ഡോ. നന്ദു ടി ജി
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റംസെൽ സയൻസ് ആൻഡ് റീജനറേറ്റീവ് മെഡിസിൻ, ബെംഗളൂരു.
ലോകത്താകമാനം വാനര വസൂരി അഥവാ മങ്കിപോക്സ് കേസുകൾ വർധിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ മെയ് 20-ലെ പ്രസ്താവന പ്രകാരം ലോകത്തു ഇതുവരെ 80 കേസുകൾ സ്ഥിതീകരിക്കുകയും, 50 കേസുകളുടെ അന്വേഷണം നടന്നു കൊണ്ടിരിക്കുകയുമാണ്. മങ്കിപോക്സ് കേസുകളുടെ എണ്ണവും, വ്യാപനവും ഇനിയും വർധിക്കാനാണ് സാധ്യത.
മങ്കിപോക്സ്, മങ്കിപോക്സ് വൈറസ് ഉണ്ടാക്കുന്ന അസുഖം ആണ്. ഈ വൈറസ് ഓർത്തോപോക്സ് ജനുസ്സിൽ പെട്ടതാണ്. ഈ ജനുസ്സിൽ പെട്ട വൈറസുകളാണ് വസൂരിയും, ഗോവസൂരിയും പടർത്തുന്നത്. ഈ വൈറസുകളുടെ ജനിതക പദാർത്ഥം ഡി. എൻ. എ ആണ്. 1958-ഇൽ ഡെന്മാർക്കിൽ ഗവേഷണത്തിനായി സൂക്ഷിച്ചിരിക്കുന്ന കുരങ്ങുകളിൽ വസൂരിക്കു സമാനമായ അസുഖം പ്രത്യക്ഷപ്പെട്ടു. ഇതിൽ നിന്നാണ് മങ്കിപോക്സ് എന്ന പേര് ഈ അസുഖത്തിന് വന്നത്. 1970-ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ മനുഷ്യരിൽ ആദ്യമായി ഈ അസുഖം റിപ്പോർട്ട് ചെയ്തു. പിന്നീട് പല കാലയളവുകളിലായി മധ്യ, പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിലും, അമേരിക്കൻ ഐക്യ നാടുകളിലും, യുണൈറ്റഡ് കിംഗ്ഡതിലും, സിംഗപ്പൂരും ഈ അസുഖം പ്രത്യക്ഷപെട്ടു.
മങ്കി പോക്സ് : രോഗവും രോഗലക്ഷണങ്ങളും
മങ്കിപോക്സ് ഒരു ജന്തുജന്യ രോഗമാണ്. മുഖ്യമായും ഈ മങ്കിപോക്സ് വൈറസിന്റെ സാന്നിധ്യം കാണുന്നത് ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകൾക്കു സമീപമുള്ള പ്രദേശങ്ങളിലാണ്. സ്വാഭാവിക ആതിഥേയരെ (നാച്ചുറൽ ഹോസ്റ്റ് ) ഇതുവരെ കണ്ടെത്താനായില്ല. കരണ്ടു തീനികളിലും (റോഡെന്റ്സ്), പ്രൈമേറ്റുകളിലുമാണ് ഈ രോഗം മുഖ്യമായും കാണുന്നത്.
മനുഷ്യനിൽ നിന്നും മനുഷ്യനിലേക്കുള്ള രോഗവ്യാപനം അപൂർവമാണ്. ഇതിന്റെ രോഗ ലക്ഷണങ്ങൾ വസൂരിക്ക് സമാനമാണെങ്കിലും രോഗതീവ്രത കുറവാണ്. രോഗത്തിന്റെ ഇൻക്യൂബേഷൻ കാലയളവ് 6 മുതൽ 13 ദിവസം വരെയാണ് എന്നാൽ ചില രോഗികൾ 5 മുതൽ 21 ദിവസങ്ങൾ കഴിഞ്ഞും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്. ഈ അണുബാധയ്ക്ക് രണ്ടു ഘട്ടങ്ങളുണ്ട്. ആദ്യ ഘട്ടത്തിൽ 1 മുതൽ 5 ദിവസം വരെ നീണ്ടുനിൽക്കുന്ന പനി, തീവ്രമായ തലവേദന, ലസീക ഗ്രന്ഥികളുടെ വീക്കം (ലിംഫഡനോപതി), പുറം വേദന, പേശി വേദന, ഉർജ്ജമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളാണ് കാണപ്പെടുന്നത്. ലിംഫഡനോപതി മങ്കി പോക്സിനെ മറ്റു സമാനമായ അസുഖങ്ങളായ ചിക്കൻപോക്സ്, അഞ്ചാംപനി, വസൂരി എന്നിവയിൽ നിന്ന് വേർതിരിക്കുന്നു. പനി ആരംഭിച്ചു് 1-3 ദിവസത്തിനുള്ളിൽ രോഗിയുടെ തൊലി പുറത്തു തിണർപ്പ് (റാഷ്) പ്രത്യക്ഷപെടുന്നതോടെ രോഗത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നു. തിണർപ്പ് മുഖ്യമായും പ്രത്യക്ഷപ്പെടുന്നത് മുഖത്തും, കൈപ്പത്തികളും, ഉള്ളംകാലിലുമാണ്. അതു കൂടാതെ വായിലും, ജനനേന്ദ്രിയങ്ങളിലും, കണ്ണിലും, റാഷ് കണ്ടുവരാറുണ്ട്. പിന്നീട് ഈ തിണർപ്പ് വിവിധ ഘട്ടങ്ങളിലൂടെ (കറുത്തപാട്, കരപ്പന്‍) കടന്ന് ചലക്കുരുവായി (pustule) പരിണമിക്കുന്നു. പിന്നീട് രോഗിയുടെ പുറം തൊലി ഇളകി വരുന്നു.
സാധാരണയായി 2 മുതൽ 4 ആഴ്ച്ച വരെ നീണ്ടുനിൽക്കുന്ന ഈ അസുഖം പ്രത്യേകിച്ച് ചികിത്സ കൂടാതെ ഭേദപ്പെടാറുണ്ട്. എന്നാൽ ചിലരിൽ പ്രേത്യേകിച്ചു കുട്ടികളിൽ ഗുരുതരമാകാറുണ്ട്. മരണനിരക്ക് 0% മുതൽ 11% വരെയാണ്. മുതിർന്നവരെ അപേക്ഷിച്ചു കുട്ടികളിലും, കൗമാരക്കാരിലും മരണനിരക്ക് കൂടുതലാണ് . രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്ക് ഗുരുതരമായ അസുഖം ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ദ്വിതീയ ബാക്റ്റീരിയൽ അണുബാധകൾ, മസ്‌തിഷ്‌കവീക്കം എന്നിവ ഈ രോഗത്തിന്റെ സങ്കീര്‍ണ്ണതകളാണ്. മുമ്പ് വസൂരി വാക്സിനേഷൻ എടുത്തവരിൽ മങ്കിപോക്സിന്റെ കാഠിന്യം വളരെ കുറവായി കാണപ്പെടുന്നു.
രോഗാണു വിവരണം
മങ്കിപോക്സ് ഒരു പൊക്സ്വ്റിടേ (poxviridae ) കുടുംബത്തിൽ പെട്ട വൈറസ് ആണ് (ചിത്രം). ഇത് Double-stranded DNA. വൈറസ് ആണ്. ഇതൊരു കവചിത (enveloped) വൈറസ് ആണ്. വൈറസിന്റെ ജനിതക വലിപ്പം 197 കെ.ബി ആണ്. ഈ വൈറസിനെ ജനിതകപരമായി മധ്യ ആഫ്രിക്കൻ (കോംഗോ ബേസിൻ) ശാഖ (ക്ലേഡ്) എന്നും, പശ്ചിമ ആഫ്രിക്കൻ ശാഖാ എന്നും വേർതിരിക്കാവുന്നതാണ്. ഇതിൽ മധ്യ ആഫ്രിക്കൻ ശാഖയിൽ വരുന്ന വൈറസുകൾ കൂടുതൽ അപകടകാരികളാണ്. ഇവ ഗുരുതരമായ അസുഖവും, കൂടുതൽ മരണങ്ങളും ഉണ്ടാക്കാൻ പ്രാപ്തമായവയാണ്, ജനിതക പഠനങ്ങൾ ഈ വസ്തുതയെ ശരി വച്ചിട്ടുണ്ട് . അസുഖം പകരുന്ന വഴി, രോഗിയുടെ സംവേദന ക്ഷമത, ശരീരത്തിൽ പ്രവേശിച്ച വൈറസിന്റെ അളവ് മുതാലായവ രോഗത്തിന്റെ സങ്കീർണതയെ ബാധിക്കാവുന്ന ഘടകങ്ങളാണ്.
രോഗ പ്രസരണം
മുഖ്യമായും മൃഗങ്ങളിൽ നിന്നാണ് ഈ അസുഖം മനുഷ്യനിലേക്ക് പകരുന്നത്. രോഗബാധിതനായ മൃഗവുമായോ മനുഷ്യനുമായോ വൈറസ് ബാധിച്ച വസ്തുക്കളുമായോ നേരിട്ടുള്ള സമ്പർക്കം പുലർത്തുന്നതിലൂടെ മങ്കിപോക്സ് വൈറസ് മനുഷ്യരിലേക്ക് പകരുന്നു. ആഫ്രിക്കയിലെ ചിലതരം അണ്ണാനുകൾ (കോംഗോ റോപ്പ് സ്ക്വിറൽ, ട്രീ സ്ക്വിറൽ), എലികൾ (ഗാംബിയൻ പോച്ഡ് എലി, ഡോർമൗസ് ) എന്നിവയിൽ ഈ രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കരണ്ടുതീനികളിലുള്ള ഈ വൈറസിന്റെ ഉയർന്ന സാന്നിധ്യം, ഈ ജീവികൾ മങ്കി പോക്സ് വൈറസിന്റെ സ്വാഭാവിക ഉറവിടങ്ങളാകാനുള്ള സാധ്യതിയിലേക്കു വിരൽ ചൂണ്ടുന്നു. വസൂരി പ്രതിരോധ കുത്തിവെപ്പ് നടത്തിയവരിലും, ആവർത്തിച്ചു പരോക്ഷ അല്ലെങ്കിൽ താഴ്ന്ന നിലയിലുള്ള രോഗാണുബാധ വന്നവർക്കും രോഗലക്ഷങ്ങൾ പ്രകടമാകാത്ത മങ്കി പോക്സ് ബാധിച്ചതിന്റെ തെളിവുകൾ ലഭ്യമാണ്.
ജീവനുള്ളതോ ചത്തതോ ആയ മൃഗങ്ങളുമായുള്ള നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കത്തിലൂടെയുള്ള വൈറസ് പകരുന്നതാണ് മനുഷ്യനിൽ മങ്കിപോക്സ് അണുബാധയ്ക്കുള്ള പ്രധാന ഘടകം. ഇത് മൃഗങ്ങളിൽ നിന്നുള്ള കടി, പോറൽ, വന്യമൃഗങ്ങളുടെ മാംത്സം കൈകാര്യം ചെയ്യൽ, രോഗബാധയുള്ള മൃഗം അല്ലെങ്കിൽ അവയുടെ ശരീര സ്രവങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കം, പരോക്ഷ സമ്പർക്കം എന്നിവയിൽ നിന്ന് സംഭവിക്കാം. രോഗം ബാധിച്ച ഒരു മൃഗത്തിന്റെ വേണ്ടത്ര പാകം ചെയ്യാത്ത മാംസം കഴിക്കുന്നത് ഒരു അപകട ഘടകമാണ്.
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് രോഗം പകരുന്നത് അപൂർവ്വമാണെങ്കിലും അത്തരത്തിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് രോഗം മുഖ്യമായും പകരുന്നത് നേരിട്ടുള്ള സമ്പർക്കമൂലമുണ്ടാകുന്ന ശ്വസന സ്രവ തുള്ളികളിലൂടെയാണ് (large respiratory droplets). കൂടാതെ, രോഗബാധിതനായ വ്യക്തിയുടെ ശരീര സ്രവങ്ങളുമായോ കിടക്കയോ വസ്ത്രമോ പോലുള്ള മലിനമായ വസ്തുക്കളുമായോ നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെയും മങ്കിപോക്സ് പകരാം.
മങ്കി പോക്സ് : ചരിത്രം
- 1970-ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 9 വയസ്സുള്ള ഒരു ആൺകുട്ടിയിലാണ് മനുഷ്യ കുരങ്ങുപനി ആദ്യമായി കണ്ടെത്തിയത്. 1968-ഇൽ ഈ പ്രദേശത്തുനിന്ന് വസൂരിയെ തുടച്ചുനീക്കിയിരുന്നു. അന്നുമുതല്‍ കൂടുതൽ കേസുകളും കണ്ടുവരുന്നത് കോംഗോ നദീതടത്തിലെ ഗ്രാമീണ മേഖലകളിലും, മഴക്കാടുകളിലുമാണ് .ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് ഓരോ വർഷവും ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. 1970-നു ശേഷം ബെനിൻ, കാമറൂൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഗാബോൺ, കോട്ട് ദ്’ഇവാർ (ഐവറി കോസ്ററ്), ലൈബീരിയ, നൈജീരിയ, റിപ്പബ്ലിക് ഓഫ് കോംഗോ, സിയറ ലിയോൺ, ദക്ഷിണ സുഡാൻ എന്നീ 11 രാജ്യങ്ങളിൽ ഈ അസുഖം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1996-1997 കാലഘട്ടത്തിൽ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കസായി ഓറിയന്റൽ മേഖലയിൽ മങ്കി പോക്സ്ന്റെ ഏറ്റവും വലിയ പൊട്ടിപ്പുറപ്പെടല്‍ ഉണ്ടായി. 1997-ൽ നടത്തിയ തുടർ അന്വേഷണത്തിന് ശേഷം ആകെ 511 മനുഷ്യ കേസുകൾ കണ്ടെത്തി, ഇതിൽ മരണ നിരക്ക് കുറവും, രോഗവ്യാപന നിരക്ക് കൂടുതലും ആയിരുന്നു.
- ആഫ്രിക്കയ്‌ക്ക് പുറത്ത് അമേരിക്കൻ ഐക്യ നാടുകളിലാണ് 2003-ഇൽ ഈ അസുഖം പൊട്ടിപ്പുറപ്പെട്ടത്. 2003-ൽ അമേരിക്കൻ ഐക്യ നാടുകളിലെ 6 സംസ്ഥാനത്താണു ഈ അസുഖം കാണപ്പെട്ടത്, ഈ അസുഖം 47 പേരെയാണ് ബാധിച്ചത്. വളർത്തു മൃഗങ്ങളുമായുള്ള (പ്രൈരീ ഡോഗ്സ് ) സമ്പർക്കമാണ് ഇവർക്ക് അസുഖം പിടിപെടാൻ കാരണമായത്. ഇതിനെ കുറിച്ച് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നടത്തിയ അന്വേഷണത്തിൽ ഘാനയിൽ നിന്നും ഇറക്കുമതി ചെയ്ത കരണ്ടുതീനികളിൽ നിന്നാണ് വളർത്തു മൃഗങ്ങൾക്കു രോഗം പിടിപെട്ടതെന്നു മനസ്സിലായി.
- 2017സെപ്റ്റംബറിൽ നൈജീരിയയിലെ ബയേൽസ സംസ്ഥാനത്തു മങ്കിപോക്സ് റിപ്പോർട്ട് ചെയ്തു. 14- സംസ്ഥാനങ്ങളിലായി 61 പേർക്ക് ഈ അസുഖം സ്ഥിരീകരിച്ചു. അസുഖം ബാധിച്ചവരിൽ 75 ശതമാനവും 21–40 നും ഇടയിലുള്ള പുരുഷന്മാരായിരുന്നു. രോഗികളിൽ രോഗപ്രതിരോധശേഷിയില്ലാത്ത ഒരാൾ മരണമടഞ്ഞു. നൈജീരിയിൽ പ്രചരിച്ച ഈ രോഗം അന്താരാഷ്ട്ര യാത്രക്കാരിലൂടെ മറ്റു പലഭാഗങ്ങളിലും എത്തി.
- 2018 സെപ്തംബർ ആദ്യം, യുണൈറ്റഡ് കിംഗ്ഡത്തിൽ (യുകെ) രണ്ട് മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഒന്ന് സെപ്റ്റംബർ 7 ന് കോൺവാളിലും (സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്), സെപ്റ്റംബർ 11 ന് ബ്ലാക്ക്പൂളിലുമാണ് (നോർത്ത് വെസ്റ്റ് ഇംഗ്ലണ്ട്) റിപ്പോർട്ട് ചെയ്തത്. അതിൽ ഒരാൾ നൈജീരിയയിൽ നിന്ന് വന്ന സൈനീക ഉദ്യോഗസ്ഥനും, മറ്റൊരാൾ നൈജീരിയയിൽ അവധി കാലം ആഘോഷിക്കാൻ പോയ യുകെ പൗരനുമാണ്. പിന്നീട് ഈ രോഗിയെ പരിചരിച്ച ആരോഗ്യ പ്രവർത്തകനും അസുഖം പിടിപെട്ടു. പിന്നീട് 2019-ൽ നൈജീരിയ സന്ദർശിച്ച മറ്റൊരു യാത്രികനേയും മങ്കിപോക്സ് പിടികൂടുകയുണ്ടായി.
- 2019 മെയ് മാസത്തിലാണ് സിംഗപ്പൂരിലെ ആദ്യ മങ്കിപോക്സ് രോഗം തിരിച്ചറിയപെട്ടത്. സിംഗപ്പൂർ സന്ദർശിക്കാൻ വന്ന ഒരു നൈജീരിയൻ പൗരനിലാണ് ഈ അസുഖം സ്ഥിരീകരിച്ചത് .തുടർന്നുള്ള അന്വേഷണത്തിൽ ഈ വ്യക്തി ആഫ്രിക്കൻ വന്യമൃഗങ്ങളുടെ മാംസം (ബുഷ് മീറ്റ്) ഭക്ഷിച്ചതായി വെളിപ്പെട്ടു.
- 2021 മെയ് മാസത്തിനും ജൂണിനും ഇടയിൽ യുകെയിലെ നോർത്ത് വെയിൽസിൽ ഒരു കുടുംബത്തിലെ 3 പേർക്ക് മങ്കിപോക്സ് പിടിപെട്ടു. ഇതിനെ തുടർന്ന് മൂന്നുപേരും ആശുപത്രിയിൽ പ്രവേശിക്കപെട്ടു. ഈ രോഗികളിലെ ഇൻഡക്സ് കേസിനും നൈജീരിയൻ യാത്രാ ചരിത്രം ഉണ്ടായിരുന്നു.
മങ്കി പോക്സ്: വർത്തമാനം
- 2022 മെയ് 6-ന് യു.കെ യിലാണ് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത്. യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് നൈജീരിയയിലേക്ക് യാത്ര ചെയ്യുകയും തുടർന്ന് യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് മടങ്ങുകയും ചെയ്ത ഒരു വ്യക്തിയിൽ മങ്കിപോക്സ് സ്ഥിതീകരിച്ചു. ഏപ്രിൽ 29-നാണ് രോഗിക്ക് പ്രാഥമിക ലക്ഷണങ്ങൾ ആരംഭിക്കുന്നത്, മെയ് 6- ന് ഈ അസുഖത്തിന്റെ ലബോറട്ടറി സ്ഥിരീകരണം നടന്നു. അതിനു ശേഷം മെയ് 14 ന് ലണ്ടനിൽ ഒരേ വീട്ടിൽ താമസിക്കുന്ന 2 പേർക്കു കൂടി ഈ അസുഖം തിരിച്ചറിഞ്ഞു.
- മെയ് 18-ന് പോർചുഗലിൽ 14 മങ്കിപോക്സ് സ്ഥിതീകരിച്ചു. ഇതിൽ 5 കേസുകൾ ലൈംഗീക രോഗങ്ങളുമായി ചികിത്സിക്കുന്ന ചികിത്സാലയത്തിലാണ് കണ്ടെത്തിയത്. മെയ് 19-ലെ വിവര പ്രകാരം സ്പെയിനിൽ സ്ഥിരീകരിച്ച 7 കേസുകളും സംശിയിക്കപ്പെട്ട 24 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെയ് -19 വരെയുള്ള റിപ്പോർട്ട് പ്രകാരം യൂറോപ്പിൽ ബെൽജിയം (2), ഫ്രാൻസ് (1), ഇറ്റലി (1), സ്വീഡൻ (1) എന്നീ രാജ്യങ്ങളിൽ മങ്കി പോക്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യൂറോപ്പിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത രോഗങ്ങളിൽ ഭൂരിഭാഗവും പടിഞ്ഞാറൻ ആഫ്രിക്ക ശാഖയിൽ പെട്ട മങ്കിപോക്സ് വൈറസുകളാണ്, ഇവ പൊതുവെ തീവ്രതയില്ലാത്ത അസുഖമാണ് ഉണ്ടാക്കാറ്.
- മെയ് 18-ന് അമേരിക്കൻ ഐക്യനാടുകളിൽ മസാച്യുസെറ്റ്സ് സംസ്ഥാനത്താണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്, കാനഡ സന്ദർശിച്ച ഒരു യാത്രക്കാരനിലാണ് ഈ രോഗം കണ്ടത്. അമേരിക്കൻ ഐക്യനാടുകളിൽ മങ്കി പോക്സ് റിപ്പോർട്ട് ചെയ്ത ശേഷം കാനഡയിലെ ക്യുബെക് പ്രവിശ്യയിൽ 5 പേർക്ക് ഈ അസുഖം റിപ്പോർട്ട് ചെയ്തു.
- 2022-ൽ ഇതുവരെ അസുഖം പിടിപെട്ടവരിൽ ഭൂരിഭാഗവും സ്വവർഗ്ഗാനുരാഗികളായ യുവാക്കളാണ്, ഇവർക്കാർക്കും എൻഡിമിക് പ്രദേശത്തേക്കുള്ള യാത്ര ചരിത്രമില്ല. ഭൂരിഭാഗം രോഗികളിലും ജനനേന്ദ്രിയത്തിലോ, അതിനു ചുറ്റുമുള്ള ഭാഗങ്ങളിലോ മുറിവ് ഉണ്ടായിരുന്നു, ഇത് ലൈംഗീക ബന്ധത്തിലൂടെയുള്ള രോഗ സംക്രമണ സാധ്യതയാണ് കാണിക്കുന്നത്. ആദ്യമായാണ് ആഫ്രിക്കയ്‌ക്ക് പുറത്ത് ഇത്ര വ്യാപകമായ രോഗ സംക്രമണം ഉണ്ടാകുന്നത്.
മങ്കിപോക്സ്: രോഗനിർണയം
ആർ.ടി-പി.സി.ആർ സാങ്കേതികവിദ്യ ഉപയോഗിച്ച് വൈറസിന്‍റെ ജനിതക വസ്തുവായ ഡി.എൻ.എ കണ്ടെത്താൻ സാധിക്കും. ഇതിനായി രോഗിയുടെ മുറിവുകളിൽ നിന്നുള്ള സ്വാബ്, സ്രവം, മുറിവുകളിൽ നിന്നും വലിച്ചെടുത്ത ദ്രാവകം എന്നിവ ഉപയോഗിക്കാം. രോഗിയുടെ രക്തത്തിൽ വൈറസിന്റെ അളവ് കുറവായതുകൊണ്ട് അതിന്റെ ഉപയോഗം പരിമിതമാണ്. RTPCR ഫലങ്ങൾ രോഗിയുടെ അസുഖ പുരോഗതിയുടെ സൂചകങ്ങൾ ആണ്. RTPCR സങ്കേതം ഉപയോഗിച്ച് മങ്കിപോക്സ് വൈറസിന്റെ ശാഖകളെ (ക്ലാഡ് ) തിരിച്ചറിയാൻ സാധിക്കും. ഈ രോഗം കണ്ടുപിടിക്കുന്നതിനു സെറോളജിക്കൽ പരിശോധനകളുടെ സാധ്യത പരിമിതമാണ്.
മങ്കിപോക്സ് സംശയപ്പെടുന്ന സാമ്പിൾ കൈകാര്യം ചെയ്യുന്നതിനും, രോഗനിർണ്ണയം നടത്തുന്നതിനും കുറഞ്ഞത് ബയോ സേഫ്റ്റി ലെവൽ- 2 (BSL-2 ) ആണ് ഉപയോഗിക്കേണ്ടത്. മങ്കിപോക്സ് വൈറസ് ഗ്രൂപ്പ് 3 ബയോളജിക്കൽ ഏജന്റാണ്, അതിനാൽ ഈ വൈറസിനെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുറഞ്ഞത് കണ്ടെയ്‌ൻമെന്റ് ലെവൽ-3 യിൽ (BSL-3 ) മാത്രമേ ചെയ്യാവൂ.
മങ്കിപോക്സ്:ചികിത്സ
വസൂരിക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് മങ്കിപോക്സിനെതിരെ 85% ഫലപ്രദമാണ്. അതുകൂടാതെ മങ്കിപോക്സിനെതിരെ വാക്സിനിയ അങ്കാറ – ബവേറിയൻ നോർഡിക് (MVA-BN) വാക്‌സിനും ലഭ്യമാണ്. യൂറോപ്യൻ യൂണിയനിലും,അമേരിക്കൻ ഐക്യനാടുകളിലും ടെക്കോവിറിമാറ്റ് എന്ന ആന്റിവൈറൽ മരുന്ന് മങ്കിപോക്സ് ഉൾപ്പെടെയുള്ള നിരവധി പോക്സ് വൈറസുകളുടെ ചികിത്സയ്ക്കായി അംഗീകരിച്ചിട്ടുണ്ട്.
ഉപസംഹാരം
കാലാവസ്ഥാ വ്യതിയാനവും, വർധിച്ച വനനശീകരണവും ജന്തുജന്യ രോഗങ്ങൾ മനുഷ്യനിലേക്ക് പടരുന്നതിന് കാരണമായി. ജൈവ വൈവിധ്യവും, ജനസാന്ദ്രതയും ഏറെയുള്ള ആഫ്രിക്കയിലെയും, ഏഷ്യയിലെയും പ്രദേശങ്ങൾ വൈറസ് മൂലം ഉണ്ടാകുന്ന രോഗങ്ങളുടെ ഹോട്ട്സ്പോട്ട് ആയി മാറി. വർദ്ധിച്ച വിമാനയാത്ര സൗകര്യങ്ങളും, രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ബന്ധങ്ങളും രോഗത്തിന്റെ പ്രഭവ കേന്ദ്രത്തിൽ നിന്ന് മറ്റിടങ്ങളിലേക്ക് രോഗം പകരാൻ കാരണമായി. കോവിഡ് -19, 2022-ലെ മങ്കിപോക്സ് രോഗവ്യാപനവും ഇതിന്റെ മികച്ച ഉദാഹരണങ്ങളാണ്. ലോകത്തിലെ ഒരു രാജ്യത്തിനും ഇപ്പോൾ ഉണ്ടാകുന്നതും ഭാവിയിൽ ഉണ്ടാകാവുന്നതുമായ സാംക്രമിക രോഗങ്ങളിൽ നിന്ന് രക്ഷപെടാൻ സാധിക്കില്ല. അതിനാൽ എല്ലാ രാജ്യങ്ങളും ഭാവിയിൽ വരാൻ പോകുന്ന സാംക്രമിക രോഗങ്ങളെ നേരിടാനാവശ്യമായ സംവിധാനങ്ങളെയും പൊതുജന ആരോഗ്യ വ്യവസ്ഥയേയും ശക്തിപ്പെടുത്തണം. കൂടാതെ സാംക്രമിക രോഗങ്ങളുടെ പൊട്ടിപ്പുറപ്പെടൽ തടയാൻ ലോകരാജ്യങ്ങൾ ചേർന്ന് പരിസ്ഥിതിയുടേയും, മനുഷ്യന്റെയും, മൃഗങ്ങളുടേയും ആരോഗ്യം സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണം.
Email. [email protected]; [email protected]
REFERENCE
- https://www.who.int/emergencies/disease-outbreak-news/item/2022-DON385#:~:text=Historically%2C%20vaccination%20against%20smallpox%20had,are%20not%20yet%20widely%20available
- https://www.cdc.gov/poxvirus/monkeypox/outbreak/us-outbreaks.html?CDC_AA_refVal=https%3A%2F%2Fwww.cdc.gov%2Fpoxvirus%2Fmonkeypox%2Foutbreak.html
- https://www.cdc.gov/poxvirus/monkeypox/symptoms.html
- https://www.who.int/news-room/fact-sheets/detail/monkeypox
- https://www.ecdc.europa.eu/en/all-topics-z/monkeypox/factsheet-health-professionals
- https://www.ecdc.europa.eu/en/news-events/monkeypox-cases-reported-uk-and-portugal
- https://www.ecdc.europa.eu/en/news-events/epidemiological-update-monkeypox-outbreak
- https://www.gov.uk/guidance/monkeypox
- https://www.bavarian-nordic.com/pipeline/technology/mva-bn.aspx
- https://www.canada.ca/en/public-health/news/2022/05/public-health-agency-of-canada-confirms-2-cases-of-monkeypox.html
- https://doi.org/10.1371/journal.pntd.0010141
- https://doi.org/10.3390/tropicalmed1010008
- https://www.who.int/emergencies/disease-outbreak-news/item/2022-DON381
- https://www.gov.uk/government/news/monkeypox-cases-confirmed-in-england-latest-updates
- https://web.archive.org/web/20190701132211/https://www.who.int/csr/don/16-may-2019-monkeypox-singapore/en/