Read Time:53 Minute

എതിരൻ കതിരവൻ

മദപ്പാടിന്റെ കാമശാസ്ത്രം


എതിരൻ കതിരവൻ

ആനദ്രോഹികളുടെ നാടാണു കേരളം. എന്നാണ് നമ്മൾ ആനകളെ സ്നേഹിച്ചു തുടങ്ങുന്നത് ? മദപ്പാടിനെക്കുറിച്ച്, ആനയുടെ ഫിസിയോളജിയെക്കുറിച്ച് വായിക്കാം

ആനയ്ക്ക് മദപ്പാടിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു. കന്നക്കുഴിയിലെ മദഗ്രന്ഥി പൊട്ടി മദസ്രാവം ഒഴുകിത്തുടങ്ങി. തീറ്റ എടുക്കുന്നില്ല. മൂത്രം ഇറ്റിയ്ക്കുന്ന അസുഖവും ഉണ്ട്. ആകെ പരിഭ്രാന്തിയിലും ആണ്. അക്രമാസക്തി കൂടിയിട്ടുമുണ്ട്. കൂടുതൽ ചങ്ങലകളിൽ ബന്ധിയ്ക്കണം. മര്യാദയ്ക്കു പെരുമാറിയില്ലെങ്കിൽ മൂർച്ചയേറിയ കത്തിയും മുള്ളുകൾ ഘടിപ്പിച്ച തോട്ടികളും തയ്യാറുണ്ട്. ചെറിയ കണ്ണായതിനാൽ കുത്തിപ്പൊട്ടിയ്ക്കാൻ എളുപ്പവുമാണ്. മദപ്പാട് ചികിത്സയ്ക്ക് പോം വഴികൾ ധാരാളം.

ലൈംഗികോത്തേജനത്തിന്റെ പരിണിതി മാത്രമാണ് മദം പൊട്ടൽ എന്ന് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഇണയെ പ്രാപിക്കാനുള്ള ഉപാധികളുടെ ശരീരധർമ്മശാസ്ത്രമാണ് മദപ്പാടിന്റെ പ്രധാന പ്രകരണങ്ങൾ. സസ്തനികളിൽ ആനകൾക്കു മാത്രം പ്രകൃതി അനുവദിച്ചു കൊടുത്തിട്ടുള്ള ചില വിട്ടുവീഴ്ചകൾ. പരസ്പരസംവേദനത്തിന്റെ ഉൽക്കടമായ പ്രത്യക്ഷപ്പെടുത്തൽ. ബന്ധനത്തിലാക്കപ്പെട്ട ആനകൾ  വിനിമയോപാധികൾ ഇല്ലാതെപോയോ അതിരുകടന്നുപോയോ സംഭ്രമത്തിൽ എത്തിച്ചേർന്നതിന്റെ  ദൃഷ്ടാന്തം.

ഏഷ്യൻ ആനകളുടെ സ്വാഭാവികജീവശാസ്ത്രത്തിന്റെ ഭാഗമാണ് മദപ്പാട്. ചരിത്രാതീതകാലത്ത് പ്രകൃതിയുമായി സമരസപ്പെടാൻ പരിണാമശാസനങ്ങൾ നിർദ്ദേശിച്ചുകൊടുത്ത പോംവഴികളുടെ ശേഷപത്രവുമാവാം ഇത്. സമൂഹജീവിയാണ് ആന. അതിസങ്കീർണ്ണമായ രാസവിദ്യകളാൽ പരസ്പരം സന്ദേശങ്ങളയച്ചും ഇണങ്ങിയും പിണങ്ങിയും കൂട്ടം ചേർന്നും അവർ സമൂഹവ്യവസ്ഥകൾ നിർമ്മിച്ചെടുക്കുന്നു.

കല്യാണപ്രാ‍യത്തിൽ പെണ്ണുങ്ങൾ ചൂടുന്ന കന്മദഗന്ധം തേടി നടക്കുന്ന കാമുകന്മാരും പ്രിയന്റെ കാമച്ചൂരിനാൽ വിജൃഭിതയായവളും  രാസവിദ്യാപ്രണയലേഖനം എങ്ങനെയെഴുതണം എന്ന് ചിന്താക്കുഴപ്പമില്ലാത്ത ഗജിനികളും ഈ വിസ്തൃതകുടുംബത്തിലെ അംഗങ്ങളാണ്. ഈ കൂട്ടായ്മയിൽ നിന്നും ‘ഒറ്റ’യാക്കി മാറ്റപ്പെട്ടവരാണ് നമ്മുടെ നാട്ടാനകൾ. മദപ്പാട് സ്വയം നിയന്തിക്കാൻ വയ്യാതാവുന്നത് കണക്കിലെടുക്കേണ്ടത് ഈ മാറ്റപ്പെട്ട സാഹചര്യങ്ങളിലാണ്.

ആനകളെപ്പറ്റി ഏറ്റവും കൂടുതൽ ഗവേഷണം പ്രത്യേകിച്ചും ഫിസിയോളജി സംബന്ധിയായിട്ടുള്ളത് നടത്തിയത് എൽ. ഇ. എൽ. രാസ്മ്യൂസനും (Rasmussen L. E. L.) സംഘവുമാണ്. ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ആ‍ർ. സുകുമാറും വി. കൃഷ്ണമൂർത്തിയും ഏഷ്യൻ ആനകളെപ്പറ്റി പഠിക്കുന്നതിൽ ഇവരോടൊപ്പം കൂട്ടു ചേർന്നിട്ടുണ്ട്. 2006 ഇൽ ഡോ. രാസ്മ്യുസൻ മരിയ്ക്കുമ്പോൾ പതിറ്റാണ്ടുകളോളം അവർ നടത്തിയ പരീക്ഷണങ്ങൾക്കും സുപ്രധാന നിരീക്ഷണ പരമ്പരകൾക്കും തിരശീല വീഴുകയായിരുന്നു. ലോകത്ത് പല സ്ഥലങ്ങളിലും –കാഴ്ചബംഗ്ലാവുകളിലും പാർക്കുകളിലും സർക്കസ് കൂടാരങ്ങളിലും കേരളത്തിലേയും കർണാടകത്തിലേയും തമിഴ് നാട്ടിലേയും മലനിരകളികളിലും സാനുക്കളിലും- എവിടൊക്കെ ആനകളുണ്ടോ അവിടെല്ലാം സാമ്പിളുകൾ ശേഖരിക്കാനും പെരുമാറ്റങ്ങൾ നിരീക്ഷിക്കാനും പാടുപെട്ടിട്ടുണ്ട് അവർ. മദപ്പാടിനെപ്പറ്റി ആധികാരികമായ വിവരങ്ങൾ അവരുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ലോകത്തിനു സമർപ്പിച്ചിട്ടുള്ളത്.

പല ഗവേഷണഫലങ്ങളും സമഗ്രമായി ക്രോഡീകരിയ്ക്കപ്പെട്ട, ആർ. സുകുമാർ എഴുതിയ “The Living Elephants-Evolutionary Ecology, Behavior and Concervation” ആനകളെ സംബന്ധിച്ച് പുറത്തിറങ്ങിയ അദ്വിതീയവും അതുല്യമായ പുസ്തകമാണ്. സസ്തനികളിൽ അതിവിശേഷവും അസാധാരണവുമായ പെരുമാറ്റരീതികളും സങ്കീർണ്ണമായ സന്ദേശ-വിനിമയ ഉപാധികളും കൈമുതലുള്ള, ഇതു വരെ അറിയപ്പെടാത്ത ബുദ്ധികേന്ദ്രങ്ങളുമുള്ള വിചിത്രജീവികളാണ് ആന എന്ന് ഈ പാഠങ്ങൾ ഉദ്ഘോഷിക്കുന്നു.

1

മണത്തിന്റെ പ്രാധാന്യം  ആനകളിലെ വിപുലമായ ഘ്രാണശക്തിയെക്കുറിച്ചൽപ്പം

ആനകൾക്ക് മറ്റു മൃഗങ്ങളെ അപേക്ഷിച്ച് രണ്ടു സാമർത്ഥ്യങ്ങൾ ജന്മനാ കിട്ടിയിട്ടുണ്ട്. അതിസൂക്ഷ്മവും ദീർഘകാലസ്ഥായിയുമായ ഓർമ്മശക്തിയും വിപുലമായ ഘ്രാണശക്തിയും. ഇവ രണ്ടും ബന്ധപ്പെട്ടുമിരിക്കുന്നു. ഒരിക്കൽ പിടിച്ചെടുത്ത മണം എന്നും ഓർമ്മിച്ചെടുക്കും ആനകൾ. 27 വർഷങ്ങൾ കഴിഞ്ഞിട്ടും സ്വന്തം അമ്മയുടെ ഗന്ധം തിരിച്ചറിഞ്ഞ ആനയുടെ കഥ ജന്തുവിജ്ഞാനീയർ വിവരിച്ചിട്ടുണ്ട്. മണത്തിൽക്കൂടിയാണ് ആനയുടെ പല ഓർമ്മകളും നിലനിൽക്കുന്നത്. ജന്തുലോകത്ത് മണം പ്രധാന വിനിമയ ഉപാധിയും ആണ്. ഇണയെ ആകർഷിക്കാനും കൂട്ടത്തിൽ ഉള്ളവരെ ഒന്നു പേടിപ്പെടുത്താനും സ്വന്തം  സാന്നിദ്ധ്യം അടയാളപ്പെടുത്താനും ഫെറോമോൺസ്’ എന്ന ബാഹ്യസ്രാവങ്ങൾ ജന്തുക്കൾ വിനിയോഗിക്കാറുണ്ട്. കസ്തൂരിയും വെരുകിൻപുഴുകും ഒക്കെ ഇപ്രകാരം അവർ ഇട്ടുവച്ചുപോകുന്ന സന്ദേശങ്ങളാണ്. മൂത്രമാണ് പല ജന്തുക്കളിലും ഈ ബാഹ്യസ്രാവങ്ങളെ ഉൾക്കൊള്ളുന്നത്. ആനകളാകട്ടെ ഇത്തരം ഫെറോമോൺസ് ഇണതേടാനും മറ്റു കൊമ്പന്മാർക്ക് ഒരു താക്കീത് നൽകാനുമൊക്കെ ഉപയോഗിക്കും. ആനയുടെ മൂത്രത്തിലും മദപ്പാട് സമയത്ത് പൊട്ടിയൊലിക്കുന്ന മദഗ്രന്ഥിസ്രാവത്തിലും ആണ് ഇത്തരം ഫെറോമോൺസ് ചാലിച്ചെടുത്തിരിക്കുന്നത്. മൂത്രത്തിലാവട്ടെ ആയിരത്തോളം നിർദ്ദിഷ്ടമായ രാ‍സവസ്തുക്കളാണുള്ളത്. പലഗന്ധങ്ങളും മൂക്കു വഴി തിരിച്ചറിയാമെങ്കിലും ഫെറോമോൺസിന്റെ സംവേദനങ്ങൾ  പലതും മൂക്കിനു താഴെ ഉൾവശത്തുള്ള മറ്റൊരു ഘ്രാണേന്ദ്രിയം ആണ്  പിടിച്ചെടുക്കുന്നത്. Vomeronasal organ (VNO) എന്നറിയപ്പെടുന്ന ഈ സവിശേഷ ഘ്രാണേന്ദ്രിയം ആനകളെ സംബന്ധിച്ച് ആശയവിനിമയത്തിൽ അതിപ്രാധാന്യം അർഹിക്കുന്നതാണ്.  ബാഷ്പീകരിക്കപെട്ട ഗന്ധങ്ങളാണ് മൂക്ക് പിടിച്ചെടുക്കുന്നതെങ്കിൽ സ്വൽ‌പ്പം തൊട്ടുകൂട്ടിയാലേ ഈ ഗന്ധം തലച്ചോറിനു  വിശ്ലേഷണം ചെയ്യാനാവൂ. മൂക്കു വഴി പോകുന്ന ഗന്ധസിഗ്നലുകൾ തലച്ചോറിലെ ഘ്രാ‍ണപര കോർടെക്സി (olfactory cortex)ലാണ് എത്തപ്പെടുന്നതെങ്കിൽ  VNO വഴിയുള്ള സിഗ്നലുകൾ അമിഗ്ദല വഴി ഹൈപോതലാമസിലാണ് എത്തപ്പെടുന്നത്. ഹൈപോതലാമസ് ആവട്ടെ ആന്തരികസ്രാവ-നാഡീവ്യൂഹ (neuroendocrine) കേന്ദ്രവുമാണ്. പ്രത്യുൽ‌പ്പാദനത്തിന്റേയും പെരുമാറ്റങ്ങളുടേയും ഭാവങ്ങളെ നിയന്ത്രിക്കുന്നതും ശരീരതാപനില ക്രമപ്പെടുത്തുന്നതും  ഹൈപോതലാമസിന്റെ ജോലിയാണ്. പ്രജനനഹോർമോണുകൾ സ്രവിക്കപ്പെടുന്നതിന്റെ പ്രകാശനങ്ങളും ഹൈപോതലാമസിന്റെ നിയന്ത്രണത്തിലാണ്. ആനകളിൽ VNO എന്ന ഘാണേന്ദ്രിയം അണ്ണാക്കിൽ വായയുടെ മുൻഭാഗത്തായിട്ടാണ്.  തുമ്പിക്കയ്യുടെ അറ്റം കൊണ്ട് സ്വൽ‌പ്പം തൊട്ടെടുക്കുന്ന രാസവസ്തുക്കൾ ഇവിടെ തൊട്ടു തേയ്ച്ചാണ് ആനകൾ അവ വിശകലനം ചെയ്യുന്നത്. “സ്വാദു നോക്കുന്നത്” ആയി നമ്മൾ വിവക്ഷിക്കുന്നത് ഇത്തരം വായിച്ചെടുക്കലാണ്. ഉദാഹരണത്തിനു പെണ്ണാനയുടെ മൂത്രത്തിൽ നിന്നോ യോനീതടത്തിൽ നിന്നോ സ്വൽ‌പ്പം വായിലെ  VNO ഇൽ തൊട്ടു തേയ്ക്കപ്പെടുമ്പോൾ നിരവധി അറിവുകളാണ് ആനയ്ക്ക് കിട്ടുന്നത് ‘തൊട്ടുനക്കൽ’ കൊണ്ട് ആനകൾ പ്രാവർത്തികമാക്കുന്നത് ഒരു കെമിസ്റ്റ്രി ലാബ് തന്നെയാണ്. ഈ അറിവുകൾ  വിപുലമായ ഓർമ്മ ശേഖരത്തിൽ സൂക്ഷിച്ചു വയ്ക്കയും ചെയ്യും. മണങ്ങൾ ആക്രമണസ്വഭാവത്തേയും ഇണചേരൽ വ്യാപാരങ്ങളേയും സ്വാധീനിക്കുന്നതിന്റെ പൊരുൾ ഇതൊക്കെയാണ്.

ഇന്ത്യൻ ആന – ബന്തിപ്പൂർ നാഷണൽ പാർക്കിൽ നിന്നും കടപ്പാട് വിക്കിപീഡിയ Yathin S Krishnappa
2

മാതംഗലീലയുടെ സന്ദേശങ്ങൾമൈഥുനവേളയിലെ സന്ദേശകൈമാറ്റവ്യവസ്ഥകൾ

അതി തീവ്രവും വിപുലവുമാണ് ആനകളുടെ മൈഥുനത്തിനുള്ള സന്ദേശകൈമാറ്റവ്യവസ്ഥകൾ. അണ്ഡധാരണം (ovulation) നടന്നു കഴിഞ്ഞാൽ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ കാമുകൻ എത്തപ്പെട്ട് അവളെ സുമംഗലി ആക്കേണ്ടതാണ്, ഈ വിവരം പരസ്യപ്പെടുത്തിയേ തീരൂ. എന്നാൽ ഇന്നലെ കിളിർത്ത കുട്ടിക്കൊമ്പുമായി നടക്കുന്ന ചിന്നപ്പയ്യന്മാരെ അവൾക്കു വേണ്ടാ. വിവരവും വിവേകവും കരുത്തും ഒക്കെയുള്ള 25 വയസ്സ് എങ്കിലും കഴിഞ്ഞുള്ള തിരുനക്കരക്കൊച്ചുകൊമ്പന്മാരിൽ ഒരാളെ മതി അവൾക്ക്. അവനാണെങ്കിൽ ബീജപരാഗം ഏറ്റുവാങ്ങി ഉടൻ കുട്ടിയുണ്ടാകാൻ തയാറെടുത്തു മേയുന്ന പുഷ്പവതികളെ മതി. ഇങ്ങനെ നിഷ്പ്രയാസം കല്യാണസൌഗന്ധികസന്ദേശങ്ങൾ കൈമാറാനുള്ള  പടുത്വവും നൈപുണ്യവും  ആനകളുടെ മാത്രം സ്വന്തമാണ്. സസ്തനികളിൽ ഇത്രയും സൂക്ഷ്മസംവേദനക്ഷമതയുള്ളതും കണിശവും കൃത്യതയുമുള്ള  മറുഘ്രാണെന്ദ്രിയം  (VNO) ആനകൾക്കല്ലാതെ മറ്റാർക്കുമില്ല.. വായയ്ക്കു മുകളിലുള്ള മൂക്കുഭാഗത്തുള്ള നേർത്ത സ്തരം (olfactory epithelium) സാധാരണ ചെറിയ അളവിലുള്ള ബാഷ്പീകരിച്ച ഗന്ധങ്ങളെപിടിച്ചെടുക്കും. അതു കൂടാതെ തുമ്പിക്കൈ ഉടനീളം ട്രൈജെമിനൽ എന്ന നാഡീപടലത്തിന്റെ (trigeminal system) ഞരമ്പുതുമ്പു (nerve endings) കൾ വിന്യസിച്ചിരിക്കുന്നു. ഇവ രൂക്ഷഗന്ധങ്ങളെ പിടിച്ചെടുക്കും. വി എൻ ഒ  എന്ന സവിശേഷ ഘ്രാണേന്ദ്രിയം തുമ്പിക്കൈയ്ക്കുള്ളിലുള്ള ഇപ്പറഞ്ഞ രണ്ടു മണം പിടിയ്ക്കുന്ന വ്യവസ്ഥകൾക്കും ഉപരിയാണ്. താഴ്ന്ന ഫ്രീക്വൻസി (low frequency) യിലുള്ള ശബ്ദവീചികൾ വളരെ ദൂരെ നിന്നും പിടിച്ചെടുക്കാനുള്ള കഴിവും സ്പർശസംവേദനവും മറ്റു വിനിമയ ഉപാധികളാണ്.

അണ്ഡധാരണ (ovulation) ത്തിനു നാലോ ആറോ ആഴ്ചയ്ക്കു മുൻപേ പെണ്ണാനകളുടെ മൂത്രത്തിൽ കണ്ടു തുടങ്ങുന്ന ഫെറോമോൺ  കാമുകനു സന്ദേശം പകരുന്നതിന്റെ ആദ്യപടിയാണ്. 7- ഡോഡെസിനിൽ അസെറ്റേറ്റ് ( (Z)-7-dodecenyl acetate)  എന്ന രാസവസ്തുവാണ് ഇതിലടങ്ങിയിരിക്കുന്നത്. ജന്തുകുലത്തിൽ പ്രാണികൾ ഉൾപ്പെടെ ഈ രാസവസ്തു ഇണയെ ആകർഷിക്കാൻ ഉപയോഗിക്കാറുണ്ട്. അണ്ഡധാരണം പൂർണ്ണമാവുന്നതനുസരിച്ച്  ഈ ഫെറോമോണിന്റെ അളവ് കൂടി വരും. ഈ പ്രണയസന്ദേശം നേരത്തെ കിട്ടിയിട്ടുള്ള കൊമ്പൻ ഇവളുടെ പിറകേ ഉണ്ട്. അവൻ തുമ്പിക്കയ്യുടെ അഗ്രം കൊണ്ട് യോനീതടത്തിൽ സ്പർശിക്കുമ്പോൾ സ്വൽ‌പ്പം മൂത്രം ഇറ്റിയ്ക്കും അവൾ. കൊമ്പൻ  തുടച്ചെടുത്ത ഡോഡെസിനിൽ അസെറ്റേറ്റ് തുമ്പിയുടെ അഗ്രം കൊണ്ട് “വി എൻ ഒ“  സ്ഥിതി ചെയ്യുന്ന അണ്ണാക്കിൽ തൊട്ടു പുരട്ടും. കൃത്യമായ അളവ് അവനു ലഭിയ്ക്കുകയായി. പ്രായവും പരിചയമുള്ള കൊമ്പൻചേട്ടനാണെങ്കിൽ ഈ ലാബ് അനാലിസിസിൽ വിദഗ്ധനുമാണ്. പ്രലോഭിക്കപ്പെട്ട അവൻ ഉത്തേജിതനാകും . ഗർഭധാരണത്തിനു സമയമായെങ്കിൽ മൈഥുനത്തിൽ ഏർപ്പെടുകയായി. എന്നാൽ ഏറെ നേരം ഈ ഉത്തേജനം ആവശ്യമില്ല. കാര്യം കഴിഞ്ഞാൽ ഈ പ്രലോഭനരാസവസ്തു ഇല്ലാതാക്കാൻ വേലത്തരങ്ങളുണ്ട്. അവന്റെ തുമ്പിക്കയ്യുടെ അഗ്രത്തിലെ ശ്ലേഷ്മത്തിൽ ചില പ്രോട്ടീനുകളുണ്ട് ഈ ഡൊഡെസിനിൽ അസെറ്റേറ്റിനെ കൊളുത്തിപ്പിടിച്ച് മാറ്റിയെടുക്കാൻ. ഇതോടെ കാമകേളിയ്ക്ക് വിരാമമായി. ബീജധാരണം നടന്നു കഴിഞ്ഞ കാമിനിയുടെ മൂത്രത്തിലെ ഡോഡെസിനിൽ അസെറ്റേറ്റ് അളവ് പൊടുന്നനവേ താഴുകയും ചെയ്യും.

3

ഫ്രോണ്ടലിൻ മണക്കുന്നല്ലോ കാറ്റേആനപ്രേമത്തിന്റെ രാസരഹസ്യം

ഫ്രോണ്ടലിൻ മണക്കുന്നല്ലോ കാറ്റേ
നീ വരും വഴിയിൽ എൻ പ്രിയതമൻ തൻ കവിളിണ തഴുകിയോ
എന്ന്

പെണ്ണാനകൾ പാടിയാൽ അദ്ഭുതമില്ല. ഗജകാമിനികളെ മത്തു പിടിപ്പിയ്ക്കാൻ കൊമ്പന്റെ കൈവശമുള്ള ഫെറോമോൺ ആണ് ഫ്രോണ്ടലിൻ. മദപ്പാട് സമയത്ത് മദഗ്രന്ഥി (Temporal gland) യുടെ സ്രാവത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന വസ്തുവാണിത്. മേയുന്ന സമയത്ത് മരങ്ങളിൽ ഉരസി തേച്ചു വയ്ക്കുകയോ ചെവിയാട്ടി കാറ്റിൽ ലയിപ്പിക്കുകയോ ഒക്കെ വഴി മാതംഗകന്യക്ക് കാമലേഖനം അയയ്ക്കുകയാണ്  മദരാജൻ. ഈ മണമടിച്ചാൽ ഉത്സുകയായവൾ  സ്വല്പം മൂത്രം ഇറ്റിയ്ക്കാനും മതി. അവളൂടെ മൂത്രത്തിലെ അസെറ്റേറ്റ് അടുത്തെങ്ങാനും പ്രിയതമൻ ഉണ്ടെങ്കിൽ അറിഞ്ഞോട്ടെ എന്നാണവൾക്ക്.  അണ്ഡധാരണം നടക്കുന്നവൾക്കാണ് ഫ്രോണ്ടലിൻ മണത്തിൽ കമ്പം. ഗർഭം ധരിച്ചവൾക്കോ അണ്ഡധാരണം നടക്കുന്നില്ലാത്തവൾക്കോ ഇതിലൊന്നും യാതൊരു താൽ‌പ്പര്യവുമില്ല. കുഞ്ഞിനെ മുലയൂട്ടുന്നവൾക്കാണെങ്കിൽ ഈ മണം അസഹ്യമാണ്.  കുട്ടിക്കൊമ്പന്മാരും പ്രായമായ കൊമ്പന്മാരും ഈ മണമടിച്ചാൽ ചീറ്റിക്കൊണ്ട് ചിന്നം വിളിച്ച് ജുഗുപ്സയും അറപ്പും അറിയിക്കും. പ്രായമേറുന്നതനുസരിച്ച് മദപ്പാടിന്റെ കാലദൈർഘ്യം വർദ്ധിക്കുകയും ഫ്രോണ്ടലിന്റെ അളവ് മദസ്രാവത്തിൽ കൂടുകയും ചെയ്യും. ഏറ്റവും യോഗ്യനായ കൊമ്പൻ ഏറ്റവും കടുപ്പമുള്ള ഫ്രോണ്ടലിൻ ആണു സ്രവിക്കുന്നത്. അങ്ങനെ പ്രിയതമകൾക്ക് കാമസന്ദേശവും മറ്റ് ആണുങ്ങളോട് സ്ഥലം വിട്ടോളാനുള്ള നിർദ്ദേശവും ഒരേ രാസവസ്തു കൊണ്ട് സാദ്ധ്യമാവുന്നു.

4

മണം സമൂഹഘടനയെ സ്വാധീനിക്കുന്നുആനകളിലെ സാമൂഹികസംവേദനം

പ്രജനനത്തിന്റെ കൌശലങ്ങൾ വലിയ സസ്തനികൾ നടപ്പിലാക്കുന്നത് പലേ കാരകങ്ങൾ അനുസരിച്ചാണ്. അവയുടെ സാമൂഹിക സ്വരൂപം,  അധീനസ്ഥലപാലനം (territorial right) എത്രമാത്രം ആചരിക്കുന്നു എന്നത്,  മൈഥുനത്തിനുപയുക്തമാകുന്ന ഇന്ദ്രിയബോധവാഹകമായ സംവേദനങ്ങൾ എന്നിവയൊക്കെയാണവ. അധീനത്തിലുള്ള മേച്ചിൽ സ്ഥലങ്ങളെ സംരക്ഷിക്കുക ആണുങ്ങളുടെ ഉത്തരവാദിത്തമല്ല ആനകളിൽ. ഒറ്റയ്ക്കു മേയുന്ന കൊമ്പന്മാർ  പ്രത്യുൽ‌പ്പാദനകാര്യസിദ്ധി നേടുന്നത്  പെണ്ണാനകളുടെ സംഘങ്ങളോടൊപ്പം സഞ്ചരിച്ച് ഗർഭധാരണത്തിനുതകിയ സമയമോ അണ്ഡധാരണസമയമോ ഒത്തു വന്നിരിക്കുന്ന പെണ്ണാനകളെ കണ്ടുപിടിച്ചെടുത്താണ്.  മിക്ക ജീവികളിലും ഇണയെ കിട്ടുന്നത് മത്സരത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും വലിപ്പമുള്ള ആണിനായിരിക്കും. എന്നാൽ ഏഷ്യൻ ആനകളിൽ ഈ മത്സരത്തിൽ പ്രായവും പരിചയവും ശാരീരികാവസ്ഥയും ഒക്കെ നിർണ്ണായകമാണ്. തിമിംഗലങ്ങളിലും ഹിമക്കരടികളിലും ഒറാങ്ഉടാനിലുമൊക്കെപ്പോലെ ആനകളിലും പ്രായവും പക്വതയുമേറിയ ആണുങ്ങളാണ് ചെറുപ്പക്കാരുടെ പെരുമാറ്റങ്ങൾ നിയന്ത്രിക്കുന്നത്. ആനകളിൽ ഇത് വളരെ സൂക്ഷ്മവും തന്ത്രപരവുമായിട്ടാണ് കൈകാര്യം ചെയ്യപ്പെടാറ്‌. ഗന്ധസൂചനകളാണ് മേഞ്ഞുനടക്കലിന്റേയും ചെറുപ്പക്കാരുടെ പെരുമാറ്റനിയന്ത്രണത്തിന്റേയും ചുക്കാൻ പിടിയ്ക്കുന്നത്. പരസ്പരസഹായത്തിന്റേയും മത്സരത്തിന്റേയും അധീശസ്വഭാവത്തിന്റേയും അംശങ്ങളുടെ ഇഷ്ടിക പാകിയാണ് ഇവ സമൂഹഘടന കെട്ടിപ്പടുക്കുന്നത്. ആനയെപ്പോലെ തലച്ചോർ വലിപ്പമുള്ള മൃഗങ്ങൾ അനുസ്യൂതം വ്യതിചലിച്ചുകൊണ്ടിരിക്കുന്ന സ്ഥല- കാല-ഗന്ധ വൃത്താന്തങ്ങൾ ചെറുനാളത്തേയ്ക്കോ നെടുനാളത്തേയ്ക്കോ ഓർമ്മയിൽ സൂക്ഷിച്ചു വയ്ക്കും. അമ്മമാരും ചിറ്റമാരും അമ്മായിമാരും ചേച്ചിമാരും ഒക്കെക്കൂടി സംരക്ഷിക്കപ്പെടുന്ന ചെറുസംഘങ്ങളാണ് ആനകളുടേത്. ആൺകുഞ്ഞാണെങ്കിൽ കൂടുതൽ നാൾ മുലയൂട്ടി പെൺകുട്ടികളേക്കാൾ വലുതാക്കും ഈ വാത്സല്യസിന്ധുരങ്ങൾ. താമസിയാതെ കൂട്ടം വിട്ട് കുറേശ്ശേ തനിയേ പുറത്തുപോയിത്തുടങ്ങും ഈ പയ്യന്മാർ. 12-15 വയസ്സാകുമ്പോൾ വീട്ടിലേക്ക് തിരിച്ചു വരുന്ന പ്രശ്നമേയില്ല ഈ കുട്ടിക്കൊമ്പന്മാർക്ക്. ചിലപ്പോൾ മൂന്നാലു ആണുങ്ങളുടെ സംഘത്തിൽ ചേർന്ന് ചുറ്റിത്തിരിയലായിരിക്കും ഇവരുടെ പ്രിയവിനോദം. പ്രായമായ കൊമ്പന്മാർ ഇവരെ ഗൌനിക്കാറേ ഇല്ല.  ഇങ്ങനെ ഗാഢവും ദൃഢവുമായ സമൂഹഘടന പെണ്ണാനകൾക്ക് ഉള്ളപ്പോൾ ശിഥിലവും അയഞ്ഞതുമായ ബന്ധങ്ങളാണ് ആണുങ്ങൾ തമ്മിൽ. ഇത്തരം വിവേചനവ്യവഹാരമുള്ള  പുരുഷസമൂഹത്തിലാണ് അനുക്രമമായതും വിവിധ തീവ്രതകൾ പേറുന്നതുമായ മദപ്പാട്  മറ്റൊരു മാനം കൊണ്ടു വരുന്നത്. പെരുമാറ്റവ്യവസ്ഥകൾ കർശനരൂപം കൈവരിയ്ക്കുകയാണ്. മറ്റു സസ്തനികളിൽ പുരുഷഹോർമോണുകൾ പ്രജനനാനുബന്ധിയായ പെരുമാറ്റവ്യവഹാരങ്ങളെ നിയന്ത്രിക്കുമ്പോൾ ആനകളിൽ കേന്ദ്രനാഡീവ്യൂഹത്തിന്റെ  (central nervous system) പങ്കാളിത്തവും കൂട്ടിച്ചേർക്കപ്പെടുന്നു. മദപ്പാടിലല്ലാത്ത സമയത്ത് മറ്റ് കൊച്ചന്മാരേയോ മദപ്പാടില്ലാത്ത ചെറുപ്പക്കരേയോ ഗൌനിക്കാറില്ല ഈ വല്യേട്ടന്മാർ.  മേച്ചിൽ സ്ഥലത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതോടൊപ്പം പല പെൺസംഘങ്ങളുമായി ചെങ്ങാത്തം കൂടാനും ശ്രമിക്കും മദയാനകൾ.

മദപ്പാട് എന്ന മൂർധന്യാവസ്ഥ

പെണ്ണുങ്ങൾക്കിടയ്ക്കും പെണ്ണാനസംഘങ്ങൾ തമ്മിലും കൊമ്പന്മാരായും ഉള്ള സാമൂഹികസ്വാധീനങ്ങൾ മണങ്ങളാണ്- മേൽ‌പ്പറഞ്ഞ വി എൻ ഓ എന്ന മറുഘ്രാണേന്ദ്രിയത്താലും മൂക്കിനുള്ളിലേയും തുമ്പിക്കയ്ക്ക് ഉള്ളിലേയും ഘ്രാണേന്ദ്രിയങ്ങളാലും മദ്ധ്യസ്തത വഹിക്കപ്പെട്ടവ. അങ്ങനെ പെരുമാറ്റവും രസതന്ത്രവും സമന്വിതമാക്കപ്പെട്ടാണ് ആനകളുടെ സമൂഹം വ്യാപരിക്കുന്നത്. ഗന്ധങ്ങൾ പ്രസരിപ്പിക്കപ്പെടുന്നതിന്റെ മൂർദ്ധന്യാവസ്ഥയാണ് മദപ്പാട്.

സ്പർശം കാഴ്ച, കേൾവി എന്നിവയേക്കാളേറേ ഗന്ധങ്ങളാണ് ആനസമൂഹത്തിലെ നിർണ്ണായക സംവേദനങൾ എന്നതിനുദാഹരണമാണ്  പെണ്ണാനകൾ തമ്മിലുള്ള പാരസ്പര്യനിർമ്മിതികൾ. ആർത്തവചക്രത്തിലേയും അണ്ഡരൂപീകരണസമയത്തിലേയും ഘട്ടങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടാണ് പെണ്ണാനക്കുടുംബശ്രീ പ്രവർത്തകർ അംഗങ്ങളുടെ സ്വാസ്ഥ്യം ഉറപ്പുവരുത്തുന്നത്. അണ്ഡരൂപീകരണം പൂർത്തിയാവുന്ന വേളയിൽ ഈ ചെക്കിങ് കൂടെക്കൂടെ ആകും. മൂത്രത്തിൽ നിന്നും യോനീതടത്തിൽ നിന്നും കിട്ടുന്ന അറിവുകൾ അതിസാധാരണമായ ഓർമ്മശക്തിയും ആയി യോജിക്കുമ്പോൾ ഒരു ഫെർടിലിറ്റി ലാബിലെ ടെസ്റ്റുകളും അവിടെ സൂക്ഷിക്കപ്പെടുന്ന റെക്കോർഡുകൾക്കും സമാന്തരാവസ്ഥയാണ് സൃഷ്ടിയ്ക്കപ്പെടുന്നത്. ആണുങ്ങൾക്ക് ഇത്തരം കുടുംബവ്യവസ്ഥകൾ ഇല്ലെങ്കിലും മൂത്രത്തിലേയും മദസ്രാവത്തിലേയും രാസവസ്തുക്കൾ ഓരോ കൊമ്പന്റേയും ചര്യകൾ  നിശ്ചിതപ്പെടുത്തുന്നു. പെൺ കുടുംബങ്ങളോട് ഒത്തു പോകേണ്ടത് ആര് ഏതൊക്കെ സമയത്ത്, മേച്ചിൽ സ്ഥലികളുടെ പരിധി എന്തൊക്കെ എന്നിങ്ങനെ സമൂഹത്തിലെ നടപ്പുരീതികൾ വ്യവസ്ഥപ്പെടുകയാണ് ഗന്ധസംഭാഷണങ്ങളിലൂടെ..

5

മദപ്പാടിന്റെ ഫിസിയോളജിമദപ്പാട്കാലത്തെ ശരീരശാസ്ത്രപരമായ സവിശേഷതകൾ പരിശോധിക്കാം..

ലൈംഗികമായി ഏറ്റവും ഉത്തേജിതമായ ഘട്ടമാണ് മദപ്പാട് എന്നതിൽ തർക്കമില്ല. മദഗ്രന്ഥിസ്രാവ (tempral gland secretion) മാണ് മദപ്പാടിന്റെ പ്രഥമ ലക്ഷണം.  വംശനാശം വന്ന, ഇന്നത്തെ ആനകളുടെ പിൻഗാമിയായ (Mammoth) മാമൊതിൽ അല്ലാതെ മറ്റ് ജീവികളിൽ മദഗ്രന്ഥി കാണാറില്ല. രൂപാന്തരം സംഭവിച്ച വിയർപ്പു ഗ്രന്ഥിയാണ് മദഗ്രന്ഥി. സ്വന്തമായി നിർമ്മിച്ചെടുക്കുന്നവയും രക്തത്തിൽ നിന്ന് അലിഞ്ഞു ചേരുന്നവയമായ രണ്ടു തരം രാസവസ്തുക്കളാണ് ടെമ്പൊറൽ ഗ്ലാൻഡ് സ്രവിയ്ക്കുന്നത്. പുരുഷഹോർമോണായ ടെസ്റ്റസ്റ്റെറോൺ അളവ് രക്തത്തിൽ അറുപതിരട്ടി വരെ ഉയരും, മദസ്രാവത്തിലും ഇത് പ്രത്യക്ഷപ്പെടും മദപ്പാടു സമയത്ത്. മൂന്നുഘട്ടങ്ങളാണു മദപ്പാടിനു. മൂന്ന് ആഴ്ചയോളമുള്ള ‘മുൻ മദം‘, ഒരു മാസത്തോളം മൂർദ്ധന്യമദം, ഒരുമാസത്തോളം പിൻമദം എന്നിങ്ങനെ. കാട്ടിൽ സ്വച്ഛന്ദം വിഹരിക്കുന്ന ആനയുടെ കാര്യമാണിത്. ബന്ധനത്തിലാക്കിയ നാ‍ട്ടാനകളുടെ മദം ഏറേ നാൾ നീണ്ടു നിന്നേയ്ക്കും. നാട്ടാനകൾക്ക് മഴക്കാലത്തോ  പകൽ വെളിച്ചം കുറഞ്ഞിരിക്കുന്ന തണുപ്പുകാലങ്ങളിലോ ആണ് മദം പൊട്ടാറ്‌. പ്രകാശസ്വാധീനമുള്ള പിറ്റുവിറ്ററി ഗ്രന്ഥിയുടെ വ്യത്യസ്തപ്രവർത്തനം കൊണ്ടാകാം ഇത് എന്ന്  ശാസ്ത്രനിഗമനം.

ഇരുപത് കഴിഞ്ഞ കൊമ്പന്മാരാണ് ലൈംഗികമായി പ്രായപൂർത്തിയായി അർത്ഥവത്തായ മദപ്പാട് തുടങ്ങുന്നത്. ഏകദേശം 16 മുതൽ 18 വയസ്സുവരെ വളരെ സൌമ്യമായ മദപ്പാടാണു പ്രത്യക്ഷപ്പെടുക. 22 വയസ്സിൽ രൂക്ഷമായ മദം ഉണ്ടായിത്തുടങ്ങും. പിന്നീട് കൂടതൽ പ്രായമാകുന്നതോടൊപ്പം വർഷം തോറും ചാക്രികമായി മദപ്പാട് പ്രത്യക്ഷപ്പെട്ടു തുടങ്ങും. 30-40 വയസ്സുകാലത്ത് മദപ്പാട് സാർവ്വത്രികമാണ്. ടീൻ ഏജ് കൊമ്പന്മാരുടെ മദജലത്തിനു മധുരഗന്ധമാണ്-ഏകദേശം തേനിന്റെ.  3-hexen-2-ol എന്ന ആൽകഹോൾ ചില സുഗന്ധിയായ ഇലകളുടെ മണം നൽകും. കൂടാതെ അസെറ്റോണുകൾ, നറുമണമുള്ള കീറ്റോണുകൾ (acetophenon, 2-heptanone എന്നിവ) ഒക്കെയാണ് ഈ കന്നി മദപ്പാടു പയ്യന്മാരുടെ മദഗ്രന്ഥിയിൽ നിന്നും സ്രവിക്കുന്നത്. വേദങ്ങളിലും സംസ്കൃതകാവ്യങ്ങളിലും മത്തഗജത്തിനു ചുറ്റും വണ്ടുകളും ശലഭങ്ങളും ചുറ്റിപ്പറക്കുന്നതായി ചിത്രീകരിച്ചിട്ടുള്ളതിന്റെ കാവ്യനീതി സമർത്ഥനമാണ് ആധുനിക ശാസ്ത്രം പ്രദാനം ചെയ്യുന്നത്.

‘യൌവനം വന്നുദിച്ചിട്ടും..” എന്നമട്ടിലുള്ള ഇവരുടെ മദകാലം ചെറുതാണ്, അവരുടെ പെരുമാറ്റം തോന്നിയവാസരീതിയിലുള്ളതും ക്രമം കെട്ടതുമാണ്.  പ്രായപൂർത്തിയായ കൊമ്പന്മാരുടെ മദസ്രാവം ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്- അതിരൂക്ഷഗന്ധമാണതിനു. രാസപരമായി തികച്ചും വേറിട്ട ഘടകപദാർത്ഥങ്ങളാണ് ഇതിൽ. ഇവർ സാമൂഹികമായും ലൈംഗികപരമായും നിപുണരും സമർത്ഥരുമാണ്.  ദീർഘകാലം നിലനിന്നേയ്ക്കാം ഇവരുടെ മദപ്പാട്. ഇതിലെ ഒരോ ദശയിലും വ്യത്യസ്ഥ ചേരുവയുള്ള മദജലമാണ് സ്രവിക്കപ്പെടുന്നത്. ഹോർമോണുകൾ, കൊഴുപ്പ് സംബന്ധിയായ തന്മാത്രകൾ, പ്രോട്ടീനുകൾ ഇവയുടെ ഒക്കെ അളവ് നിരന്തരമായി വ്യതിചലിച്ചുകൊണ്ടിരിക്കും മദപ്പാട് ഘട്ടങ്ങളിൽ.   ആനയുടെ മൊത്തം ചയാപചയ (metabolism) ത്തിൽ വൻ മാറ്റങ്ങളാ‍ണ് സംഭവിക്കുന്നത്. അധികമമായി പ്രോട്ടീൻ വിശ്ലേഷിക്കപ്പെടുന്നതിനാൽ പരിണതിയായി  പെന്റെയ്ൻ ഉൾപ്പെടെ  non-methane hydrocarbons, ഐസോപ്രീൻ, ബ്യൂടനോൻ ഇവയൊക്കെയാണ് ആദ്യം സ്രവിക്കപ്പെടുന്ന മദജലത്തിൽ കാണുക. മധുരഗ്രന്ഥവാഹികളായ  അസെറ്റേറ്റ് പോലുള്ള രാസവസ്തുക്കൾക്കു പകരം carboxylic acids പ്രത്യക്ഷപ്പെടും. എളുപ്പം ബാഷ്പീകരിക്കപ്പെടാവുന്ന ഫിനോളുകളും ഈ സ്രാവത്തിലുണ്ട്.  അസഹ്യമായ മണമാണ് നമുക്ക് അനുഭവപ്പെടുക. മദജലത്തിന്റെ അമ്ല-ക്ഷാര അളവു തോത് (pH) വളരെ കുറയും ഇതോടെ. നേരത്തെ പരാമർശിച്ച ഫ്രോണ്ടലിൻ സ്വൽ‌പ്പമായി  കണ്ടു തുടങ്ങും.  മദപ്പാട് മൂർച്ചിക്കുന്നതോടെ ഫ്രോണ്ടലിൻ അളവ് സാരമായി വർദ്ധിക്കും. ഫ്രോണ്ടലിന്റെ കാര്യത്തിൽ മിടുക്കരായ ബയോകെമിസ്റ്റുകളാണ് ആനകൾ എന്ന് തെളിയിക്കപ്പെടുകയാണ്. ഫ്രോണ്ടലിൻ ഘടനയും രൂപവുമനുസരിച്ച് രണ്ടു തരമുണ്ട്. ഒന്നിന്റെ കൃത്യമായ കണ്ണാടിപ്രതിബിംബരൂപമാണ് മറ്റതിനു. ഒന്നെ ‘പ്ലസ്’ എന്നും മറ്റതിനെ ‘മൈനസ്’ എന്നും വിളിയ്ക്കാം. ‘എനാൻഷ്യോമെർസ്’ (enantiomers) എന്നാണ് രസതന്ത്രജ്ഞർ ഈ പ്രതിഭാസത്തെ വിളിക്കാറ്‌. ചെറുപ്പക്കാരിൽ ‘പ്ലസ്’ രൂപമാണ് കാണപ്പെടുക. എന്നാൽ മൂപ്പെത്തുന്നതോടെ ഇതിന്റെ അളവിൽ മാറ്റം വരുന്നു. അനുസ്യൂതമായ അളവ് നിയന്ത്രണങ്ങളാൽ ‘മൈനസ്’ ഫ്രോണ്ടലിന്റെ അളവിൽ വർദ്ധനയുണ്ടാകും, രണ്ടിന്റേയും അളവ് 1:1 ആകുന്നതു വരെ. ‘പ്ലസ്’ ഫ്രോണ്ടലിനു മറ്റു ആനകളിൽ സ്വാധീനമധികമില്ല. എന്നാൽ രണ്ടും പകുതിപ്പകുതി ആയി മദസ്രാവത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ മറ്റ് ആണുങ്ങളെ വെറുപ്പ്-വികർഷണങ്ങളാൽ മാറിപ്പോകാൻ പ്രേരിപ്പിക്കുകയും സ്ത്രീകളെ ആകർഷിക്കുകയും ചെയ്യും.

ഈ സമയത്ത് ആനയുടെ പെരുമാറ്റങ്ങളിൽ സാരമായ മാറ്റങ്ങൾ കണ്ടു തുടങ്ങും. തന്റേടവും കൂസലില്ലായ്മയും  ഒരു റൌഡി പ്രതിച്ഛായ നൽകുമെങ്കിലും ഋതുമതികളുടെ അടുത്ത് പ്രേമമസൃണനാണ് അവൻ. കീറ്റോൺ, സൈക്ലോഹെക്ഷനോൺ തുടങ്ങിയവയാണ് ഇതിനു ഉത്തരവാദികൾ.  പുരുഷഹോർമോണായ ടെസ്റ്റസ്റ്റെറോൺ  മദസ്രാവത്തിൽ  60-70 മടങ്ങ് കൂടിയിരിക്കും. 22 മുതൽ 35 വയസ്സുവരെ ഉള്ള ആനകളിലാണ് ഈ വ്യത്യാസം കാര്യമായി കാണുക. അനുബന്ധ ഹോർമോണായ ഡൈഹൈഡ്രോടെസ്റ്റസ്റ്റിറോണും കൂടിയ അളവിൽ മദസ്രാവത്തിൽ കാണപ്പെടും. ഈ രണ്ട് ഹോർമോണുകളും രക്തത്തിലെ അളവിനേക്കാൾ കൂടുതൽ മദസ്രാവത്തിലാണു കാണുക. തന്മാത്രാതൂക്കം (molecular weight) കൂടുതലുള്ള പ്രോടീൻ, കൊഴുപ്പ് എന്നിവയെല്ലാം മദസ്രാവത്തിലുണ്ടെങ്കിലും ദീർഘനാളത്തേയ്ക്കുള്ള ദൌത്യങ്ങളൊന്നും ഇവ പേറുന്നില്ല.

മദപ്പാട് മൂർഛിക്കുന്നതോടെ ഫ്രോണ്ടലിൻ ഉൾപ്പടെയുള്ള സന്ദേശവാഹികളുടെ അളവ് കൂടുന്നതിനോടൊപ്പം പെരുമാറ്റത്തിൽ സാരമായ വ്യതിചലനമുണ്ടാകുന്നു. കൊഴുപ്പു (lipids)കളുടെ ചയാപചയത്തിൽ വരുന്ന മാറ്റങ്ങളാൽ അസെറ്റോണും കീറ്റോണുകളും മദസ്രാവത്തിൽ കാണപ്പെടും. ഇവ മൂത്രത്തിലും പ്രത്യക്ഷപ്പെടും. അസെറ്റോണിന്റെ കൂടിയ അളവ് ഒരേ സമയത്താണ് രക്തത്തിലും മദസ്രാവത്തിലും മൂത്രത്തിലും പ്രത്യക്ഷപ്പെടുന്നത്. മൂത്രം ഇറ്റിയ്ക്കൽ മദപ്പാടിന്റെ രണ്ടാം ഘട്ടത്തിലാണ് തുടങ്ങുക. ചെറിയ കീറ്റോൻ തന്മാത്രകൾ തൽക്കാലത്തേക്കുള്ള സന്ദേശങ്ങളാണ് വഹിയ്ക്കുന്നതെങ്കിൽ ചാക്രിക രൂപ കീറ്റോൺ (cyclic keton), സൈക്ലോപെന്റനോൺ, ഫ്രോണ്ടലിൻ എന്നിവയൊക്കെ ദീർഘകാലസന്ദേശങ്ങളാണ് വിളംബരം ചെയ്യുന്നത്.  മദപ്പാടു സമയത്ത് സ്വന്തം മൂത്രം  വി എൻ ഓ എന്ന മറുഘ്രാണേന്ദ്രിയത്തിൽ തുമ്പിക്കയ്യുടെ അഗ്രം കൊണ്ട് എത്തിച്ച് സ്വന്തം തലച്ചോറിലേക്ക് പുതിയ സന്ദേശങ്ങൾ അയയ്ക്കുയും അതിനനുസരിച്ച് ഹോർമോണുകളുടെയേയൊ ഫെറൊമോണുകളുടെയോ അളവിൽ മാറ്റങ്ങൾ ഉണ്ടാക്കുകയോ ചെയ്യും. ഇറ്റിച്ച മൂത്രത്തിലെ രാസവസ്തുക്കൾ നിലത്തും  പുല്ലിലുമൊക്കെ തങ്ങി നിൽക്കുമെന്നുള്ളതിനാൽ പെണ്ണാനകൾക്ക് രതിസന്നദ്ധനായവനെ പിൻ തുടരാനോ അന്വേഷിക്കാനോ സാവകാശം കിട്ടുന്നു. മറ്റൊരു അസാദ്ധ്യമായ ട്രിക്കും മൂത്രസന്ദേശത്തെ ത്വരിതപ്പെടുത്തുകയോ മാറ്റി മറിക്കുകയോ ചെയ്യും. ഇറ്റിച്ച മൂത്രത്തിലെ ചില ഫാറ്റി ആസിഡുകളിന്മേൽ ചില ബാക്റ്റീരിയകൾ പ്രവർത്തിച്ച്  കീറ്റോണുകളും ആൽക്കഹോളുകളും ആയി മാറ്റി അവയുടെ അളവ് കൂട്ടിക്കൊണ്ടിരിക്കും. പ്രോടീനുകളിന്മേൽ പ്രവർത്തിച്ച് ഗന്ധവാദികളായ് രാസവസ്തുക്കളും ഇവ ഉണ്ടാക്കിയെടുക്കും. ഇട്ടുവച്ചപോയ രാസവസ്തുക്കളെ സന്ദേശങ്ങളായി ബാക്റ്റീരിയ മാറ്റിയെടുക്കുമെന്ന മുന്നറിവ് ജന്മവാസനയായുള്ള ആനകളുടെ അതിബുദ്ധിയെ ശ്ലാഖിച്ചേ മതിയാവൂ.

ആനകളുടെ വിനിമയങ്ങളിൽ ഉച്ഛ്വാസവായു ഒരു പങ്ക് വഹിക്കുന്നുണ്ട്. മറ്റൊരാനയുടെ വായിൽ തുമ്പിക്കൈ വച്ചുകൊടുത്ത് കാറ്റൂതുന്നത് അവരുടെ സംഭാഷണപ്രക്രിയയാണ് ചുടുനിശ്വാസങ്ങളാൽ കരളിൻ മോഹങ്ങൾ കൈമാറുന്നത്തും മദസമയത്തെ പ്രവർത്തിയാണ്. മദസ്രാവവും മൂത്രവും പല കാലയളവിലുള്ള സിഗ്നലുകൾ  പുറപ്പെടുവിക്കുകയാണെങ്കിൽ ഈ പ്രണയനിശ്വാസങ്ങൾ ക്ഷണികങ്ങളാണ്. കാറ്റിൽ അലിഞ്ഞ് പെട്ടെന്ന് ഇല്ലാതാവുന്നവ. രക്തത്തിൽ നിന്നും ശ്വാസകോശം വഴി എത്തുന്ന വിവിധതരം സന്ദേശവസ്തുക്കൾ ഈ നിശ്വാസത്തിലുണ്ട്. മദപ്പാട് സമയത്ത് അസെറ്റോണും 2-ബ്യൂടനോണുമാണ് ഇവയിൽ പ്രധാനമായും കാണുന്നത്. കാമകേളി സമയത്ത് പ്രണയമന്ത്രങ്ങൾ കൈമാറാനൊരു വഴിയാണിത്.

തലച്ചോറിലെ പ്രജനനനിയന്ത്രണകേന്ദ്രങ്ങളായ ഹൈപോതലാമസും പിറ്റ്യു റ്ററി ഗ്രന്ഥിയും മദപ്പാടിന്റെ ശരീരധർമ്മശാസ്ത്രത്തിൽ പ്രധാനമാണ്.  അഡ്രീനൽ ഗ്രന്ഥിയ്ക്കും കുറഞ്ഞ തോതിൽ ടെസ്റ്റെസ്റ്റിറോൺ പുറപ്പെടുവിക്കാൻ സാധിയ്ക്കും.  നല്ല ആഹരമൊ അധികതമമായ പോഷകാഹരങ്ങളോ അഡ്രീനലിനെ ഉദ്ദീപിപ്പിച്ച് കോർടിസോൾ എന്ന ഹോർമോൺ ഉളവാക്കും, ഇതിനോടൊപ്പം പുരുഷഹോർമോണും സ്രവിക്കപ്പെടും. ഇപ്രകാരം അഡ്രീനൽ ഗ്രന്ഥി മദപ്പാടിന്റെ പ്രകാശനത്തിനു ദ്വിതീയമായ ഒരു ധർമ്മവും പ്രദാനം ചെയ്യുന്നു.

മദപ്പാട് എന്നു വച്ചാൽ സ്ഥിരപരിചിതനായ ആനക്കാരനെ കുത്തിക്കൊല്ലുന്ന സ്വഭാവദൂഷ്യം അല്ല

മദപ്പാട് എന്നു വച്ചാൽ സ്ഥിരപരിചിതനായ ആനക്കാരനെ കുത്തിക്കൊല്ലുന്ന സ്വഭാവദൂഷ്യം  എന്നൊരു ധാരണയാണ് നമുക്ക്. പുരുഷഹോർമോണുകളുടെ ആധിക്യം മൂലം സത്യമായും അതിബലവാനും ആക്രമണസ്വഭാവമേറുന്നവനുമാണ്  മദയാന. പരിണാമസിദ്ധാന്തത്തിലെ   ഒരേടിന്റെ വിജൃംഭണം മാത്രമാണിത് “ലൈംഗികപ്രവരണം’ ( sexual selection)  അനുകൂലിക്കുന്നത് ഏറ്റവും ശക്തിമാനും ആരോഗ്യവാനും ആയവനു പെണ്ണിനെ കിട്ടുന്നതിനെ ആണ്. എതിരില്ലാതെ വാഴിക്കപ്പെടുന്ന കൊമ്പനെയാണ് ഈ വനനീതി യോഗ്യവരനായി തെരഞ്ഞെടുക്കുന്നത്. പ്രായഭേദമെന്യേ മറ്റ് കാമുകരെ  തുരത്താൻ സമർത്ഥനും പ്രവീണനും ആയിരിക്കണം അവൻ. മേൽ വിവരിച്ച മദസന്ദേശങ്ങളാൽ അവൻ ഇതൊക്കെ പ്രദേശമാകെ അറിയിച്ചിരിക്കുന്നതിനാൽ കാട്ടിൽ അങ്ങനെ കൊലപാതകങ്ങളൊന്നും നടക്കാറില്ല.  ഫ്രോണ്ടലിൻ മണമടിച്ച് മോഹമുഗ്ദ്ധകളായ ഗജിനികൾ അതിന്റെ ഉറവിടമായ താലീപീലിക്കാട്ടിനുള്ളിലെ കായാമ്പൂവർണ്ണനെ തേടുമ്പോൾ മറ്റ് ആനകൾക്ക് നാണം കെട്ട് പിന്മാറുകയേ നിവൃത്തിയുള്ളു. ഒരു പ്രദേശത്ത് ഒരു സമയത്ത് ഒരാന മാത്രമേ മദപ്പാടിലേക്ക് പ്രവേശിക്കാറുള്ളു. ഉന്മത്തമായ അടിപിടികളൊക്കെ അങ്ങനെ ഒഴിവാക്കപ്പെടുന്നു. ഒരു പ്രദേശത്തെ അധിപൻ മിക്കപ്പോഴും പ്രായം കൊണ്ടും വലിപ്പം കൊണ്ടും മുന്തിയവൻ ആയിരിക്കുമെങ്കിലും മറ്റ് ഏവനെങ്കിലും മദം പൊട്ടിയാൽ ഈ തെരഞ്ഞെടുപ്പ് രീതികളൊക്കെ കാറ്റിൽ പറന്ന് മദയാന മാത്രമാകും തൽക്കാലമുഖ്യമന്ത്രി. കൂടുതൽ കാമിനിമാരെ തെരഞ്ഞും ആഹാരങ്ങളിൽ വൈവിദ്ധ്യം തേടിയും കൂടുതൽ പ്രദേശങ്ങളിലേക്ക് മേച്ചിൽ വ്യാപിപ്പിക്കാറുണ്ട് മദപ്പാടിലുള്ള ആന. അഭീഷണമായ തലയെടുപ്പ് അവന്റെ മുഖമുദ്രയാണ്. ചെവിയാട്ടാതെ സ്വൽ‌പ്പം ഉലഞ്ഞുകൊണ്ടുള്ള നടത്തം തന്നെ ഭീതിദമാണ്.. മദഗ്രന്ഥി കൂടുതൽ വീർത്തുവന്നാൽ അത് കണ്ണിനേയും ചുറ്റുമുള്ള മാംസപേശിയേയും തിക്കി ഞെരുക്കി വേദനിപ്പിക്കാൻ സാദ്ധ്യതയുണ്ട്. നിലത്ത് കൊമ്പു കുത്തിയോ മണ്ണിളക്കിയോ ഈ സമ്മർദ്ദം കുറയ്ക്കാൻ ശ്രമിക്കാറുണ്ട്  മദയാന.

ശ്രീലങ്കയിലെ മിന്നേരിയ നാഷണൽ പാർക്കിൽ പ്രായപൂർത്തിയായ ആൺ ഏഷ്യൻ ആന മദപ്പാടിൽ ചുറ്റും പെണ്ണാനകൾ
കടപ്പാട് : C. LaDue.
6

എന്തിനു മദപ്പാട്?എന്താണ് മദപ്പാടിന്റെ ജീവശാസ്ത്രപരമായ ധർമ്മം

വീര്യവാനായ പുരുഷനുമൊത്ത് പ്രജനനസാദ്ധ്യത വർദ്ധിപ്പിക്കുക തന്നെ മദപ്പാടിന്റെ ധർമ്മം. പെണ്ണാനകൾ ഗർഭധാരണയുക്തകളായിരിക്കുന്ന സമയത്താണ് സാധാരണ ആ പ്രദേശത്ത് ഒരുത്തൻ മദപ്പാട് പ്രഖ്യാപിക്കുന്നത്. പ്രജനനം അനുകൂലതമം ആക്കുക എന്നതും ഒരു ലാക്ക് ആണ്. ആൺ-പെൺ പാരസ്പര്യത്താലാണ് ഇത് സാദ്ധ്യമാകാറ്. മദയാനയുടെ മൂത്രവും സാധാരണ മൂത്രവും ആയുള്ള പെണ്ണാനയുടെ പ്രതിക്രിയ അവളുടെ അണ്ഡരൂപീകരണഘട്ടം അനുസരിച്ച് ഏറിയൊ കുറഞ്ഞോ ഇരിക്കും.  മദയാനമൂത്രത്തെ സശ്രദ്ധം കൈകാര്യം ചെയ്യും അവൾ. അണ്ഡരൂപീകരണം പൂർത്തിയാകാറായ ഋതുകന്യകകൾ ആവർത്തിച്ച് മദമൂത്രം  മറുഘ്രാണെന്ദ്രിയം ഉപയോഗിച്ച് “സ്വാദു നോക്കും”. ഈ പ്രതിക്രിയ മൂത്രം ഇറ്റിച്ച മദയാനയുടെ രക്തത്തിലെ റ്റെസ്റ്റെസ്റ്റെറോൺ അളവുമായി സകാരാത്മകമായി ബന്ധപ്പെട്ടിരിക്കും. എന്റെ സ്വപ്നത്തിൻ ഏഴുനിലവീട്ടിൽ കഞ്ജബാണന്റെ കളിത്തോഴൻ വന്നു കയറിയെന്ന് അവൾ പ്രഖ്യാപിക്കുന്നത് നീണ്ടു നിവർന്നു നിൽക്കുന്നതിലൂടെയും പ്രത്യേകവിന്യാസത്തിൽ വാലാട്ടുന്നതിലൂടെയും സ്വൽ‌പ്പം മൂത്രം ഇറ്റിച്ച് മറുസന്ദേശം നൽകുന്നതിലൂടെയുമാണ്. വളരെ താഴ്ന്ന തരംഗദൈർഘ്യത്തിലുള്ള ശബ്ദവീചികൾ പുറപ്പെടുവിച്ച് മദയാന തന്റെ സാന്നിദ്ധ്യമറിയിക്കൊമ്പോൾ  പെൺകുടുംബത്തിലെ അമ്മ-ചിറ്റ- ചേച്ചി-അമ്മായിമാർ അതിനു മറുപടിയായി ഒരു കോറസ്സു തന്നെയാണ്  മറുപടിയായി നൽകുക.  മൈഥുനത്തിനു ശേഷം പെണ്ണ്  30 മിനിറ്റോളം നീളുന്ന, പരമ്പരയായി ബഹിർഗ്ഗമിക്കുന്ന ചിന്നം വിളി പാസാക്കി തന്റെ ഗർഭധാരണവൃത്താന്തം  അത്യുത്സാഹത്തോടെ കാടാകെ അറിയിക്കാറുണ്ട്. അമ്മ-ചേച്ചി-അമ്മായിമാർ ഈ സന്തോഷത്താൽ ഉന്മാദം പൂണ്ട് നിയന്ത്രണം വിട്ട് തിരുവാതിര കളിച്ച് ഒരുമാതിരി സംഭ്രമാവസ്ഥ സൃഷ്ടിക്കും. ശരിക്കും ഒരാഘോഷം അവർക്ക്.

ഗർഭധാരണത്തിനു തയാറായ പെൺകൊടികൾക്ക് അനുയോജ്യ വരനെ ലഭിക്കുമെന്ന് ഉറപ്പുനൽകുന്ന യന്ത്രഘടനയുമാണ് മദപ്പാട്. മദപ്പാടില്ലത്തവൻ എത്ര മിടുക്കനാണെങ്കിലും 10% കുട്ടികളുടെ മാത്രമേ അച്ഛനാകാറുള്ളു. സങ്കീർണ്ണമായ ഘ്രാണശക്തി അതിന്റെ ഉച്ചകോടിയിൽ നിൽക്കുന്ന സമയമായതിനാൽ മറ്റു ചില കുടുംബപരമായ നിയമങ്ങളും മദസമയത്ത് പാലിക്കപ്പെടാൻ വഴിയൊരുങ്ങുന്നു.

ഗന്ധത്തെക്കുറിച്ചുള്ള ഓർമ്മകൾ നെടുനാളത്തേയ്ക്ക് കൊണ്ടുനടക്കുമെന്ന് നേരത്തെ പ്രസ്താവിച്ചല്ലോ. കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള ഈ ഓർമ്മയുടെ നാൾ വഴിപ്പുസ്തകത്തിൽ എല്ലാ ബന്ധുക്കളുടേയും വിവരങ്ങൾ ഉണ്ടായിരിക്കും. ഈ അറിവ് അടിസ്ഥാനമാക്കി സ്വന്തം കുടുംബത്തിലെ സ്ത്രീകളുമായി  സംസർഗ്ഗം ഒഴിവാക്കും ഈ മര്യാദാപുരുഷോത്തമന്മാർ. ജനിതകപരമായി നാശകാരിയായ inbreeding ഒഴിവാക്കപ്പെടുകയാണ് ഇപ്രകാരം.  പ്രായപക്വതയെ വെല്ലുവിളിച്ച് മദം പൊട്ടുമ്പോൾ ചെറുപ്പക്കാർക്കും അച്ഛനാകാനുള്ള  അവസരം ലഭിയ്ക്കുകയാണ്. ഇതുമൂലം സന്തതി വൈവിദ്ധ്യം വന്നു ഭവിക്കുകയാണ്.  അധികതമമായ രാസസംവേദനത്താലും  വിപുലീകരിച്ചതും വർദ്ധമാനമായതുമായ ഇണചേരൽ പ്രക്രിയകളാലും മദം പൊട്ടൽ പ്രജനനതന്ത്രങ്ങളിൽ നിർണ്ണായക പങ്ക് വഹിക്കുകയാണ്. പ്രത്യുൽ‌പ്പാദനത്തിന്റെ കൃത്യതകൾ സൂക്ഷ്മവും സങ്കീർണ്ണവുമായി നടപ്പിലാക്കുന്നതിനാൽ വിസ്തൃതമായ  സാമൂഹികധർമ്മങ്ങൾ മദപ്പാട്  എന്ന പ്രതിഭാസം പേറുന്നു.

7

മദപ്പാടിനു ‘ചികിത്സ‘യോ?പട്ടിണിക്കിട്ടും മരുന്നുകൾ കുത്തിവച്ചും ചെയ്യുന്നത് ചികിത്സയല്ല പീഠനമാണ്

ഈ സ്വാഭാവികശരീരശാസ്ത്ര ധർമ്മത്തെ മനുഷ്യൻ അവന്റെ സ്വാർത്ഥതാൽ‌പ്പര്യങ്ങൾക്കനുസരിച്ച് നിർവ്വചിക്കുകയാണ്. ക്രൂരമായി മർദ്ദിച്ചും പട്ടിണിക്കിട്ടും മരുന്നുകൾ കുത്തിവച്ചും ഈ “അസുഖ’ത്തിൽ നിന്നും മാറ്റിയെടുക്കേണ്ടത് പിറ്റേന്ന് എഴുന്നെള്ളിക്കാനോ തടി പിടിയ്ക്കാനോ സർക്കസ് റിംഗിലോ കാഴ്ചബംഗ്ലാവിലോ അഭ്യാസ/തമാശക്കളികൾ കാട്ടി രസിപ്പിക്കാനൊ നമുക്ക് തിടുക്കമുള്ളതുകൊണ്ടാണ്. മദപ്പാടിന്റെ എല്ലാ സാഹചര്യങ്ങളിൽ നിന്നും ഒറ്റപ്പെടുത്തിയവന്റെ പരിഭ്രാന്തി മനസ്സിലാക്കാൻ ആനപ്രേമികളെന്നു നടിയ്ക്കുന്ന നമുക്ക് തെല്ലും താൽ‌പ്പര്യമില്ല. മദപ്പാടില്ലാത്തപ്പോഴും ഇണചേരാറുണ്ടെന്നതിനാൽ തികച്ചും ‘അനാവശ്യ‘മായ ഈ ‘ഭീകര അസുഖ‘ത്തെ അതേ ഭീകരതയിൽ തന്നെ നേരിടുക.. അനുസരണ കാട്ടുന്നത് നേരത്തെ മെരുക്കുന്ന സമയത്തെ കൊടും വേദനകളെക്കുറിച്ചുള്ള വിശദമായ ഓർമ്മകൾ ഉണ്ടായിരിക്കുന്നതു കൊണ്ടു മാത്രമാണ്. മദപ്പാട് സമയത്ത് രതിജന്യവും കാമസംബന്ധിയുമായ വ്യാപാരങ്ങളാണ് അവന്റെ മനസ്സു നിറയെ. പണ്ടത്തെ വേദനകൾ പോലും മറക്കാൻ പ്രാപ്തമായവ. അതുകൊണ്ട് അവനെ മര്യാ‍ദയില്ലാത്തവനെന്ന് വിളിച്ച് ആക്ഷേപിക്കുകയും ശിക്ഷിക്കുകയുമാണ് ക്രൂരർ മനുഷ്യർ.  മേഞ്ഞുനടന്ന് മദസ്രാവം ഉരച്ചുകളയാൻ അവനു ചുറ്റിനും മരങ്ങളില്ല. അത് വായിലെത്തി അണ്ണാക്കിലെ മറുഘ്രാണെന്ദ്രിയത്തിൽ എത്തുമ്പോൾ അവന്റെ തലച്ചോറിലേക്ക് ആയിരം അനാവശ്യസന്ദേശങ്ങളാണ് എത്തുന്നത്. ഇത് താങ്ങാനാവതെ അവൻ ഭ്രാന്തുപിടിച്ച മട്ടാവുകയാണ്. അവന്റെ പ്രേയസിക്കു മാത്രം കേൾക്കാവുന്ന തരംഗദൈർഘ്യ സന്ദേശം എങ്ങുമെത്താതെ അലയുന്നു. അതിനു മറുപടിയായിട്ട്  ഒരു നിശ്വാസമോ നിസ്വനമോ പോലുമില്ല. ഇറ്റിയ്ക്കുന്ന മൂത്രം വഴിയുള്ള സന്ദേശങ്ങൾ പാഴിലാകുന്നു.  കൂടുതൽ അലഞ്ഞുനടന്ന് പോഷകാഹാരങ്ങൾ അധികം ചെലുത്തേണ്ട അവൻ പട്ടിണിയിലാണ്. ഒരു സമൂഹത്തിലെ അംഗങ്ങൾ തമ്മിലുള്ള പരസ്പരധാരണകളുടെയും ആദരവിന്റേയും പശ്ചാത്തലത്തിൽ വിസ്തൃതമായ സ്ഥലികളിൽ സംജാതമാകുന്ന ഫിസിയോളജി ദൃഢചങ്ങലബന്ധനത്തിനുള്ളിൽ  സാദ്ധ്യമേ അല്ല.   അതുകഴിഞ്ഞാലോ “സുഖചികിത്സ“ എന്ന ആനമണ്ടത്തരം (?) വഴി ആനകൾക്ക് ഒരിക്കലും കൊടുക്കാൻ പാടില്ലാത്ത ആഹാരപദാർത്ഥങ്ങൾ അവന്റെ വയറു നിറയ്ക്കുകയായി. പാകം ചെയ്തതൊ സംസ്കരിച്ചതോ പരിവർത്തനം ചെയ്യപ്പെട്ടതോ ആയ ആഹാരത്തിനു വേണ്ടിയല്ല അവന്റെ വായും പല്ലും ദഹന വ്യവസ്ഥയും രൂപീകരിച്ചിട്ടുള്ളത്. ആനകളുടെ ഇഷ്ടഭോജനമെന്ന് കരുതപ്പെടുന്ന, അവർക്ക് എന്നും കൊടുത്തുകൊണ്ടിരിക്കുന്ന പനമ്പട്ട അവരുടെ ആഹാരമേ അല്ല.  പരുപരുപ്പുള്ള പുല്ലും മുളങ്കൂമ്പും ചില്ലകളിലെ ഇലകളും മരത്തിന്റെ പുറമ്പട്ടയുമൊക്കെ തിന്നാനും ദഹിക്കാനുമുള്ള പല്ലും ആമാശയവും കുടലും അങ്ങ് പൊക്കത്തിൽ, ഒരിക്കലും എത്തിപ്പിടിയ്ക്കാനാവാതെ പന്തലിക്കുന്ന പനയോലയുമായി സമരസപ്പെടാൻ പണിപ്പെടുകയാണ്. ശുദ്ധവെജിറ്റേറിയനായ ആനയെ ഒരിക്കലും തീറ്റരുതാത്ത നെയ്യ് ഒക്കെയാണ് സുഖചികിത്സാസമയത്ത് അവന്റെ ലോലമായ കുടലിൽ എത്തുന്നത്. ഫിസിയോളജി തകിടം മറിയ്ക്കുകയാണ്.

കഴുത്തിൽ ഒരു ലോഹക്കഷണം കെട്ടിത്തൂക്കിയാലോ ഗജരാജപട്ടം നേടിയാ‍ലോ സന്തോഷിക്കുന്ന ഒരു ഹൃദയമാണ് ആനകൾക്കുള്ളതെന്ന വിഡ്ഢിത്തരം ഉദ്ഘോഷിക്കുന്ന ആനപ്രേമിനായകരുടെ ഇടയ്ക്ക് ബന്ധിക്കപ്പെട്ടുപോയതാണ് നമ്മുടെ ആനകളുടെ ദുരന്തം.


അധികവായനയ്ക്ക് :

  1. Riddle H., David R., Greenwood D. R. and Rasmussen L. E. L. The shifting chemical signals of Musth. Gajah 24: 39-44, 2006
  2. Sukumar, R. The Living Elephants-Evolutionary Ecology, Behavior and Concervation” Oxford University Press, 478p, 2003
  3. Fernando P. and Lande R. Molecular genetic and behavioural analysis of social organization in the Asian elephant (Elephas maximus). Behaviour Ecology and Sociobiology 48: 84-91, 2000
  4. Rasmussen L. E. L. , Krishnamurthy V. and Sukumar R. Behavioural and chemical confirmation of the preovulatory pheromone, (Z)-7-dodecenyl acetate, in wild Asian elephants: its relationship to musth. Behaviour 142: 351-396, 2005
  5. Rasmussen L.E. L and Krishnamurthy V. How chemical signals integrate Asian elephant society: The known and the unknown. Zoo Biology 19: 405-423, 2000
  6. Rasmussen, L. E. L and Greenwood D. R. Frontalin: a chemical message of  musth in Asian elephants (Elephas maximus)   Chemical Senses 28: 433-446, 2003
  7. Greenwood D. R., Comeskey D., Hunt, M. and Rasmussen L. E. L. Chirality in elephant pheromones. Nature 438: 1097-1098, 2005
  8. Goodwin T. E., Broederdorf L. J., Burket B. A., Hirwa I. H., Mark D. B. Waldrip Z. J., Kopper R. J., Sutherland M. V., Freeman E. W.,  Hollister-Smith J. A., Schulte B. A.  Chemical signals of elephant musth: temporal aspects of microbially- mediated modifications.  Journal of Chemical Ecology 38: 81-87, 2012
  9. Hollister-Smith, J. A., Alberts, S. C., Rasmussen L. E. L.  Do female African elephants, Loxodonta africana, signal musth via urine dribbling?  Animal Behaviour 76: 1829-1841, 2008
  10. Ananth, D. Musth in elephants. Zoos’ Print Journal 15: 259-262, 2000
0
ഈ ലേഖനം ഇതുവരെ വായിച്ചവർ
Happy
Happy
13 %
Sad
Sad
22 %
Excited
Excited
22 %
Sleepy
Sleepy
0 %
Angry
Angry
4 %
Surprise
Surprise
39 %

Leave a Reply

Previous post തിരുവാതിര ‘സുഖം പ്രാപിക്കുന്നു’!
Next post ബോംബാർഡിയർ വണ്ടിന്റെ പ്രതിരോധതന്ത്രം
Close