Read Time:17 Minute

ഊത്തയിളക്കം

മത്സ്യക്കുരുതിയുടെ സീസൺ ! 

നമുക്ക് ഊത്തപിടുത്തത്തിൽ (ഏറ്റുമീൻപിടുത്തം) നിന്നും വിട്ടുനിൽക്കാം.. ശുദ്ധജല മത്സ്യങ്ങൾക്ക് കാവലാളാകാം

ജീവിവർഗങ്ങൾ അതിജീവനത്തിനായി നടത്തുന്ന അത്ഭുതാവഹമായ പ്രതിഭാസമാണ് ദേശാടനം (Migration). ഋതുഭേദങ്ങൾ, ഭക്ഷണത്തിൻറെ ലഭ്യത, പ്രജനനം, പ്രതികൂല സാഹചര്യങ്ങൾ എന്നീ കാരണങ്ങൾ കൊണ്ട് തങ്ങളുടെ വാസസ്ഥലങ്ങളിൽ നിന്ന് ജീവികൾ ദേശാടനം നടത്തുന്നു. ജന്തുദേശാടനം ഇന്നും മനുഷ്യന് ഒരു അത്ഭുതമാണ്. എല്ലാ വര്‍ഷവും ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയത്ത് ആഫ്രിക്കയിലെ കെനിയയിലുള്ള മാസായി മാരയില്‍നിന്നും സരങ്കെറ്റി വനഭൂമിയിലേക്ക് അവിടുത്തെ പക്ഷികളും മൃഗങ്ങളും അടക്കമുള്ള എല്ലാ ജീവികളും നടത്തുന്ന കൂട്ടപ്പലായനം ലോകത്തെ അത്ഭുതങ്ങളിൽ ഒന്നാണ്. പക്ഷികൾ, മത്സ്യങ്ങൾ, ഷഡ്പദങ്ങൾ, സസ്തനികൾ തുടങ്ങി ഒട്ടുമിക്ക ജന്തുജാലങ്ങളിലും ദേശാടന സ്വഭാവം കാണാം. ദേശാടനങ്ങളിൽ തന്നെ പ്രശസ്തമായ ദേശാടനമാണ് ആർട്ടിക് ടേൺ എന്ന പക്ഷിയുടേത്. എല്ലാ കൊല്ലവും ഉത്തരധ്രുവത്തിൽ നിന്നും ദക്ഷിണധ്രുവത്തിലേക്കും തിരിച്ചും ഇവ ദേശാടനം നടത്തുന്നു.

പക്ഷിദേശാടനം പോലെ തന്നെ മനുഷ്യശ്രദ്ധ പിടിച്ചു പറ്റിയ മറ്റൊരു പ്രതിഭാസമാണ് മത്സ്യദേശാടനം (Fish Migration). പ്രധാനമായും പ്രജനനത്തിനായി (Spawning) ആണ്  മത്സ്യങ്ങൾ ദേശാടനം നടത്താറുള്ളത്. ആയിരക്കണക്കിന് മത്സ്യങ്ങൾ കൂട്ടമായി ഈകാലയളവിൽ ദേശാന്തരാഗമനം നടത്തുന്നു. ദേശാടനത്തിന്  പേരുകേട്ട മത്സ്യങ്ങൾ ആണ് ഈൽ, സാൽമൺ തുടങ്ങിയ മത്സ്യങ്ങൾ. പണ്ടുമുതൽ തന്നെ മനുഷ്യർ ഇത്തരം ദേശാടനങ്ങൾ ശ്രദ്ധിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വയർ നിറയെ മുട്ടയുമായി വരുന്ന മത്സ്യക്കൂട്ടങ്ങളെ പല മാർഗ്ഗങ്ങൾ ഉപയോഗിച്ച്  പിടിക്കുകയും ആഹാരത്തിനായി ഉപയോഗിക്കുകയും ചെയ്തുവരുന്നു. മനുഷ്യരെ കൂടാതെ മറ്റുപല ജീവികളും ഇത്തരം മത്സ്യങ്ങളെ ആഹാരമാക്കാറുണ്ട്. വയറുനിറയെ മുട്ടകളുമായി വരുന്ന ഈ മത്സ്യങ്ങളുടെ ലക്‌ഷ്യം പ്രജനനം നിർവഹിക്കുക എന്നത് മാത്രമാണ്. അതുകൊണ്ട് തന്നെ മറ്റുകാലങ്ങളിൽ കാണിക്കുന്ന അതിജീവനതന്ത്രങ്ങൾ ഒന്നും തന്നെ അവ കാണിക്കില്ല. അതിനാൽ തന്നെ  ഈ സമയത് അവയെ പിടികൂടാൻ എളുപ്പമാണ്.

മത്സ്യങ്ങളുടെ ദേശാടനം

മത്സ്യങ്ങളുടെ ദേശാടനത്തെ പലതായി തരംതിരിച്ചിട്ടുണ്ട്. സമുദ്രജലത്തിൽ നിന്നും പ്രജനനത്തിനായി ശുദ്ധജലത്തിലേക്ക് നടത്തുന്ന സഞ്ചാരത്തിനെ അനാഡ്രോമസ്  മൈഗ്രേഷൻ (Anadromous Migration) എന്ന് പറയുന്നു. സാൽമൺ, ഹിൽസ തുടങ്ങിയ മത്സ്യങ്ങൾ ഉദാഹരണം. ശുദ്ധജലത്തിൽ നിന്നും സമുദ്രജലത്തിലേക്ക് നടത്തുന്ന സഞ്ചാരത്തിനെ കാറ്റഡ്രോമസ്  മൈഗ്രേഷൻ (Catadromous Migration) എന്ന് പറയുന്നു. മലിഞ്ഞിൽ ഇതിന് ഉദാഹരണമാണ്. ശുദ്ധജലത്തിൽ മാത്രം നടക്കുന്ന സഞ്ചാരത്തിനെ പൊട്ടമോഡ്രോമസ് മൈഗ്രേഷൻ (Potamodromous Migration) എന്ന്  പറയുന്നു. പുല്ലൻ, മഞ്ഞക്കൂരി തുടങ്ങിയവ ഇത് ചെയ്യാറുണ്ട്. ഊത്തയിളക്കം ഈ സഞ്ചാരത്തിന് ഉദാഹരണമാണ്.  സമുദ്രജലത്തിൽ മാത്രം നടക്കുന്നതിനെ ഓഷ്യനോഡ്രോമസ് മൈഗ്രേഷൻ (Oceanodromous Migration) എന്ന്  പറയുന്നു. കടൽ മത്സ്യങ്ങളായ നെത്തോലി, മോദ തുടങ്ങിയവ ഇങ്ങനെ സഞ്ചരിക്കുന്നവരാണ്.

എന്താണ് ഊത്തയിളക്കം?

തെക്കുപടിഞ്ഞാറൻ കാലവർഷം എത്തുന്നതോടെ പതിനായിരക്കണക്കിന്  മത്സ്യങ്ങൾ നദികൾ, കായലുകൾ, തടാകങ്ങൾ തുടങ്ങിയ ഇടങ്ങളിൽ നിന്നും വയലുകൾ, തോടുകൾ, ചതുപ്പുകൾ തുടങ്ങി ആഴംകുറഞ്ഞ തണ്ണീർത്തടങ്ങളിലേക്ക്  കയറിവരുന്ന പ്രതിഭാസമാണ്  ഊത്തയിളക്കം. ഊത്തൽ, ഊത്തകയറ്റം, ഏറ്റുമീൻ കയറ്റം (Floodplain Breeding Run) തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു.

ഫോട്ടോ : മനോജ് കരിങ്ങാമഠത്തിൽ

ഊത്തപിടുത്തം എന്ന മത്സ്യക്കുരുതി

തെക്കുപടിഞ്ഞാറൻ കാലവർഷം (South-west Monsoon) കേരളത്തിലെ ഒട്ടുമിക്ക മത്സ്യങ്ങളുടെയും പ്രജനന കാലമാണ്. ഈ സമയത്തു് മീനുകൾ കൂട്ടത്തോടെ ജലാശയങ്ങളിൽ നിന്നും വയലുകളിലും മറ്റും ഉള്ള പുതുവെള്ളത്തിലേക്ക് കയറിച്ചെല്ലുന്നു. അവിടെയാണ് അവ മുട്ടയിടുക. ഇങ്ങനെ കയറിവരുന്ന മീനുകളെ ഊത്ത, ഏറ്റുമീൻ തുടങ്ങിയ പ്രാദേശിക പേരുകളിൽ അറിയപ്പെടുന്നു. ഇവയെ ദേശാടനവഴികളിൽ ആളുകൾ വഴിയടച്ചും കെണികൾ വച്ചും ഒക്കെ വൻതോതിൽ വേട്ടയാടുന്നു. ഇതിനെ ഊത്തപിടുത്തം (Monsoon Floodplain Fishery) എന്നാണ്  പറയുക. വയർ നിറയെ മുട്ടകളുമായി വെള്ളം കുറഞ്ഞ സ്ഥലങ്ങളിൽ കിടക്കുന്ന ഈ മീനുകളെ പിടിക്കാൻ എളുപ്പമാണ്. ഇത്തരം പ്രവർത്തികൾ മൂലം മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനനം തടസപ്പെടുകയും അവയുടെ വംശവർദ്ധനവ് തടസപ്പെടുകയും ചെയ്യുന്നു. ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളോട് (Edible Fish) ഒപ്പം പിടിക്കപ്പെടുന്ന ഭക്ഷ്യയോഗ്യമല്ലാത്ത (Undesired Fish) മറ്റു മത്സ്യങ്ങളും കൊന്നൊടുക്കപ്പെടുന്നു.

മഞ്ഞക്കൂരി (Horabagrus brachysoma)

മലിഞ്ഞിൽ (Anguilla sp.), വയമ്പ് (Amblypharyngodon sp.) , കൈതക്കോര (Anabas testudineus), അറിഞ്ഞിൽ (Chanda sp., Parambassis sp.), വരാൽ (Channa striata), പരൽ (Barbs), കുറുവ (Systomus sarana), പുല്ലൻ (Labeo dussumieri), മുഷി (Clarias dussumieri), മഞ്ഞക്കൂരി (Horabagrus brachysoma), വാള (Wallago attu), കാരി (Heteropneustes fossilis), കൂരി (Mystus sp.), കൂരൽ  (Hypselobarbus curmuca), കോലാൻ (Xenentodon cancila), ആരകൻ (Macrognathus malabaricus) പള്ളത്തി (Pseudetroplus maculatus), ആറ്റുചെമ്പല്ലി (Pristolepis marginata) തുടങ്ങിയ അറുപതോളം ഭക്ഷ്യയോഗ്യമായ മത്സ്യയിനങ്ങളും വട്ടോൻ (Channa gachua),  മുതുക്കി (Nandus nandus), തൊണ്ടി (Ophisternon bengalense), കൊയ്ത്ത (Loaches), കല്ലേമുട്ടി (Garra sp.), ആറ്റുണ്ട (Carinotetradon sp.), കണഞ്ഞോൻ (Rasbora daniconius) തുടങ്ങിയ പത്തൊൻപതോളം ഇനം ഭക്ഷ്യയോഗ്യം അല്ലാത്ത  മത്സ്യങ്ങളും ഈ കൂട്ടക്കുരുതിയിൽ കൊന്നൊടുക്കപെടുന്നു. ഇവയോടൊപ്പം തന്നെ ആമകൾ, നീർക്കോലി, തവള  പോലെയുള്ള ജലജീവികളും കെണികളിൽ പെടുന്നു.

കെണികൾ പലവിധം

കേരളത്തിൽ പണ്ടുമുതൽ തന്നെ ഊത്തപിടിത്തം നടന്നുവരുന്നുണ്ട്. പരമ്പരാഗതമായി പല രീതികളും മീനുകളെ പിടിക്കാനായി പ്രയോഗിച്ചുവരുന്നു. കാലം മാറിയതോടെ പല ആധുനിക കെണികളും ഇന്ന് ഊത്തപിടിത്തത്തിൽ സജീവമായി ഉപയോഗിക്കുന്നുണ്ട്. ചൂണ്ട, വെട്ട്, ഒറ്റാൽ, നത്തൂട്, മീൻകൂട്,  അടിച്ചിൽ, ചാട്ടം, പത്താഴം, വീശുവല, കുത്തുവല, ഒടക്കുവല, തോട്ട, നഞ്ച്, വൈദ്യുതി തുടങ്ങിയ മാർഗങ്ങൾ ഉപയോഗിച്ചാണ് ഊത്തപിടിത്തം നടത്തുന്നത് . ചൂണ്ട, വെട്ട്, ഒറ്റാൽ, കുത്തൂവല തുടങ്ങിയ രീതികളിൽ വളരെ കുറച്ച് മീനുകളെ മാത്രമേ പിടിക്കാൻ സാധിക്കുകയുള്ളു. ഇവ താരതമ്യേന സുരക്ഷിതമായ മാർഗങ്ങളാണ്. എന്നാൽ മറ്റുള്ള രീതികൾ മീനുകളുടെ വംശനാശത്തിന് തന്നെ കാരണമാകുന്ന വിനാശകരമായ മീൻപിടിത്ത രീതികളാണ്. ഇത്തരം കെണികൾ മീനുകളുടെ സഞ്ചാരപഥം തന്നെ തടസപ്പെടുത്തി അവയെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണ് ചെയ്യുന്നത്. തോട്ട, നഞ്ച്, വൈദ്യുതി തുടങ്ങിയവ ഉപയോഗിച്ചുള്ള മീൻപിടുത്തം (Destructive Fishing Techniques) ആവാസവ്യവസ്ഥയ്ക്ക് തന്നെ നാശം ഉണ്ടാകുന്നു. കീടനാശിനികൾ, മത്സ്യവിഷം (Ichthyotoxins) തുടങ്ങിയവയും ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. പത്താഴം,നഞ്ച്,തോട്ട,വൈദ്യുതി തുടങ്ങിയവ ഉപയോഗിച്ചിട്ടുള്ള മീൻപിടുത്തം കേരളത്തിൽ നിരോധിച്ചിട്ടുള്ളതുമാണ്.

ഫോട്ടോ : മനോജ് കരിങ്ങാമഠത്തിൽ

ഊത്തപിടുത്തം എന്തുകൊണ്ട് തടയണം ?

ഊത്തയിളക്കം നൂറ്റാണ്ടുകളായി കേരളത്തിലെ നദികളിലും തോടുകളിലും നെൽവയലുകളിലും അനുബന്ധ ജലാശയങ്ങളിലും നടക്കുന്ന പ്രതിഭാസമാണ്. കാലങ്ങളായി മനുഷ്യർ ഇവയെ പിടിക്കാറുമുണ്ട്. ഇതുവരെ പ്രശനം അല്ലാതിരുന്ന മത്സ്യവേട്ടയ്ക്ക് ഇപ്പോൾ കുഴപ്പം എന്താണ് ?

കാലം മാറി! സാഹചര്യങ്ങൾ മാറി! വിശാലമായ നെൽപ്പാടങ്ങളും അവയെ പുഴകളുമായി ബന്ധിപ്പിച്ച്‌ നൂറുകണക്കിന് തോടുകളും അരുവികളും ഉണ്ടായിരുന്ന പ്രദേശം ആയിരുന്നു കേരളം. മീനുകൾക്ക്  പ്രജനനത്തിനായി ഒരുപാട് മാർഗ്ഗങ്ങൾ അന്ന് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് വലിയ തോതിൽ തോടുകളും വയലുകളും കുറഞ്ഞു. അവശേഷിക്കുന്നവയിൽ തടയണകളും റെഗുലേറ്ററുകളും വ്യാപകമായി. തോടുകൾ മെലിഞ്ഞു. നെൽകൃഷി കാര്യമായി ശോഷിച്ചു. വയലുകൾക്കു കുറുകെ റോഡുകൾ വന്നു. മീനുകൾക് ആകെ ഉള്ളത് ചെറിയ ഓവുചാലുകൾ മാത്രം. ഇത്തരം വിടവുകളിൽ മനുഷ്യർ കെണികളും കൊതുകുവലയേക്കാൾ കണ്ണികുറഞ്ഞ നൈലോൺ വലകളും ഒക്കെയായി മീനുകളെ തൂത്തുവാരാൻ കാത്തുനിൽക്കുന്നു. ഇത്തരം മരണക്കെണികൾ കൂടാതെ നഞ്ച് കലക്കിയും തോട്ട പൊട്ടടിച്ചും ഒരു ജലാശയത്തെ മരണക്കളം ആക്കുന്നു.

മത്സ്യങ്ങളുടെ പ്രജനനം തടയുന്നത് വഴി അവയുടെ എണ്ണം കുറയുകയും അതുവഴി നിരവധി പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഉൾനാടൻ മത്സ്യസമ്പത്ത് ക്രമാതീതമായി കുറയുകയും അതുവഴി ഒരുപാട് ആളുകളുടെ ജീവിതമാർഗവും ഭക്ഷ്യസുരക്ഷയും ബാധിക്കപെടുകയും ചെയ്യുന്നു. മത്സ്യങ്ങൾ നമ്മുടെ ഭക്ഷ്യശൃംഖലയിലെ മുഖ്യ കണ്ണികളാണ്. അവയുടെ വംശനാശം ആവാസവ്യവസ്ഥയുടെ തന്നെ നാശത്തിലേക്ക് വഴിതെളിക്കും.

മഞ്ഞക്കൂരി, കാരി, നാടൻ മുഷി തുടങ്ങിയ മത്സ്യങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണ് കഴിഞ്ഞ കുറച്ച വർഷങ്ങളായി ഉണ്ടായിരിക്കുന്നത്. ഊത്തകാലത്ത്  മീനുകളുടെ മുട്ട (പരിഞ്ഞിൽ/ പഞ്ഞിമീൻ) മാത്രം ലക്‌ഷ്യം വച്ചുള്ള വേട്ടയും നടക്കുന്നുണ്ട്. ആറ്റുവാള,  മഞ്ഞക്കൂരി തുടങ്ങിയ മീനുകളെയാണ് ഇങ്ങനെ കൊല്ലാറുള്ളത്.

ഫോട്ടോ : മനോജ് കരിങ്ങാമഠത്തിൽ

ഊത്തപിടുത്തം നിയമവിരുദ്ധമാണ് !

എടവപ്പാതി അഥവാ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളം ഉൾപ്പെടുന്ന പ്രദേശത്തിലെ മത്സ്യങ്ങളുടെ പ്രജനന കാലമാണ്. ഇക്കാലത്താണ്  കടലിൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് നല്ലൊരു ശതമാനം കടൽമത്സ്യങ്ങളുടെയും പ്രജനനത്തിന്  സഹായകമാണ്. അതുപോലെ തന്നെ ഉൾനാടൻ മത്സ്യസമ്പത്തിൻറെ സംരക്ഷണത്തിനായി 2010 ലെ കേരള അക്വാകൾച്ചർ ആൻഡ്  ഇൻലാൻഡ്  ഫിഷറീസ് ആക്ട് പ്രകാരം ഊത്തപിടിത്തം സർക്കാർ നിരോധിച്ചിട്ടുള്ളതാണ്. പിടിക്കപ്പെട്ടാൽ 15000 രൂപ പിഴയും 6  മാസം വരെ തടവും ലഭിച്ചേക്കാവുന്ന കുറ്റവുമാണ്.

നമുക്ക് ചെയ്യാവുന്നത്…

എടവപ്പാതി തുടങ്ങി ആദ്യ ആഴ്ചകളിലാണ്  ഊത്തയിളക്കം നടക്കുന്നത്. ഇക്കാലയളവിൽ മത്സ്യങ്ങളുടെ സഞ്ചാരപഥം അടച്ചും നിരോധിത മത്സ്യബന്ധന രീതികൾ ഉപയോഗിച്ചും ഉള്ള ഊത്തപിടിത്തം നിരുത്സാഹപ്പെടുത്തേണ്ടതാണ്. നിയമം കൊണ്ട് നിരോധിച്ചിട്ടുള്ളതാണെങ്കിലും അത് ഉറപ്പുവരുത്തുവാനുള്ള സംവിധാനങ്ങൾ പര്യാപ്‌തമല്ല. ഇതിൻറെ ഭവിഷ്യത്തുകളെ പറ്റി ആളുകളെ ബോധവത്കരിക്കേണ്ടതും  അത്യാവശ്യമാണ്. ഇത്തരം അനധികൃത മത്സ്യബന്ധനം നടക്കുന്നുണ്ടെങ്കിൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കേണ്ടതാണ്. മത്സ്യബന്ധനത്തിന്  ശുപാർശ ചെയ്തിട്ടുള്ള വലകളും കെണികളും മാത്രം പ്രയോജനപ്പെടുത്തുക. നിരോധിത വലകൾ ഉപയോഗിക്കുന്നത് തടയുക. മീനുകളുടെ പ്രസവമുറികളാണ് (Breeding Grounds) നെൽവയലുകൾ. നെൽകൃഷി പ്രോത്സാഹിക്കപെടേണ്ടതും വയലുകളെ നദികൾ, തടാകങ്ങൾ പോലെയുള്ള ജലാശയങ്ങളുമായി ബന്ധിപ്പിക്കുന്ന തോടുകളും അരുവികളും സംരക്ഷിക്കപ്പെടേണ്ടതുമാണ് .

മത്സ്യങ്ങൾ ഭക്ഷ്യസുരക്ഷയുടെയും ആവാസവ്യവസ്ഥയുടെയും മുഖ്യ കണ്ണികളാണ്. കലങ്ങി മറിഞ്ഞ് ഒഴുകുന്ന പുതുവെള്ളത്തിൽ മീനുകൾ പുളച്ചു കയറുന്ന കാഴ്ച ഇനി എത്രകാലം ഉണ്ടാകുമെന്ന്  അറിയില്ല. വയലുകളിൽ അരങ്ങേറുന്ന ജീവൻറെ ഈ ഉന്മാദനൃത്തം നിലക്കാതെ കാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.

ശുദ്ധജല മത്സ്യങ്ങൾ

അധികവായനയ്ക്ക്

  1. https://nopr.niscpr.res.in/bitstream/ >>>
  2. https://blog.kole.org.in/>>>
Happy
Happy
69 %
Sad
Sad
8 %
Excited
Excited
23 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post യന്ത്രവത്കൃത ആർഭാട കമ്മ്യൂണിസം
Next post 100 രൂപയുടെ ഗുളികകൊണ്ട് കാൻസറിന്റെ തിരിച്ചുവരവ് തടയാനാകുമോ ? – എന്താണ് വസ്തുത ?
Close