Read Time:12 Minute

ഡോ അരുൺ ടി.ആർ.

2020 മെയ് 6ന് മാതൃഭൂമി പത്രത്തില്‍ വന്ന അശാസ്ത്രീയവും അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിൽ എഴുതിയതുമായ ലേഖനത്തിനുള്ള  മറുപടി. സംസ്ഥാനത്തെ മരണനിരക്കിലുള്ള കുറവിനു കാരണം യഥാർത്ഥ രോഗികളെ തിരിച്ചറിയാത്തതാണ് എന്ന അബദ്ധജടിലമായ വാദമാണ് ലേഖനത്തില്‍ ഉന്നയിക്കുന്നത്. ലേഖനത്തിലെ പിഴവുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഈ കുറിപ്പ് മാതൃഭൂമി പത്രത്തിന് അയച്ചുകൊടുത്തെങ്കിലും പ്രസിദ്ധീകരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. ലൂക്ക പ്രസിദ്ധീകരിക്കുന്നു

കേരളത്തിൽ  കോവിഡ്-19 മരണനിരക്ക് താരതമ്യേന കുറഞ്ഞത്  യഥാർത്ഥ രോഗികളിൽ 40 ശതമാനത്തെയും  തിരിച്ചറിയാത്തത് മൂലമാണെന്നാണ് ഡോ. ജയകൃഷ്ണൻ ഉണ്ണികൃഷ്ണൻ, ഡോ. സുജിത് മംഗലത്ത് എന്നിവർ മാതൃഭൂമിയിലെഴുതിയ ലേഖനം അഭിപ്രായപ്പെടുന്നത്1. കേരളത്തിൽ തിരിച്ചറിയപ്പെടാത്ത 318 രോഗബാധിതരെങ്കിലും ഉണ്ടാകാമെന്ന ഭീതിജനകമായ വാർത്ത പങ്കുവെയ്ക്കുന്ന ലേഖനത്തിന്റെ വിശകലന രീതിയും, നിഗമനങ്ങളുടെ ശാസ്ത്രീയതയും പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഒരു രോഗം മൂലമുണ്ടാകുന്ന മരണനിരക്ക് (Case fatality rate) രോഗവ്യാപന കാലത്ത് കണക്കാക്കുമ്പോൾ വിവിധ കാരണങ്ങൾ കൊണ്ട് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്.   മരണനിരക്ക് കണക്കാക്കുന്ന ദിവസം എല്ലാ കേസുകളിലെയും അന്തിമഫലം (മരണം/ രോഗമുക്തി) അറിയാൻ കഴിയില്ല എന്നതാണ് ആദ്യ കാരണം.  മെയ് ആറാം തീയതിയിലെ  കേരളത്തിലെ മരണനിരക്ക് 0.59 എന്ന് നിർണ്ണയിക്കുന്നത്  അന്നു വരെ റിപ്പോർട്ട് ചെയ്ത 503 കേസുകളിൽ 3 മരണം എന്ന് കണക്കാക്കിയിട്ടാണ്. പക്ഷെ 503 ലെ  30 സജീവ കേസുകളിൽ എന്ത് സംഭവിക്കുമെന്ന് അതേ ദിവസം അറിയാൻ കഴിയില്ല.  സജീവ കേസുകളിൽ ആരെങ്കിലും മരണപ്പെട്ടാൽ മരണനിരക്ക്  കൂടാനിടയുണ്ട്. ഈയൊരു സാധ്യത പരിഗണിച്ചു കൊണ്ട് ലേഖകർ ഏപ്രിൽ 26 ലെ 0.64 എന്ന മരണനിരക്കിനെ 0.84 എന്ന് തിരുത്തുന്നത് ശാസ്ത്രീയമായ സമീപനമാണ്. പക്ഷെ,

മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

മരണനിരക്കിനെ സ്വാധീനിക്കുന്ന മറ്റു ഘടകങ്ങൾ കോവിഡ് മരണങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതിലെ അപാകതയും, രോഗികളെ ടെസ്റ്റ്  ചെയ്യുന്നതിലെ കുറവും,  ടെസ്റ്റിങ്ങിലെ പിഴവുകളുമാണ്. എന്നാൽ കേരളത്തിൽ മരണനിരക്ക് കുറഞ്ഞതിനുള്ള കാരണം ഇവയിൽ ഏതെങ്കിലുമാണ് എന്ന് അനുമാനിക്കണമെങ്കിൽ അതിനുള്ള തെളിവുകൾ ആവശ്യമാണ്. നിർഭാഗ്യവശാൽ ലേഖകർ തെറ്റായ വിശകലന രീതി സ്വീകരിച്ചു കൊണ്ട് സംസ്ഥാനത്തെ മരണനിരക്കിലുള്ള കുറവിനു കാരണം യഥാർത്ഥ രോഗികളെ തിരിച്ചറിയാത്തതാണ് എന്ന അബദ്ധജടിലമായ നിഗമനത്തിൽ എത്തിച്ചേരുകയാണ്.

ലോകത്ത് എല്ലായിടത്തും കോവിഡ്-19 മരണനിരക്ക് 0.5 ശതമാനമായിരിക്കും എന്ന യുക്തിസഹമല്ലാത്ത നിരീക്ഷണത്തെ അടിസ്ഥാനമാക്കിയാണ് ലേഖകർ കണക്കുകൾ വിശകലനം ചെയ്യുന്നത്.  ചൈനയിലെയും, ദക്ഷിണ കൊറിയയിലെയും ചില  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ഒരു ഗണിത മോഡലിങ്ങ് പഠനമാണ് ലേഖകർ റഫറൻസായി നൽകുന്നത്. ഈ പഠനം ലോകത്തെ കോവിഡ്-19 മരണനിരക്ക് 1.4 ശതമാനമാണെന്നും, 1.4 നേക്കാൾ കൂടുതൽ മരണനിരക്കുള്ള രാഷ്ട്രങ്ങളിൽ തിരിച്ചറിയാത്ത രോഗികളുടെ സൂചനയാണെന്നുമാണ് അഭിപ്രായപ്പെടുന്നത്.

അതായത് 10000 കേസുകൾ റിപ്പോർട്ട് ചെയ്ത ഒരു രാജ്യത്തെ മരണനിരക്ക് 2.8 ആണെന്ന് കരുതുക. മരണനിരക്ക് ഇരട്ടിയാകാനുള്ള കാരണം 50% കേസുകൾ മാത്രം റിപ്പോർട്ട് ചെയ്തത് കൊണ്ടാണെന്നും, അവിടെ 10000 തിരിച്ചറിയാത്ത കേസുകളുണ്ടെന്നും  ഊഹിക്കുകയാണ് ഈ പഠനം. ഈ കണക്ക് പ്രകാരം കേരളത്തിലും 1.4 ശതമാനത്തിൽ താഴെ മരണനിരക്കുള്ള മറ്റിടങ്ങളിലും നൂറു ശതമാനത്തോളം കേസുകളും റിപ്പോർട്ട് ചെയ്തുവെന്ന നിഗമനത്തിൽ എത്തേണ്ടി വരും. എന്നാൽ ന്യൂയോർക്കിലെ മരണനിരക്ക് 0.5 ശതമാനം മാത്രമാകുമെന്ന ന്യൂയോർക്ക്  ഗവർണറുടെ ലൈവ്സയൻസ് എന്ന വെബ് സൈറ്റിൽ (https://www.livescience.com) വന്ന പ്രസ്താവന റഫറൻസായി എടുത്തു കൊണ്ട് 1.4 ശതമാനത്തിനു പകരം 0.5 ശതമാനം എന്നതിനെ ആധാരമാക്കി വിശകലനം തുടരുകയാണ് ലേഖകർ ചെയ്യുന്നത്.

മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

ന്യൂയോർക്ക് ഗവർണറുടെ അഭിപ്രായ പ്രകാരമുള്ള 0.5 ശതമാനമാണ് ലോകത്തെവിടെയുമുള്ള കോവിഡ് -19 മരണനിരക്ക് എന്ന അഭ്യൂഹത്തിലാണ് കേരളത്തിലെ രോഗികളുടെ ഊഹക്കണക്ക് കണ്ടെത്തിയിട്ടുള്ളത്. ഇതനുസരിച്ച് ലോകത്ത്  അഞ്ചു കോടിയോളവും,  ഇന്ത്യയിൽ ലക്ഷത്തിലധികവും തിരിച്ചറിയപ്പെടാത്ത രോഗികളുണ്ടെന്നും, 6245  കോവിഡ്-19 കേസുകൾ  റിപ്പോർട്ട് ചെയ്ത ഗുജറാത്തിൽ ഇനിയും തിരിച്ചറിയാത്ത 67000 രോഗികളുണ്ടെന്നുമൊക്കെ കണക്കാക്കേണ്ടതുണ്ട് !

വിവിധ രാജ്യങ്ങളിലും സമൂഹങ്ങളിലും കോവിഡ് – 19  രോഗവ്യാപനത്തെയും മരണനിരക്കിനെയും സ്വാധീനിക്കുന്ന വ്യത്യസ്ത ഘടകങ്ങളെ തിരസ്ക്കരിച്ചു കൊണ്ടുള്ള വിശകലന രീതിയാണ് ലേഖകരെ തെറ്റായ നിഗമനങ്ങളിൽ എത്തിക്കുന്നത്. പൊതുജനാരോഗ്യ സംവിധാനത്തിന്റെ  കാര്യക്ഷമത, പ്രദേശത്തെ ജനസാന്ദ്രത, ലോക്ക്ഡൗൺ അടക്കമുള്ള ഭരണകൂട നടപടികളോടുള്ള പൊതുജനങ്ങളുടെ പ്രതികരണം, സമൂഹത്തിൽ പ്രായമായവരുടെ അനുപാതം, ഇതര രോഗങ്ങളുള്ളവരുടെ അനുപാതം, സാമൂഹ്യ ബന്ധങ്ങളുടെ സ്വഭാവം, വിദേശത്ത് നിന്നു വരുന്ന രോഗബാധിതരുടെ എണ്ണം  എന്നിങ്ങനെയുള്ള വ്യത്യസ്ത ഘടകങ്ങളിൽ രാജ്യങ്ങളും, സംസ്ഥാനങ്ങളും, ജില്ലകളുമെല്ലാം തമ്മിൽ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്.

മനോരമയില്‍ പഠനത്തെക്കുറിച്ച് വന്ന വാര്‍ത്ത

മികച്ച ആരോഗ്യ സംവിധാനമുള്ള ഇറ്റലിയിൽ  മരണനിരക്ക്  13.8 ശതമാനത്തോളം ഉയരാൻ കാരണമായത് രോഗബാധയോടുള്ള  തുടക്കത്തിലുള്ള പ്രതികരണത്തിലെ പിഴവും സമൂഹത്തിൽ വയോധികരുടെ ഉയർന്ന അനുപാതവുമാണ്. ടെസ്റ്റുകളുടെ എണ്ണത്തിൽ ലോകത്തിന് മാതൃകയായ ദക്ഷിണ കൊറിയയിൽ 2.3 ശതമാനം മരണനിരക്കിന്  കാരണമായതും തുടക്കത്തിൽ തന്നെ സംഭവിച്ച സമൂഹ വ്യാപനമാണ്. സ്വീഡനിലെ പകുതി പൗരൻമാരും ഒറ്റയ്ക്ക് ഒരു വീട്ടിൽ താമസിക്കുന്നവരാണ് എന്ന സാമൂഹ്യ പ്രത്യേകതയാണ് ലോക്ക്ഡൗൺ പൂർണ്ണമായും ഒഴിവാക്കാൻ ഭരണകൂടത്തെ പ്രേരിപ്പിച്ചത്. ശാസ്ത്ര ഗവേഷണ മേഖലയിൽ മികച്ചു നിൽക്കുന്ന അമേരിക്കയെ കോവിഡിന്റെ വിളനിലമാക്കി മാറ്റിയത് ആരോഗ്യസംവിധാനത്തെ സാധാരണക്കാർക്ക് അപ്രാപ്യമാക്കി മാറ്റിയ സാമ്പത്തിക നയങ്ങളും,    ഭരണാധികാരിയുടെ ശാസ്ത്ര വിരുദ്ധ സമീപനവുമാണ്.  ഉത്തരേന്ത്യൻ  സംസ്ഥാനങ്ങളിലെ ഉയർന്ന മരണനിരക്കിനു പ്രധാന കാരണമായത് പ്രാഥമിക തലത്തിലെ പൊതുജനാരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയാണ്.

ഇത്തരത്തിലുള്ള വൈജാത്യങ്ങളെ കണക്കിലെടുക്കാതെ മരണനിരക്കിൽ നിന്ന് രോഗികളുടെ എണ്ണം ഊഹിക്കുന്ന വിശകലന രീതി തികച്ചും അശാസ്ത്രീയമാണ്. കേരളത്തിൽ രോഗികളുടെ എണ്ണം കുറയാനുള്ള പ്രധാന കാരണം രോഗ സാധ്യതയുള്ളവരെ നേരത്തെ കണ്ടെത്തി ചികിത്സ നൽകാൻ കഴിഞ്ഞതാണ്.
വിദേശത്ത് നിന്ന് ഏറ്റവുമധികം രോഗബാധിതർ എത്തിയ പ്രദേശമായിരുന്നിട്ടും അവരിൽ നിന്നും സമ്പർക്കം മുഖേനയുള്ള രോഗ സംക്രമണം ഫലപ്രദമായി തടയാൻ കേരളത്തിന് സാധിച്ചു. രോഗസാധ്യതയുള്ളവർ ഭൂരിപക്ഷവും നിരീക്ഷണത്തിലായിരുന്നത് കൊണ്ട് ലക്ഷണങ്ങൾ പ്രകടമാകുന്ന ആരംഭ ഘട്ടത്തിൽ തന്നെ ചികിത്സ നടത്താനും, ഇതര രോഗങ്ങൾ മൂലവും പ്രായാധിക്യം മൂലവും മരണസാധ്യത കൂടുതലുള്ള രോഗികൾക്ക് പോലും തീവ്രപരിചരണം ഉറപ്പാക്കാനും സാധിച്ചതാണ് മരണനിരക്ക് കുറയുവാൻ കാരണമായത്. കോവിഡ്- 19 രോഗവ്യാപന നിരക്കും മരണ നിരക്കും നിയന്ത്രിക്കുന്നതിൽ ലോകത്തിന് തന്നെ മാതൃകയായ കേരളത്തിന്റെ ആരോഗ്യ സംവിധാനത്തെയാണ് അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിൽ ലേഖകർ  ഇകഴ്ത്തിക്കാണിക്കുന്നത്.

മാതൃഭൂമി വലിയ പ്രാധാന്യത്തോടെ എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച ലേഖനം

നൂറു ശതമാനം രോഗികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ജനസംഖ്യാനുപാതികമായി  ഏറ്റവുമധികം ടെസ്റ്റുകൾ നടത്തിയ രാജ്യങ്ങൾക്ക് പോലും അവകാശപ്പെടാൻ സാധിക്കില്ല. കേരളത്തിലും തിരിച്ചറിയാതെ പോയ രോഗികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാൽ കൊള്ളാവുന്ന ഒരു ഗവേഷണ ലേഖനത്തിന്റെ പിൻബലം പോലുമില്ലാത്ത 0.5 ശതമാനമെന്ന മരണനിരക്കിനെ ആധാരമാക്കി, കേരളത്തിൽ നാൽപ്പത് ശതമാനം രോഗികളെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് വിധിയെഴുതുന്നതിലെ പിഴവിനെ ആരോഗ്യശാസ്ത്രത്തിൽ ലേഖകർക്കുള്ള പരിചയക്കുറവ് കൊണ്ട് സാധൂകരിക്കാൻ കഴിയില്ല. സംസ്ഥാനം കോവിഡ് – 19 എന്ന ആരോഗ്യ അടിയന്തിരാവസ്ഥയെ നേരിടുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങളിൽ നേതൃത്വം വഹിക്കുന്ന സർക്കാരിൽ അവിശ്വാസം ജനിപ്പിക്കുന്ന, പൊതുജനങ്ങളിൽ ഭീതി പടർത്തുന്ന ഇത്തരം അഭ്യൂഹ ഗവേഷണ ലേഖനങ്ങൾ നിരുത്തരവാദിത്വപരമാണ്.


1കോവിഡിനെ കേരളം തടഞ്ഞുനിര്‍ത്തിയത് എങ്ങനെ ? – മാതൃഭൂമിയില്‍ വന്ന ലേഖനം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post ഇനി കാണാം ചന്ദ്രന്റെ സമ്പൂര്‍ണ്ണ ‘ഭൂ’പടം
Next post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍ – മെയ് 11
Close