ഡോ.നതാഷ ജെറി

ഇപ്പോൾ മൺസൂൺ കാലമാണല്ലോ. മൺസൂൺ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്നത് തകർത്തു പെയ്യുന്ന മഴയാണ്. എന്നാൽ സാങ്കേതികമായി മൺസൂൺ എന്നത് കാറ്റിന്റെ ദിശയിലുണ്ടാകുന്ന മാറ്റമാണ്. അതായത് ഒരു സ്ഥലത്തെ കാറ്റിന്റെ ദിശ ഋതുക്കൾ മാറുന്നതിന് അനുസരിച്ച് 120 ഡിഗ്രിയോ അതിൽ കൂടുതലോ തിരിയുന്നുണ്ടെങ്കിൽ ആ പ്രദേശത്തു മൺസൂൺ ക്ലൈമറ്റ് ആണെന്ന് പറയാം. നമ്മുടെ കാലവർഷം അഥവാ ഇന്ത്യൻ സമ്മർ മൺസൂൺ ഇതിന്റെ ടെക്സ്റ്റ്ബുക്ക് ഉദാഹരണം ആണ്.

പശ്ചിമഘട്ട പ്രദേശം മൺസൂണിനു മുമ്പും ശേഷവും (Matheran Hill) കടപ്പാട് വിക്കിപീഡിയ

ഇങ്ങനെ കാറ്റിന്റെ ദിശ മാറാനുള്ള കാരണം എന്താണ്?

നമ്മുടെ ഭൂമി മധ്യഭാഗം പുറത്തേക്ക് തള്ളി നിൽക്കുന്ന ഗോളാകൃതിയിലാണ് ഉള്ളതെന്ന് അറിയാമല്ലോ. അതുകൊണ്ട് തന്നെ ഭൂമധ്യരേഖയോട് അടുത്തു നിൽക്കുന്ന ഭാഗങ്ങളിലാണ് കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നത്. അങ്ങനെ ഈ പ്രദേശം ചൂട് പിടിക്കുകയും അതിനാൽ തന്നെ ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ നിന്നുമുള്ള തണുത്ത വായു ഭൂമധ്യരേഖയിലേക്ക് സഞ്ചരിക്കുകയും ചെയ്യും. Trade winds അഥവാ വാണിജ്യവാതങ്ങൾ എന്ന പേരിലാണ് ഈ കാറ്റ് അറിയപ്പെടുന്നത്.

ഉത്തരാർദ്ധഗോളത്തിൽ ഈ കാറ്റ് വീശുന്നത് വടക്ക് കിഴക്കൻ ദിശയിലാണ്. നമ്മുടെ ഭൂമിക്ക് ഒരു ചരിവുള്ളതായി അറിയാമല്ലോ. ഈ ചരിവ് കാരണം സൂര്യന് ചുറ്റും കറങ്ങുമ്പോൾ കൂടുതൽ സൂര്യപ്രകാശം കിട്ടുന്ന ഭാഗത്തിന്റെ സ്ഥാനം മാറിക്കൊണ്ടിരിക്കും . അങ്ങനെയാണ് ഭൂമിയിൽ ഋതുക്കൾ ഉണ്ടാകുന്നത്.

അങ്ങനെ നമ്മുടെ വേനൽക്കാലം ആകുമ്പോൾ സൂര്യൻ ഏകദേശം 23 ഡിഗ്രി അതായത് നമ്മുടെ മധ്യ ഇന്ത്യയുടെ ഒക്കെ മുകളിൽ എത്തും. ഇത് ആ ഭാഗത്തുള്ള കരഭാഗത്തെ പ്രത്യേകിച്ചും അവിടെയുള്ള മരുപ്രദേശങ്ങളെ ചൂട് പിടിപ്പിക്കുന്നു. അതിന്റെ ഫലമായി അവിടെ ഒരു ന്യൂനമർദം രൂപപ്പെടുന്നു. പടിഞ്ഞാറൻ പാകിസ്ഥാൻ മുതൽ ബംഗാൾ ഉൾക്കടൽ വരെ കിഴക്ക് പടിഞ്ഞാറായി നീണ്ടു കിടക്കുന്ന ഈ ന്യൂനമർദത്തിന് മൺസൂൺ ട്രഫ് എന്നാണ് പേര്.

ഈ ശക്തമായ ന്യൂനമർദം ദക്ഷിണാർദ്ധ ഗോളത്തിലെ തണുത്ത വായുവിനെ വടക്കോട്ട് അതായത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് വലിക്കുന്നു. അങ്ങനെ വടക്ക് കിഴക്കൻ ട്രേഡ് വിൻഡിന്റെ ദിശ മാറുകയും അത് തെക്ക് പടിഞ്ഞാറൻ കാറ്റായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു.

ഈ കാറ്റാണ് ഇന്ത്യയിൽ കാലവർഷം കൊണ്ട് വരുന്നത്. ഇന്നത്തെ (20.8.2020) കാറ്റിന്റെ ദിശയാണ് താഴെ ചിത്രത്തിൽ ഉള്ളത്. മൺസൂൺ കാറ്റിനെ ഇതിൽ വ്യക്തമായി കാണാവുന്നതാണ്.

വേറെ എവിടെയെല്ലാം ആണ് മൺസൂൺ ഉള്ളത്?

തെക്ക് കിഴക്കൻ ഏഷ്യയുടെ ഏകദേശം എല്ലാ ഭാഗങ്ങളിലും അതായത് ഇന്ത്യയും ശ്രീലങ്കയും മുതൽ തായ്‌വാനും ജപ്പാനും വരെയുള്ള ഭാഗങ്ങളിൽ മൺസൂൺ കാണപ്പെടുന്നു. അത് കൂടാതെ ഓസ്‌ട്രേലിയ, പടിഞ്ഞാറൻ ആഫ്രിക്ക, സൗത്ത് അമേരിക്ക, നോർത്ത് അമേരിക്ക എന്നിവിടങ്ങളിലും മൺസൂൺ ഉണ്ട്.


നതാഷ ജെറി Atmospheric Physics ഗവേഷകയാണ്. #JoinScienceChain ൽ പങ്കെടുത്ത് എഴുതുന്ന പരമ്പരയിൽ നിന്ന്

ശാസ്ത്രമെഴുത്തിൽ നിങ്ങൾക്കും പങ്കാളിയാകാം

 

 

One thought on “എന്താണ് മൺസൂൺ?

Leave a Reply

Previous post റോബോട്ട് എഴുതിയ ലേഖനം
Next post ശാസ്ത്രസാഹിത്യ സമിതിയിൽ നിന്ന് ശാസ്ത്രസാഹിത്യ പരിഷത്തിലേക്ക്
Close