അന്യഗ്രഹത്തിൽ ആദ്യമായി പറന്ന ഹെലികോപ്റ്റർ

ഡോ.ദീപ.കെ.ജി

ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് ഹെലികോപ്റ്റർ പറത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് നാസ. ഏപ്രിൽ 19 നാണ് നാസയുടെ ഇഞ്ചിന്യൂയിറ്റി ഹെലികോപ്റ്റർ (Ingenuity Helicopter) ചൊവ്വയുടെ പ്രതലത്തിലെ ജെസീറൊ ഗർത്തത്തിൽ നിന്നും പരീക്ഷണയാത്ര നടത്തിയത്. ഇത് ആദ്യമായാണ് മറ്റൊരു ഗ്രഹത്തിൽ നിന്നും നിയന്ത്രണവിധേയമായി ഇത്തരം യാത്ര.

കണക്കുകൂട്ടിയ പരമാവധി ഉയരമായ മൂന്ന് മീറ്റർ പൊങ്ങി 30 സെക്കൻഡ് വായുവിൽ നിന്ന ശേഷമാണു വിജയകരമായി തിരിച്ചിറങ്ങിയത്. നാസയുടെ പെർസിവറൻസ് റോവർ ആണ് ഈ വീഡിയോ പകർത്തിയത്. ഈ വർഷം ഫെബ്രുവരി 18 നാണ് ഇഞ്ചിന്യൂയിറ്റി ശരീരത്തിൽ ഘടിപ്പിച്ചു പെർസിവറൻസ് ചൊവ്വയിൽ ഇറങ്ങിയത്. ഭൂമിയുടെ 1% മാത്രം മർദ്ദം ഉള്ള അന്തരീക്ഷവും കുറഞ്ഞ ഗുരുത്വാകർഷണവും ചൊവ്വയിൽ ഇത്തരം പരീക്ഷണങ്ങൾക്ക് പ്രതികൂല ഘടകങ്ങളാണ്. ഇവയെ തരണം ചെയ്യാൻ 1 .8 kg മാത്രം ഭാരം വരുന്ന തരത്തിലാണ് ഇൻജെനുവിറ്റിയുടെ നിർമ്മാണം. ഏപ്രിലിൽ തന്നെ പദ്ധതിയിടുന്ന രണ്ടാമത്തെ പരീക്ഷണവും വിജയകരമായി പൂർത്തിയാക്കുകയാണെങ്കിൽ ഇഞ്ചിന്യൂയിറ്റിയുടെ ദൗത്യം വിപുലീകരിക്കുകയാണ് നാസയുടെ ലക്ഷ്യം. രണ്ടു ക്യാമറകളാണ് ഇഞ്ചിന്യൂയിറ്റിയിൽ, ദിശ അറിയാൻ താഴേക്ക് ചൂണ്ടിയിരിക്കുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറയും ചക്രവാളത്തിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്ന കളർ ക്യാമറയും.

ഭൂമിയിൽ 1903-ലെ ആദ്യ വിമാനം പറപ്പിക്കൽ ഓർമയ്ക്കായി അന്ന് റൈറ്റ് സഹോദരന്മാർ പറത്തിയ റൈറ്റ് ഫ്ളെയറിൽ നിന്നുള്ള ഒരു തുണിക്കഷണം ഇഞ്ചിന്യൂയിറ്റി വഹിക്കുന്നുണ്ട്.

അവലംബം: www.nasa.gov


Leave a Reply