Read Time:3 Minute

നതാഷ ജെറി

നമ്മളെല്ലാവരും മഴവില്ല് കണ്ടിട്ടുണ്ടാകും. എന്നാൽ രാത്രി ആരെങ്കിലും മഴവില്ല് കണ്ടിട്ടുണ്ടോ? രാത്രിയും മഴവില്ല് ഉണ്ടാകാറുണ്ട്. മൂൺബോ (moonbow) എന്നാണ് ഇതിന്റെ പേര്. മഴവില്ല് ഉണ്ടാകുന്നതിന്റെ അതേ കാരണത്താൽ തന്നെയാണ് മൂൺബോയും ഉണ്ടാകുന്നത്. അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന വെള്ളത്തുള്ളികളിലൂടെ പ്രകാശം കടന്നു പോകുമ്പോൾ പ്രകാശരശ്മികൾക്ക് refraction സംഭവിക്കുകയും തൽഫലമായി മഴവില്ലുണ്ടാകുകയും ചെയ്യുന്നു എന്ന് നമ്മളെല്ലാം സ്‌കൂളിൽ പഠിച്ചിട്ടുണ്ടല്ലോ. അതേ പോലെ തന്നെ നിലാവെളിച്ചം വെള്ളത്തുള്ളികളിലൂടെ കടന്നു പോകുമ്പോഴാണ് മൂൺബോ ഉണ്ടാകുന്നത്.

മഴവില്ലും മൂൺബോയും തമ്മിലുള്ള പ്രധാന വ്യത്യാസം മൂൺബോയിൽ നിറങ്ങൾ വളരെ മങ്ങിയാണ് കാണപ്പെടുക എന്നതാണ്. സൂര്യപ്രകാശത്തേക്കാൾ ശക്തി കുറഞ്ഞ വെളിച്ചമാണ് നിലാവിന് എന്നതുകൊണ്ടാണ് മൂൺബോയ്ക്ക് നിറമില്ലാത്തത്. ഏറെക്കുറെ വെള്ള നിറത്തിലാണ് ഇത് നമുക്ക് കാണാനാവുക. എന്നാൽ long exposure ഫോട്ടോ എടുത്താൽ മൂൺബോയുടെ നിറങ്ങൾ വ്യക്തമായി കാണാനാകും. ചന്ദ്രൻ ഉദിക്കുന്ന സമയത്തും അസ്തമിക്കുന്ന സമയത്തുമാണ് മൂൺബോ ഉണ്ടാകാറുള്ളത്. മൂൺബോ ഉണ്ടാകാൻ തെളിഞ്ഞ ആകാശവും കൂടിയ അന്തരീക്ഷ ആർദ്രതയും ആവശ്യമാണ്. അതുപോലെ തന്നെ പൂർണചന്ദ്രനാണ് പ്രകാശം കൂടുതലെന്നതിനാൽ വെളുത്തവാവിന്റെ ദിവസങ്ങളിലാണ് മൂൺബോ ഉണ്ടാകാൻ സാധ്യത കൂടുതൽ.

വെള്ളച്ചാട്ടത്തിന്റെ അടുത്തും മറ്റും spray rainbow എന്നറിയപ്പെടുന്ന മഴവില്ലുകൾ ഉണ്ടാകുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ഇതേപോലെ ഇത്തരം സ്ഥലങ്ങളിൽ നല്ല നിലാവുള്ളപ്പോൾ മൂൺബോ ഉണ്ടാകാറുണ്ട്. നമ്മുടെ നാട്ടിൽ അതിരപ്പള്ളി വാഴച്ചാൽ വെള്ളച്ചാട്ടത്തിലൊക്കെ വെളുത്തവാവിന്റെ ദിവസം വെളുക്കാറാകുമ്പോൾ മൂൺബോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മൂൺബോയ്ക്ക് മലയാളം പേരുള്ളതായി അറിവില്ല. മലയാളത്തിൽ ഇതിനു എന്ത് പേരിടും?

നതാഷ ജെറി Atmospheric Physics ഗവേഷകയാണ്. #JoinScienceChain ൽ പങ്കെടുത്ത് എഴുതുന്ന പരമ്പരയിൽ നിന്ന്