Read Time:8 Minute

ഡി.വി. സിറിൾ

പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുടെ ചരിത്രം വായിക്കാം..

പ്ലാസ്റ്റിക് ഷോപ്പിങ്  ബാഗുകൾ: സൂപ്പർ മാർക്കറ്റുകൾ അതിനെ സ്‌നേഹിക്കുന്നു; പരിസ്ഥിതി വിദഗ്ധരും പ്രവർത്തകരും അതിനെ വെറുക്കുന്നു; ഏതാണ്ടെല്ലാ ആളുകളും അത് ഉപയോഗിക്കുകയും ചെയ്യുന്നു. 1960-70കളിൽ അത് കൗതുകം ജനിപ്പിക്കുന്ന ഒരു പുതുമയായിരുന്നു. ഇന്നാകട്ടെ ഒരു വർഷം ഒരു ലക്ഷം കോടി എന്ന കണക്കിൽ നിർമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, എങ്ങും എവിടെയും സാന്നിധ്യമുള്ള, ഒരു തികഞ്ഞ  ആഗോള ഉല്പന്നം. ആഴക്കടലുകളുടെ ഇരുണ്ട അഗാധതകൾ മുതൽ എവറസ്റ്റ് കൊടുമുടിയുടെ ഉച്ചകോടിയിലും ധൃവപ്രദേശങ്ങളിലെ ഹിമമുടികളിലും വരെ അവ ഇന്ന് വിരാജിക്കുന്നുണ്ട്-ചില ഗുരുതരമായ പാരിസ്ഥിതിക വെല്ലുവിളികൾ ഉയർത്തിക്കൊണ്ട്.

പോളിഎത്‌ലീൻ

എന്താണതിന്റെ നാൾവഴികൾ? പോളിഎത്‌ലീൻ ആണ് പ്ലാസ്റ്റിക് ഷോപ്പിങ്  ബാഗുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്. പ്ലാസ്റ്റിക്കുകളിൽ ഏറ്റവും ജനസുപരിചിതം. അതിന്റെ കണ്ടുപിടുത്തമാണ് പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ ഉൽപാദനത്തിലേക്ക് നയിച്ചത്.

1933

ഇംഗ്ലണ്ടിലെ നോർത്‌വിച്ചിലുള്ള ഇമ്പീരിയൽ കെമിക്കൽ ഇൻഡസ്ട്രീസ് എന്ന രാസ വ്യവസായശാലയിൽ 1933-ലാണ് പോളിഎത്‌ലീൻ കണ്ടുപിടിക്കപ്പെടുന്നത് അഥവാ സൃഷ്ടിക്കപ്പെടുന്നത്.  അതും തികച്ചും ആകസ്മികമായി. പ്രസ്തുത വ്യവസായശാലയിലെ രണ്ട് ശാസ്ത്രജ്ഞർ -എറിക് ഫോസെറ്റ്, റെജിനാൾഡ് ഗിബ്‌സൻ- ചില പോളിമർ പരീക്ഷണങ്ങൾ നടത്തുകയായിരുന്നു. എന്നാൽ എവിടെയോ എന്തോ പിഴച്ചു. ഉദ്ദേശിച്ച വസ്തുവിന് പകരം വെളുത്ത, മെഴുകിന് സമാനമായ, ഒരു അവക്ഷിപ്തമാണ് ഉരുത്തിരിഞ്ഞത്. പോളിത്തീൻ എന്ന് ഇന്ന് പ്രസിദ്ധമായ പോളിഎത്‌ലീൻ ആയിരുന്നു, ആ വസ്തു. ഗുണത്തിനായാലും ദോഷത്തിനായാലും ആ വസ്തു ലോകത്തിൽ ഉളവാക്കാൻ പോകുന്ന പ്രഭാവം അന്ന് ആരുടെയും സങ്കൽപ്പങ്ങളിലുണ്ടായിരുന്നി ല്ല. ഈ പദാർഥം അഭംഗുരം ഉല്പാദിപ്പിക്കാൻ കമ്പനി 5 വർഷമെടുത്തു. പോളിത്തീൻ ഉപയോഗിച്ച് ആദ്യമുണ്ടാക്കിയ ഉല്പന്നം ഒരു ഊന്നുവടിയായിരുന്നു, ക്രീം നിറമുള്ള ഒരു ഊന്നുവടി.

ഇതിന്റെ വിപുലമായ ആദ്യകാല ഉപയോഗപ്പെടുത്തലുകളിലൊന്ന്, രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടന്റെ സൈനികാവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു. റഡാർ കേബിളുകൾക്ക് ആവര ണം നൽകുകയായിരുന്നു ഉദ്ദേശ്യം.. അതീവ ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു സൈനികരഹസ്യ മായിരുന്നു അത്. പോളിഎത്‌ലീന്റെ ഈ ഉപയോഗസാധ്യതയുടെ കണ്ടെത്തൽ യുദ്ധത്തിൽ ബ്രിട്ടന് വലിയ മേൽക്കൈ നൽകിയെന്നാണ് ചരിത്രം. യുദ്ധാനന്തരകാലം പോളിഎത്‌ലീന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്പാദന വേലിയേറ്റത്തിന്റേതായിരുന്നു. 1950 ആകുമ്പോഴേക്ക് എ ല്ലാവരും അതിന്റെ പുറകേയായി.

1965

പോളിഎത്‌ലീൻ ഷോപ്പിങ് ബാഗിന്റെ പാറ്റെന്റ് സ്വീഡനിലെ സെല്ലോപ്ലാസ്റ്റ് കമ്പനി തങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യുന്നു. സ്റ്റെൻ ഗുസ്താഫ് തുലിൻ (Sten Gustaf Thulin)  ആണ് അതിന്റെ രൂപകല്പന നടത്തിയത്. ബാഗ് യൂറോപ്പിൽ അതിവേഗം പ്രചാരമാർജിക്കുകയും തുണി, പ്ലാസ്റ്റിക് എന്നിവ കൊണ്ടുള്ള സമാന ഉല്പന്നങ്ങളെ നിഷ്‌കാസനം ചെയ്യാൻ തുടങ്ങുകയും ചെയ്തു.

സ്റ്റെൻ ഗുസ്താഫ് തുലിൻ

1979

യൂറോപ്പിലെ ഷോപ്പിങ് സഞ്ചി വിപണിയുടെ 80 ശതമാനത്തിലേറെ കൈപ്പിടിയിലാക്കിയ ശേഷം പോളിത്തീൻ സഞ്ചി വിദേശങ്ങളിലേക്ക് കടക്കുന്നു, അമേരിക്കയിൽ വ്യാപകമായി അവതരിപ്പിക്കപ്പെടുന്നു. തങ്ങളുടെ ഉല്പന്നം തങ്ങളുടെ കടലാസിനെക്കാളും പുനരുപയോഗിക്കാവുന്ന സഞ്ചികളെക്കാളും മേന്മയാർന്നതാണെന്ന പ്രചണ്ഡമായ പ്രചരണത്തോടെ  പ്ലാസ്റ്റിക് കമ്പനികൾ ആരംഭിക്കുന്നു.

1982

അമേരിക്കയിലെ രണ്ട് വൻ സൂപ്പർ മാർക്കറ്റ് ശൃംഖലകളായ സേഫ്‌വേ(Safeway), ക്രോഗർ (Kroger) എന്നിവ പ്ലാസ്റ്റിക് ബാഗുകളിലേക്ക് കളം മാറ്റുന്നു. ഈ പാത കൂടുതൽ സ്റ്റോറുകളും പിന്തുടരുന്നു. ദശകാവസാനത്തോടെ  ലോകമെങ്ങുമുള്ള സ്റ്റോറുകളിൽ കടലാസിന്റെ സ്ഥാനത്ത് പ്ലാസ്റ്റിക് ബാഗുകൾ നിലയുറപ്പിക്കുന്നു.

1997

നാവികനും ഗവേഷകനുമായ ചാൾസ് മൂർ ഉത്തര പസിഫിക് സമുദ്രത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അതിഭീമമായ ശേഖരം, സമുദ്രജീവികളുടെ നിലനില്പിനെ അപായമുനമ്പിലാക്കിക്കൊണ്ട് അടിഞ്ഞുകൂടിക്കിടക്കുന്നതും ചുറ്റിത്തിരിയുന്നതും കണ്ടെത്തി. ഗ്രേറ്റ് പസിഫിക് ഗാർബേജ് പാച്ച്  എന്നറിയപ്പെടുന്ന ഇത് ലോക മഹാസമുദ്രങ്ങളിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പ്ലാസ്റ്റിക് മാലിന്യ കുപ്പത്തൊട്ടിയാണ്.

ജെല്ലി മത്സ്യങ്ങളെന്ന് തെറ്റിദ്ധരിച്ച് കടലാമകൾ പ്ലാസ്റ്റിക് ബാഗവശിഷ്ടങ്ങൾ ഭക്ഷിക്കുന്നതും തദ്ഫലമായി ചത്തൊടുങ്ങുന്നതും സമുദ്രത്തിൽ പതിവാണ്. അതിനാൽ പ്ലാസ്റ്റിക് ബാഗുകൾക്ക് കടലാമഘാതകരെന്ന കുപ്രസിദ്ധിയും പതിച്ചുകിട്ടി.

2002

കനം കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ബംഗ്ലാദേശ്.  ബംഗ്ലാദേശിനെ അടിക്കടി ബാധിക്കുന്ന വെള്ളപ്പൊക്കങ്ങളെ, ജലനിർഗമ സംവിധാനങ്ങളിൽ അടിഞ്ഞുകൂടി തടസ്സം സൃഷ്ടിച്ച് അവ കൂടുതൽ വിനാശകരമാക്കുന്നതായി കണ്ടെത്തിയതാണത്രേ  നിരോധനത്തിലേക്ക് നയിച്ചത്. മറ്റ് രാജ്യങ്ങളും നിരോധനത്തിന്റെ പാതയിലേക്ക്..

2011

ലോകത്തിന്റെ പ്ലാസ്റ്റിക് ബാഗ് ഉപഭോഗം ഓരോ മിനുട്ടിലും ഒരു ദശലക്ഷം എന്ന തോതിലേക്ക്

2017

കെനിയ പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നു. ഉയർന്ന ഫീസ് ചുമത്തിയോ പാടേ നിരോധി ച്ചോ പ്ലാസ്റ്റിക് സഞ്ചികളുടെ ഉപഭോഗം കുറയ്ക്കാൻ നടപടി കൈക്കൊണ്ട രണ്ട് ഡസൻ രാജ്യങ്ങളുടെ ശ്രേണിയിലേക്ക് കെനിയയും.

പ്ലാസ്റ്റിക് മലിനീകരണത്തിന് കടിഞ്ഞാണിടാനുള്ള പദ്ധതികളും പരിപാടികളും കൈക്കൊള്ളേണ്ടതിന്റെ ആവശ്യകത ലോകത്തെ വിവിധ ഭരണകൂടങ്ങളും കമ്പനികളും  തിരിച്ചറിഞ്ഞിരിക്കുന്നു.

2018:

ഭൗമദിനം, ലോക പരിസരദിനം എന്നിവയുടെ കേന്ദ്രവിഷയമായി പ്ലാസ്റ്റിക് മലിനീകരണം തെരഞ്ഞെടുക്കപ്പെടുന്നു.


(http://worldenvironmentday.global/, http://news.bbc.co.uk എന്നിവയെ ആസ്പദമാക്കി

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പുതിയ കേരളം: അതിജീവനം, വികസനം – സംവാദശാല രജിസ്‌ട്രേഷൻ ആരംഭിച്ചു
Next post കേരളത്തിലെ തുമ്പികളെക്കുറിച്ചറിയാം
Close