മൈക്രോ പ്ലാസ്റ്റിക്കുകളും പരിസ്ഥിതിയും
ട്രിനിറ്റി കോളേജ് ലണ്ടനിലെ ഗവേഷകനായ ഡുൻസു ലീ പതിവായി പ്ലാസ്റ്റിക് പാത്രങ്ങളിൽ കൊണ്ടുവരുന്ന ഉച്ചഭക്ഷണം മൈക്രോവേവ് അവനിൽ ചൂടാക്കി കഴിക്കാറുണ്ടായിരുന്നു. എന്നാൽ തന്റെ ഗവേഷണഫലങ്ങൾ കണ്ടതോടെ ആ പതിവ് അദ്ദേഹം നിർത്തി. അദ്ദേഹത്തെ ഞെട്ടിച്ചത് തന്റെ ചോറ്റുപാത്രം ചൂടാക്കുമ്പോൾ അതിൽ നിന്ന് ആയിരക്കണക്കിന് ചെറുകണികകൾ ഭക്ഷണത്തിലേക്ക് എത്തുന്നു എന്ന കണ്ടെത്തലാണ്. പ്ലാസ്റ്റിക് കെറ്റിലുകളും, പാൽക്കുപ്പികളുമൊക്കെ ഇങ്ങനെ പ്ലാസ്റ്റിക് കണങ്ങൾ പൊഴിക്കുമെന്ന് ലീയുടേയും സംഘത്തിന്റേയും ഗവേഷണങ്ങൾ തെളിയിച്ചു. പ്രകൃതിയിൽ എല്ലായിടത്തും എത്തിക്കഴിഞ്ഞ അന്യപദാർഥമായ മൈക്രോപ്ലാസ്റ്റിക്കുകളെക്കുറിച്ചായിരുന്നു അവർ പഠിച്ചത്.
മൈക്രോപ്ലാസ്റ്റിക് എന്ന പദം ആദ്യമായി ഉപയോഗിച്ചത് 2004 ൽ റിച്ചാർഡ് തോംപ്സൺ എന്ന ബ്രിട്ടീഷ് സമുദ്ര പരിസ്ഥിതി ശാസ്ത്രജ്ഞനായിരുന്നു. 5 മില്ലീമീറ്ററിൽ താഴെ നീളമുള്ള പ്ലാസ്റ്റിക് കണികകളെ സൂചിപ്പിക്കാനാണ് ഇന്ന് ഈ പദം ഉപയോഗിക്കുന്നത്. ഇവ തന്നെ രണ്ടു തരത്തിലാണ് പ്രകൃതിയിൽ എത്തുന്നത്. ആദ്യമേ തന്നെ 5 mm ൽ താഴെ വലിപ്പമുള്ള ചെറുനാരുകളും, മൈക്രോ കണികകളും ഒക്കെ പ്രൈമറി മൈക്രോപ്ലാസ്റ്റിക്കുകൾ എന്ന വിഭാഗത്തിൽപ്പെടുന്നു.
വലിയ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ തേയ്മാനം വഴി മൈക്രോ വലിപ്പത്തിലേക്ക് മാറുന്നവയാണ് സെക്കന്ററി മൈക്രോപ്ലാസ്റ്റിക്കുകൾ. ഇരുവിഭാഗത്തിൽപ്പെട്ടവയും വെള്ളം, വായു, മണ്ണ് തുടങ്ങി പ്രകൃതിയിൽ എല്ലായിടത്തും കാണപ്പെടുന്നുണ്ട്. എങ്കിലും ഏറ്റവും കൂടുതൽ കാണുന്നത് ജലത്തിലും സമുദ്രത്തിലുമാണ്. നൈലോൺ, പോളിഎസ്റ്റർ തുടങ്ങി പലതരം കൃത്രിമനാരുകൾ കൊണ്ടുണ്ടാക്കിയ തുണികൾ അലക്കുമ്പോൾ വെള്ളത്തിലെത്തുന്നവയാണത്രേ ഇതിൽ വലിയൊരു പങ്കും. കുടിവെള്ള-ശീതള പാനീയക്കുപ്പികൾ, മീൻ വലകൾ, പ്ലാസ്റ്റിക് കവറുകൾ, മൈക്രോവേവ് അടുപ്പിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ തുടങ്ങി വാഹനങ്ങളുടെ ടയറുകൾ റോഡിലുരയുമ്പോൾ വരെ പ്ലാസ്റ്റിക് കണികകൾ പ്രകൃതിയിലെത്തുന്നു. വെള്ളം കുടിക്കുമ്പോഴും, ഭക്ഷണം കഴിക്കുമ്പോഴും ഇവ മനുഷ്യൻ ഉൾപ്പടെയുള്ള എല്ലാ ജീവികളുടെ ശരീരത്തിലും എത്തുന്നുണ്ട്. പ്ലാസ്റ്റിക്കുകൾ ദീർഘകാലം വിഘടിക്കാത്തവ ആയതുകൊണ്ട് തന്നെ ഇതിനുള്ള സാധ്യത ഏറുകയും ചെയ്യുന്നു. മനുഷ്യരക്തത്തിലും ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് വലിച്ചെറിയുന്നതിന് കർശന നിരോധനമുള്ള രാജ്യങ്ങളിൽ പ്രധാന മലിനീകാരി മൈക്രോപ്ലാസ്റ്റിക്കുകളാണ്.
മൈക്രോപ്ലാസ്റ്റിക്കുകളിൽ തന്നെ 100 നാനോമീറ്ററിൽ (ഒരു നാനോമീറ്റർ = ഒരു മീറ്ററിന്റെ 100000000 ൽ ഒന്ന് ) താഴെ വലിപ്പമുള്ളവയെ നാനോപ്ലാസ്റ്റിക്കുകൾ എന്ന് വിളിക്കുന്നു. ഇവയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാവില്ല. അതിനായി ഇലക്ട്രോൺ മൈക്രോസ്കോപ്പുകൾ പോലുള്ള പ്രത്യേക ഉപകരണങ്ങൾ വേണം. ഇവ ശരീരത്തിലുണ്ടാക്കുന്ന ദോഷഫലങ്ങളെപ്പറ്റി വ്യാപകമായ ആശങ്കകളുണ്ട്. അതേപ്പറ്റി വഴിയേ പറയാം.
മൈക്രോപ്ലാസ്റ്റിക്കുകളുടെ ഉറവിടങ്ങൾ
വാഷിംഗ് മെഷീനിൽ തുണിയലക്കുമ്പോൾ ഓരോ തുണിയിൽ നിന്നും ശരാശരി 1900 മൈക്രോ പ്ലാസ്റ്റിക് നാരുകൾ ഉണ്ടാകുന്നു എന്നാണ് കണക്ക്. ഫേസ് വാഷുകളും സ്ക്രബുകളും ഉൾപ്പടെയുള്ള പല കോസ്മെറ്റിക് ഉത്പന്നങ്ങളിലും മൃതകോശങ്ങളെ ഉരച്ച് നീക്കം ചെയ്യാനായി മുത്തുപോലുള്ള മൈക്രോപ്ലാസ്റ്റിക് കണികകളാണ് ഉൾപ്പെടുത്തുന്നത്. ഇവ നേരിട്ട് വെള്ളത്തിൽ എത്തുകയും വലിയൊരളവ് ജലശുദ്ധീകരണത്തിനുപയോഗിക്കുന്ന അരിപ്പകളിലൂടെ കടന്നുപോവുകയും ചെയ്യുന്നു. മത്സ്യബന്ധന വലകളും, മീൻപിടിക്കാനും വിനോദത്തിനുമായി ഉപയോഗിക്കുന്ന ഫൈബർ ബോട്ടുകളുമൊക്കെ കടലിലേക്ക് മൈക്രോപ്ലാസ്റ്റിക്കുകളെ നേരിട്ട് എത്തിക്കുന്നു. മത്സ്യങ്ങളിലും കടൽപ്പക്ഷികളിലും ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മത്സ്യങ്ങളിൽ നിന്ന് ഇവ മനുഷ്യനിലേക്കും മറ്റ് സസ്തനികളിലേക്കും എത്തുകയും ശരീരത്തിൽ അടിഞ്ഞു കൂടുകയും ചെയ്യും. ചെറു പെല്ലറ്റുകൾ ഉരുക്കി വാർത്താണ് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉണ്ടാക്കുന്നത്.
ഈ പെല്ലറ്റുകളും ഇവ പൊടിഞ്ഞുണ്ടാകുന്ന കണികകളും നേരിട്ട് പ്രകൃതിയിലെത്തുന്നു. കോവിഡ് മഹാമാരിക്ക് ശേഷം ഡിസ്പോസബിൾ മാസ്കുകളിൽ നിന്ന് മൈക്രോ, നാനോ നാരുകൾ ധാരാളമായി പ്രകൃതിയിലേക്കെത്തുന്നുണ്ട്. പേപ്പർ കൊണ്ടുള്ള കപ്പുകളുടേയും, പ്ലേറ്റുകളുടേയും ഉള്ളിൽ കനം കുറഞ്ഞ പ്ലാസ്റ്റിക് കോട്ടിംഗ് ഉണ്ടായിരിക്കും. ഇവയും മൈക്രോപ്ലാസ്റ്റിക്കുകളുടെ ഉറവിടമാണ്. കാറുകൾ ഉൾപ്പടെയുള്ള ഭാരം കുറഞ്ഞ വാഹനങ്ങളുടെ ടയറുകൾ പ്രധാനമായും നിർമ്മിക്കുന്നത് കൃത്രിമ റബറായ സ്റ്റൈറീൻ ബ്യൂട്ടാഡയീൻ റബർ അഥവാ എസ് ബി ആർ ഉപയോഗിച്ചാണ്. ടയറുകൾക്കും റോഡിനുമിടയിൽ നിരന്തര ഘർഷണം ഉണ്ടാകുന്നതുകൊണ്ട് അവയിൽ നിന്നും സ്റ്റൈറീൻ കണികകൾ മണ്ണിലും വെള്ളത്തിലും എത്തുന്നു.
മൈക്രോപ്ലാസ്റ്റിക്കുകൾ ഭീഷണിയോ ?
ഈ ചോദ്യത്തിന് വ്യക്തമായ ഒരുത്തരം പറയാൻ മാത്രം വിവരങ്ങൾ ഇപ്പോൾ നമ്മുടെ കൈയിലില്ല. മൈക്രോപ്ലാസ്റ്റിക്കുകളും നാനോപ്ലാസ്റ്റിക്കുകളും ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി ശാസ്ത്രലോകം വിശദമായി പഠിച്ച് വരുന്നതേയുള്ളൂ. എങ്കിലും അവ ധാരാളമായി പ്രകൃതിയിൽ എത്തുന്നു, വിഘടിക്കാതെ ദീർഘകാലം അവശേഷിക്കുന്നു, ജീവികളുടെ ശരീരത്തിൽ എത്തുന്നു എന്നീ മൂന്ന് കാരണങ്ങൾ കൊണ്ട് ഇവയെ മലിനീകാരികളായി കണക്കാക്കുന്നു. വലിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ പോലെ എളുപ്പത്തിൽ ഇവ കണ്ണിൽപ്പെടില്ല എന്നതും അപകട സാധ്യത കൂട്ടുന്നു. പ്ലാസ്റ്റിക്കുകളുടെ നിർമ്മാണ സമയത്ത് പ്ലാസ്റ്റിസൈസറുകളും, ചായങ്ങളും തുടങ്ങി പല തരം രാസവസ്തുക്കൾ അവയിൽ ചേർക്കുന്നുണ്ട്. മൈക്രോപ്ലാസ്റ്റിക് കണങ്ങളിലും ഇവയുടെ സാന്നിദ്ധ്യമുണ്ടാവാം. ഈ കണങ്ങൾ ശരീരത്തിൽ എത്തുന്നതിനൊപ്പം ഈ രാസവസ്തുക്കളും ശരീരത്തിൽ അടിഞ്ഞുകൂടാനിടയുണ്ട്. ചെറിയ ജീവികളിൽ നിന്ന് അവ ഭക്ഷ്യശൃംഖല വഴി വലിയ സസ്തനികളിൽ എത്തി ശരീരത്തിൽ അടിഞ്ഞുകൂടാം. ശ്വസനം വഴിയും ഇവ ജീവികളുടെ ശരീരത്തിൽ നേരിട്ട് എത്തുന്നു. പഠനങ്ങൾ കാണിക്കുന്നത് വീടിനകത്തെ മൈക്രോനാരുകളുടെ സാന്നിധ്യം പുറത്തേക്കാൾ ഏറെക്കൂടുതലാണ് എന്നാണ്. കുട്ടികളിലും, ആസ്ത്മാ രോഗികളിലും, കിടപ്പ് രോഗികളിലുമൊക്കെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഇതുകൊണ്ട് ഉണ്ടാവാം എന്ന് കരുതപ്പെടുന്നു.
മനുഷ്യരിൽ ഇവയുണ്ടാക്കുന്ന ദോഷഫലങ്ങളെപ്പറ്റി സംശയാതീതമായ വിവരങ്ങൾ ഇപ്പോൾ ലഭ്യമായിട്ടില്ല. ഓരോ തരം പ്ലാസ്റ്റിക് കണികകളേയും കണക്കിലെടുത്തുള്ള ദീർഘകാല പഠനങ്ങൾ ഇക്കാര്യത്തിൽ വേണ്ടി വരും. ഇവയ്ക്ക് നേരിട്ടുള്ള ഫലങ്ങൾ ഉണ്ടാവാം എന്ന് മാത്രമല്ല, ഘനലോഹങ്ങളുടെയും, രോഗാണുക്കളുടേയും വാഹകരായി ഇവ പ്രവർത്തിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കടൽപ്പക്ഷികളിൽ അന്നനാളത്തിന് വീക്കമുണ്ടാവാൻ ഇവ കാരണമാകുന്നതായി കണ്ടെത്തുകയും ഈ രോഗാവസ്ഥയ്ക്ക് പ്ലാസ്റ്റിക്കോസിസ് എന്ന് പേരു നല്കുകയും ചെയ്തിട്ടുണ്ട്. നാനോപ്ലാസ്റ്റിക്കുകൾ തീരെ ചെറുതായതിനാൽ അവയ്ക്ക് കോശസ്തരത്തിനുളളിലൂടെ കോശത്തിനകത്ത് കടക്കാനും കോശത്തിന്റെ പ്രവർത്തനങ്ങൾ തകരാറിലാക്കാനും കഴിഞ്ഞേക്കാം. കൊഴുപ്പിനോട് ആഭിമുഖ്യമുള്ളതിനാൽ (lipophilic ) കോശങ്ങളുടെ കൊഴുപ്പുകൊണ്ടുള്ള പുറം പാളിയുമായി കൂടിച്ചേരാനും ഇടയുണ്ട്. മത്സ്യങ്ങളുടെ തലച്ചോറ് ഉൾപ്പടെയുള്ള ആന്തരാവയവങ്ങളിൽ നാനോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരിലും മറ്റ് ജീവികളിലും സമാനമായ പഠനം നടക്കേണ്ടതുണ്ട്.
എന്താണ് പരിഹാരം ?
പ്ലാസ്റ്റിക് മാലിന്യ പ്രശ്നത്തിന് സമ്പൂർണ്ണ പരിഹാരം കണ്ടെത്താനാവാത്തത് പോലെ ഇതിനും നൂറു ശതമാനം കൃത്യമായ പരിഹാരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല. ചൈന, അമേരിക്ക, ജപ്പാൻ തുടങ്ങി പല രാജ്യങ്ങളും ഇവയുടെ ഉത്പാദനം കുറയ്ക്കുന്നതിന് സഹായകമായ ചില നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഊർജ്ജത്തിനായുള്ള നിയന്ത്രിത കത്തിക്കൽ, സൂക്ഷ്മ ജീവികളെ ഉപയോഗിച്ചുള്ള വിഘടിപ്പിക്കൽ, അരിച്ചു മാറ്റൽ തുടങ്ങി പല മാർഗ്ഗങ്ങളും നിർദ്ദേശിക്കപ്പെടുന്നുണ്ട്. പ്ലാസ്റ്റിക് വസ്തുക്കളെ സംബന്ധിച്ച മൂന്ന് ‘R’ കൾ (Reduce, Reuse, Recycle) തന്നെയാണ് ഇവിടെയും ഉപയോഗിക്കേണ്ടത്.
പ്ലാസ്റ്റിക് ഉപയോഗം കഴിയുന്നത്ര കുറയ്ക്കുക, പറ്റാവുന്നവ സുരക്ഷിതമായി വീണ്ടും ഉപയോഗിക്കുക, അല്ലാത്തത് കഴുകി വൃത്തിയാക്കി റീസൈക്ലിംഗിനായി നല്കുക. പ്ലാസ്റ്റിക് പ്രശ്നത്തിന് ലളിതമായ പരിഹാരങ്ങളില്ല. മൈക്രോപ്ലാസ്റ്റിക്കുകളെ ഇപ്പോൾ വല്ലാതെ ഭയക്കേണ്ട, എന്നാൽ വിവേക പൂർണമായി പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കാനും ശ്രദ്ധിക്കണം.
പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കാം
പെയിന്റുകൾ മുതല്‍ ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങള്‍ വരെയും, മുടിചീകുന്ന ചീപ്പ് മുതല്‍ കൃത്രിമ അവയവങ്ങൾ വരെയും, കളിപ്പാട്ടങ്ങൾ മുതല്‍ റോക്കറ്റ് ഭാഗങ്ങള്‍ വരെയും ജീവിതത്തിന്‍റെ എല്ലാമേഖലകളിലും പ്ലാസ്റ്റിക്കിന്റെ സ്വാധീനം വ്യാപിച്ചു കിടക്കുന്നു. പ്ലാസ്റ്റിക്കുകളെ മനുഷ്യന് പ്രിയപ്പെട്ടതാക്കുന്നത് അവയുടെ സ്ഥിരതയും പരമ്പരാഗത വസ്തുക്കൾ പോലെ ചിതലരിച്ചോ, വെള്ളം നനഞ്ഞോ, തുരുമ്പെടുത്തോ ഒന്നും നശിച്ച് പോകില്ല എന്നതുമാണ്. അതേസമയം ഈ ഗുണം തന്നെ അതിനെ വിനാശകാരിയായ മാലിന്യവും ആക്കിമാറ്റുന്നു.
പ്രതിവർഷം 400 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതിൽ പത്ത് ശതമാനം മാത്രം റീസൈക്കിൾ ചെയ്യപ്പെടുകയും ബാക്കിയുള്ളവ മണ്ണിലും, ജലത്തിലും ചെന്നെത്തി നൂറ്റാണ്ടുകൾ ദ്രവിക്കാതെ കിടക്കുകയും ചെയ്യുന്നു. ഇത് മണ്ണിനെയും ജലത്തേയും മലിനീകരിക്കുകയും പരിസ്ഥിതി സന്തുലനത്തെ ബാധിക്കുകയും ചെയ്യുന്നു. കത്തിച്ചാലാവട്ടെ ഡയോക്സിൻ ഉൾപ്പടെയുള്ള മാരക വിഷവാതകങ്ങൾ അന്തരീക്ഷത്തിലെത്തും. ഒരു വർഷം 50,000 മൈക്രോ പ്ലാസ്റ്റിക് കണങ്ങൾ ഭക്ഷണത്തിലൂടേയും വെള്ളത്തിലൂടേയും നമ്മൾ അകത്താക്കുന്നുണ്ടത്രേ. ശ്വസനത്തിലൂടെ ഉള്ളിലെത്തുന്നത് വേറെയും.
പ്ലാസ്റ്റിക് മലിനീകരണത്തെപ്പറ്റി ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കുകയും അതുവഴി മലിനീകരണത്തിന് പരിഹാരം കാണാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വ്യവസായങ്ങളേയും, ഭരണാധികാരികളെയും പ്രേരിപ്പിക്കുകയും വേണം. .
പൈലറ്റ് പഠനം ആരംഭിച്ചു.
പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി നഗസഭയിൽ കുടിവെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം – ലൂക്ക സിറ്റിസൺ സയൻസ് പ്രൊജക്ട് – പഠനം ആരംഭിച്ചു.
നല്ല ലേഖനം കാമ്പുള്ള എഴുത്ത് നിറയെ അറിവ്
അഭിനന്ദനങ്ങൾ👍🫶🏻