‍ഡിലേയ്ക്കൊന്നു ഫോണ്‍ചേര്‍ത്താല്‍ ആ കടയില്‍ നിന്നും സാമാനങ്ങള്‍ വാങ്ങുവാനുള്ള ഒരു ഇലക്ട്രോണിക്‍ ഡിസ്കൗണ്ട് കൂപ്പണ്‍ കിട്ടുന്നു… ഇതൊക്കെ സാദ്ധ്യമാകുന്നു, നിയര്‍ ഫീല്‍ഡ്  കമ്മ്യൂണിക്കേഷനിലൂടെ.

Near Field Communicationലോകത്തിന്റെ പല ഭാഗത്തും ചില്ലറ രൂപവ്യത്യാസങ്ങളൊടെ ഇക്കാര്യങ്ങളൊക്കെ നടന്നു തുടങ്ങിയിരിക്കുന്നു. ഇന്റര്‍നെറ്റും സ്മാര്‍ട്ട്ഫോണുകളും കൂടുതല്‍ കൂടുതല്‍ നമ്മുടെ ജീവിതത്തില്‍ ഇടം കണ്ടെത്തിക്കൊണ്ടിരിക്കുന്ന  ഈ കാലത്തു്, ഇപ്പറഞ്ഞ പലപല കാര്‍ഡുകള്‍ക്ക് പകരം കയ്യിലൊരു ഫോണ്‍ മാത്രം മതിയെന്ന സൗകര്യമാണ് വന്നുകൊണ്ടിരിക്കുന്നത്.  ഒന്നു  തൊടുമ്പോഴെയ്ക്കും ഇതൊക്കെ നടക്കാന്‍ മാത്രം എന്തുമായാജാലമാണു് ഫോണുകളില്‍ സംഭവിക്കുക? നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്ന  സാങ്കേതികവിദ്യ  എങ്ങനെയാണ് സാദ്ധ്യമാകുന്നത് ? ഇതിനേക്കുറിച്ച് അറിയുന്നതിനു മുമ്പ്, NFCയുടെ മുന്‍ഗാമിയായ RFID എന്ന റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ എന്താണെന്ന് നോക്കേണ്ടതുണ്ട്.

റേഡിയോ തരംഗങ്ങളുപയോഗിച്ചുള്ള തിരിച്ചറിയല്‍

ബാര്‍കോഡുകളും ബാര്‍കോഡ് റീഡറുകളും നമുക്കു സുപരിചിതമാണ്. കറുപ്പും വെളുപ്പും നിറത്തിലുള്ള കോഡിലേക്ക് പ്രകാശം തെളിച്ച്, അതില്‍ നിന്നും പ്രതിഫലിച്ചുവരുന്ന വെളിച്ചത്തെ നിരീക്ഷിച്ച് കറുപ്പും വെളുപ്പും വരകളുടെ സ്ഥാനവും വീതിയും മനസ്സിലാക്കുന്നു.  ആ വിന്യാസത്തിന്‍റെ അര്‍ത്ഥമെന്താണെന്ന് ഡേറ്റാബേസില്‍ നോക്കി തിരിച്ചറിയുന്നു.bar code
ബാര്‍കോഡുകള്‍ക്ക്‍ സമാനമായി തിരിച്ചറിയലിനുപയോഗിക്കാവുന്ന മറ്റൊരു സംവിധാനമാണ് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ അഥവാ RFID. തിരിച്ചറിയേണ്ട വസ്തുവില്‍ ഒരു RFID ടാഗ് ഘടിപ്പിച്ചിട്ടുണ്ടാകും. ഓരോ ടാഗിലേയും വിവരങ്ങള്‍ അനന്ന്യമായിരിക്കും.  ഈ വിവരം ‘വായിച്ചെടുത്താണ്’ ആ ടാഗ് ഘടിപ്പിച്ചിരിക്കുന്ന വസ്തുവിനെ തിരിച്ചറിയുന്നത്. ‘വായിച്ചെടുക്കലി’നുപയോഗിക്കുന്നത് ബാര്‍കോഡ് റീഡറിലേപ്പോലെ ദൃശ്യപ്രകാശമല്ല, പകരം റേഡിയോ തരംഗങ്ങളാണ്.
ടാഗുകള്‍ വായിയ്ക്കുന്നതിനായി RFID റീഡറുകള്‍ റേഡിയോ തരംഗങ്ങള്‍ പ്രസരിപ്പിക്കും.  ഈ തരംഗങ്ങളോടു് ടാഗുകള്‍ പ്രതികരിയ്ക്കുന്നത് അവയില്‍ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങള്‍ക്കനുസരിച്ചായിരിക്കും. അവയുടെ പ്രതികരണത്തില്‍ നിന്നും ടാഗിലെ വിവരങ്ങള്‍ തിരിച്ചറിയാന്‍ റീഡറിനു സാധിക്കും.ഓരോ ടാഗിലും റീഡറാവശ്യപ്പെടുന്ന വിവരങ്ങള്‍ എന്തൊക്കെയെന്ന് തിരിച്ചറിയാനുള്ള കഴിയുന്ന പ്രൊസസിങ്ങ് ചിപ്പുകളും അതിനനുസരിച്ച് കൊടുക്കേണ്ട വിവരങ്ങള്‍ റേഡിയോ തരംഗങ്ങളില്‍ മോഡുലേറ്റ് ചെയ്തു റീഡറിലേയ്ക്കു് പ്രസരിപ്പിക്കാനുള്ള ആന്റിനയും  ഉണ്ടാകും. ടാഗുകള്‍ തന്നെ പലവിധമുണ്ട്. സ്വന്തമായി ബാറ്ററിയുള്ള തരം ആക്ടീവു് ടാഗുകളും സ്വന്തമായി ബാറ്ററിയില്ലാത്ത പാസീവ് ടാഗുകളുമുണ്ട്.

ഈ റീഡറിന് വിവരങ്ങള്‍  വായിക്കാന്‍ ടാഗ് ‘കാണണമെന്നില്ല’, അനുവദനീയമായ ദൂരപരിധിയിലായിരുന്നാല്‍ മാത്രം മതി. അതുകൊണ്ടു തന്നെ പ്ലാസ്റ്റിക് കോട്ടിങ്ങിനുള്ളില്‍ കേടുപാടുകളൊന്നും സംഭവിക്കാതെ ടാഗുകളെ സംരക്ഷിക്കാനാവും. ബാര്‍കോഡുകളുടെ കാര്യമോര്‍ക്കുക, അവ കാഴ്ചപ്പുറത്തുണ്ടെങ്കില്‍ മാത്രമേ റീഡറിനതു വായിക്കാനാകൂ. പ്ലാസ്റ്റിക്ക് കാര്‍ഡിനുള്ളില്‍ സൂക്ഷിയ്ക്കുന്ന RFID ടാഗുകള്‍ യാത്രാ ടിക്കറ്റുകളായും, പൂട്ടുതുറക്കുന്ന താക്കോലായും, തിരിച്ചറിയല്‍ കാര്‍ഡായും ഒക്കെ ഉപയോഗിക്കാനാവും.

ലണ്ടന്‍ നഗരത്തിലെ യാത്രാപാസ് ആയ ഓയിസ്റ്റര്‍ കാര്‍ഡിനുള്ളിലെ RFID ചിപ്പ്.
RFID കാര്‍ഡുകൊണ്ട് തുറക്കാവുന്ന വാതില്‍പ്പൂട്ട്.
RFID കാര്‍ഡുകൊണ്ട് തുറക്കാവുന്ന വാതില്‍പ്പൂട്ട്.

RFIDയില്‍ മാത്രമല്ല റേഡിയോതരംഗങ്ങള്‍  വിവരകൈമാറ്റത്തിനായി ഉപയോഗിക്കുന്നത് .റേഡിയോയിലും, ടെലിവിഷനിലും, മൊബൈല്‍ഫോണിലും ഒക്കെ ഈ തരംഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഓരോന്നും ഓരോരോ ആവൃത്തിയിലായിരിക്കുമെന്നു മാത്രം. മാത്രല്ല, റേഡിയോ തരംഗങ്ങളില്‍ വിവരം സന്നിവേശിപ്പിക്കുന്ന രീതിയും (മോഡുലേഷന്‍ ടെക്നിക്‍) വ്യത്യസ്ഥമായിരിക്കും. എതൊക്കെ തരംഗങ്ങള്‍ എന്തിനൊക്കെ ഉപയോഗിക്കാമെന്നതിന് ചില അന്താരാഷ്ട്ര മാനകങ്ങളൊക്കെയുണ്ട്. പ്രായോഗികമായ സൗകര്യത്തിനായി ചില ആവൃത്തികള്‍  ചില ആവശ്യങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്നു. മറ്റൊരു ആവശ്യത്തിനും ആ ആവൃത്തിയിലുള്ള തരംഗങ്ങള്‍ ഉപയോഗിയ്ക്കുകയില്ല.  യാത്രാസൗകര്യത്തിനായി ചില റോഡുകള്‍ വണ്‍വേയാക്കി നിര്‍ദ്ദേശിയ്ക്കുമ്പോലെ തന്നെ. RFID വഴിയുള്ള ഡേറ്റകൈമാറ്റത്തിനായിട്ടുള്ള ഉപയോഗനിബന്ധനകളെ മാനകീകരിയ്ക്കുന്നത് ISO, IEC തുടങ്ങിയ അന്താരാഷ്ട്രസംഘടനകളാണ്.

എന്നാല്‍ RFID  വഴിയുള്ള വിവരങ്ങള്‍ ഒരു വശത്തേക്ക് മാത്രം ഒഴുകുന്നവയാണ്. ടാഗിലെ വിവരങ്ങള്‍ റീഡറിന് വായിക്കാന്‍ മാത്രം കഴിയും. തിരിച്ചും കഴിഞ്ഞാലോ ? ടാഗും റീഡറും തമ്മില്‍ പരസ്പരം ഇരുവശത്തേക്കും വിവരങ്ങള്‍ ഒഴുക്കാനായാലോ ? അതിനുള്ള അന്വേഷണമാണ്  NFC യില്‍ എത്തിച്ചത്. അത് അടുത്ത പേജില്‍ വായിക്കുക…

തുടരുന്നു…[button color=”blue” size=”small” link=”http://luca.co.in/near-field-communication_2/” target=”blank” ]2[/button]

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍; തൊട്ടറിയലിന്റെ ശാസ്ത്രം / 2
Next post ഇന്റര്‍നെറ്റില്‍ പങ്കുവയ്ക്കുന്ന വിവരങ്ങള്‍ സ്വകാര്യമാണോ?
Close