Read Time:10 Minute

ഡോ.എൻ.രത്നശ്രീ (Nandivada Rathnasree) ഡെൽഹി നെഹ്റു പ്ലാനറ്റേറിയത്തിന്റെ സാരഥ്യമേറ്റെടുക്കുമ്പോൾ ഇന്ത്യയിൽ ജ്യോതിശാസ്ത്ര പ്രചാരണം അതിന്റെ പ്രാരംഭ ദിശയിലായിരുന്നു. തുടർന്നങ്ങോട്ട് നീണ്ട 21 വർഷം, മരണം വരെ ആ സ്ഥാനം വഹിച്ചു കൊണ്ട് Astronomy യെ ജനപ്രിയമാക്കുവാനും രാജ്യത്തെ അനേകം വിദ്യാർത്ഥികൾക്ക് പ്രചോദനമാകുവാനും സാധിച്ചു എന്നതാണ് ഒരു ശാസ്ത്രജ്ഞ എന്നതിലുപരി ഈ പേര് അവിസ്മരണീയമാക്കുന്നത്.


“Any astronomical event be it the recent super conjunction of Jupiter and Saturn or the solar or lunar eclipses, she was one constant whose unending passion to take this to the people was there for everyone to see.”

Shiva Prasad Khened, former director of the National Science Center in New Delhi,

1963 നവംബർ 26 ന് ഹൈദരാബാദിൽ ജനനം, ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് 1986 ൽ ഫിസിക്സിൽ ബിരുദാനന്തര ബിരുദം, ശേഷം TIFR ലെ ജ്യോതിശാസ്ത്ര വിഭാഗത്തിൽ PhD യ്ക്ക് ചേരുമ്പോൾ വളരെ കുറച്ച് സ്ത്രീകൾ മാത്രമേ അവിടെ ശാസ്ത്ര വിദ്യാർത്ഥികളായി ഉണ്ടായിരുന്നുള്ളൂ. പ്രൊഫ. അലക് റായുടെ മാർഗനിർദ്ദേശത്തിൽ Large Magellanic Cloud ലെ ബൈനറി നക്ഷത്രങ്ങളുടെ ജീവിതചക്രത്തെ അവർ ഗവേഷണവിധേയമാക്കി. നമ്മുടെ മിൽക്കി വേയുടെ ഒരു സാറ്റലൈറ്റ് ഗാലക്സി ആണ് LMC. ശേഷം University of Vermont ൽ Prof Joanna Rankin ന് ഒപ്പവും രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഫ. അവിനാശ് ദേശ്പാണ്ഡെയ്ക്കൊപ്പവും പൾസാറുകളെ പറ്റി പഠിച്ചു. അമേരിക്കയിൽ ആയിരുന്ന സമയത്ത് അരെസിബൊ ഒബ്സർവേറ്ററിയിൽ പ്രവർത്തിക്കാനും അവർക്ക് സാധിച്ചു.

Department of Science and Technology (DST) ഗവേഷണ വിദ്യാർത്ഥികൾക്ക് പ്രസവാവധി നൽകിയിരുന്നുവെങ്കിലും TIFR ൽ ആ കാലത്ത് ആ നിയമം ബാധകമായിരുന്നില്ല ഡോ. രത്നശ്രീ പ്രസവാവധിക്ക് വേണ്ടി അക്ഷീണം വാദിക്കുകയും അത് നേടിയെടുക്കുകയും ചെയ്തത് ചരിത്രപരമായി തന്നെ വിലയിരുത്തപ്പെടേണ്ട ഒന്നാണ്.

1996 ൽ ഡോ.രത്നശ്രീ ഡൽഹിയിലെ നെഹ്റു പ്ലാനറ്റേറിയത്തിൽ senior astronomy educator ആയി ചുമതലയേറ്റു; 1999 ൽ പ്ലാനറ്റേറിയം ഡയറക്ടർ ആയി. അവിടുന്നങ്ങോട്ട് പ്ലാനറ്റേറിയത്തിനും ഇന്ത്യയിലെ ജ്യോതിശാസ്ത്ര വിദ്യാഭ്യാസത്തിനും മാറ്റങ്ങളുടെ കാലമായിരുന്നു. പ്ലാനറ്റേറിയത്തിലെ മെക്കാനിക്കൽ സംവിധാനങ്ങളെ ഹൈബ്രിഡ് മോഡിൽ ആക്കിയത് ഒരു തുടക്കമായിരുന്നു. പിന്നീടങ്ങോട്ട് outreach programs, student projects, public events, sky watch എന്നിങ്ങനെ ഇന്ത്യയിൽ ജ്യോതിശാസ്ത്രത്തിന്റെ ജനകീയതയക്ക് വേണ്ടി തന്റെ ജീവിതത്തിന്റെ ഏറിയ സമയവും അവർ മാറ്റിവയ്ക്കുകയായിരുന്നു. ശാസ്ത്രഞ്ജരുടെ ഓർമ്മദിവസങ്ങളിൽ അവരുടെ സംഭാവനകളെ പറ്റിയും ഗവേഷണജീവിതത്തെപ്പറ്റിയും സമൂഹത്തിനോട് സംസാരിക്കാൻ Dr. Rathnasree തയാറായിരുന്നു.

2000 കാലഘട്ടത്തിലാണ് അവരുടെ ശ്രദ്ധ ചരിത്രസ്മാരകങ്ങളിലേക്കും അവിടെയുള്ള ജ്യോതിശാസ്ത്ര സംവിധാനങ്ങളിലേക്കും തിരിഞ്ഞത്. അതിൽ ഏറെ പ്രധാനപ്പെട്ടതായിരുന്നു ജന്തർ മന്ദർ. ജയ്പൂരിലെ രാജാ സവായ് ജയ്സിംഗ് 1724 നും 1730 നും ഇടയിൽ പണികഴിപ്പിച്ചതാണ് ഡൽഹി, ജയ്പൂർ, ഉജ്ജയ്ൻ, വാരണാസി എന്നിവിടങ്ങളിലെ ജന്തർ മന്ദിറുകൾ. 1743 ൽ അദ്ദേഹത്തിന്റെ മരണശേഷം വിസ്മൃതിയിലേക്ക് വീണുപോയ അവിടുത്തെ astronomical instruments അവരെ ആവേശം കൊള്ളിച്ചു. ഇന്ത്യയിലെ ശരിയായ ജ്യോതിശാസ്ത്ര പാരമ്പര്യത്തിന്റെ അടയാളം തന്നെയാണവ. അവിടുത്തെ സംവിധാനങ്ങളെ ശാസ്ത്ര സമൂഹത്തിനും വിദ്യാർത്ഥികൾക്കും ഡോ. രത്നശ്രീ പരിചയപ്പെടുത്തി. 2018 ൽ ജയ്പൂരിൽ നടന്ന International Astronomical Union Symposium on Solar Physics ൽ അവർ ജന്തർ മന്ദിറിനെ ഗവേഷകലോകത്തിന് മുന്നിലെത്തിച്ചു. Archeological Survey of India യുമായി ചേർന്ന് ഡൽഹി ജന്തർ മന്ദിറിന്റെ പുനരുദ്ധാരണത്തിലും അവർ പ്രവർത്തിച്ചു.

ഡോ. രത്നശ്രീ ജയ്പൂർ ജന്തർ മന്ദറിൽ – 2018 ലെ ചിത്രം . ഫോട്ടോ : Alok Mandavgane, science.thewire.in

2014 ൽ Astronomical Society of India അവരുടെ Public Outreach and Education Committee യുടെ ചെയർപേഴ്സൺ ആയി തിരഞ്ഞെടുത്തത് ഡോ. രത്നശ്രീയെ ആയിരുന്നു. 2019 ൽ ഗാന്ധിയുടെ നൂറ്റമ്പതാം ജന്മവാർഷിക സമയത്ത് അദ്ദേഹത്തിന് ജ്യോതിശാസ്ത്രത്തിലുണ്ടായിരുന്ന താൽപര്യത്തെക്കുറിച്ച് ഡോ.രത്നശ്രീ എഴുതിയ ലേഖനം വളരെ ശ്രദ്ധേയമായിരുന്നു. പലർക്കും അതൊരു പുതിയ അറിവായിരുന്നു. Astronomy യെ സംബന്ധിച്ച അദ്ദേഹത്തിന്റെ ലേഖനങ്ങളുടെ വെളിച്ചത്തിൽ ‘Bapu Khagol Mela’ എന്ന പേരിൽ ഗാന്ധി സന്ദർശിച്ച സ്ഥലങ്ങളിൽ പോയി skywatch സംഘടിപ്പിക്കാനുള്ള ഒരു പദ്ധതി അവർ വിഭാവനം ചെയ്തു; ഒരു പരിധി വരെ അത് വിജയിപ്പിക്കാനും സാധിച്ചു.

Bapu Khagol Mela – പരിപാടിയിൽ നിന്നും

National Council of Science Museums ന്റെ advisor on Astronomy related communications, National Council of Educational Research and Training ൽ chief editor of science related publications എന്നീ നിലകളിൽ നിസ്തുലമായ സേവനമാണ് അവർ നടത്തിയത്.

“People’s Astronomer” എന്ന വിശേഷണം ഏറ്റവും യോജിക്കുന്ന വ്യക്തിയാണ് ഡോ. രത്നശ്രീ. ജ്യോതിഷത്തെ വളരെ നിശിതമായി വിമർശിക്കുകയും UGC യുടെ ജ്യോതിഷം പാഠ്യവിഷയമാക്കാനുള്ള തീരുമാനത്തെ എതിർക്കുകയും ശരിയായ ശാസ്ത്രത്തെ സമൂഹത്തിന് കാട്ടിക്കൊടുക്കുകയും ചെയ്തു എന്നത് മാത്രമല്ല; ഇന്ത്യയിൽ ഇന്നുള്ള ശാസ്ത്ര പ്രചാരകർക്കും, അമേച്വർ അസ്ട്രോണമേഴ്സിനും, ജ്യോതിശാസ്ത്ര പ്രസ്ഥാനങ്ങൾക്കും എക്കാലവും പ്രചോദനമാകുന്ന പ്രവർത്തനശൈലിയും ആശയങ്ങളും ബാക്കി വെച്ചു എന്നതും അവരുടെ ജീവിതത്തെ ഏറെ ശ്രദ്ധേയമാക്കുന്നു. 2021 ലെ കൊവിഡ് കാലത്ത് അപ്രതീക്ഷിതമായി സംഭവിച്ച അവരുടെ വിയോഗം തികച്ചും വലിയൊരു നഷ്ടമാണ്.


അധിക വായനയ്ക്ക്

  1. https://science.thewire.in/the-sciences/rathnasree-nandivada-nehru-planetarium-astronomical-society-of-india/ >>
  2. https://scroll.in/article/994687/nandivada-rathnasree-1963-2021-passionate-astronomy-educator-who-helped-many-reach-for-the-stars >>
  3. https://www.hindustantimes.com/cities/delhi-news/nehru-planetarium-director-dr-nandivada-rathnasree-dies-of-covid19-101620773018985.html >>
  4. Mahatma Gandhi’s little-known love affair with stargazing and astronomy, Dr Nandivada Rathnasree >>

Luminaries

Poetry of Reality – സയൻസ് കൂട്ടായ്മയുടെ നേതൃത്തിൽ പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ദ്വൈമാസികയാണ് Luminaries.

ഇതുവരെ പ്രസിദ്ധീകരിച്ച 9 ലക്കങ്ങൾ വായിക്കാം

  1. 2023 ഫെബ്രുവരി ലക്കം
  2. 2022 ഡിസംബർ ലക്കം
  3. 2022 ഒക്ടോബർ ലക്കം
  4. 2022 ആഗസ്റ്റ് ലക്കം
  5. 2022 മെയ് ലക്കം
  6. 2022 ഫെബ്രുവരി ലക്കം
  7. 2022 ഏപ്രിൽ ലക്കം
  8. 2021 ഡിസംബർ ലക്കം
  9. 2021 ഒക്ടോബർ ലക്കം

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ശാസ്ത്രഗ്രന്ഥസൂചിക്ക് അമ്പത്
Next post സസ്യങ്ങളും ക്വാണ്ടം കമ്പ്യൂട്ടിങ്ങും തമ്മിൽ എന്തു ബന്ധം ?
Close