Read Time:11 Minute

അജിത കെ. 

മലയാള വിഭാഗം, ഗവ വിക്ടോറിയ കോളേജ് പാലക്കാട്

സാഹിത്യവായനയിലും സര്‍ഗാത്മകരചനയിലും താത്പര്യം ഉണ്ടാക്കിയെടുക്കാനാണല്ലോ പൊതുവേ ബാലസാഹിത്യം പ്രേരിപ്പിക്കാറുള്ളത്. എന്നാൽ ജന്തുശാസ്ത്രത്തോട് കുഞ്ഞുങ്ങളെ അടുപ്പിക്കാൻ പോന്നതാണീ കൃതി.

ഇക്കഴിഞ്ഞ ഒഴിവുദിവസം അപൂർവമായൊരു വായനാനുഭവത്തിലൂടെ കടന്നുപോയൊരു ഓർമ പങ്കുവയ്ക്കട്ടെ. ജെറാർഡ് ഡ്യൂറൽ എന്ന ജന്തുശാസ്ത്രജ്ഞന്റെ ബാല്യകാലാനുഭവങ്ങളാണ് എന്റെ വീട്ടുകാരും മറ്റു പല ജീവികളും(My Family and Other Animals) എന്ന പുസ്തകത്തിലൂടെ എന്റെ ഒരു പകൽവായനയെ അക്ഷരാർത്ഥത്തിൽ ചൂടുപിടിപ്പിച്ചത്.

ലണ്ടനിൽ നിന്ന്‌ ഗ്രീസിലെ ഉൻമിഷത്തായ അന്തരീക്ഷത്തിലേക്ക് മാറി മാസങ്ങളോളം താമസിക്കാനിടയായ കാലത്തെ പത്തുവയസ്സുകാരന്റെ യാത്രാനുഭവങ്ങളാണ് ജി.സാജൻ  വിവർത്തനം ചെയ്‌ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഈ പുസ്തകം. എഴുത്തുകാരൻ ആകാനാഗ്രഹിക്കുന്ന ലാറി, നല്ല വെടിവയ്പുകാരൻ ആകാൻ പരിശീലിക്കുന്ന ലെസ്ലി,സുന്ദരി ആകാൻ തയ്യാറെടുക്കുന്ന മാർഗോ,വിധവ ആയുള്ള പ്രായം വെളിപ്പെടുത്താൻ വയ്യാത്ത അമ്മ എന്നിവരടങ്ങുന്ന ജെറാൾഡിന്റെ കുടുംബത്തിന്റെ ഹൃദയഹാരിയായ വിചിത്രാനുഭവങ്ങൾ വായനക്കാരെ നിലത്തുനിന്നുയർത്തി സ്വപ്നസമാനമായ അവസ്ഥയിലൂടെ കൊണ്ടുപോവാൻ പര്യാപ്തമാണ്.

ഗ്രീസുയാത്രയ്ക്കായുള്ള ഓരോരുത്തരുടെയും തയ്യാറെടുപ്പ് കേട്ടാൽ തന്നെ ചിരിയൂറും.(ലാറി ഒഴികെയുള്ളവരുടെ ആരോഗ്യപ്രശ്‌നങ്ങളാണ് ദീര്ഘയാത്രയ്ക്കായുള്ള പദ്ധതിയിലേക്ക് അവരെ എത്തിക്കുന്നത്.) ചേച്ചി മാർഗോയുടെ ബാഗിൽ സൗന്ദര്യസംവർധകങ്ങൾ, ഉടുപ്പുകൾ, മെലിയുന്നതിനെക്കുറിച്ചുള്ള മൂന്നു പുസ്തകങ്ങൾ, മുഖക്കുരു മാറ്റാനുള്ള അത്ഭുതമരുന്നുകൾ എന്നിവ മാത്രം, ലെസ്ലിയുടെ കൈവശം രണ്ടു റിവോൾവറുകൾ, ആയുധങ്ങളെക്കുറിച്ചൊരു പുസ്തകം, കുറച്ചുടുപ്പുകൾ. ലാറി എന്ന മൂത്ത ജ്യേഷ്ഠന് രണ്ടു പെട്ടി നിറയെ പുസ്തകങ്ങൾ. അമ്മയുടെ കൈവശം പാചകത്തെയും പൂന്തോട്ടത്തെയും കുറിച്ചുള്ള പുസ്തകങ്ങളും, വേണ്ടത്ര വസ്ത്രങ്ങളും. ജെറിയുടെ കയ്യിലാകട്ടെ പ്രകൃതിശാസ്ത്രത്തെക്കുറിച്ചുള്ള നാലു പുസ്തകങ്ങളും ഒരു ബട്ടർഫ്‌ളൈ നെറ്റ്, ഒരു പട്ടി,ഒരു കുപ്പി നിറയെ കാറ്റർപില്ലറുകൾ എന്നിവയായിരുന്നു.നർമം കലർന്ന ആഖ്യാനമാണ്  ആത്‍മകഥയെഴുത്തിനു ജെറാർഡ് ഡ്യൂറൽ തിരഞ്ഞെടുത്തിട്ടുള്ളത്.

മനോഹരമായ ചോന്നനിറത്തിലുള്ള വീട്ടിലെ അവരുടെ  താമസം, ജീവിതത്തെ മാറ്റിമറിക്കുന്നു. സ്‌പൈറോ എന്ന ചുറുചുറുക്കുള്ള പൊതുകാര്യപ്രസക്തനായ കഥാപാത്രം അവരെ എന്തിനും ഏതിനും സഹായിക്കുന്നു. ചേച്ചിയുടെ പ്രണയം അമ്മയ്ക്ക് രഹസ്യമായി എത്തിച്ചുകൊടുക്കുന്നത് വരെ സ്‌പൈറോ ആണ്. അക്കാര്യം അമ്മ ലാഘവത്തോടെ എടുക്കുന്നതും അയാളെ ചായക്ക് ക്ഷണിക്കുന്നതും സ്‌പൈറോയെ അത്ഭുതപ്പെടുത്തുന്നുണ്ട്. ഗ്രീസും ലണ്ടനും തമ്മിലുള്ള സാംസ്കാരികമായ അന്തരം മനസ്സിലാക്കാൻ ഇതൊന്നു മതി.ലാറി എഴുത്തുകാരും കലാകാരന്മാരും ആയ ചങ്ങാതിമാരെ വീട്ടിലേക്കു ക്ഷണിക്കുമ്പോൾ  സ്ഥലസൗകര്യമുള്ള ഡാഫൊഡിൽ വീട്ടിലേക്കു മാറാൻ സൗകര്യമുണ്ടാക്കുന്നതും ഒടുവിൽ യാത്ര പറയാൻ നേരത്ത് കണ്ണീരൊലിപ്പിക്കുന്നതും ഇയാൾ തന്നെ.

ഗ്രീസിലെ കോർഫുവിലൂടെയുള്ള യാത്രയിൽ റോജർ എന്ന ജെറിയുടെ പട്ടിയുടെ പിന്നാലെ കൂടുന്ന തെരുവുപട്ടികളുടെ സംഘത്തെ നിയന്ത്രിക്കാൻ ലാറി ചാട്ട വീശുമ്പോൾ അതു ലെസ്ലിയുടെയും അമ്മയുടെയും മേലെ കൊള്ളുന്നതും പട്ടികളുടെ ശല്യത്തേക്കാൾ വലുത് ലാറിയുടെയാണ് എന്നു മാർഗോ അഭിപ്രായപ്പെടുന്നതും വായനക്കാരെ ചിരിപ്പിക്കും.

വിവിധതരം ജീവികളെ ശേഖരിക്കുന്നതും വളർത്തുന്നതും തീപ്പെട്ടിക്കൂടുകളിലും കുപ്പികളിലും ഇട്ടുവയ്ക്കുന്നതും നിരീക്ഷിക്കുന്നതും ജെറിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങളാണ്.ട്യൂഷൻ മാസ്റ്റർ ജോർജിന്റെ മുമ്പിൽ ഇരിക്കുന്നതിനെക്കാൾ കൂടുതൽ അവൻ പുറത്തു സമയം ചെലവാക്കുന്നു. തിയോഡർ എന്നൊരു ജന്തുശാസ്ത്രപഠിതാവായ മുതിർന്ന കൂട്ടുകാരനെയും അവനു കിട്ടുന്നുണ്ട്.പല ജീവികളെയും വീട്ടിൽ രഹസ്യമായി സൂക്ഷിക്കുമ്പോഴുണ്ടാകുന്ന പുകിലുകൾ കുറച്ചൊന്നുമല്ല. തീപ്പെട്ടിക്കൂടിൽ സൂക്ഷിച്ച അമ്മത്തേളും കുഞ്ഞുങ്ങളും ഭക്ഷണമേശപ്പുറത്ത് എത്തുമ്പോൾ കുടുംബാംഗങ്ങൾ മുഴുവൻ ആർത്തുവിളിക്കുന്നതും ബഹളം വയ്ക്കുന്നതും ജെറി വിവരിക്കുന്നുണ്ട്.മർഗോയുടെ ആ സമയത്തെ ആക്രന്തനം റെയിൽവേ എൻജിന്റെ സൈറണെയും ലജ്ജിപ്പിക്കുന്നതായിരുന്നു എന്നാണ് ജെറി ഓർമിച്ചെഴുതുന്നത്. അതിനുശേഷം അവനു സ്വന്തമായൊരു മുറിതന്നെ കിട്ടുന്നു.

അവസാനമില്ലാത്ത ഹൃദ്യാനുഭവങ്ങളുടെ തേൻകൂടാണീ പുസ്തകം എന്നു പറയാതിരിക്കാൻ വയ്യ. ഗ്രീസിലേക്കുള്ള യാത്രയുടെ തുടക്കത്തിൽ ഉദ്യോഗസ്ഥരുടെ മുമ്പിൽ പ്രൗഢി അഭിനയിക്കാൻ അമ്മയ്ക്ക് സാധിക്കുന്നുണ്ടെങ്കിൽ ഒടുക്കം അതിസാമർഥ്യം ഉള്ള കസ്റ്റംസ് ഉദ്യാഗസ്ഥൻ ഇവരുടെ യാത്രാരേഖയിൽ ‘സഞ്ചരിക്കുന്ന സർക്കസ് സംഘവും ജീവനക്കാരും’ എന്ന് അടയാളപ്പെടുത്തുന്ന തരത്തിൽ വിപുലമായ ജന്തുശേഖരത്തോടൊപ്പം മടക്കയാത്ര മുദ്രപ്പെടുത്തുന്നു.

സാഹിത്യവായനയിലും സര്‍ഗാത്മകരചനയിലും താത്പര്യം ഉണ്ടാക്കിയെടുക്കാനാണല്ലോ പൊതുവേ ബാലസാഹിത്യം പ്രേരിപ്പിക്കാറുള്ളത്. എന്നാൽ ജന്തുശാസ്ത്രത്തോട് കുഞ്ഞുങ്ങളെ അടുപ്പിക്കാൻ പോന്നതാണീ കൃതി.

ഗ്രീൻഹൗസ് ഉണ്ടാക്കി ചെടികളും കിളികളും പ്രാണികളുമായി “മനുഷ്യർക്ക്‌ പ്രവേശനമില്ല” എന്നു വീടിനു മുമ്പിൽ ബോർഡ് തൂക്കിയിടാൻ  എന്റെ ഭ്രാന്തമായ ഭാവന കൊതിച്ചു. പുസ്തകശേഖരത്തിൽ വായിക്കാതെ ഈ പുസ്തകം ഇത്രകാലം മാറ്റിവച്ചതെന്തിനായിരുന്നു എന്ന് ഇന്ന് കൗതുകം കൊള്ളുകയും സങ്കടപ്പെടുകയും ചെയ്യുന്നു.

വർഷങ്ങൾക്കു മുമ്പ് ഈ പുസ്തകം കിട്ടിയിരുന്നുവെങ്കിൽ വണ്ടുകളെയും പുൽച്ചാടികളെയും കൈവെള്ളയിൽ ഇഷ്ടത്തോടെ കൗതുകത്തോടെ വച്ച അമ്മുക്കുട്ടി എന്ന ഒരുവയസ്സുകാരി ഒരു പക്ഷേ ജന്തുശാസ്ത്ര പഠിതാവായേനെ


ജെറാള്‍ഡ് മാല്‍ക്കം ഡ്യൂറല്‍

ജെറാള്‍ഡ് മാല്‍ക്കം ഡ്യൂറല്‍ ഒരു ജീവശാസ്ത്രജ്ഞനായിരുന്നു.  ഒപ്പം  പ്രകൃതിവാദിയും മൃഗശാലാ സൂക്ഷിപ്പുകാരനും പരിസ്ഥിതി സംരക്ഷകനും ഗ്രന്ഥകാരനും ടെലിവിഷന്‍ അവതാരകനുമായിരുന്നു. ജെഴ്‌സി മൃഗശാല സ്ഥാപകനും ഇദ്ദേഹമായിരുന്നു. എഴുത്തുകാരന്‍ എന്ന നിലയിലാണ് ഏറെ അറിയപ്പെട്ടിരുന്നത്. ലോറന്‍സ് സാമുവല്‍ ഡ്യൂറലിന്റെയും ലൂസിയയുടെയും മകനായി 1925 ജനുവരി 7 ന് ഇന്ത്യയിലെ ജംഷഡ്പൂരില്‍ ജനിച്ചു. 1928 ല്‍ പിതാവിന്റെ മരണത്തോടെ ദക്ഷിണ ലണ്ടനിലേക്ക് താമസം മാറ്റി. 1951 ല്‍ ജാക്വിയെയും 1979 ല്‍ ലിയെയും വിവാഹം കഴിച്ചു. പ്രശസ്ത നോവലിസ്റ്റ് ലോറന്‍സ് ഡ്യൂറല്‍സ് സഹോദരന്‍. ആദ്യകാലത്ത് ഡ്യൂറല്‍ ഒരു അകേ്വറിയത്തില്‍ സഹായിയായും കൗതുക മൃഗങ്ങള്‍ കച്ചവടം ചെയ്യുന്നിടത്തും ജോലി ചെയ്തു. രണ്ടാം ലോകയുദ്ധശേഷം വിപ്‌സ്റ്റേട്ട് മൃഗശാലയില്‍ സൂക്ഷിപ്പുകാരനായി ജോലി ചെയ്തു. 1935 മുതല്‍ 39 വരെ ഡ്യൂറലിന്റെ കുടുംബം കൊര്‍ഫു എന്ന ഗീക് ദ്വീപിലായിരുന്നു. മൈ ഫാമിലി ആന്‍ഡ് അദര്‍ അനിമല്‍സ്, ബേര്‍ഡ്‌സ് ബീസ്റ്റ്‌സ് ആന്‍ഡ് റിലേറ്റീവ്‌സ്, ദി ഗാര്‍ഡന്‍ ഓഫ് ദി ഗോഡ്‌സ് എന്നീ പുസ്തകങ്ങളും, ‘മൈ ഡോളി സള്ളി’ പോലെ കുറെ കഥകളും രചിക്കുന്നതിന് പ്രേരകമായത് കോര്‍ഫുവിലെ ജീവിതമാണ്. 1958 ല്‍ അദ്ദേഹം ജെഴ്‌സി സുവോളജിക്കല്‍ പാര്‍ക്ക് (ഇപ്പോള്‍ ഡ്യൂറല്‍ വൈല്‍ഡ് ലൈഫ് പാര്‍ക്ക്) സ്ഥാപിച്ചു. 1963 ല്‍ ജെഴ്‌സി വൈല്‍ഡ് ലൈഫ് പ്രിസര്‍വേഷന്‍ ട്രസ്റ്റ് ഇപ്പോള്‍ ഡ്യൂറല്‍ വൈല്‍ഡ് ലൈഫ് ട്രസ്റ്റ്) ആരംഭിച്ചു. അദ്ദേഹത്തിന്റെ മൈ ഫാമിലി ആന്‍ഡ് അദര്‍ അനിമല്‍സ് ആണ് ഏറെ പ്രസിദ്ധമായ രചന.

Happy
Happy
67 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സീറിയത്തിന്റെ ചാഞ്ചാട്ടങ്ങള്‍
Next post ആർക്കിടെക്ചറും കാലാവസ്ഥാ വ്യതിയാനവും
Close