ഡോ. യമുന കെ.എം
പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പലമുഖങ്ങളില്‍ ഒന്നാണ് മൈക്രോപ്ലാസ്റ്റിക്കുകള്‍. നമ്മള്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കുകള്‍ സൂര്യപ്രകാശം, ചൂട്, കാറ്റ്, മര്‍ദ്ദം തുടങ്ങിയ ഘടകങ്ങള്‍ക്ക് വിധേയമായി ഭൗതികവിഘടനം സംഭവിച്ച് വലുപ്പം കുറഞ്ഞ കണങ്ങളായി മാറുന്നു. ഇങ്ങനെ അഞ്ച് മില്ലീമീറ്ററില്‍ താഴെ വലുപ്പമുള്ള പ്ലാസ്റ്റിക് കണങ്ങളെയാണ് മൈക്രോപ്ലാസ്റ്റിക്കുകള്‍ എന്ന് പറയുന്നത്. ഭാരവും വലുപ്പവും തീരെകുറവായതിനാല്‍ ഇവയ്ക്ക് വായുവിലൂടെയും വെള്ളത്തിലൂടെയും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കാന്‍ കഴിയും. അതുകൊണ്ട്തന്നെ സര്‍വ്വവ്യാപികളായ ഇവയെ ഉറവിട ബന്ധമില്ലാതെ എവിടെയും കാണാന്‍ കഴിയും. നാം ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ഭക്ഷണത്തിലുമുള്‍പ്പെടെ എവിടെയും മൈക്രോപ്‌ളാസ്റ്റിക്കുകളുടെ സാന്നിധ്യമുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.
പ്രകൃതിയിലെത്തുന്നതെങ്ങനെ?
മനുഷ്യനിര്‍മിത വസ്തുക്കളാണ് മൈക്രോപ്ലാസ്റ്റിക്കുകളുടെ ഉറവിടം. പ്രധാനമായി രണ്ട് രീതിയിലാണ് ഇവ പ്രകൃതിയിലെത്തുന്നത്- പല നിത്യോപയോഗ വസ്തുക്കളുടെയും ചേരുവയായുപയോഗിക്കുന്ന എഞ്ചിനീയേഡ് മൈക്രോപ്ലാസ്റ്റിക് പോളിമറുകളും വലിയ പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് വിഘടനം സംഭവിച്ചുണ്ടാകുന്ന മൈക്രോകണങ്ങളും. ഇവയെ യഥാക്രമം പ്രാഥമിക ഉറവിടങ്ങളെന്നും ദ്വിതീയ ഉറവിടങ്ങളെന്നും പറയാം. വ്യക്തിപരിപാലന ഉല്‍പന്നങ്ങള്‍, തുണിത്തരങ്ങള്‍, പെയിന്റുകള്‍, മോട്ടോര്‍ വാഹനങ്ങള്‍ എന്നിവ പ്രാഥമിക ഉറവിടങ്ങളില്‍പ്പെടുന്നു. സിന്തറ്റിക് തുണിത്തരങ്ങള്‍ യന്ത്രങ്ങളില്‍ അലക്കുമ്പോള്‍ തുണിയില്‍ നിന്നുള്ള പോളിമര്‍ നാരുകള്‍ മലിനജലം വഴി മണ്ണിലേക്കോ ജലാശയങ്ങളിലേക്കോ എത്തിച്ചേരുന്നു.
ടൂത്ത്‌പേസ്റ്റുകളിലും സോപ്പുകളിലും സൗന്ദര്യവര്‍ധകവസ്തുക്കളിലും അടങ്ങിയിട്ടുള്ള പ്ലാസ്റ്റിക് പോളിമറുകളും ഇപ്രകാരം പരിസ്ഥിതിയില്‍ എത്തിച്ചേരുന്നു. ദ്വിതീയ ഉറവിടങ്ങളില്‍ ഏറ്റവും പ്രധാനം കൃഷിയിടങ്ങളില്‍ ഗ്രീന്‍ഹൗസുകള്‍, പോളിഹൗസുകള്‍ എന്നിവയുടെ നിര്‍മാണത്തിനും പുതയിടുന്നതിനും ജലസേചനാവശ്യങ്ങള്‍ക്കും മറ്റുമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളാണ്. ഗാര്‍ഹിക-വ്യാവസായിക മാലിന്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്കുകള്‍ ധാരാളം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
വ്യത്യസ്ത സ്രോതസ്സുകളില്‍ നിന്നുള്ള മൈക്രോപ്ലാസ്റ്റിക്കുകള്‍ മണ്ണിലും ജലാശയങ്ങളിലും കലരുകയും ഒഴുകി സമുദ്രങ്ങളില്‍ ചേരുകയും ചെയ്യുന്നു. വലുപ്പവും ഭാരവും തീരെകുറവായതിനാല്‍ വായുവില്‍ തങ്ങിനില്‍ക്കുകയും കാറ്റിലൂടെ ദൂരേക്ക് എത്തിപ്പെടുകയും ചെയ്യും. മനുഷ്യവാസമോ മനുഷ്യന്റെ മറ്റിടപെടലുകളോ ഇല്ലാത്ത പ്രദേശങ്ങളില്‍പോലും ഗണ്യമായ തോതില്‍ മൈക്രോപ്ലാസ്റ്റിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്രകാരം ഉറവിടത്തില്‍ നിന്ന് ഒരുപാടകലെവരെ പ്ലാസ്റ്റിക് മലിനീകരണം എത്തിച്ചേരാന്‍ മൈക്രോപ്ലാസ്റ്റിക്കുകള്‍ ഇടയാക്കുന്നു.
പരിസ്ഥിതിയിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് സമുദ്രങ്ങളില്‍ കൂടുതല്‍ മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. സമുദ്രജലത്തില്‍ മൈക്രോപ്ലാസ്റ്റിക്കിന്റെ അളവ് പത്തു വര്‍ഷത്തിനുള്ളില്‍ അഞ്ച് മടങ്ങ് വരെ വര്‍ദ്ധിച്ചതായി പഠനങ്ങള്‍ പറയുന്നു. കടല്‍ത്തീരങ്ങളില്‍, പ്രത്യേകിച്ച് വിനോദസഞ്ചാരമേഖലകളില്‍ ഇവ കുമിഞ്ഞുകൂടുന്നു. ശുദ്ധജലസ്രോതസ്സുകളും ഈ സൂക്ഷ്മ മലിനീകാരികളില്‍ നിന്ന് മുക്തമല്ല. കൃഷിഭൂമിയിലുള്‍പ്പെടെ മണ്ണിലും മൈക്രോപ്ലാസ്റ്റിക്കുകള്‍ ധാരാളമായി കണ്ടെത്തിയിട്ടുണ്ട്. ഏഴു ശതമാനം വരെയാണ് മണ്ണിലടങ്ങിയിട്ടുള്ള മൈക്രോപ്ലാസ്റ്റിക്കുകള്‍.
ഭൗതിക, രാസഗുണങ്ങള്‍
വ്യത്യസ്തങ്ങളായ ആകൃതിയും വലുപ്പവും നിറവും രാസഘടനയുമാണ് മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ക്ക്. അഞ്ച് മില്ലീമീറ്ററില്‍ കുറഞ്ഞ വലുപ്പമുള്ള കണങ്ങളാണ് മൈക്രോപ്ലാസ്റ്റിക്കുകള്‍ എന്നു പറഞ്ഞല്ലോ. നൂറു നാനോമീറ്ററില്‍ താഴെയുള്ളവ നാനോകണങ്ങളായാണ് പരിഗണിക്കപ്പെടുക. ചില ഗവേഷകര്‍ ഒരു മൈക്രോമീറ്ററില്‍ കുറഞ്ഞ വലുപ്പമുള്ളവയെ നാനോപ്ലാസ്റ്റിക്കുകള്‍ എന്ന് പറയാറുണ്ട്. എങ്കിലും 100 നാനോമീറ്റര്‍ മുതല്‍ 5 മില്ലീമീറ്റര്‍ വരെയുള്ളവയെയാണ് സാധാരണയായി മൈക്രോപ്ലാസ്റ്റിക്കുകള്‍ എന്ന് മനസ്സിലാക്കി വരുന്നത്. ഈ പരിധിയില്‍ തന്നെ പല വലുപ്പത്തിലുമുള്ള മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ കാണപ്പെടുന്നു. നേര്‍ത്തപാടകളായും ഉരുണ്ടതോ മറ്റാകൃതിയിലോ ഉള്ള പരലുകളായും നീണ്ട നാരുകളായും ഇവ കാണപ്പെടുന്നു.
പോളിഎഥിലീന്‍, പോളിപ്രൊപ്പിലീന്‍, നൈലോണ്‍, പോളിഎഥിലീന്‍ടെറിത്താലേറ്റ്, പോളിവിനൈല്‍ക്ലോറൈഡ്, പോളിഎസ്റ്റര്‍, പോളിസ്‌റ്റൈറീന്‍, പോളിസള്‍ഫോണ്‍, പോളികാര്‍ബണേറ്റ്, പോളിയൂറിത്തേന്‍, പോളിമീഥൈല്‍മെഥാ അക്രിലേറ്റ്, സെല്ലുലോസ് അസറ്റേറ്റ് തുടങ്ങി വളരെ വ്യത്യസ്തങ്ങളായ രാസഘടനയില്‍ ഇവയെ കണ്ടുവരുന്നു. ഉറവിടങ്ങള്‍ക്കനുസരിച്ചാണിവയുടെ രാസസ്വഭാവം വ്യത്യാസപ്പെടുന്നത്.
പരിസ്ഥിതിക്കുയര്‍ത്തുന്ന ഭീഷണികള്‍
ഇപ്രകാരം വിവിധ ഉറവിടങ്ങളില്‍ നിന്നായി പല ആകൃതിയും വലുപ്പവും രാസഘടനയുമുള്ള മൈക്രോപ്ലാസ്റ്റിക്കുകള്‍ക്ക് മണ്ണിലും സമുദ്രങ്ങളുള്‍പ്പെടെയുള്ള ജലസ്രോതസ്സുകളിലും എത്തിച്ചേര്‍ന്ന് അതാതിടങ്ങളിലെ സ്വാഭാവികമായ ഭൗതിക, രാസ, ജൈവ ഘടനയ്ക്ക് ദോഷകരമായ മാറ്റമുണ്ടാക്കാന്‍ കഴിയും. മണ്ണില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഇവ മണ്ണിലെ സ്വാഭാവികജൈവപ്രവര്‍ത്തനങ്ങള്‍, വെള്ളം അരിച്ചിറങ്ങല്‍, കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ മൂലം മണ്ണിന്റെ ഘടനയില്‍ കലരുന്നു.
- ജലാശയങ്ങളില്‍ ഇവ അടിത്തട്ടിലെ അവസാദങ്ങളിലും വെള്ളത്തിലുമായി വിഭജിക്കപ്പെടുന്നു. തുടര്‍ന്ന്, മണ്ണിലെയും വെള്ളത്തിലെയും ജൈവ-അജൈവ, കാര്‍ബണിക-അകാര്‍ബണിക ഘടകങ്ങളില്‍ വ്യത്യസ്ത രീതിയില്‍ പ്രവര്‍ത്തിച്ച് പല രാസ, ഭൗതിക മാറ്റങ്ങള്‍ക്കും കാരണമാകുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ പ്ലാസ്റ്റിക് പോളിമറുകളുടെ രാസ, ഭൗതിക ഘടന പ്രധാനമാണ്. ഈ പ്രവര്‍ത്തനങ്ങള്‍ മണ്ണിന്റെയും വെള്ളത്തിന്റെയും ഘടനയില്‍ ഗൗരവതരമായ മാറ്റങ്ങളാണുണ്ടാക്കുന്നത്.
- തീരെ വലുപ്പം കുറഞ്ഞ മൈക്രോപ്ലാസ്റ്റിക്കുകള്‍ ശ്വാസവായുവിലൂടെയും ഭക്ഷണത്തിലൂടെയും ജീവജാലങ്ങളുടെ ശരീരത്തിലെത്തുകയും ജീവല്‍പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നു. സൂക്ഷ്മങ്ങളായ ജലപ്ലവകങ്ങള്‍, കോപ്പിപോഡുകള്‍, ബൈവാള്‍വുകള്‍, വിരകള്‍ എന്നിവയില്‍ തുടങ്ങി വലിയ മത്സ്യങ്ങളിലും ജലപക്ഷികളിലും വരെ മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ആഹാരശൃംഖലയിലെ ഉയര്‍ന്ന ശ്രേണിയില്‍പ്പെടുന്ന ജീവികളില്‍ ആഹാരശൃംഖല വഴി ഗണ്യമായ അളവില്‍ ഇവ എത്തിച്ചേരുന്നു. ഈ ജീവികളുടെ ആരോഗ്യത്തെ മൈക്രോപ്ലാസ്റ്റിക്കുകള്‍ ദോഷകരമായി ബാധിക്കുന്നതായും പഠനങ്ങള്‍ പറയുന്നു.
- സമുദ്രജീവികളില്‍ മാത്രമല്ല, മനുഷ്യനുള്‍പ്പെടെയുള്ള കരജീവികളിലും ഭക്ഷണവും വായുവും വെള്ളവും വഴി മൈക്രോപ്ലാസ്റ്റിക്കുകള്‍ എത്തിച്ചേരുന്നു. മണ്ണിരകളുടെയും സസ്യങ്ങളുടെയും വളര്‍ച്ചയെ ഇവ പ്രതികൂലമായി ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നട്ടെല്ലുള്ളവയും ഇല്ലാത്തവയുമായി പല ജീവികളിലും മൈക്രോപ്ലാസ്റ്റിക്കുകള്‍ വളര്‍ച്ച മുരടിക്കുന്നതിനും പ്രത്യുല്‍പാദനശേഷി കുറയുന്നതിനും കാരണമാകുന്നു. ദഹനേന്ദ്രിയവ്യവസ്ഥയിലും ശ്വസനവ്യവസ്ഥയിലും ബ്ലോക്കുകളും മറ്റ് കേടുപാടുകളും ഉണ്ടാകുന്നു. ഒപ്പം, എന്‍സൈമുകളുടെയും ഹോര്‍മോണുകളുടെയും ഉല്‍പാദനത്തെയും പ്രവര്‍ത്തനത്തെയും ബാധിക്കുകയും ചെയ്യുന്നു.
ചെടികളുടെ വളര്‍ച്ചയെയും ഉപാപചയപ്രവര്‍ത്തനങ്ങളെയും മൈക്രോപ്ലാസ്റ്റിക്കുകള്‍ പല തരത്തിലും ബാധിക്കുന്നതായി മനസ്സിലാക്കിയിട്ടുണ്ട്. വിത്തില്‍ മുളപൊട്ടുന്നതിന്റെ നിരക്ക്, വേരിന്റെയും കാണ്ഡത്തിന്റെയും വളര്‍ച്ച, ക്ലോറോഫിലുകളുടെ അളവ് എന്നിവ മൈക്രോപ്ലാസ്റ്റിക് പോളിമറുകളുടെ സാന്നിധ്യത്തില്‍ ഗണ്യമായി കുറയുന്നതായി കണ്ടിട്ടുണ്ട്. മണ്ണില്‍ കലരുന്ന മൈക്രോപ്ലാസ്റ്റിക് വെള്ളത്തിലൂടെ അരിച്ചിറങ്ങി ഭൂഗര്‍ഭജലത്തില്‍ കലരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
- സമുദ്രങ്ങളുടെ അടിത്തട്ടില്‍ സാധാരണയില്‍ കൂടുതല്‍ അളവില്‍ കാര്‍ബണികരാസവസ്തുക്കള്‍ മൈക്രോപ്ലാസ്റ്റിക് കണങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന രൂപത്തില്‍ കണ്ടുവരുന്നതായി പഠനങ്ങളുണ്ട്. ജലവിമുഖത (hydrophobicity) കാണിക്കുന്ന പോളിഅരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ മൈക്രോപ്ലാസ്റ്റിക്കുകളുടെ ജലവിമുഖപ്രതലത്തില്‍ എളുപ്പം ഒട്ടിച്ചേരും. അപകടകാരികളായ രാസവസ്തുക്കള്‍ ഈ രീതിയില്‍ മൈക്രോപ്ലാസ്റ്റിക്കുകളോടൊപ്പം ദൂരേക്ക് എത്തിച്ചേരുന്നു. ഇങ്ങനെ ഈ രാസവസ്തുക്കള്‍ അസാധാരണതോതില്‍ വ്യാപിക്കാനിടയാകുന്നു. വിഷകരമായ ഘനലോഹങ്ങളും പോളിക്ലോറിനേറ്റഡ് ബൈഫിനൈലുകളുടെയും സമുദ്രജലത്തിലെ വ്യാപനം മൈക്രോപ്ലാസ്റ്റിക്കുകള്‍ ത്വരിതപ്പെടുത്തിയതായി തെളിയിക്കുന്ന പഠനങ്ങളുണ്ട്. ഇതേരീതിയില്‍ ചിലയിനം അപകടകാരികളായ സൂക്ഷ്മജീവികളും ആല്‍ഗകളും മൈക്രോപ്ലാസ്റ്റിക് കണങ്ങളുടെ പ്രതലത്തില്‍ പറ്റിപ്പിടിച്ച് ദൂരങ്ങളിലേക്ക് വഹിക്കപ്പെടുന്നതായി കണ്ടിട്ടുണ്ട്.
ഇന്ത്യയില്‍ താരതമ്യേന വളരെക്കുറച്ചു പഠനങ്ങള്‍ മാത്രമേ ഈ മേഖലയില്‍ നടക്കുന്നുള്ളൂ. കൊച്ചി, മുംബൈ, ഗോവ, ചെന്നൈ, പുതുച്ചേരി, തൂത്തുക്കുടി, ധനുഷ്‌കോടി, രാമേശ്വരം എന്നീ തീരമേഖലകളില്‍ നടത്തിയ വ്യത്യസ്ത പഠനങ്ങള്‍ പറയുന്നത് ഈ തീരങ്ങളെല്ലാം തന്നെ വന്‍തോതില്‍ മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തിനു വിധേയമാണ് എന്നാണ്. വിനോദസഞ്ചാരവും അനുബന്ധപ്രവര്‍ത്തനങ്ങളും ഇതിന്റെ ആക്കം കൂട്ടുന്നതായും വ്യക്തമായിട്ടുണ്ട്.
മെച്ചപ്പെട്ട സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്ന മലിനജലസംസ്‌കരണ പ്ലാന്റുകള്‍ വെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക് കണങ്ങളെ വേര്‍തിരിക്കാന്‍ ശേഷിയുള്ളവയാണ്. പ്ലാസ്റ്റിക് മലിനീകരണം ചെറുക്കുന്നതിനായുള്ള ഊര്‍ജിതശ്രമങ്ങള്‍ ലോകത്താകമാനം നടന്നുവരുന്നുണ്ട്. എങ്കിലും മൈക്രോപ്ലാസ്റ്റിക്കുകള്‍ വഴിയുള്ള സൂക്ഷ്മരൂപത്തിലുള്ള മലിനീകരണത്തെക്കൂടി അഭിമുഖീകരിച്ചുകൊണ്ടുള്ള മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ ഇനിയും ആവിഷ്‌ക്കരിക്കേണ്ടതായിട്ടുണ്ട്.
ഡോ. യമുന കെ.എം. ,അസിസ്റ്റന്റ് പ്രൊഫസര്‍, രസതന്ത്ര വിഭാഗം, എന്‍.എസ്. എസ്. കോളേജ്, മഞ്ചേരി.