Read Time:15 Minute
രയിൽ ജീവിക്കുന്ന നാൽക്കാലികളേയും കടൽ ജീവികളായ ഡോൾഫിനുകളേയും തിമിംഗലങ്ങളേയും ഒരു കുടക്കീഴിൽ ബന്ധുക്കളായി ഒരുമിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 1758 ൽ വർഗ്ഗീകരണ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കരോളസ് ലിനയസ് (Carolus Linnaeus) ‘മമേലിയ’ (Mammalia) എന്ന പേര് തെരഞ്ഞെടുത്തത്. കാരണം രണ്ട് കൂട്ടർക്കും പൊതുവായുള്ള സവിശേഷതയാണല്ലോ സ്തനം (mammae) അല്ലെങ്കിൽ സ്തനഗ്രന്ഥികൾ (mammary glands). മമേലിയയുടെ മനോഹരമായ മലയാള പരിഭാഷയാണ് സസ്തനികൾ. പാൽ ചുരത്താത്ത സസ്തനികളില്ല. മുട്ടയിടുന്ന സസ്തനികളായ എക്കിഡ്നകളും പ്ലാറ്റിപ്പസുകളും മുതൽ ഭീമാകാരിയായ നീലത്തിമിംഗലം വരെ പാൽ ചുരത്തിത്തന്നെയാണ് കുഞ്ഞുങ്ങളെ വളർത്തുന്നത്. എന്നാൽ സസ്തനികളുടെ കുത്തകയാണോ പാൽ? മുഴുവനായും എന്ന് പറയാൻ കഴിയില്ല. സസ്തനികളെപ്പോലെ സമൃദ്ധമായിട്ടല്ലെങ്കിലും പാലിന് സമാനമായ ദ്രാവകം ചുരത്താൻ കഴിവുള്ള സസ്തനികളല്ലാത്ത അനേകം  ജീവികളുണ്ട്. പക്ഷികളാണ് അവയിൽ പ്രധാനപ്പെട്ടവ. പ്രാവുകളും ഫ്ലമിംഗോകളും ചക്രവർത്തി പെൻഗ്വിനുകളും (emperor penguins) അവയുടെ കണ്ഠസഞ്ചിയിലാണ് (crop) പാൽ ചുരത്തുന്നത്. ചക്രവർത്തി പെൻഗ്വിനുകളിലെ പുരുഷന്മാർ മാത്രം പാൽ ചുരത്തുമ്പോൾ പ്രാവുകളും ഫ്ലമിംഗോകളും ലിംഗഭേദമില്ലാതെ പാൽ ചുരത്തുന്നവയാണ്.

മഞ്ഞ കലർന്ന വെള്ള നിറമുള്ള കണ്ഠസഞ്ചിപ്പാൽ (crop milk) സസ്തനികളുടെ പാലുമായി സാദൃശ്യമുള്ളതാണെങ്കിലും അതിൽ കാൽഷ്യവും ധാന്യകവും (carbohydrate ) അടങ്ങിയിട്ടില്ല.

കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പാലുപോലെയുള്ള ദ്രാവകം ചുരത്തുന്ന കീടങ്ങളും (ഈച്ച വർഗ്ഗത്തിലുള്ള വിവിധ സ്പീഷീസുകൾ, പാറ്റകൾ, ചെവി പ്രാണികൾ-earwigs-തുടങ്ങിയവ), വ്യാജ തേളുകളും (pseudoscorpions) മൽസ്യങ്ങളും ഉറുമ്പുകളെ അനുകരിക്കുന്ന ടോക്സസ് മാഗ്നസ് (Toxeus magnus) എന്ന ചാട്ടക്കാരൻ ചിലന്തിയുമുണ്ട്.  ഇപ്പോഴിതാ അവയുടെ കൂട്ടത്തിൽ ചേരാൻ ഒരു കുരുടിയും (caecilian). ദക്ഷിണ അമേരിക്കയിലെ മുട്ടയിടുന്ന കുരുടിയായ സൈഫണോപ്സ് അനുലേറ്റസ് (Siphonops annulatus) ആണ് ഈ പുതിയ പാലൂട്ടുകാരി. അതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയുന്നതിന് മുൻപ് “പാലുൽപാദനത്തിന്റെ” പരിണാമം  എങ്ങനെയായിരുന്നു എന്ന് നോക്കാം.

ഉറുമ്പുകളെ അനുകരിക്കുന്ന ടോക്സസ് മാഗ്നസ് (Toxeus magnus) എന്ന ചാട്ടക്കാരൻ ചിലന്തി

ആദ്യത്തെ പാലൂട്ടുകാർ 

സസ്തനികളുടെ മുൻഗാമികളായ സിനാപ്സിഡുകളിൽ ഏകദേശം 31 കോടി വർഷങ്ങൾക്ക് മുൻപ് ചർമ്മ ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന സ്രവമായിട്ടായിരിക്കാം പാലിന്റെ ഉൽഭവം എന്നാണ് കരുതപ്പെടുന്നത്. ആദിമ സിനാപ്സിഡുകൾ തുകൽ പോലെയുള്ള ആവരണമുള്ള മുട്ടകളായിരുന്നു ഇട്ടിരുന്നത്. അത്തരം മുട്ടകൾക്ക് നിർജ്ജലീകരണം തടയാനുള്ള കഴിവില്ലായിരുന്നു. ചർമ്മ ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന സ്രവമായിരിക്കാം അത്തരം മുട്ടകളെ നിർജ്ജലീകരണത്തിൽ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ടാകുക. ഇത്തരം ഗ്രന്ഥികൾ രോമകൂപങ്ങളോട് (hair follicle) ചേർന്ന് വികസിച്ചതായിരിക്കാം പാൽ ഗ്രന്ഥികൾ എന്നാണ് അനുമാനിക്കപ്പെടുന്നത്. ആദിമ സസ്തനികൾ ശരീരവലുപ്പത്തിൽ ചെറുതും തീരെ ചെറിയ മുട്ടകളിടുന്നവയുമായിരുന്നു. അത്തരം മുട്ടകളിൽ ഉരഗങ്ങളിലും പക്ഷികളിലുമുള്ളത് പോലെ മഞ്ഞക്കരു (yolk) സമൃദ്ധമല്ലായിരുന്നു. അതുകൊണ്ടുതന്നെ പ്രസവാനന്തരമുള്ള കുറച്ചുകാലം ദുർബലരായ കുഞ്ഞുങ്ങൾക്ക് പാലിനെ ആശ്രയിക്കേണ്ട സ്ഥിതിവന്നു. സസ്തനികളുടെ ശരീരവലുപ്പം പിൽക്കാലത്ത് വർദ്ധിച്ചുവെങ്കിലും പ്രജനന രീതിയിൽ മാറ്റമൊന്നും വന്നില്ല. അവ പ്രസവിക്കുകയും മൂലയൂട്ടുകയും ചെയ്തു. 17 കോടി വർഷങ്ങൾക്ക് (ജുറാസ്സിക്ക്  കാലത്ത്) മുൻപ് മഞ്ഞക്കരുവിലെ പ്രോട്ടീൻ ഉൽപാദിപ്പിക്കാൻ  സഹായിക്കുന്ന വിറ്റലോജെനിൻ ജീൻ (vitellogenin gene) സസ്തനികൾക്ക് നഷ്ടപ്പെടുകയും ചെയ്തു. ഇനി നമുക്ക് കുരുടികളിലേക്ക് പോകാം.

കുരുടികളുടെ ശിശുപരിപാലനം 

കാഴ്ചയിൽ പാമ്പുകളാണെന്ന് തോന്നിക്കുന്ന ഉഭയജീവികളാണ് കുരുടികൾ. കണ്ണുകൾ തീരെ ഇല്ലാത്തവയും വളരെ ചെറിയ കണ്ണുകളുള്ളവയുമുണ്ട്. കണ്ണുകളുള്ളവയ്ക്കും കാഴ്ചശേഷി പരിമിതമാണ്. ഈ സവിശേഷതയാണ് അവയ്ക്ക്  മലയാളത്തിൽ  കുരുടി എന്ന പേര് നേടിക്കൊടുത്തത്അവയുടെ  താമസം മണ്ണിനടിയിലാണ്. മൂന്നര ഇഞ്ച് മുതൽ അഞ്ചടി വരെ നീളമുള്ള ഇരുനൂറോളം സ്പീഷീസുകളുണ്ട്. തെക്കേ അമേരിക്ക, മദ്ധ്യ അമേരിക്ക, ആഫ്രിക്ക, ദക്ഷിണേഷ്യ തുടങ്ങിയ ഭൂഭാഗങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവയെ കാണുന്നത്.  ചില കുരുടികൾ മുട്ടയിടുന്നവയാണെങ്കിൽ മറ്റ് ചിലവ കുട്ടികളെ പ്രസവിക്കുന്നവയാണ്. പ്രത്യുൽപാദന രീതി ഏതായാലും കുഞ്ഞുങ്ങൾക്ക് സ്വന്തം ശരീരത്തിൽ നിന്നുൽപാദിപ്പിക്കുന്ന പോഷകവസ്തുക്കൾ തീറ്റയായി നല്കി ശിശുപരിപാലനം നടത്തുന്നവയാണ് കുരുടികൾ. കുഞ്ഞുങ്ങളെ പ്രസവിക്കുന്ന കുരുടികളാണെങ്കിൽ 6 മുതൽ 11 മാസം വരെ  അണ്ഡനാളത്തിനുള്ളിൽ (oviduct) തന്നെ പോഷക സമൃദ്ധമായ ഒരു സ്രവം ആഹാരമായി നൽകും. ധാന്യകങ്ങൾ, അമിനോ ആസിഡുകൾ, കൊഴുപ്പ് എന്നിവ അടങ്ങിയതാണ് ഈ സ്രവം. അതിന് പുറമേ അണ്ഡനാളത്തെ പൊതിഞ്ഞ കോശപാളിയുടെ (oviduct epithelium) നുറുങ്ങുകളും ആഹാരമായിക്കൊടുക്കും. മുട്ടയിടുന്ന കുരുടികളാണെങ്കിൽ മുട്ട വിരിഞ്ഞുവരുന്ന കുഞ്ഞുങ്ങൾക്ക് രണ്ടുമാസത്തോളം അമ്മയുടെ കൊഴുപ്പ് നിറഞ്ഞ ചർമ്മമാണ് ഭക്ഷണം. ഈ കാലയളവിൽ അമ്മക്കുരുടിയുടെ ചർമ്മം കൊഴുപ്പ് നിറയുന്നത് മൂലം വെളുപ്പ് നിറമായത് കാണാം. കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ജിയോട്രിപ്പീറ്റ്സ് സെറാഫിനി  (Geotrypetes seraphini) എന്ന കുരുടിയും മുട്ടയിടുന്ന കുരുടികളെപ്പോലെ കുഞ്ഞുങ്ങൾക്ക് കൊഴുപ്പ് നിറഞ്ഞ ചർമ്മം ഭക്ഷണമായി നൽകുന്നവയാണ്.

കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ജിയോട്രിപ്പീറ്റ്സ് സെറാഫിനി  (Geotrypetes seraphini) എന്ന കുരുടി

പാൽ ചുരത്തുന്ന കുരുടി

തെക്കേ അമേരിക്കൻ സ്വദേശികളായ സൈഫണോപ്സ് അനുലേറ്റസ് (Siphonops annulatus) മുട്ടയിടുന്ന കുരുടിയാണ്. മുട്ടയിടുന്ന മറ്റ് കുരുടികളേപ്പോലെ ഇവയും കുഞ്ഞുങ്ങൾക്ക് ചർമ്മത്തുണ്ടുകൾ തീറ്റയായി കൊടുക്കുന്നവയാണ്. ഇവയുടെ പ്രത്യുൽപാദനം പഠനവിധേയമാക്കുന്നതിനിടയിൽ ഒരു സംഘം ഗവേഷകർ കൌതുകകരമായ ഒരു കാഴ്ച കണ്ടു. അമ്മക്കുരുടികളുടെ ഗുദദ്വാരത്തിലൂടെ (Vent) ഊറിവരുന്ന ഒരു ദ്രാവകം കുഞ്ഞുകുരുടികൾ ആർത്തിയോടെ വലിച്ചു കുടിക്കുന്നു! ഈ പ്രാഥമിക നിരീക്ഷണത്തെ തുടർന്ന് ബ്രസീൽ, അമേരിക്ക, ജർമ്മനി എന്നീ രാജ്യങ്ങളിൽ നിന്നുള്ള എട്ട് ശാസ്ത്രജ്ഞർ കുരുടികളുടെ അസാധാരണമായ ഭക്ഷണരീതി വിശദമായ പരീക്ഷണ-നിരീക്ഷണങ്ങൾക്ക് വിധേയമാക്കി. അവരുടെ കണ്ടെത്തലുകൾ 2024 മാർച്ച് 8 ന് പുറത്തിറങ്ങിയ സയൻസിൽ പ്രസിദ്ധീകരിച്ചു. പ്രധാന കണ്ടെത്തലുകൾ ഇവയായിരുന്നു.

 1. സൈഫണോപ്സ് അനുലേറ്റസ് ഉല്പാദിപ്പിക്കുന്ന സ്രവം കൊഴുപ്പുകളും ധാന്യകങ്ങളും അടങ്ങിയതും കട്ടിയുള്ളതും സുതാര്യവുമാണ്.
 2. പാൽ ഉല്പാദനം നടക്കുന്നത് അണ്ഡനാള ഭിത്തിയിലുള്ള  വികാസം പ്രാപിച്ച ഗ്രന്ഥികളിലാണ് (hypertrophied glands).
 3. പാലൂട്ടൽ ഒരു ദിവസം പല പ്രാവശ്യം നടക്കുന്നുണ്ട്.
 4. ഗുദദ്വാരത്തിന് സമീപം കുഞ്ഞുങ്ങൾ നടത്തുന്ന സ്പർശനമോ  അല്ലെങ്കിൽ അവ പുറപ്പെടുവിക്കുന്ന ഉച്ചസ്ഥായിയിലുള്ള പ്രത്യേക ശബ്ദമോ അമ്മക്കുരുടിയെ അതിന്റെ ശരീരത്തിന്റെ പിൻഭാഗം ഉയർത്തുവാൻ പ്രേരിപ്പിക്കുകയും തദ്വാരാ അവയുടെ ഗുദദ്വാരം വെളിവാകുകയും അതിലൂടെ പാൽ ഊറിവരികയും ചെയ്യുന്നു. പാൽ കുടിക്കുന്ന സമയത്ത് ചില കുഞ്ഞുങ്ങൾ അവയുടെ തലയുടെ കൂർത്ത മുൻഭാഗം (snout) ഗുദദ്വാരത്തിൽ കടത്തുകയും ചെയ്യും.
 5. പാൽകുടിയുടെ 90% വും ഗുദദ്വാരത്തിൽ നിന്ന് നേരിട്ട് നടക്കുന്നതായും പാലിന്റെ ബാക്കി സ്രോതസ്സ്  ഗുദദ്വാരത്തിലൂടെ അമ്മക്കുരുടിയുടെ ശരീരത്തിലേക്ക് ഒഴുകിപ്പരക്കുന്ന പാലാണെന്നും നിരീക്ഷിക്കപ്പെട്ടു.
 6. ചുരത്തിയ പാൽ കുടിക്കാൻ കുഞ്ഞുങ്ങൾ വിസമ്മതിച്ച ഉടൻ പാൽ ചുരത്തുന്നത് നിർത്തുന്നതായി കണ്ടു.
 7. പാൽ കുടിച്ച് വയറുനിറഞ്ഞ കുഞ്ഞുങ്ങളുടെ ചലനങ്ങൾ മന്ദഗതിയിലാവുകയും അവ അമ്മയിൽ നിന്ന് അകന്നുമാറി വയർഭാഗം മുകളിലാക്കി വിശ്രമിക്കുകയും ചെയ്തു.
 8. പാലൂട്ടൽ എല്ലാദിവസവും നടന്നുവെങ്കിൽ ചർമ്മത്തുണ്ടുകൾ ദിവസങ്ങളുടെ ഇടവേളകളിൽ മാത്രമേ ആഹാരമാക്കിയുള്ളൂ. അതിൽ നിന്നും മനസ്സിലാകുന്നത് കുഞ്ഞുങ്ങളുടെ പ്രാഥമികാഹാരം പാൽ തന്നെയാണെന്നാണ്.
 9. അണ്ഡനാളങ്ങളിൽ നിന്ന് പാലിന് സമാനമായ സ്രവങ്ങൾ  ഉൽപാദിപ്പിക്കുന്ന മൂന്നു തരം ഉഭയജീവികളും (തവളകൾ, സലമാണ്ടർ, കുരുടികൾ) കുഞ്ഞുങ്ങളെ പ്രസവിക്കുന്നവയാണ്. ആദ്യമായാണ് മുട്ടയിടുന്ന ഒരു ഉഭയജീവി അണ്ഡനാളത്തിൽ നിന്നും പാൽ ചുരത്തുന്നതായി കണ്ടെത്തുന്നത്.

വാൽക്കഷണം

നട്ടെല്ലുള്ളതും അല്ലാത്തതുമായ അനേകം ജീവികൾ പാലിന് സമാനമായ ദ്രാവകങ്ങൾ  ഉൽപാദിപ്പിക്കുകയും കുഞ്ഞുങ്ങളെ ഊട്ടുകയും ചെയ്യുന്നതായുള്ള പഠനങ്ങൾ കൂടിക്കൂടി വരുന്നുണ്ടെങ്കിലും പാൽ ഉൽപാദനത്തിന് ഒരു പൊതുപൂർവികനുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ല.

അധിക വായനയ്ക്ക്

 1. Benoit JB ,  Kolliker M , and Attardo GM (2019). Putting invertebrate lactation in context. Science. 363 (6427): 593.
 2. Chen Z ,  Corlett RT , Jiao X  et al. (2018). Prolonged milk provisioning in a jumping spider. Science. 362: 1052-1055.
 3. Mailho-Fontana  PL, Antoniazzi MM ,  Coelho  GR, Pimenta DC, Fernandes LP ,  Kupfer A,  Brodie Jr. ED  and Jared C (2024). Milk provisioning in oviparous Caecilian amphibians.  Science 383, 1092–1095.
 4. Oftedal  OT (2012). The evolution of milk secretion and its ancient origins. Animal  6(3): 355–368.

അനുബന്ധ വായനയ്ക്ക്

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വാലുപോയ കുരങ്ങൻ
Next post ഈച്ചയുടെ തലച്ചോറും നമ്മുടെ ഭാവിയും
Close