ജയകൃഷ്ണന്‍ എ.ജെ.
പി എച്ച് ഡി റിസർച്ച് സ്കോളർ, സ്മാർട്ട് ഓർഗാനിക് മെറ്റീരിയൽസ് ലബോറട്ടറി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിസ്ട്രി അക്കാഡമിയ സിനിക്ക, തായ് വാൻ
ഉജാല കുപ്പിയിൽ പാരഗണിന്റെയോ ഹവായ് ചെരുപ്പിന്റെയോ കഷണങ്ങൾ മുറിച്ച് പിടിപ്പിച്ച ടയറുകളുള്ള ഒരു കൊച്ചു വണ്ടി..! അല്ലെങ്കിൽ വെള്ളം കൊണ്ടുപോകുന്ന കറുത്ത ഹോസ് വട്ടത്തിൽ ആക്കി അതും കറക്കി ഒരു ഓട്ടം.. മരുന്ന്കുപ്പിയുടെ രണ്ട് അടപ്പുകൾ എടുത്ത് അത് റബർബാൻഡും മെഴുകുതിരിയും ഈർക്കിലിയും വെച്ച് പിടിപ്പിച്ച് ‘കീ’ കൊടുത്തു വിട്ടു നമ്മൾ അത്ഭുതപ്പെട്ട ദിവസങ്ങൾ… തീപ്പെട്ടിക്കൂടിൽ ടിപ്പർ ലോറിയെ ഉണ്ടാക്കിയ നമ്മുടെയെല്ലാം കുട്ടിക്കാലം ഇത് വായിക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് വന്നിട്ടുണ്ടാകും..അല്ലേ?
നിങ്ങളോട് ആദ്യമായി സ്വന്തമാക്കിയ വണ്ടി ഏതാണ് എന്ന് ചോദിച്ചാൽ ഒരുപക്ഷേ ഉത്തരം പാളവണ്ടി എന്നതായിരിക്കും..
ഒരുപാട് പേരുടെ കുട്ടിക്കാലത്തെ വാഹനസ്വപ്നങ്ങൾക്ക് മുതൽക്കൂട്ടായി, അഞ്ചു പൈസ പോലും മുടക്കാതെ സ്വന്തമാക്കാൻ പറ്റിയ ആദ്യത്തെ വാഹനം പാളവണ്ടി തന്നെ ആയിരിക്കണം! ഒരു പക്ഷേ സ്കൂളിൽ പോകാൻ തുടങ്ങുമ്പോൾ എല്ലാവരുടെയും ഏറ്റവും വലിയ സ്വപ്നം ഒരു ബൈസൈക്കിൾ ആവും. ഹെർക്കുലീസും എം ടി ബി യും ബി എസ് എ യെമൊക്കെക്കണ്ട് കൊതിക്കാത്ത കുട്ടിക്കാലം ആർക്കുമുണ്ടാവില്ല..! മോട്ടോർ ബൈക്കും ജീപ്പും കാറും വിമാനവും കപ്പലും ട്രയിനും ഓടിക്കണമെന്ന് ആഗ്രഹിക്കാത്തവർ വളരെ കുറവായിരിക്കും…
വാഹനങ്ങളോടുള്ള മനുഷ്യന്റെ പ്രിയം ഒരിക്കലും അവസാനിക്കാറില്ല.. പല വേഗത്തിൽ, ആകൃതിയിൽ പുതിയ ഡിസൈനുകളിൽ അങ്ങനെ പല പല രീതിയിൽ പലതരത്തിലുള്ള വാഹനങ്ങൾ നിർമ്മിച്ച് മനുഷ്യൻ തന്റെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്നു… ചെറിയ സൈക്കിൾ മുതൽ 95 മീറ്റർ ഉയരവും 13500 ടൺ ഭാരവുമുള്ള ഉള്ള ലോകത്തിലെ ഏറ്റവും വലിയ ലാന്റ് വെഹിക്കിൾ ആയ ബാഗർ 288 (Bagger 288) വരെ മനുഷ്യൻറെ അത്ഭുത സൃഷ്ടിയുടെ ഉദാഹരണങ്ങൾ ആണ്..!
ഭീമാകാരൻമാരായ വണ്ടികൾ കണ്ടു അത്ഭുതപ്പെട്ട് നിൽക്കുമ്പോൾ എപ്പോഴെങ്കിലും ചെറിയ വണ്ടികളെ പറ്റി നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?
ചെറുത് എന്ന് പറഞ്ഞു കഴിഞ്ഞാൽ എത്രത്തോളം ചെറുതാണെന്നാണ് വിചാരിച്ചിട്ടുണ്ടാവും? നിങ്ങളുടെ ഒരു തലമുടി നാരിന്റെ അത്രയും ചെറിയതാണോ? അതിലും ചെറുത്?
നമ്മുടെ തലയിലെ ഒരു മുടി എടുത്തിട്ട് അതിനെ ഒന്ന് നെടുകെ മുറിയ്ക്കാൻ നോക്കുക. അങ്ങനെ മുറിച്ച് ഒരു പത്ത് ചെറിയ കഷ്ണങ്ങളാക്കി വിചാരിക്കുക. വീണ്ടും മുറിച്ചു പത്ത് കഷ്ണങ്ങളാക്കുന്നു.. അങ്ങനെ മുറിച്ച്..മുറിച്ച്…മുറിച്ച്… നിങ്ങൾ അതിനെ 500,000 കഷ്ണങ്ങളാക്കി വിചാരിക്കുക..! അതിൽ ഒന്നിനെ എടുക്കുന്നു.. അതിന്റെ വലിപ്പം ഒന്ന് ചിന്തിച്ച് നോക്കിയേ.. അതിന്റെയും അഞ്ചിൽ ഒന്ന് വലിപ്പമോ?
അതാണ് ഒരു ഹൈഡ്രജൻ തന്മാത്രയുടെ ഏകദേശ വലിപ്പം..!
അത്രയും ചെറിയ ഒരു വണ്ടി ഉണ്ടാക്കുന്നതിനെപ്പറ്റി നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? അതിൽ സാധനങ്ങളൊക്കെ കയറ്റിവിടാൻ പറ്റുമോ? പറ്റും..!
ആ ഇത്തിരിക്കുഞ്ഞൻ വണ്ടിയിൽ മരുന്നുകൾ കയറ്റിവിട്ട് ശരീരത്തിൽ അസുഖമുള്ള ഭാഗത്ത് എത്തുമ്പോൾ കൃത്യമായി മരുന്നുകൾ ഇറക്കിക്കൊടുക്കുന്നത് (targeted drug delivery) പൊളിയായിരിക്കും അല്ലേ? മോളിക്കുലർ മെഷീൻ (Molecular machines) അല്ലെങ്കിൽ ഒരു നാനോ മെഷീൻ എന്നാൽ ഏതെങ്കിലും ഒരു തന്മാത്ര ഭാഗത്തിന് അതിന് പുറത്തുനിന്നുള്ള പ്രതികരണത്തിന് അനുസരിച്ച് ഒരു താൽക്കാലികമായ യാന്ത്രികചലനം (Quasi-mechanical motion) ഉണ്ടാക്കാൻ കഴിയുന്നു എന്നതാണ്.
യന്ത്രങ്ങളെപ്പോലെ ചലിക്കുന്ന തന്മാത്രകളെക്കുറിച്ചുള്ള ഒരു ആശയം ആദ്യമായി ഉണ്ടാക്കിയെടുത്തത് സ്ട്രോസ്ബെർഗ് യൂണിവേഴ്സിറ്റി പ്രൊഫസർ ജീൻ പിയറി സോവസ്(Prof.Jean-Pierre Sauvage) ആണ്. അദ്ദേഹം 1983 ൽ ഒരു ചെറിയ മോളിക്കുലർ മെഷീൻ ഉണ്ടാക്കിയത് രസകരമാണ്. അതിനായി ആദ്യം വട്ടത്തിലുള്ള രണ്ട് തന്മാത്രകൾ (Catenanes) ഒരുമിച്ചെടുത്ത് ഒരു നേർരേഖ പോലെയാക്കി മാറ്റി. എന്നുവച്ചാൽ ഒരു വളയ തന്മാത്രയ്ക്ക് മറ്റൊന്നിനു ചുറ്റും വളരെ ആയാസത്തോടെ സഞ്ചരിക്കാൻ കഴിയും. ഇതായിരുന്നു തന്മാത്ര വണ്ടികളുടെ ആദ്യത്തെ ആശയം. ആദ്യമായി ഉണ്ടാക്കിയ തന്മാത്ര യന്ത്രം മോളിക്കുലർ ഷട്ടിൽ ആണ്. സർ ഫ്രെയിസർ സ്റ്റൊഡാർട്ട് (Sir.James Fraser Stoddart) എന്ന ശാസ്ത്രജ്ഞനാണ് അത് ഉണ്ടാക്കിയത്.
മോളിക്യുലാര്‍ ഷട്ടില്‍ (ഒരു വലയ തന്മാത്രയ്ക്ക് (green) മറ്റൊരു നീളന്‍ തന്മാത്രയുടെ ഒരുഭാഗത്തുനിന്നും മറ്റൊരു ഭാഗത്തേക്ക് സഞ്ചരിക്കാൻ (yellow) കഴിയുന്നു കടപ്പാട് Wikipedia
അതിനായി അദ്ദേഹം ഉപയോഗിച്ചത് റോട്ടാക്സിൻ (rotaxanes)എന്ന് പറയുന്ന തന്മാത്രകളാണ്. റോട്ടാക്സിൻ തന്മാത്രകൾ എന്നാൽ നമ്മളൊക്കെ ഉപയോഗിക്കുന്ന വളകൾ പോലെയുള്ള ഒരു തന്മാത്രയാണ്. ചക്രം എന്ന അർത്ഥം വരുന്ന റോട്ട എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് റോട്ടാക്സിൻ എന്ന പേര് ഉണ്ടായത്. അത് ചിത്രത്തിൽ കാണുന്നത് പോലെയാണ് , ഒരു ഡംബെലിന്റെ രണ്ട് അറ്റത്തും ഉള്ള ഭാഗങ്ങൾ നടുവിലുള്ള വട്ടത്തിക്കാൾ വലിപ്പം കൂടുതലായതിനാൽ ഇതിനെ വേർതിരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.
സാധാരണ നമ്മൾ കണ്ടിട്ടുള്ള മോട്ടോറുകൾ പോലെ ഒരു പ്രത്യേക രീതിയിലുള്ള ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന തന്മാത്രകളാണ് മോളിക്യുലാർ പ്രൊപ്പല്ലർ. പ്രൊപ്പലറുകൾ എന്താണെന്ന് നമുക്കെല്ലാവർക്കും അറിയുന്നതാണ്. അതുപോലെ തന്നെയാണ് തന്മാത്രകളെയും ആ ആകൃതിയിൽ സൃഷ്ടിച്ചെടുക്കുന്നത്. ഇത്തരത്തിലുള്ള തന്മാത്രകൾ കറങ്ങുമ്പോൾ അവയ്ക്ക് ചുറ്റിലുമുള്ള ദ്രാവക തന്മാത്രകളെ ദൂരേയ്ക്ക് തെറിപ്പിക്കാൻ സാധിക്കും. കറങ്ങുന്ന ഫാനിന്റെ മുകളിൽ എന്തെങ്കിലും വസ്തു തട്ടിയാൽ തെറിച്ച് പോകുന്നത് പോലെ.
ഇനി മോളിക്യുലാർ സ്വിച്ച് എന്താണെന്ന് നമുക്ക് നോക്കാം. എല്ലാവർക്കും വളരെ പരിചയമുള്ള ഒന്നാണ് സ്വിച്ച്. അതുപോലെ തന്നെയാണ് തന്മാത്രകളെ ഉപയോഗിച്ച് സ്വിച്ചുകൾ ഉണ്ടാക്കുക എന്നുള്ളത്. ഒരു തന്മാത്ര സ്വിച്ച് എന്നു പറഞ്ഞാൽ അതിന് വ്യത്യസ്തമായ സ്ഥിരത നേടാൻ കഴിയുന്ന വിവിധ സ്ഥലങ്ങളിൽ കൂടി സഞ്ചരിക്കാൻ കഴിയും. ഉദാഹരണത്തിന്, തന്മാത്രയിൽ വന്ന് പതിക്കുന്ന പ്രകാശത്തിന്റെ തീവ്രതയിൽ അല്ലെങ്കിൽ അളവിലോ, അല്ലെങ്കിൽ നമ്മൾ പുറമേ നിന്ന് നൽകുന്ന വൈദ്യുതിയുടെ വ്യത്യാസത്തിൽ, ചുറ്റിലുമുള്ള പരിസ്ഥിതിയുടെ സ്വഭാവത്തിൽ വരുന്ന മാറ്റം തുടങ്ങി നിരവധി കാര്യങ്ങളിൽ വരുന്ന വ്യത്യാസം അനുസരിച്ച് തന്മാത്ര സ്വിച്ചു കൾക്ക് സ്ഥിരതയാർന്ന അവസ്ഥകളിലേക്ക് മാറാൻ കഴിയും
ടാറ്റാ കമ്പനി നിർമ്മിച്ച നാനോ കാർ വലിയ ഒരു സംഭവം ആയിരുന്നല്ലോ..! വളരെ ചുരുങ്ങിയ ചെലവിൽ ഒരു കൊച്ചു കുടുംബത്തിലെ അംഗങ്ങൾക്ക് യാത്ര ചെയ്യാൻ പറ്റുന്ന രീതിയിൽ ആയിരുന്നു ആ കാർ ഡിസൈൻ ചെയ്തത്. അതുപോലെ തന്നെയാണ് തന്മാത്രകളുപയോഗിച്ചുള്ള നാനോ കാറിന്റെ ഡിസൈനും. 2005-ലാണ് ആദ്യത്തെ തന്മാത്ര കാർ ശാസ്ത്രജ്ഞർ ഉണ്ടാക്കുന്നത്. 2011 ബെൻ ഫെറിംഗ (Prof. Ben Feringa) എന്ന ശാസ്ത്രജ്ഞനും കൂട്ടരും മോട്ടോർ പിടിപ്പിച്ച് ഒരു തന്മാത്ര കാർ ഉണ്ടാക്കി. കുറച്ചുകൂടി വിശദമായി പറഞ്ഞാൽ, 2005 ൽ ഉണ്ടാക്കിയ തന്മാത്ര കാറുകൾക്ക് സഞ്ചരിക്കാനുള്ള കഴിവ് ഉണ്ടായിരുന്നില്ല. എന്നാൽ 2011 ഉണ്ടാക്കിയ തന്മാത്ര കാർ വലിയ കാറുകളേപ്പോലെ ചക്രങ്ങളുടേയും മോട്ടോറുകളുടേയുമൊക്കെ പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്ത് ചലിക്കാനുള്ള കഴിവോട് കൂടിയായിരുന്നു.
2016 ലെ രസതന്ത്ര നോബൽ സമ്മാനം മോളിക്കുലാർ മെഷീനുകളുടെ പഠനവുമായി ബന്ധപ്പെട്ടതിന് ശാസ്ത്രഞ്ജരായ പ്രൊഫസർ സാവോസ്, സ്റ്റഡാർട്ട്, ഫെറിംഗ എന്നിവർക്ക് സമ്മാനിച്ചു.(പ്രൊഫസർ ഫെറിംഗയുടെ നോബൽ സമ്മാന പ്രഭാഷണം യുട്യൂബിൽ ഉണ്ട്. വളരെ രസകരവും ശാസ്ത്ര പ്രചോദനവും നൽകുന്നതാണ്. ലിങ്ക് ചുവടെയുണ്ട്.)
നാനോ കാറുകളെ കൂടാതെ നാനോ ട്വീസറുകൾ (Nano-tweezer) അഥവാ മോളിക്കുലർ ടീസറുകൾ, മോളിക്കുലർ സെൻസറുകൾ, മോളികുലാർ അസംബ്ലി അങ്ങനെ പലതരത്തിൽ തന്മാത്ര മെഷീനുകൾ ശാസ്ത്രജ്ഞർ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.
ഇത്രയും ചെറിയ വണ്ടിയിൽ എങ്ങനെയാണ് സാധനങ്ങൾ കൊണ്ടുപോവുക ? എങ്ങനെയാണ് ആണ് ഇതിനെ നിയന്ത്രിക്കുക? എങ്ങനെയാണ് ഇത് പ്രവർത്തിക്കുക..? തുടങ്ങി നിരവധി സംശയങ്ങൾ നിങ്ങളുടെ മനസ്സിൽ ഇപ്പോൾ തോന്നിയിട്ടുണ്ടാകും..
അങ്ങനെ ചെയ്യണമെങ്കിൽ നമ്മൾ അത്രയും ചെറുതായി മാറണം. അങ്ങനെ ചെറുതായി മാറിയാൽ മാത്രമേ നമുക്ക് അത്രയും സൂക്ഷ്മായ ലോകത്തെ അനുഭവിച്ചറിയാൻ കഴിയു. അപ്പോൾ എന്തു ചെയ്യും? മോളിക്കുലാർ മെഷീനുകളും മോളികുലാർ മോട്ടോറുകളെയും ഒക്കെ അന്വേഷിച്ച് എവിടെയും പോകണ്ട കാര്യമില്ല. അതൊക്കെ നമ്മുടെ ഉള്ളിൽ തന്നെയുണ്ട്. നമ്മുടെ മനുഷ്യശരീരം കോടിക്കണക്കിന് മോളിക്കുലർ മെഷീനുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള വലിയൊരു ശേഖരമാണ്. തീർച്ചയായും അത്ഭുതപ്പെടാൻ ഒരുപാട് ഉണ്ടല്ലേ?
നമ്മുടെ ശരീരത്തിൽ അമിനോ ആസിഡുകൾ ഉണ്ട് എന്നും ഈ അമിനോ ആസിഡുകൾ തമ്മിൽ കൂടിച്ചേർന്നതാണ് പ്രോട്ടീൻ രൂപപ്പെടുന്നതെന്നും പ്രോട്ടീനുകൾ നമ്മുടെ ഉപാപചയ പ്രവർത്തനത്തെയും ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുക്കുകയും ശരീരത്തിന് ആവശ്യമായ ഒട്ടുമിക്ക കാര്യങ്ങളും ചെയ്യുകയും ചെയ്യുമെന്നത് വളരെ അടിസ്ഥാനപരമായ ശാസ്ത്രകാര്യമാണ്. എന്നാലും പ്രോട്ടീനുകളെ സംബന്ധിച്ചുള്ള പഠനവും അവരുടെ പ്രവർത്തനങ്ങളും വളരെ ആഴമേറിയ ഒരു വിഷയമാണ്. മയോസീൻ എന്നു പറയുന്ന ഒരു പ്രോട്ടീനാണ് നമ്മുടെ ശരീരത്തിലെ മസിലുകളുടെ ചലനത്തെ നിയന്ത്രിക്കുന്നത്. ഒരു വണ്ടിയുടെ പ്രവർത്തനം പോലെയാണ് അവയുടെ പ്രവർത്തനം. പ്രോട്ടീനുകൾ ഒരു കാർഗോ ആയിട്ടാണ് ശരീരത്തിനുള്ളിൽ പ്രവർത്തിക്കുന്നത്. ഇങ്ങനെ ഇത്രയും ചെറിയ മോളിക്കുലാർ വണ്ടികൾ ഒക്കെ ഉണ്ടാക്കിയിട്ട് നമുക്ക് എന്താണ് പ്രയോജനം എന്ന് ഒരിക്കലെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകും.
എന്നാൽ നിങ്ങൾ ഇങ്ങനെ ഒന്ന് ആലോചിച്ചു നോക്കുക, നമ്മൾ ഒരു വണ്ടിയിൽ ഈ മരുന്നുകളൊക്കെ സാധാരണ പോലെ കയറ്റിവിടുന്നു. അല്ലെങ്കിൽ നമ്മൾ എത്തിച്ചേരുന്ന സ്ഥലത്ത് എത്തുമ്പോൾ ആളുകൾ വന്നു സ്വീകരിക്കുന്നതുപോലെ തന്നെ, കൃത്യമായ അസുഖം ഉള്ള സ്ഥലങ്ങളിൽ എത്തുമ്പോൾ മരുന്നുകൾ ഇറക്കിക്കൊടുക്കാൻ പറ്റുക.കാൻസർ പോലെയുള്ള മാരകമായ അസുഖങ്ങളിൽ തന്മാത്ര വണ്ടികൾ വളരെ പ്രാധാന്യം ഉള്ളതാണ്. ശാസ്ത്രലോകം ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നത് എങ്ങനെ ഈ തന്മാത്ര വണ്ടികളെ ക്യാൻസർ പോലെ ഭീകരമായ അസുഖങ്ങൾ സുഖപ്പെടുത്താൻ പ്രയോജനപ്പെടുത്താം എന്നതാണ്. സയൻസ് ഫിക്ഷൻ സിനിമകളിൽ നമ്മൾ പല രീതിയിലുള്ള കഥകൾ കേട്ടിട്ടുണ്ട്. ഒരു ഉറുമ്പിനോളം ചെറുതായി കഴിഞ്ഞാൽ നമുക്ക് പല സ്ഥലങ്ങളിൽ പോകാൻ പറ്റും ആളുകൾ കാണാതെ ഒളിച്ചിരിക്കാം..അല്ലേ? എത്രയും ചെറുതായി മാറി പലസ്ഥലങ്ങളിലും പല കാര്യങ്ങൾ ചെയ്യാം. ഇതൊക്കെ സിനിമകളിൽ മാത്രം നമ്മൾ കണ്ടിട്ടുള്ളതാണ്. ഈ കാര്യങ്ങളൊക്കെ സത്യമായിരുന്നെങ്കിൽ എന്ന് ഒരിക്കലെങ്കിലും നിങ്ങൾ വിചാരിച്ചിട്ടില്ലേ?
ശാസ്ത്രലോകം വികസിച്ചുകൊണ്ടിരിക്കുകയാണ് പുതിയ പുതിയ അത്ഭുതങ്ങൾ നമ്മൾ ഓരോ ദിവസവും കണ്ടു കൊണ്ടിരിക്കുകയാണ് കോവിഡ് പോലെ മഹാമാരികൾ തലപൊക്കി മനുഷ്യരാശിയെ നേരിടാൻ വന്നുകൊണ്ടിരിക്കുന്നു എതിരാളി കൂടുതൽ പ്രബലനാകും തോറും നമ്മൾ കൂടുതൽ കരുത്താർജിച്ചു യുദ്ധം ചെയ്യേണ്ടി വരുന്നു. അതിനായി നമ്മളോരോരുത്തരും പരിശ്രമിക്കേണ്ടതുണ്ട്. ശാസ്ത്ര ബോധമുള്ള പുതിയ സമൂഹത്തിന് വെല്ലുവിളികളെ നേരിടാൻ കൂടുതൽ കരുത്ത് ലഭിക്കും!
വീഡിയോകള്‍
3. Sir Fraser Stoddart talking about Molecular Machines
4. Your Body’s Molecular Machines
അധികവായനയ്ക്ക്
- Molecular machines- Wikipedia
- Making Molecular machines work- Nature Biotechnology; Nature Nanotechnology volume 1, pages25–35(2006)
- The Future of Molecular Machines by Ivan Aprahamian, ACS Center Science; DOI: 10.1021/acscentsci.0c00064
- Building Molecular Machines by Joseph Wang and Co-workers Science Advances Journal
- Molecular machines with bio-inspired mechanisms By David. A . Leigh and Co-workers, PNAS, DOI: 10.1073/pnas.1712788115
- Artificial molecular and nanostructures for advanced nanomachinery by T. C. Lee and Co-workers Chem.Comm ; DOI: 10.1039/C7CC09133H