Read Time:9 Minute

മൈൻഡ് റീഡർ – മനസ്സ് വായിക്കാൻ കഴിയുമോ?

ഡോ.ഡാലി ഡേവിസ് എഴുതുന്ന പംക്തി Vacuum Chamber


എഴുതിയതത് : ഡോ.ഡാലി ഡേവിസ് അവതരണം : ഡോ. ദീപാ ചന്ദ്രൻ

“നിന്റെ മനസ്സിലിരിപ്പ് എനിക്ക് നല്ലോണമറിയാം.” എന്ന് കൂട്ടുകാരി പറയുമ്പോൾ നമ്മൾ ചിരിക്കും. എന്നിട്ട് മനസ്സിലോർക്കും “എന്റെ മനസ്സിലിരിപ്പു നിനക്കു കുന്തം അറിയാം. പെട്ടെന്ന് കൂട്ടുകാരിയുടെ കയ്യിലുള്ള പെട്ടിയിൽ നിന്നും ഒരു സ്വരം “എന്റെ മനസ്സിലിരിപ്പ് നിനക്ക് കുന്തം അറിയാം.” കൂട്ടുകാരി പൊട്ടിച്ചിരിക്കുന്നു. നിങ്ങൾ ഞെട്ടിത്തരിക്കുന്നു. ഇതൊക്കെ സത്യമാകുന്ന ദിവസങ്ങളിലേക്കിനി അധികനാളുകൾ ഉണ്ടാകാനിടയില്ല എന്നാണ് ശാസ്ത്രഗവേഷണങ്ങൾ കാണിക്കുന്നത്.

തലച്ചോർ സ്കാൻ ചെയ്യുന്ന ഒരു മെഷീനും നിർമിതബുദ്ധിയും (എ.ഐ.) ഉപയോഗിച്ച് മനസ്സുവായിക്കാൻ കഴിയുന്ന ഒരു സങ്കേതം നിർമിച്ചിരിക്കുകയാണിപ്പോൾ അമേരിക്കയിലെ റ്റെക്സാസ്സ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ. എഫ്.എം.ആർ.ഐ. (Functional magnetic resonance imaging, fMRI) എന്ന തലച്ചോർ സ്കാനിങ് രീതിയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. സാധാരണ ഇമേജ് സ്കാനിങ്ങിൽ നിന്നും അല്പം വ്യത്യസ്തമാണിത്. എഫ്.എം.ആർ.ഐ. രക്തത്തിലെ ഓക്സിജൻ അളവിനനുസരിച്ച് (blood oxygen level dependent) അഥവാ BOLD അനുസരിച്ച് ഉള്ള ചിത്രങ്ങൾ ആണു ഈ രീതിയിൽ രേഖപ്പെടുത്തുന്നത്. കോശങ്ങൾ ഓക്സിജൻ ഉപയോഗിക്കുമ്പോൾ രക്തത്തിലെ ഓക്സിജൻ കുറയും. ഓക്സിജൻ ഇല്ലാത്ത രക്തത്തിലെ ഇരുമ്പിനു കാന്തികത കൂടുതലാണ്. ഇതാണ് എം.ആർ. ഐ. സ്കാനിൽ അളക്കുന്നത്. നമ്മുടെ ചിന്തകളിലെ വാക്കുകൾക്കനുസരിച്ച് ചിത്രങ്ങൾക്ക് മാറ്റമുണ്ടാകും. ഈ എഫ്.എം.ആർ.ഐ. ചിത്രങ്ങൾ എ.ഐ. യുടെ സാഹായത്തോടെ വാക്കുകളായി മാറ്റിയാണു ആളുകളുടെ മനസ്സ് ശാസ്ത്രജ്ഞർ വായിച്ചെടുത്തത്.

എഫ്.എം.ആർ.ഐ. സ്കാൻ പുതിയതൊന്നുമല്ല. തലച്ചോറിന്റെ പല പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാനും അസുഖങ്ങൾ മനസ്സിലാക്കാനും ഉപയോഗിക്കുന്ന ഒരു സങ്കേതമാണ് എഫ്. എം.ആർ.ഐ. പക്ഷേ, അതിനൊരു പ്രശ്നമുണ്ട്. കോശങ്ങൾ പ്രവർത്തനം നടത്തി ഓക്സിജൻ കുറവുള്ള രക്തം ഉണ്ടാകാൻ അല്പം സമയമെടുക്കും. അതുകൊണ്ട് അങ്ങനെ ഓക്സിജൻ കുറവുള്ള ചിത്രങ്ങൾ ലഭിക്കാൻ 10 സെക്കന്റ് വരെ സമയമെടുക്കും. ഏറ്റവും വേഗതയേറിയ സ്കാനർ നൽകുന്ന ചിത്രങ്ങൾക്ക് പോലും സമയത്തിന്റെ ലാഗ് ഉണ്ടാകും. അങ്ങനെ സമയ വ്യത്യാസത്തിൽ ലഭിക്കുന്ന ചിത്രങ്ങളിൽ നിന്ന് ലഭിക്കുന്ന വാക്കുകൾ ആകെ കുഴഞ്ഞ് മറിഞ്ഞതായിരിക്കും; ലാഗുള്ള വാട്സാപ്പ് വീഡിയോ കോളിൽ കേൾക്കുന്ന സംസാരം പോലെ.

ഇവിടെയാണു നിർമിതബുദ്ധി ഉപയോഗിച്ചുള്ള ചാറ്റ്ജി ജിപിടി രക്ഷക്കെത്തിയത്. സംസാരഭാഷയിലെ സെമാന്റിക് അർത്ഥങ്ങളെ കൈകാര്യം ചെയ്യാൻ ചാറ്റ് ജിപിടിയ്ക്ക് കഴിയും. അതായത് വീട് എന്ന് പറയുമ്പോൾ അതിന്റെ നിർവചനം ഒരു കുടുംബത്തിന്റെ ഭാഗമായി ആളുകൾ താമസിക്കുന്ന കെട്ടിടം എന്നായിരിക്കും. ഇതിനെ ഡിനൊട്ടേറ്റിവ് (Denotative) അർത്ഥം എന്ന് പറയുന്നു. എന്നാൽ ഒരോ ആളുകൾക്കും മനസ്സിൽ വീട് എന്ന് പറയുമ്പോൾ വരുന്ന ചിത്രം അല്ലെങ്കിൽ ചിന്ത പലതായിരിക്കും. ഈ അർത്ഥങ്ങളെ കൊണോട്ടേറ്റീവ് (Connotative) അർത്ഥം എന്ന് പറയുന്നു. ഡിനൊട്ടേറ്റിവും കൊണോട്ടേറ്റീവും തമ്മിലുള്ള വ്യത്യാസമാണു സെമാന്റിക് ഡിഫറൻസ്. ഈ വ്യത്യാസം മനസ്സിലാക്കാൻ ചാറ്റ്ജിടിപി പോലുള്ള നിർമിതബുദ്ധിക്കാകും. അങ്ങനെയാണു പല ആളുകൾ പലതരത്തിൽ വീട് എന്ന് ചിന്തിക്കുമ്പോൾ ഉണ്ടാകുന്ന ചിന്തകളെ സ്കാൻ ചെയ്ത് ചാറ്റ് ജിടിപി വഴി വീട് എന്ന് എഴുതികാണിക്കാൻ പറ്റുന്നത്.

മൂന്ന് വൊളന്റിയർമാർ എഫ്.എം.ആർ.ഐ. സ്കാനറിൽ കിടന്ന് 16 മണിക്കൂർ പോഡ്കാസ്റ്റ് കേട്ടുകൊണ്ടിരിക്കെ അവരുടെ തലച്ചോറിലെ രക്തയോട്ടം സ്കാനർ രേഖപ്പെടുത്തി. അവരുടെ ചിന്തക്കനുസരിച്ച് എ.ഐ യുടെ സഹായത്തോടെ ചിന്തയിൽ നിന്നും വാക്കുണ്ടാക്കുന്ന ഒരു ഡീകോഡർ ഗവേഷകർ വികസിപ്പിച്ചെടുത്തു. അതിനുശേഷം വേറൊരു കഥയോ സിനിമയോ കാണിച്ച് എഫ് എം ആർ ഐ സ്കാൻ രേഖപ്പെടുത്തി. എന്നീട്ട് മുൻപേ നിർമിച്ച ഡികോഡറുടെ സഹായത്തോടെ വാക്കുകളാക്കി മാറ്റി. ഗവേഷകരെ അത്ഭുതപ്പെടുത്തി കൊണ്ട് സിനിമ കണ്ടുകൊണ്ടിരുന്നപ്പോഴത്തെ ചിന്തകളും ഡീകോഡ് ചെയ്ത വാക്കുകളും വളരെ സമാനമായിരുന്നു. എന്നാൽ സിനിമ കാണുമ്പോൾ വേറെ കാര്യങ്ങൾ ആലോചിച്ചാൽ ഡീകോഡർ ആകെ തകരാറിലാകും. എ.ഐ. ഒന്നും മനസ്സിലാകാതെ കുഴങ്ങും.

തലച്ചോറിനകത്ത് ഒന്നും വെക്കാതെ വെറും സ്കാനർ ഉപയോഗിച്ചുള്ള ഈ മനസ്സിലിരിപ്പ് മനസ്സിലാക്കൽ ഒരു വലിയ നാഴികക്കല്ലാണ്. പലതരം രോഗങ്ങൾ മൂലം സംസാരിക്കാനാവാത്തവർ എന്തുപറയാനാണു ശ്രമിക്കുന്നതെന്ന് മനസ്സിലാക്കാം. പിന്നെ ഇതുവരെ മനസ്സിലാകാത്ത തലച്ചോറിന്റെ പല പ്രവർത്തനങ്ങളും മനസ്സിലാക്കാനും ഈ പുതിയ ഗവേഷണരീതിയ്ക്ക് കഴിയും. ഇങ്ങനെ മനസ്സിലിരുപ്പ് മനസ്സിലാക്കിയാൽ ആകെ കുഴയുമല്ലോ. നാളെ പൊലീസോ സ്റ്റേറ്റോ സത്യം തെളിയിക്കാനും ആളുകളുടെ മനസ്സിലിരിപ്പ് മനസ്സിലാക്കാനും ഈ രീതി ഉപയോഗിച്ചാൽ ആകെ കുഴപ്പമാകുമല്ലോ എന്നൊക്കെയുള്ള ആധികൾ ഇപ്പോഴേ ശാസ്ത്രലോകത്തുണ്ട്. ഇപ്പോഴത്തെ നിലയ്ക്ക് ആളുകളെ സഹകരണമില്ലാതെ മനസ്സ് വായിക്കുന്ന യന്ത്രം ഉപയോഗിക്കുക സാധ്യമല്ല. ഇത്തരം ഗവേഷണങ്ങൾ മുന്നേറുന്നതിനനുസരിച്ച് വേണ്ട പോളിസികൾ എടുക്കാൻ സർക്കാരുകൾ തയ്യാറാകേണ്ടതുണ്ടെന്നാണു ഗവേഷക ലോകത്തിന്റെ പൊതു അഭിപ്രായം.


അധികവായനയ്ക്ക്

  1. Mind-reading machines are here: is it time to worry?
  2. Semantic reconstruction of continuous language from non-invasive brain recordings
Happy
Happy
33 %
Sad
Sad
13 %
Excited
Excited
40 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
13 %

Leave a Reply

Previous post പരീക്ഷണശാലയിലെ സാധാരണ മർദ്ദത്തിലും താപനിലയിലും അതിചാലകത സാദ്ധ്യമാകുമോ ?
Next post ലൂക്ക – ഹിരോഷിമ ദിനം – പ്രത്യേക പതിപ്പ്
Close