പത്തോൻപതാം നൂറ്റാണ്ടിന്റെ അവസാനം വരെ ബില്ലിയാർഡ് പന്തുകൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നത് ആനക്കൊമ്പുകൾ ആയിരുന്നു. എന്നാൽ അത് പലതരം പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമാവുന്നു എന്ന് തിരിച്ചറിഞ്ഞ ഒരു അമേരിക്കൻ കമ്പനി, ഇത്തരം പന്തുകൾ കൃത്രിമമായി നിർമ്മിക്കുവാൻ ഒരു മത്സരം നടത്തുവാൻ തീരുമാനിച്ചു. 10,000 ഡോളർ സമ്മാനത്തുക വരുന്ന ആ മത്സരം വിജയിച്ചത് ജോൺ വെസ്ലി ഹയാത് (John Wesely Hyatt) എന്ന ഒരാൾ ആയിരുന്നു. സെല്ലുലോസ് എന്ന വസ്തുവും, കർപ്പൂരവും ഉപയോഗിച്ചു നിർമിച്ച ആ ഉറപ്പുള്ള വസ്തു ആദ്യത്തെ കൃത്രിമ പോളിമെർ ആയി കരുതപ്പെടുന്നു. എന്നാൽ അതിനു ഒരു പ്രശ്‌നം ഉണ്ടായിരുന്നു. പെട്ടെന്ന് തീ പിടിക്കും. അതുകൊണ്ടു തന്നെ വ്യാവസായികമായി അതിനു കൂടുതൽ പ്രചാരം ലഭിച്ചില്ല.
പ്ലാസ്റ്റിക്കിന്റെ പിറവി
അക്കാലത്ത് (1900ങ്ങളിൽ തന്നെ) അമേരിക്കയിൽ മറ്റൊരു പ്രശ്‌നം കത്തി നിൽക്കുകയായിരുന്നു. വൈദ്യുതി കണ്ടെത്തിയ സമയം. അതിന്റെ ഉപഭോക്താക്കൾ പെരുകി വരുന്ന നാളുകൾ. അതിനെ തുടർന്ന് ഇലക്ട്രിക്കൽ സാമഗ്രികളുടെ ഉത്പാദനം ക്രമാതീതമായി ഉയര്‍ന്നു. എന്നാൽ അവയിൽ ഉപയോഗിക്കേണ്ടുന്ന ഇൻസുലേറ്റിങ് വസ്തുവായ ഷെല്ലാക് എന്ന സ്വാഭാവിക (Natural) പോളിമറിന്റെ ലഭ്യത വല്ലാതെ കുറവുമായിരുന്നു. ബെൽജിയത്തിൽ ജനിച്ചു അമേരിക്കയിലേയ്ക്ക് കുടിയേറിപാർത്തിരുന്ന, അക്കാലത്തു ഫോട്ടോഗ്രാഫിക് വസ്തുക്കൾ നിർമ്മിക്കുന്ന വലിയ ഒരു കമ്പനിയുടെ ഉടമയായ ലിയോ ബെകലാൻഡ് (Leo Bakeland) എന്ന വ്യക്തി അതിനൊരു പരിഹാരം കണ്ടെത്തി. ഫിനോൾ, ഫോർമാൽഡിഹൈഡ് എന്നീ രാസവസ്തുക്കൾ കൂട്ടിച്ചേർത്തു അദ്ദേഹം പുതിയൊരു വസ്തു നിർമ്മിച്ചു. അതിനൊരു പേരും കൊടുത്തു. ബേക്കലൈറ്റ്. ഒരു വ്യവസ്സായി ആയിരുന്ന ബെകലാൻഡ് ആ പുതിയ വസ്തുവിന്റെ സാധ്യതകൾ നന്നായി മനസ്സിലാക്കിയിരുന്നു. ആ വസ്‌തുവിന്റെ പ്രത്യേകത അത് ഒരേ തരം തന്മാത്ര ശ്ര്യംഖല ആവർത്തിച്ച് വരുന്ന ഒന്നായിരുന്നു. ചെറിയ ഇത്തരം തന്മാത്രകൾ കൂടിച്ചേർന്നു ഉണ്ടായ വസ്തുവിന് പൊതുവെ പറയുന്ന പേര് പോളിമെറുകൾ എന്നായിരുന്നു. അങ്ങനെ ചരിത്രത്തിൽ ആദ്യമായി വ്യവസായിക അടിസ്ഥാനത്തിൽ പോളിമെറുകൾ ഉത്പാദിപ്പിച്ചു തുടങ്ങി.
പുതിയ തരം പോളിമെറുകളുടെ ഉപയോഗം/നിർമ്മാണം എന്നിവ അക്കാലത്തു പൊതുവെ കുറവായിരുന്നു. കാരണം ഇന്ന് നിത്യോപയോഗത്തിൽ കടന്നു വന്നിട്ടുള്ള ‘പ്ലാസ്റ്റിക്കുകൾ’ എന്ന് പൊതു സമൂഹം നാമകരണം ചെയ്യുന്ന വസ്തുക്കൾ (കസ്സേര, മേശ, തുണിത്തരങ്ങൾ, തുടങ്ങിയവ) അന്നത്തെ കാലത്തു സുലഭമായ മറ്റു വസ്തുക്കളാൽ നിർമ്മിക്കപ്പെട്ടു (ഉദാ: തടി) ഉപയോഗിച്ചിരുന്നു. എന്ന് മാത്രമല്ല അതാണ് കൂടുതൽ സൗകര്യപ്രദം എന്നും കരുതിപ്പോന്നു. കൂടാതെ, ടയറുകൾ, ഇലാസ്തികത ഉള്ള വസ്തുക്കൾ എന്നിവ നിർമ്മിക്കുന്നതിന് സ്വാഭാവിക പോളിമറായ റബ്ബർ, അത് പോലെ ഉള്ള മറ്റു വസ്തുക്കൾ എന്നിവയ്ക്ക് ക്ഷാമം ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് 1940കളിൽ വന്ന രണ്ടാം ലോകമഹായുദ്ധം കാര്യങ്ങൾ മാറ്റിമറിച്ചു. ലോകം ക്ഷാമത്തിന്റെ പിടിയിൽ അകപ്പെട്ടു. പലതരം അസംസ്‌കൃത വസ്തുക്കളുടെയും കാര്യത്തിൽ തീവ്രമായ ദൗർലഭ്യം അനുഭവപ്പെട്ടു. എല്ലാത്തരം വസ്തുക്കളും കൃത്രിമമായി നിർമ്മിക്കേണ്ട അവസ്ഥ വന്നു. പരമ്പരാഗത വസ്തുക്കൾക്കു പകരം പുതിയ തരം വസ്തുക്കൾ വന്നു.
പോളി എത്തിലീൻ
പ്ലാസ്റ്റിക് കൊണ്ടുള്ള കസ്സേരകൾ, മേശകൾ, കളിപ്പാട്ടങ്ങൾ അങ്ങനെ പലതരം വസ്തുക്കൾ വിപണിയിൽ വന്നു. അവയെക്കുറിച്ചു നിരവധി ക്യാമ്പെയ്‌നുകൾ നടന്നു. വികസിത രാജ്യങ്ങളിലാണ് ഇവയുടെ ഉല്പാദനവും,ക്യാമ്പെയ്‌നുകളും നടന്നത് എങ്കിലും അതിന്റെ കോളനികളായി അക്കാലത്തു ഉണ്ടായിരുന്ന രാജ്യങ്ങളിലും അതിന്റെ അനുരണനങ്ങൾ എത്തിച്ചേർന്നു. പലതരം പ്ലാസ്റ്റിക് പദാർത്ഥങ്ങൾ ഉണ്ടാക്കപ്പെട്ടു എങ്കിലും യഥാർത്ഥ ഗെയിം ചെയ്ഞ്ചർ പോളി എത്തിലീൻ എന്ന വസ്തു ആയിരുന്നു. 1933 ൽ ഇംഗ്ളണ്ടിൽ നിർമ്മിക്കപ്പെട്ട ഈ വസ്തുവിന്റെ ഹൈ ഡെൻസിറ്റി പോളിമേർ (HDPE) ആണ് മനുഷ്യ ചരിത്രത്തിൽ ഇന്നേ വരെ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട പ്ലാസ്റ്റിക് വസ്തു. വളരെ വ്യാപകമായ തോതിൽ ഇത് ഉപയോഗിക്കപ്പെട്ടു. പ്രധാനമായും പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ആയിരുന്നു ഇത് ഉപയോഗിച്ചു നിർമ്മിച്ചിരുന്നത്. ഉപയോഗിക്കാനുള്ള സൗകര്യം അതിന്റെ പ്രചാരണത്തിന് ആക്കം കൂട്ടി.
പ്ലാസ്റ്റിക് വിപ്ലവം
തുടർന്ന് ജനങ്ങൾ സന്തോഷിച്ചു, വ്യവസായികൾ സന്തോഷിച്ചു, ഗവണ്മെന്റുകൾ സന്തോഷിച്ചു. എന്നാൽ എല്ലാം അങ്ങനെ ശുഭകരമായിരുന്നില്ല. മനുഷ്യന്റെ കണ്ടെത്തലുകളുടെയും അവയുടെ സാധാരണ നിലയിൽ ഉള്ള ഉപയോഗങ്ങളുടെയും ചരിത്രം പരിശോധിച്ചാൽ ഒരു കാര്യം മനസ്സിലാവും. പുതിയൊരു വസ്തുവിന്റെ വ്യവസായികമായ ഉപയോഗങ്ങൾ കുറെ നടന്നു കഴിഞ്ഞായിരിക്കും അതിന്റെ മറ്റു തരം പ്രശ്നങ്ങൾ എന്തൊക്കെ എന്ന് മനസ്സിലാക്കുന്നത്. അവ ചിലപ്പോൾ പാരസ്ഥിതികമാവാം, നിലവിലിരിക്കുന്ന സാമൂഹിക സാഹചര്യങ്ങളുടെ വ്യതിയാനം ആവാം, അല്ലെങ്കിൽ അതുപോലെ മറ്റെന്തും. പലപ്പോഴും, ഇത്തരം ഉപയോഗങ്ങൾ സമൂഹത്തിലേക്ക് കടന്നു വരുന്നത് അടിയന്തര സാഹചര്യങ്ങൾ കൊണ്ടാണ് . അത് യുദ്ധമാവാം, രോഗമാകാം, മറ്റു പല സാമൂഹിക സാഹചര്യവും ആകാം. രണ്ടാം ലോക മഹായുദ്ധം അത്തരം ഒരു സാഹചര്യമാണ് കൊണ്ടുവന്നത്. പിന്നീട് മനുഷ്യനു പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കാൻ കഴിയില്ല എന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിച്ചേർന്നു. 2018 മെയ് മാസത്തിൽ TEDEx Binghamton University പ്രഭാഷണത്തിൽ വൻകൂവർ ഐലൻഡ് യൂണിവേഴ്സിറ്റി ബയോളജി പ്രൊഫസർ Sarah Dudes പ്രസ്താവിച്ചതുപോലെ ഏതെങ്കിലും ഒരു പ്ലാസ്റ്റിക് വസ്തു കൈ കൊണ്ട് തൊടാതെ നമുക്കൊരു ദിവസം പോലും കഴിയാനാവില്ല. എന്നാൽ യഥാർത്ഥ പ്രശ്നങ്ങൾ വരാനിരിക്കുന്നതേ ഉള്ളായിരുന്നു.
പ്ലാസ്റ്റിക് മാലിന്യപ്രശ്നങ്ങൾ, പ്രതിസന്ധികൾ
അപ്പോഴത്തെ സൗകര്യത്തിനു വേണ്ടി പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിച്ചു ഉപേക്ഷിച്ചു എങ്കിലും, മണ്ണിലും,ജലസ്രോതസ്സുകളിലും അവ അഴുകാതെ കിടന്നു. അങ്ങനെ ലോകമെമ്പാടും നിന്നും (പ്രത്യേകിച്ചും വികസിത രാജ്യങ്ങളിൽ നിന്നും) ഉല്‍പാദിപ്പിക്കപ്പെട്ട മാലിന്യം “the Great Pacific Garbage” എന്ന പേരിൽ പസിഫിക് സമുദ്രത്തിൽ അടിഞ്ഞു. 1960 കാലഘട്ടങ്ങളിൽ വടക്കുപടിഞ്ഞാറൻ ഹവായ് ദ്വീപുകളിൽ ആൽബട്രോസ് പക്ഷികളെ കുറിച്ച് പഠനം നടത്തുകയായിരുന്ന ഒരു സംഘം ഗവേഷകർ 100 ൽ 74 പക്ഷികളിലും 2g ആവറേജ് എന്ന കണക്കിൽ പ്ലാസ്റ്റിക് പദാർത്ഥങ്ങൾ അവയുടെ ആമാശയത്തിൽ കണ്ടെത്തി. പിന്നീട് 1970 കളിലും,80 കളിലും ഇതിന്റെ കണക്കെടുപ്പുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു. ആ കണക്കുകൾ പ്രകാരം പല തരം പാരിസ്ഥിതിക പ്രദേശങ്ങളിൽ അവ അടിഞ്ഞു കൂടി ഇരിക്കുന്നതിന്റെ അളവുകൾ വിവരിക്കുവാൻ സാധിക്കാവുന്നതിലും അധികം ആയിരുന്നു. എന്നാൽ അപ്പോഴേയ്ക്കും അവയുടെ ഉപയോഗം നിയന്ത്രിക്കുവാൻ സാധിക്കുന്നതിലും അധികം വ്യാപിച്ചു കഴിഞ്ഞിരുന്നു.
ഏകദേശം 400 ദശലക്ഷം പ്ലാസ്റ്റിക് വസ്തുക്കൾ ആണ് ഓരോ വർഷവും നമ്മൾ ഉല്പാദിപ്പിക്കുന്നത്. 2017 ലെ ഒരു റിപ്പോർട്ട് പ്രകാരം, മനുഷ്യൻ പ്ലാസ്റ്റിക് വസ്തുക്കൾ ഉത്പാദിപ്പിച്ചു തുടങ്ങിയ കാലം മുതൽ ഇന്ന് വരെ (1920 മുതൽ 2017 വരെ ഉള്ള കണക്കുകൾ പ്രകാരം), ഏകദേശം 8300 മില്യൺ മെട്രിക് ടൺ പ്ലാസ്റ്റിക് വസ്തുക്കൾ ഉണ്ടാക്കിയിട്ടുണ്ട്.
ഈ കണക്കുകളെ താഴെ പറയും വിധം വേർതിരിക്കാം;
- പുനരുപയോഗത്തിനു വിധേയം ആവുന്ന പ്ലാസ്റ്റിക് – ഏകദേശം 9 ശതമാനത്തോളം.
- ഉപയോഗത്തിൽ ഉള്ളത് – ഏകദേശം 31 ശതമാനം
- മാലിന്യങ്ങൾ ആയി മാറുന്നത്- 60 ശതമാനത്തോളം
ഈ കണക്കുകൾ വിശ്വസിക്കാമെങ്കിൽ ഏകദേശം 4900മില്യൺ മെട്രിക് ടൺ പ്ലാസ്റ്റിക് വസ്തുക്കൾ മാലിന്യങ്ങൾ ഭൂമിയുടെ പല സ്ഥലത്തും അടിഞ്ഞു കൂടിയിട്ടുണ്ട്. 2000ങ്ങൾ വരെ ലോകം കരുതിയിരുന്നത് ജൈവിക ലോകവുമായി ഇത്തരത്തിൽ അഴുകി ചേരാത്ത പ്ലാസ്റ്റിക് വസ്തുക്കൾ ജലസ്രോതസ്സുകളിൽ അവ കലർന്നും, മണ്ണിൽ അവ നാശമില്ലാതെ കിടന്നും കാലങ്ങളോളം കിടക്കും എന്നാണ്. എന്നാൽ, മനുഷ്യൻ അന്ന് വരെ പരിചയപ്പെട്ടതിൽ വെച്ച് ഏറ്റവും അസാധാരണമായ (അപകടകരമായ?) ഒരു മാലിന്യം അതിനോടകം തന്നെ അഴുകാത്ത പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും പിറവി എടുത്തിരുന്നു.
മൈക്രോപ്ലാസ്റ്റിക്കുകൾ
2004 മെയ് മാസത്തിൽ ബ്രിട്ടീഷ് മറൈൻ ബിയോളജിസ്റ്റായിരുന്ന റിച്ചാർഡ് തോംപ്‌സണും കൂട്ടരും, പ്രശസ്ത ശാസ്ത്ര ജേർണൽ ആയ ‘Science’-ൽ ‘Lost At Sea? Where is All the Plastic’ എന്ന പേരിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോൾ മുതൽ ആണ് ശാസ്ത്ര ലോകം ആ പുതിയ മാലിന്യത്തെ കുറിച്ച് കൂടുതൽ ചിന്തിക്കുവാൻ തുടങ്ങിയത്. അവയാണ് ‘മൈക്രോപ്ലാസ്റ്റിക്കുകൾ’. UK യിലെ Polymouth -ൽ നിന്നും ആണ് ഇതിനെ ആദ്യമായി തോംപ്‌സണും കൂട്ടരും കണ്ടെടുത്തത്. പല സഥലങ്ങളിലും (മണ്ണിലും,ജലത്തിലും) അടിഞ്ഞു കൂടി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പല തരം പ്രകൃതി പ്രതിഭാസങ്ങൾക്കു വിധേയം ആകുന്നുണ്ട്. കടുത്ത സൂര്യപ്രകാശം, അന്തരീക്ഷവായുവിന്റെ സമ്പർക്കം, സൂക്ഷമജീവികൾ എന്നിങ്ങനെ. ഇത്തരം സാഹചര്യങ്ങളുടെ നിരന്തര സമ്പർക്കം ഈ പ്ലാസ്റ്റിക് പദാർത്ഥങ്ങൾ പൊടിയുവാൻ കാരണമാകുന്നു.
അങ്ങനെ പൊടിഞ്ഞു ഏകദേശം അഞ്ചു മില്ലീമീറ്ററോ അതിൽ താഴെയോ എത്തുന്ന പ്ലാസ്റ്റിക് പദാർത്ഥങ്ങളെ പറയുന്ന പേരാണ് മൈക്രോപ്ലാസ്റ്റിക്കുകൾ. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ അഞ്ചു മില്ലീമീറ്ററിൽ കുറവുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കളെയും നമുക്ക് മൈക്രോപ്ലാസ്റ്റിക്കുകൾ എന്ന് പറയാം.
അത്തരം പ്ലാസ്റ്റിക് പദാർത്ഥങ്ങൾ നമുക്ക് ഈ മാലിന്യങ്ങൾ സൃഷ്ടിക്കപ്പെടും മുൻപേ അറിയാം. അവയെ വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി മനുഷ്യൻ നിർമിച്ചിട്ടുണ്ട്.സൺ സ്ക്രീൻ ലോഷനുകൾ, ടൂത് പേസ്റ്റുകൾ, സൗദ്ധര്യ വർധക വസ്തുക്കൾ എന്നിവയിൽ അവ ഉപയോഗിക്കുന്നുണ്ട്. ഇവയെ പൊതുവെ പ്രാഥമികതല (primary) മൈക്രോപ്ലാസ്റ്റിക്കുകൾ എന്ന് വിളിക്കുന്നു. എന്നാൽ, നമ്മൾ നേരത്തെ കണ്ട, വലിയ തരം പ്ലാസ്റ്റിക് പദാർത്ഥങ്ങളിൽ നിന്നും പൊടിഞ്ഞു ഉണ്ടാകുന്ന ചെറിയ തരം പ്ലാസ്റ്റിക് പദാർത്ഥങ്ങളെ ദ്വിതീയ (Secondary) തല മൈക്രോപ്ലാസ്റ്റിക്കുകൾ എന്ന് പറയുന്നു.
റിച്ചാർഡ് തോംപ്‌സന്റെയും കൂട്ടരുടെയും ഗവേഷണ ഫലങ്ങൾ പുറത്തു വന്നു കഴിഞ്ഞു ദ്വിതീയ തരം മൈക്രോപ്ലാസ്റ്റിക്കുകളെ കുറിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ,ധാരാളം പഠനങ്ങൾ നടന്നു. അന്റാർട്ടിക്കയിൽ, ആർട്ടിക് സമൂഹത്തിൽ, യൂറോപ്പിലെ വിവിധ സ്ഥലങ്ങളിൽ, അമേരിക്കയിൽ, ഏഷ്യയിൽ, എന്തിനധികം പറയുന്നു, നമ്മുടെ വേമ്പനാട്ടു കായലിലും, അതിന്റെ പരിസര പ്രദേശങ്ങളിലും വരെ അവയെ ധാരാളമായി കണ്ടെത്തി. വാൻ സെബില്ലെ എന്ന ശാസ്ത്രജ്ഞനും കൂട്ടരും, കുറച്ചു കൂടി കടന്നു, അത്തരത്തിൽ ശേഖരിക്കപ്പെട്ട അറിവുകളുടെയും, ഡാറ്റകളുടെയും സഹായത്തോടെ ചില ഗണിതമോഡലുകൾ ഉപയോഗിച്ചു അവയുടെ സാന്നിധ്യം എത്രത്തോളമാണ് സമുദ്രങ്ങളിൽ ഉള്ളത് എന്ന് കണ്ടെത്തുവാൻ ശ്രമിച്ചു. ഏകദേശം, 15 trillion (15 കഴിഞ്ഞു 12 പൂജ്യം വരുന്ന സംഖ്യ) മുതൽ 50 trillion വരെ മൈക്രോപ്ലാസ്റ്റിക്കുകൾ ഇപ്പോൾ (2015 ലാണ് ഈ പഠനം നടന്നത്) ഉണ്ട് എന്നവർ കണക്കാക്കി.
മൈക്രോപ്ലാസ്റ്റിക്കുകൾ കൊണ്ട് പരിസ്ഥിതിയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ?
ഇങ്ങനെ മൈക്രോപ്ലാസ്റ്റിക്കുകൾ ഉണ്ടാകുന്നതു കൊണ്ട് പരിസ്ഥിതിയ്ക്കു എന്തെങ്കിലും പ്രശ്നമുണ്ടോ? അല്ലെങ്കില്‍ ഭൂമിയിലെ ജീവനെ അത് എങ്ങനെ ആണ് സ്വാധീനിക്കുന്നത്? എന്നീ ചോദ്യങ്ങൾ ഇവിടെ പ്രസക്തമാണ്.
പ്ലാസ്റ്റിക് പദാർത്ഥങ്ങൾ കൂടുതലായി അടിഞ്ഞിരിക്കുന്നത് സമുദ്രങ്ങളിലും മറ്റു ജല സ്രോതസ്സുകളിലും ആയതു കൊണ്ട്, അതിന്റെ പാരിസ്ഥിതിക ബന്ധങ്ങൾ കൂടുതലായി ആദ്യ കാലങ്ങളിൽ പഠിച്ചത് ജല ജീവികളിൽ ആയിരുന്നു. തീർച്ചയായും, പൊടിഞ്ഞു ഉണ്ടാവുന്ന പ്ലാസ്റ്റിക് പദാർത്ഥങ്ങൾ ജലജീവികളുടെ ആഹാര ശ്ര്യംഖലയിൽ കടന്നു കൂടുന്നുണ്ട് എന്ന് ശാസ്ത്രകാരന്മാർ അനുമാനിച്ചിരുന്നു. അതിനൊരു തെളിവ് കൃത്യമായി ലഭിച്ചത് 2020 ൽ ആയിരുന്നു. 2020 ൽ കടലിൽ നിന്നും ചത്തടിഞ്ഞ 3 ആഴ്ച മാത്രം പ്രായമുള്ള ചില കടലാമ കുഞ്ഞുങ്ങളെ പരീക്ഷണവിധേയമാക്കിയപ്പോൾ, ഒരെണ്ണത്തിന്റെ ഉള്ളിൽ നിന്നും മാത്രം കണ്ടെത്തിയത് 42 മൈക്രോപ്ലാസ്റ്റിക്കുകൾ ആണ്. മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കൂടുതലായി പഠിച്ചിട്ടുള്ളത് zooplankton-കളിലാണ്. കടലിൽ ധാരാളമായി കണ്ടു വരുന്ന ഈ ജീവി വർഗ്ഗത്തിനെ പഠനവിധേയമാക്കുവാൻ എളുപ്പമാണ് എന്നതും, കടലിലെ ഒരു വലിയ വിഭാഗം ജീവി വർഗ്ഗത്തിന്റയെയും പ്രാഥമിക ആഹാര ശ്ര്യംഖലയിൽ ഇവ കടന്നു വരുന്നു എന്നതും ആണ് ഇവയെ കൂടുതലായി പഠന വിധേയമാക്കിയതിന്റെ കാരണം.
പ്രധാനമായും താഴെ പറയുന്ന രീതിയിൽ ആണ് ഇതിനെ മൈക്രോപ്ലാസ്റ്റിക്കുകൾ സ്വാധീനിച്ചത് എന്ന് കണ്ടു;
- അവയുടെ പ്രത്യുല്പാദനത്തിനെ മൈക്രോപ്ലാസ്റ്റിക്കുകൾ സ്വാധീനിക്കുന്നുണ്ട്. മൈക്രോപ്ലാസ്റ്റിക്കുകൾ കടന്ന ഭക്ഷണം അവ കഴിക്കുന്നത് മൂലം അതിനു ദഹന പ്രശ്നങ്ങൾ ഉണ്ടാവുന്നു. അത് കൊണ്ട് അവയുടെ ലാർവകൾ വളർച്ച പ്രാപിക്കുന്നില്ല. ഈ പ്രശ്‌നം ഗവേഷകർ ചില തരം കടലാമകളിലും കണ്ടെത്തി.
- ഇത്തരം ആഹാരം അവയുടെ ജീവിത കാലയളവിനേയും സ്വാധീനിക്കുന്നു. അതായതു ആയുസെത്താതെ ചത്തുപോകുന്ന zooplakton-കൾ കടലിലെ ഭക്ഷ്യശ്ര്യംഖലയിൽ സാരമല്ലാത്ത കേടുപാടുകൾ വരുത്തുന്നുണ്ട്.
അങ്ങനെയെങ്കില്‍ അത് മനുഷ്യൻ എന്ന ഭൂമിയിലെ ഏറ്റവും ശക്തമായ ജീവിവർഗ്ഗത്തിനു ഭീഷണിയാണോ? അതിനെക്കുറിച്ച് പറയും മുമ്പ് മറ്റു ചില വിശദാംശങ്ങളെ കൂടി നോക്കാം.
പ്രശസ്ത ശാസ്ത്ര എഴുത്തുകാരനായ Xiozhi Lim നേച്ചർ മാസികയിൽ 2021 ൽ എഴുതിയ ഒരു ലേഖനത്തിൽ വിവിധ ശാസ്ത്രകാരന്മാരുടെ നിഗമനങ്ങളെ അടിസ്ഥാനമാക്കി ചില അഭിപ്രായങ്ങൾ രേഖപ്പെടുത്തി. അവ താഴെ വിവരിക്കും പ്രകാരം ആയിരുന്നു;
- 10 മൈക്രോമീറ്റർ മുതലുള്ള പലതരം മൈക്രോപ്ലാസ്റ്റിക്കുകളും മണ്ണിലും, ജലത്തിലും മാത്രമല്ല, വായുവിൽ കൂടി ഉണ്ടാവും. അതിന്‍റെ കുറഞ്ഞ സാന്ദ്രത അതിനെ വായു മലിനീകരണത്തിന് പര്യാപ്തം ആക്കുന്നുണ്ട്. ഇത്തരത്തിൽ വായുവിൽ കലരുന്ന പ്ലാസ്റ്റിക് പദാർത്ഥങ്ങൾക്ക്, മനുഷ്യൻ അടക്കമുള്ള സകല ജീവി വർഗ്ഗങ്ങളുടെയും ഉള്ളിൽ കടന്നു ചെല്ലുവാനും, ശ്വാസകോശത്തിൽ പറ്റി പിടിക്കുവാനും വളരെ എളുപ്പം ആണ്.
- മൈക്രോപ്ലാസ്റ്റിക്കുകൾ മൂലം ഉണ്ടാവുന്ന മാലിന്യങ്ങളിൽ ചിലപ്പോൾ അവയുടെ ഒറിജിനൽ പ്ലാസ്റ്റിക് വസ്തുക്കൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന (ഉദാഹരണത്തിന്, പ്ലാസ്റ്റിക് ബോട്ടിലുകൾ, കസേരകൾ, കവറുകൾ എന്നിവ) രാസവസ്തുക്കൾ കലരുവാൻ സാധ്യത ഉണ്ട്. അതായതു, ക്യാൻസർ ഉണ്ടാക്കുവാൻ പര്യാപ്തം ആയതു എന്ന് കരുതുന്ന ബിസ്‌ഫെനോൾ A പോലുള്ള രാസവസ്തുക്കൾ.
- മറ്റൊരു സാധ്യത, ഇത് മറ്റു രാസമാലിന്യങ്ങളുമായി കൂടിച്ചേർന്നു പുതിയ തരം മാലിന്യങ്ങൾ സൃഷ്ടിക്കുകയും, അത് ജീവി വർഗ്ഗങ്ങളുടെ ഉള്ളിൽ ചെന്ന് വിവിധ തരം ബയോകെമിക്കൽ രാസപ്രവർത്തനങ്ങൾ നടക്കുവാനോ, ചില തരം രാസപ്രവർത്തനങ്ങൾ തടയുവാനോ ശ്രമിച്ചേക്കാം. ഉദാഹരണത്തിന്, ജലത്തിൽ അടങ്ങിയ ഹെവി മെറ്റലുകൾ, കീടനാശിനികൾ എന്നിവയുമായി അവ കൂടിച്ചേർന്നു മനുഷ്യന്‍റെയോ, മറ്റു ജീവി വർഗ്ഗത്തിന്റെയോ, ശരീരത്തിൽ എത്തിച്ചേരാം.
ഇവയൊക്കെ വരുന്ന ഭാവിയിൽ പ്രതീക്ഷിക്കുന്ന ദോഷഫലങ്ങൾ അല്ലെ? അതൊന്നും ഇത് വരെ നടന്നിട്ടില്ലല്ലോ എന്ന് ആശ്വസിക്കാൻ വരട്ടെ. ചില ഗവേഷണങ്ങൾ നമ്മളെ നയിക്കുന്നത് നമ്മൾ ഭയക്കുന്ന ഇടത്തേക്ക് തന്നെ ആണ്. 2020 ൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു ഗവേഷണം അനുസരിച്ചു മിക്കവാറും എല്ലാ മൈക്രോ പ്ലാസ്റ്റിക് പദാർത്ഥങ്ങളുടെയും ചുറ്റും ഒരു ‘എക്കോ/ ബയോ -കൊറോണ’ രൂപം കൊള്ളുന്നുണ്ടത്രേ. എന്താണ് ഈ എക്കോ/ ബയോ -കൊറോണ’ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു foreign വസ്തുവിനെ ചുറ്റി ബയോ മോളിക്യൂളുകൾ വളരുന്നതിനെ ആണ് ‘എക്കോ-കൊറോണ’ എന്ന് പറയുന്നത്. ഇത്തരം ബയോ മോളിക്യൂളുകൾ, അത് വളരുന്ന foreign വസ്തുവിനെ, മറ്റു ജൈവിക ഇടങ്ങളിൽ പറ്റിപിടിക്കുവാൻ സഹായിക്കുന്നു. അതായതു, ശരീര കലകളിലേയ്ക്ക് പ്രവേശിക്കുവാൻ മൈക്രോപ്ലാസ്റ്റിക്കുകൾക്കു ഒരു വിസ ശരിയാക്കി കൊടുക്കുന്നു എന്നർത്ഥം.
മറ്റൊന്ന്, നമ്മൾ ദിനംപ്രതി ഉപയോഗിക്കുന്ന ഉപ്പ്, നെയ്യ് എന്നിവയിൽ ഇപ്പോൾത്തന്നെ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം ധാരാളം കണ്ടെത്തിയിട്ടുണ്ട്. Dunzhu Li എന്ന ശാസ്ത്രജ്ഞരും കൂട്ടരും നമ്മളെ പോലെ തന്നെ 2019 ൽ വരെ വിശ്വസിച്ചിരുന്നത് പോളിപ്രൊപ്പിലീൻ (PP) അടിസ്ഥാനമാക്കിയ കുഞ്ഞുങ്ങൾക്കു ഫീഡിങ് നടത്തുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ഏകദേശം 70 ഡിഗ്രീ സെന്റിഗ്രേഡിൽ തിളപ്പിച്ചാൽ അതിലെ അണുക്കൾ നശിച്ചു പോകും എന്നായിരുന്നു. ശരിയാണ്. അതിലെ അണുക്കൾ ആ ഊഷ്മാവിൽ നശിച്ചു പോകും. എന്നാൽ, ഇതിനു മറ്റൊരു വശം ഉണ്ട്. അതാണവരെ ഞെട്ടിച്ചത്. ഏകദേശം 70 ഡിഗ്രീ സെന്റിഗ്രേഡിൽ, PP പ്ലാസ്റ്റിക് ചൂടാക്കിയാൽ, അതിൽ നിന്നും 10 ദശലക്ഷം PP മൈക്രോപ്ലാസ്റ്റിക്കുകൾ (ഒരു ലിറ്ററിൽ) വെള്ളത്തിൽ കലരുന്നുണ്ടത്രേ. ഇത് ഓരോ തിളപ്പിക്കലിനും നടക്കുന്നു.
Albert Koelman എന്ന ഹോളണ്ടിലെ പ്രശസ്തനായ പ്രകൃതി ശാസ്ത്രജ്ഞന്റെ അഭിപ്രായത്തിൽ ഏറ്റവും, മോശമായ സാഹചര്യം ആയി കണക്കാക്കിയാൽ ഇത്തരം പല മാർഗ്ഗങ്ങളിലൂടെ ഒരു മനുഷ്യൻ ഒരു വർഷത്തിൽ ഏകദേശം ഒരു ക്രെഡിറ്റ് കാർഡിന്റെ ഭാരത്തോളം (ഏകദേശം 5g) മൈക്രോപ്ലാസ്റ്റിക്കുകൾ അകത്താക്കുന്നുണ്ട്. അവയിൽ എക്കോ കൊറോണ രൂപം കൊണ്ട് കഴിഞ്ഞാൽ…?
2021 ൽ പുറത്തുവന്ന മറ്റൊരു റിപ്പോർട്ട് കൂടി പരാമർശിക്കാതെ ഈ ലേഖനം പൂർത്തിയാവില്ല.. Antonia Ragussa-യും കൂട്ടരും കുറെ ഗർഭിണികളെ ആണ് ഈ പഠനത്തിനായി തിരഞ്ഞെടുത്തതു. അവർ ഗർഭിണികളുടെ പ്ലാസന്റയിൽ ഏകദേശം അഞ്ചു മുതൽ പത്തു മൈക്രോമീറ്റർ വരെ വലിപ്പമുള്ള മൈക്രോപ്ലാസ്റ്റിക്കുകളെ കണ്ടെത്തി. ഞെട്ടിക്കുന്ന ആ കണ്ടെത്തലുകൾ 2021 ജനുവരി മാസത്തെ എൻവിറോണ്മെന്റ് ഇന്റർനാഷണൽ എന്ന ജേര്ണലില് പ്രസിദ്ധപ്പെടുത്തി. ഇവിടെ കേരളത്തിലും, മൈക്രോ പ്ലാസ്റ്റിക് സമ്പർക്കം വ്യാപകമായ തോതിൽ ഉണ്ട് എന്ന് ഈ അടുത്തു നടന്ന പല പഠനങ്ങളും സൂചിപ്പിക്കുന്നു. വേമ്പനാട്ടു കായലിലും പരിസര പ്രദേശങ്ങളിലും അവയെ വ്യാപകമായ തോതിൽ കണ്ടെത്തിയ കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. 2020 ൽ നടന്ന പഠനത്തിൽ കേരള തീരത്തു കാണപ്പെടുന്ന ചെമ്മീനുകളിൽ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അതുപോലെ തന്നെ, കൊച്ചിയുടെ തീരത്തു നിന്നും ലഭിച്ച പതിനാറോളം തരം മത്സ്യങ്ങളിൽ ഏകദേശം 4.6 ശതമാനത്തോളം മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
മൈക്രോപ്ലാസ്റ്റിക്കുകൾ എന്ന ചെറിയ (വലിയ) മാലിന്യലോകത്തേയ്ക്ക് പിന്നീട് വന്നെത്തിയ ഒരാളാണ് അവരിലും ചെറുതായ നാനോപ്ലാസ്റ്റിക്കുകൾ. ഏകദേശം 1000 നാനോമീറ്ററിൽ താഴെ വലിപ്പമുള്ളവർ. അവരുടെ ലോകം, ജൈവിക സാഹചര്യങ്ങളിൽ അവരുടെ പെരുമാറ്റം എന്നിവ ഇനിയും കണ്ടെത്തുവാൻ കിടക്കുന്നതേ ഉള്ളൂ. അതായതു ചെറിയ പ്ലാസ്റ്റിക് അതിഥികൾ പുതിയ രൂപങ്ങളിലേയ്ക്ക് പരിണമിച്ചു കൊണ്ടിരിക്കുന്നു എന്നർത്ഥം. ഇതിനു എന്താണ് പരിഹാരം? പ്രത്യാശ നിർഭരമായ ഒരു ഉത്തരം ആണ് നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ അതിനു ഒരു മാർഗ്ഗമേ അവശേഷിക്കുന്നുള്ളൂ.
പ്ലാസ്റ്റിക്ക് വസ്തുക്കളുടെ ഉപയോഗം പരിമിതപ്പെടുത്തുക. പൂർണ്ണമായും ഒഴിവാക്കുക എന്നത് ഒരിക്കലും സാധ്യമാണെന്ന് തോന്നുന്നില്ല. പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കുക, അവ ഒഴിവാക്കുവാൻ സാധിക്കുന്ന സന്ദർഭത്തിൽ ഒഴിവാക്കുക, അങ്ങനെ ചെയ്യാവുന്ന വിവിധ കാര്യങ്ങൾ ഉണ്ട്. എങ്കിലും ഓർക്കുക ഏകദേശം 4900മില്യൺ മെട്രിക് ടൺ പ്ലാസ്റ്റിക് ‘ബോംബ്’ നമ്മുടെ ഭാവിയെ ചുറ്റിപ്പറ്റി കിടപ്പുണ്ട് എന്നത് വിസ്മരിക്കുവാൻ സാധിക്കില്ല.
കൂടുതൽ വായനയ്ക്ക്
- Daniel Cressey, The Plastic Ocean,2016, 536, Nature,263
- A. Dick Vethaak and Juliette Legler, Microplastics and Human Health, Science,2021, 371 (6530) 672
- Richard C. Thompson, Ylva Olsen, Richard P. Mitchell, Anthony Davisandrea E. Russel, Lost at Sea: Where Is All the Plastic? 2004, 304, Science, 838
- Li, D., Shi, Y., Yang, L. et al. Microplastic release from the degradation of polypropylene feeding bottles during infant formula preparation. 2020, Nature Food,1, 746.
- XiaoZhi Lim, Microplastics are everywhere — but are they harmful? (Featured article), Nature, 04 May 2021
- Martin Wagner Scott Lambert (Editor) Emerging Environmental Contaminants? Springer Nature, 2018
- S. Sruthy, E.V. Ramasamy, Microplastic pollution in Vembanad Lake, Kerala, India: The first report of microplastics in lake and estuarine sediments in India, 2017, Environmental Pollution 222,315.
- Erik van Sebille, Chris Wilcox, Laurent Lebreton, Nikolai Maximenko, Britta Denise Hardesty,JanAvan Franeker, Marcus Eriksen, David Siegel, Francois Galgani and Kara Lavender Law, A global inventory of small floating plastic debris, 2015, Environment Research Letter,10, 124006.
വിവരണം, ചിത്രങ്ങൾ, എല്ലാം നന്നായിട്ടുണ്ട്, വളരെ സമഗ്രം
Thank you
സമഗ്രമായ വിവരണം. അഭിനന്ദനങ്ങൾ
Thank you
This article valuable and pertinent in our day to day life .
Thank you
Good Article 👍👍