മോളിബ്ഡിനം – ഒരു ദിവസം ഒരു മൂലകം

ഡോ. ആഭിലാഷ് എം.

ഗസ്റ്റ് ലക്ചറർ, ബയോകെമിസ്ട്രി ഗവ ആർട്‌സ് &സയൻസ് കോളേജ് കുളത്തൂർ, നെയ്യാറ്റിൻ കര, തിരുവനന്തപുരം

ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു.  ഇന്ന് മൊളിബ്ഡിനത്തെ പരിചയപ്പെടാം.

 

വർത്തനപട്ടികയിൽ ആറാം ഗ്രൂപ്പിൽ ക്രോമിയം, ടങ്ങ്സ്റ്റൻ, സിബോർഗിയം എന്നിവയ്‌ക്കൊപ്പമാണ് മോളിബ്ഡിനത്തിന്റെ സ്ഥാനം. ഒരു സംക്രമണ ലോഹമായ (Transition Metal) മോളിബ്ഡിനത്തിന്റെ അറ്റോമിക് നമ്പർ 42 ഉം അറ്റോമിക ഭാരം 95.95 മാണ്. ലെഡ് എന്നർത്ഥം വരുന്ന മോളിബ്‌ഡോസ് (Molybdos) എന്ന  ഗ്രീക്ക് പദത്തിൽ നിന്നാണ് മോളിബ്ഡിനത്തിന് ആ പേര് ലഭിച്ചത്. പ്രധാനമായും മോളിബ്ഡിനൈറ്റ് (Molybdenite) എന്ന ധാതുവിൽ നിന്നാണ് ഇന്ന് മോളിബ്ഡിനം വേർതിരിച്ചെടുക്കുന്നത്. കറുപ്പ് നിറമുള്ള ഒരു ധാതുവാണ് മോളിബ്ജിനൈറ്റ്. അതുകൊണ്ട് തന്നെ അതിൽ ലെഡ് ആണ് അടങ്ങിയിട്ടുള്ളതെന്നും , അതല്ലാ ഗ്രാഫൈറ്റാണെന്നും  ആദ്യകാലത്ത് രസതന്ത്രജ്ഞർക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു . എന്നാൽ 1778 ൽ പ്രശസ്ത സ്വീഡിഷ് രസതന്ത്രജ്ഞനായ കാൾ വിൽഹം ഷീലെ ആണ് മോളിബ്ഡിനത്തിലുള്ളത് ലെഡ് അല്ലെന്നും പുതിയൊരു ലോഹമാണെന്നും ആദ്യമായി സൂചിപ്പിച്ചത്. പക്ഷെ അത് ഏത് ലോഹമാണെന്നു തിരിച്ചറിയാനോ വേർതിരിച്ചെടുക്കാനോ അദ്ദേഹത്തിന് സാധിച്ചില്ല. തുടർന്ന്  1781 ൽ ഷീലെയുടെ സുഹൃത്തും രസതന്ത്രജ്ഞനുമായ Peter Jacob Hjelum ആണ് മോളിബ്ഡിനം ആദ്യമായി വേർതിരിച്ചെടുത്തത്.

Peter Jacob Hjelum, കാൾ വിൽഹം ഷീലെ | കടപ്പാട് :വിക്കിപീഡിയ

മോളിബ്ഡിനത്തിന് പ്രധാനമായും മോളിബ്ഡിനൈറ്റ് (Molybdenite, MoS2) ,വുൾഫനൈറ്റ് (Wulfenite, PbMoO4) പൊവെലൈറ്റ് (Powelite, CaMoO4) എന്നിങ്ങനെ മൂന്നു  ധാതുക്കളാണുള്ളത്. ഇതുകൂടാതെ ചെമ്പിന്റെയും ടങ്സ്റ്റണിന്റെയും ശുദ്ധീകരണത്തിൽ ഒരു ഉപോത്പന്നമായും മോളിബ്ഡിനം ലഭിക്കുന്നു. 

മോളിബ്ഡിനൈറ്റ് – ക്വാർട്‌സി(quartz) ൽ പറ്റിച്ചേർന്നുകിടക്കുന്നു | കടപ്പാട് :വിക്കിപീഡിയ

മോളിബ്ഡിനം ലോഹത്തിന്റെ ഉൽപാദനം

മോളിബ്ഡിനത്തിന്റെ ഉൽപാദനത്തിൽ പ്രധാനമായും രണ്ടു ഘട്ടങ്ങളാണുള്ളത്. 

 1. ആദ്യഘട്ടത്തിൽ മോളിബ്ഡിനൈറ്റ്  (MoS2) റോസ്റ്റിംഗ് എന്ന  പ്രക്രിയയിലൂടെ മോളിബ്ഡിക് ട്രൈ ഓക്‌സൈഡ്  (MoO3) ആയി മാറ്റുന്നു.
 2. തുടർന്നു  മോളിബ്ഡിക് ട്രൈ ഓക്‌സൈഡിനെ ഹൈഡ്രജൻ റിഡക്ഷൻ പ്രക്രിയയിലൂടെ മോളിബ്ഡിനം ലോഹമാക്കിമാറ്റുന്നു. 

കാനഡ , ചിലി, അമേരിക്ക, ചൈന എന്നീ  രാജ്യങ്ങളാണ് മോളിബ്ഡിനം വ്യാവസായികമായി ഉൽപാദിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത്. 

ഭൗതിക രാസഗുണങ്ങൾ 

ശുദ്ധരൂപത്തിൽ വെള്ളിത്തിളക്കമുള്ള ചാര നിറത്തിലാണ് (Silvery gray) മോളിബ്ഡിനം കാണപ്പെടുന്നത്. വളരെ ഉയർന്ന ഉരുകൽ നില (Melting point) ആണ് മോളിബിഡിനത്തിനുള്ളത് (26230C). ഏറ്റവും ഉയർന്ന ഉരുകൽ നിലയുള്ള ലോഹങ്ങളിൽ മോളിബ്ഡിനത്തിന് ആറാം സ്ഥാനമാണ്.. മോളിബ്ഡിനത്തിന് 33 ലധികം ഐസോടോപ്പുകളുണ്ട്. എന്നാൽ അവയിൽ ഏഴെണ്ണം മാത്രമാണ് പ്രകൃതിയിൽ കാണപ്പെടുന്നത്. മറ്റുള്ളവ കൃത്രിമമായി നിർമ്മിച്ചവയാണ്.  Mo-98 ആണ് പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. പ്രകൃതിയിൽ കാണപ്പെടുന്നവയിൽ Mo-100 അസ്ഥിരമാണ്. ഇവയൊന്നും തന്നെ റേഡിയോ അക്റ്റീവത പ്രകടിപ്പിക്കുന്നില്ല. 

സാധാരണ താപനിലയിൽ മോളിബ്ഡിനം വായുവുമായോ ജലവുമായോ പ്രതിപ്രവർത്തനത്തിൽ ഏർപ്പെടുന്നില്ല. എന്നാൽ ഉയർന്ന താപനിലയിൽ  (6000C) മോളിബ്ഡിനം ഓക്‌സിജനുമായി പ്രവർത്തിച്ച് മോളിബ്ഡിനം ട്രൈ ഓക്‌സൈഡ് (MoO3) ഉണ്ടാകുന്നു.

വ്യാവസായിക ഉപയോഗങ്ങൾ

മോളിബ്ഡിനം ചെമ്പ് ലോഹസങ്കരം | കടപ്പാട് :വിക്കിപീഡിയ
 • വളരെ ഉയർന്ന  ഉരുകൽ നില, ഉയർന്ന  മർദ്ദത്തെ അതിജീവിക്കാനുള്ള കഴിവ്, ലോഹനാശനത്തെ പ്രതിരോധിക്കാനുള്ള ശേഷി എന്നീ  സവിശേഷതകൾ കാരണം ലോഹസങ്കരങ്ങളുടെ (Alloys) നിർമ്മാണത്തിന് മോളിബ്ഡിനം ഉപയോഗിക്കുന്നു. Ultra high strength steel നിർമ്മാണത്തിൽ  0.25 % മുതൽ 8 % വരെ മോളിബ്ഡിനം ഉപയോഗിച്ച് വരുന്നു.
 • മിസൈലുകൾ, വിമാനങ്ങൾ യുദ്ധ ടാങ്കുകൾ എന്നിവയുടെ ചില ഭാഗങ്ങളുടെ നിർമ്മാണത്തിലും മോളിബ്ഡിനം ഒരു ഘടകമാണ്.
 • ബൾബുകളുടെ നിർമ്മാണത്തിൽ ടങ്സ്റ്റണ്‍  ഫിലമെന്റുകൾക്ക് സപ്പോർട്ടിംഗ് വയറുകളായി മോളിബ്ഡിനം ഉപയോഗിക്കുന്നു.
 • മോളിബ്ഡിനം ഡൈ സൾഫൈഡ്  (MoS2) ഒരു മികച്ച ലൂബ്രിക്കന്റ്  ആണ്
 • ഗ്ലാസ്സ്  ഫർണസുകളിൽ ഇലക്‍ട്രോഡുകളുടെ നിർമ്മാണത്തിന് മോളിബ്ഡിനം ഉപയോഗിക്കാം.
 • പെട്രോളിയം റിഫൈനറികളിൽ ഒരു ഉൽപ്രേരകമായും (Catalyst) ഉപയോഗിക്കുന്നു ‘ 
 • വൈദ്യ ശാസ്ത്ര ആവശ്യങ്ങൾക്കായി ടെക്‌നീഷ്യം – 99m നിർമ്മിക്കുതിന് മോളിബ്ഡിനം ഐസോടോപ്പുകൾ ഉപയോഗിക്കുന്നു. 

ജൈവലോകത്തിൽ മോളിബ്ഡിനത്തിന്റെ പ്രാധാന്യം

സസ്യങ്ങളുടെയും ജന്തുക്കളുടെയും ആരോഗ്യകരമായ വളർച്ചയ്ക്ക് അത്യാവശ്യമായ ഒരു സൂഷ്മ മൂലകമാണ് (Trace Element) മോളിബ്ഡിനം. ഏകദേശം 50 ൽ അധികം എൻസൈമുകളുടെ പ്രവർത്തനത്തിൽ മോളിബ്ഡിനം ഒരു സഹ ഘടകമാണ് (Cofactor) 

നൈട്രോജിനേഷന് സഹായിക്കുന്ന അയേൺ-മൊളിബ്ഡിനം കോഫാക്റ്റർ (FeMoco) ഘടന
 • സസ്യങ്ങളിൽ നൈട്രജൻ ഫിക്‌സേഷന് സഹായിക്കുന്ന ബാക്റ്റീരിയങ്ങളിലെ പ്രധാന എൻസൈമായ നൈട്രോജിനേസിന്റെ പ്രവർത്തനത്തിനും മോളിബ്ഡിനം ഒരു അനിവാര്യഘടകമാണ്. 
 • ന്യൂക്ലിയിക് ആസിഡുകളിലെ പ്രധാന ഘടകമായ പ്യൂരിനുകളെ (Purines)വിഘടിപ്പിച്ച് യൂറിക് ആസിഡ് ആക്കി മാറ്റുതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന Xanthene Oxidise -ന്റെ പ്രവർത്തനത്തിന് മോളിബ്ഡിനം ആവശ്യമാണ്.
 • സൾഫർ അടങ്ങിയ അമിനോ അമ്ലങ്ങളായ  മെതിയോനിൻ (Methionine) , സിസ്റ്റീൻ (Cysteine) എന്നിവയുടെ ചയാപചയത്തിൽ (Metabolism) മോളിബ്ഡിനം ഒരു പ്രധാന പങ്ക് വഹിക്കുന്നു.
 • മേൽപ്പറഞ്ഞ ധർമ്മങ്ങൾക്കു പുറമേ ശരീരത്തിൽ ചെമ്പിന്റെ അമിതമായ സംഭരണത്തിന്  (accumulation) കാരണമാകുന്ന വിൽസൺസ് രോഗത്തിന്റെ (Wilson’s disease) ചികിൽസക്കും മോളിബ്ഡിനം ഉപയോഗിക്കുന്നു.

പ്രായപൂർത്തിയായ ഒരാൾക്ക് ഒരു ദിവസം 45 മൈക്രോഗ്രാം (45mcg) മോളിബ്ഡിനം ആവശ്യമാണ്. പയർ, തുവരപ്പരിപ്പ്, ധാന്യങ്ങൾ, ഉരുളക്കിഴങ്ങ്, ഓട്‌സ് ,വെള്ളരിക്ക, ഇലക്കറികൾ എന്നിവയിൽ മോളിബ്ഡിനം ആവശ്യത്തിന്  അടങ്ങിയിരിക്കുന്നു.

Leave a Reply