ആധുനിക ലോകത്തിന്റെ നട്ടെല്ലാകുന്ന വിധത്തില്‍ വൈദ്യുതിയെ മെരുക്കുന്നത് മൈക്കല്‍ ഫാരഡേ (Michael Faraday) എന്ന മനുഷ്യന്റെ ലാബിനുള്ളിലാണ്. ശാസ്ത്രജ്ഞര്‍ക്ക് മാത്രം കുറഞ്ഞ അളവില്‍ ലഭ്യമാകുമായിരുന്ന, കുറഞ്ഞ അളവില്‍ തന്നെ ഉപയോഗിക്കാന്‍ ഒരുപാട് ചിലവുണ്ടായിരുന്ന വൈദ്യുതിയെ വലിയ തോതില്‍ ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനും കഴിഞ്ഞത് ഫാരഡേ കണ്ടെത്തിയ ഡൈനമോയുടെ (dynamo) സാധ്യതകളില്‍ നിന്നായിരുന്നു. ഒരു വീട്ടമ്മയുടേയും ഇരുമ്പുപണിക്കാരന്റേയും മകനായി ദാരിദ്ര്യത്തില്‍ ജനിച്ച ഇദ്ദേഹം എങ്ങനെ ലോകത്തെ മാറ്റിമറിച്ചു എന്നതിന്റെ ഒരു ചെറിയ വിശദീകരണമാണ് ഈ ലേഖനം.
ഇംഗ്ലണ്ടില്‍ 1791 സെപ്തംബര്‍ 22-നാണ് ഫാരഡേയുടെ ജനനം. സ്ക്കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്ന് എഴുത്തും വായനയും കുറച്ച് കണക്കും മാത്രമാണ് ഫാരഡേയ്ക്ക് കിട്ടിയത്. ഫാരഡേ പതിമൂന്നാം വയസില്‍ ശമ്പളമില്ലാതെ ഒരു ബുക്ക് വില്‍പ്പനക്കാരന്റെ കീഴില്‍ ജോലി പരിശീലനം (internship) തുടങ്ങി. അക്കാലത്ത് പത്രങ്ങള്‍ക്ക് കനത്ത വില ആയിരുന്നതുകൊണ്ട് ആളുകള്‍ പത്രം മണിക്കൂര്‍ വാടകയ്ക്ക് എടുത്ത് വായിക്കേണ്ടിയിരുന്നു; അങ്ങനെ പത്രങ്ങള്‍ വാടകയ്ക്ക് എടുക്കുന്നവര്‍ക്ക് എത്തിക്കുകയും സമയത്ത് തിരികെ വാങ്ങുകയുമായിരുന്നു ഫാരഡേയുടെ ആദ്യത്തെ ജോലി. പിന്നീട് പുസ്തകങ്ങള്‍ ബൈന്‍ഡ് (bookbinding) ചെയ്യുന്ന ജോലിയിലേക്കും ഫാരഡേ പ്രവേശിച്ചു.
ഈ ജോലി പരിശീലന കാലത്താണ് പുസ്തകങ്ങള്‍ ധാരാളമായി വായിക്കാനും സയന്‍സില്‍ ആദ്യം കൗതുകവും പിന്നീട് അറിവും വികസിപ്പിക്കാനും ഫാരഡേയ്ക്ക് സാധിച്ചത്. എന്‍സൈക്ലോപ്പിഡിയ ബ്രിട്ടാനിക്കയില്‍ നിന്ന് വൈദ്യുതിയെ പറ്റിയും ജെയിന്‍ മാര്‍സെറ്റ് (Jane Marcet) എന്ന എഴുത്തുകാരിയുടെ “രസതന്ത്രത്തെ പറ്റിയുള്ള സംഭാഷണങ്ങള്‍” (Conversations in Chemistry) എന്ന പുസ്തകത്തില്‍ നിന്ന് രസതന്ത്രത്തെ പറ്റിയും ഫാരഡേ പരിചയപ്പെട്ടു. പുസ്തകങ്ങളില്‍ വായിച്ചതൊന്നും അപ്പടി വിഴുങ്ങാന്‍ ഇഷ്ടപ്പെടാതിരുന്ന ഫാരഡേ തന്റേതായ നിലയില്‍ വായിച്ചതെല്ലാം പരീക്ഷണങ്ങളിലൂടെ വിലയിരുത്തിക്കൊണ്ടുമിരുന്നു. തനിക്ക് കഴിയും എങ്കില്‍ മറ്റുള്ളവരുടെ പരീക്ഷണങ്ങള്‍ സ്വയം ആവര്‍ത്തിച്ച് നോക്കുക എന്ന സ്വഭാവം ജീവിതത്തിന്റെ അവസാനകാലം വരെ കൊണ്ടുനടന്നിതിലൂടെ സയന്‍സിന്റെ അടിസ്ഥാനം എന്ന് തന്നെ പറയാവുന്ന സന്ദേഹ മനോഭാവത്തിന്റെ ആള്‍രൂപമായിരുന്നു ഫാരഡേ.
പുസ്തകക്കടയില്‍ വന്നിരുന്ന പലരും ഫാരഡേയുടെ താത്പര്യം തിരിച്ചറിഞ്ഞ് വിദഗ്ധര്‍ നടത്തുന്ന പ്രഭാഷണങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ ഇടയ്ക്ക് ഫാരഡേയ്ക്ക് കൊടുത്തിരുന്നു. ഹംഫ്രി ഡേവി (Humphrey Davy) എന്ന പ്രസിദ്ധ രസതന്ത്രജ്ഞന്‍ നടത്തിയിരുന്ന പ്രഭാഷണങ്ങള്‍, ഡേവി ചെയ്തുകാട്ടിയ പരീക്ഷണങ്ങളുടെ ചിത്രമടക്കം, മുഴുവനായി എഴുതി ബൈന്‍ഡ് ചെയ്ത് ഒരുപുസ്തകരൂപത്തിൽ ആക്കി സൂക്ഷിച്ചു ഫാരഡേ.
21-വയസില്‍ ജോലി പരിശീലനം പൂര്‍ത്തിയാക്കി ബുക്ക്ബൈന്‍ഡര്‍ ആയി ശമ്പളത്തോടെ ജോലി ആരംഭിച്ചു ഫാരഡേ. എന്നാല്‍, സയന്‍സിൽ ആയിരുന്നു ഫാരഡേയുടെ താത്പര്യം. 1812-ല്‍ റോയല്‍ സൊസൈറ്റിയിലെ ഡേവിയുടെ ലാബിലേക്ക് പ്രവേശനം അപേക്ഷിച്ചുകൊണ്ട് ഫാരഡേ ഒരു കത്തെഴുതി, താന്‍ ഉണ്ടാക്കിയ ഡേവിയുടെ പ്രഭാഷണങ്ങളുടെ പുസ്തകം കൂടി ഉള്‍ച്ചേര്‍ത്തുകൊണ്ട്. 1813-ല്‍ ലാബില്‍ ഒരു ജോലിസാധ്യത ഉണ്ടായപ്പോള്‍ ഡേവി ഫാരഡേയെ ആ ജോലിയിലേക്ക് ക്ഷണിച്ചു.
അങ്ങനെ ഇരുപത്തിരണ്ടാം വയസ്സില്‍ ഫാരഡേ ഔദ്യോഗികമായി ഒരു ലാബിലെ സഹായിയായി. ഡേവിക്ക് മാത്രമല്ല, മറ്റ് ശാസ്ത്രജ്ഞര്‍ക്കും വളരെ താത്പര്യമുള്ള സഹായിയായി മാറി ഫാരഡേ. പരീക്ഷണങ്ങള്‍ ചെയ്യുന്നതിലും, കണിശമായ കുറിപ്പുകള്‍ എടുക്കുന്നതിലും, വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാന്‍ സഹായിക്കുന്നതിലും ഒക്കെ ഫാരഡേ മിടുക്കനായിരുന്നു. 1816-ല്‍ പ്രകൃതിജന്യമായ ചുണ്ണാമ്പിനെ (naturally occurring lime) പറ്റി ഒരു പഠനം പ്രസിദ്ധീകരിച്ച് തന്റേതായ നിലയില്‍ ശാസ്ത്രലോകത്ത് സ്വന്തമായി മുദ്ര പതിപ്പിച്ചു.
1821-ല്‍ ഫാരഡേ സാറാ ബര്‍ണാഡ് (Sarah Bernard) എന്ന സ്ത്രീയുമായി വിവാഹിതനായി. കുട്ടികളില്ലായിരുന്നു എങ്കിലും സന്തുഷ്ടമായ വിവാഹ ജീവിതമായിരുന്നു അവരുടേത്..
റോയല്‍ സൊസൈറ്റി ലാബിന്റെ സാമ്പത്തിക പരിമിതി മൂലം ലാബ് അധികാരികള്‍ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്ന തരം ഗവേഷണങ്ങളിലേക്ക് പൊതുവേ ശ്രദ്ധ തിരിച്ചു. ഫാരഡേയ്ക്ക് ഏതാണ്ട് എട്ട് കൊല്ലം ഗ്ലാസ്, സ്റ്റീല്‍ പോലുള്ള വസ്തുക്കളുടെ നിലവാരം വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നു. ഈ ഒരു ഗവേഷണവിഷയത്തില്‍ ഫാരഡേ എത്രമാത്രം അധ്വാനിച്ചിട്ടും കാര്യമായ പുരോഗതി നേടാനായില്ല.
ഈ സമയത്തിനിടയില്‍ ക്ലോറിന്‍ (chlorine) വാതകത്തെ ദ്രാവകമാക്കി മാറ്റുന്നതില്‍ ഫാരഡേ വിജയിച്ചു. ചൂടാകുന്നതിലൂടെ ദ്രവ്യാവസ്ഥ (state of matter) മാറിയ ദ്രാവകങ്ങള്‍ മാത്രമാണ് വാതകങ്ങള്‍ എന്ന നമ്മുടെ ആധുനിക ധാരണ ആരംഭിക്കുന്നത് ഈ നിരീക്ഷണത്തില്‍ നിന്നാണ്. 1823-ല്‍ ആദ്യം ഈ പരീക്ഷണം കണ്ടപ്പോള്‍ ലാബിലെ മേലധികാരി ഫാരഡേയോട് കുപ്പി വൃത്തിയാക്കാനാണ് പറഞ്ഞത്; ദ്രാവകമായി മാറിയ ക്ലോറിന്‍ കുപ്പിയില്‍ തുള്ളിയായി പറ്റി ഇരിക്കുന്നതാണ് എന്ന് അദ്ദേഹത്തിന് മനസിലായില്ല. അത്രമാത്രം അടിസ്ഥാന ബോധ്യങ്ങളെ മാറ്റിമറിക്കുന്ന ഒന്നായിരുന്നു ഇത്.
1823-ല്‍ തന്നെ ഫാരഡേ റോയല്‍ സൊസൈറ്റിയിലെ ഒരു ഫെല്ലോ (Fellow) ആയി സ്വീകരിക്കപ്പെട്ടു; 1825-ല്‍ ലാബ് ഡയറക്ടറായും ഫാരഡേ നിയമിതനായി. ക്ലോറിന്‍ ദ്രവീകരിച്ചതടക്കം രസതന്ത്രത്തില്‍ തന്റെ വ്യക്തമായ കൈയ്യൊപ്പ് ചാര്‍ത്തിയ ശേഷം ഫാരഡേ വൈദ്യുതി പരീക്ഷണങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
ചലനത്തെ വൈദ്യുതിയായും വൈദ്യുതിയെ ചലനമായും മാറ്റാം എന്ന സൈദ്ധാന്തിക ധാരണ ഫാരഡേക്ക് മുന്‍പേ ഉണ്ടായിരുന്നു, ഈ ധാരണകളെ തുടര്‍ച്ചയായി ഉപയോഗിക്കാന്‍ പ്രാപ്തമാക്കി എന്നതാണ് ഫാരഡേയുടെ സംഭാവന. അതായത്, തുടര്‍ച്ചയായി വൈദ്യുതിയെ ചലനമാക്കാനും (മോട്ടോര്‍) തുടര്‍ച്ചയായി ചലനത്തെ വൈദ്യുതിയാക്കാനും (ജനറേറ്റര്‍) ഉള്ള ഉപകരണങ്ങള്‍. ഈ ഉപകരണങ്ങള്‍ കണ്ടുപിടിക്കുക മാത്രമല്ല, ഇവ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ സയന്‍സെന്ത് എന്ന് വിശദമായി അന്വേഷിക്കുകയും ചെയ്തു ഫാരഡേ. ഈ അന്വേഷണങ്ങളിലാണ് കാന്തികവലയത്തിനുള്ളില്‍ (magnetic field) ചാലകവസ്തുക്കളുടെ (conductor) ചലനം വൈദ്യുതിയായി മാറുന്ന പ്രതിഭാസമായ ഇന്‍ഡക്ഷന്‍ (magnetic induction) എന്ന പ്രതിഭാസം കണ്ടുപിടിക്കുന്നത്. ഇന്‍ഡക്ഷന്‍ വിശദീകരിക്കുന്ന സമവാക്യത്തെ ഫാരഡേ നിയമം (Faraday’s law) എന്നാണ് വിളിക്കുന്നത്.
കാന്തികവലയത്തെ പറ്റി നടത്തിയ പഠനങ്ങളില്‍ നിന്ന് വൈദ്യുതിയും കാന്തികതയും വേര്‍തിരിക്കാനാവാത്ത വിധം ഇഴപിരിഞ്ഞ് കിടക്കുകയാണ് എന്നും പ്രകാശം ഒരു വിദ്യുത്കാന്തിക (electromagnetic) പ്രതിഭാസമാണു എന്നും ഫാരഡേ സിദ്ധാന്തിച്ചു. രണ്ട് ദശാബ്ദത്തിലുമേറെ നീണ്ട ഫാരഡേയുടെ പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും നിഗമനങ്ങളിലും നിലയുറപ്പിച്ചാണ് ജെയിംസ് ക്ലര്‍ക്ക് മാക്സ്വെല്‍ (James Clerk Maxwell) തന്റെ വിദ്യുത്കാന്തിക സമവാക്യങ്ങള്‍ (Maxwell’s equations of electromagnetism) അവതരിപ്പിക്കുന്നത്. സങ്കീര്‍ണ്ണമായ ഗണിതത്തില്‍ പരിശീലനമില്ലായിരുന്നു എങ്കിലും ഗണിതശാസ്ത്രപരമായ ഒരു സമീപനം തന്നെയായിരുന്നു ഫാരഡേയുടേത് എന്നാണ് മാക്സ്വെല്‍ അഭിപ്രായപ്പെട്ടത്; മാക്സ്വെലിനെ പോലെ ഉന്നത വിദ്യാഭ്യാസത്തിനുള്ള ഭാഗ്യം ഫാരഡേക്ക് ലഭിച്ചിരുന്നു എങ്കില്‍ ചിലപ്പോള്‍ ഫാരഡേയുടെ വിദ്യുത്കാന്തിക സമവാക്യങ്ങള്‍ ആയേക്കാം ഇന്ന് ഫിസിക്സ് വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ ഇടവന്നിരിക്കുക!
ഈ പരീക്ഷണങ്ങള്‍ക്കിടയില്‍ ശക്തമായ വൈദ്യുതകാന്തങ്ങള്‍ (electromagnet) സൃഷ്ടിക്കാന്‍ കഴിഞ്ഞത് കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് സാധ്യതയൊരുക്കി. ഇരുമ്പ് പ്രകടിപ്പിക്കുന്നത് പോലുള്ള ഫെറോമാഗ്നറ്റിസം (ferromagnetism) മാത്രമല്ല, എല്ലാ വസ്തുക്കള്‍ക്കും പല തരത്തില്‍ ഉള്ള കാന്തികത ഉണ്ട് എന്നായിരുന്നു ഫാരഡേ വിശ്വസിച്ചിരുന്നത്; ഈ ധാരണ പലവട്ടം പരീക്ഷണങ്ങളിലൂടെ ശരിയാണോ എന്ന് അന്വേഷിച്ചുകൊണ്ടിരുന്നു ഫാരഡേ. ഫെറോമാഗ്നറ്റിസം അല്ലാത്ത ആദ്യത്തെ തരം കാന്തികത, ഡയാമാഗ്നെറ്റിസം, (diamagnetism) ഫാരഡേ 1845-ല്‍ കണ്ടുപിടിച്ചു. കാന്തികത എന്ത് എന്നതിന്റെ അടിസ്ഥാന ധാരണകള്‍ മാറ്റിമറിച്ച ഒരു കണ്ടുപിടുത്തമായിരുന്നു ഇത്.* ഗ്ലാസ് ഉണ്ടാക്കാന്‍ നടത്തിയ പരീക്ഷണങ്ങളില്‍ പരാജയപ്പെട്ട ഒരു സാമ്പിളില്‍ (ഫാരഡേ അതിനെ ഹെവി ഗ്ലാസ് (heavy glass) എന്നാണ് വിളിച്ചിരുന്നത്) ആണ് ആദ്യം ഡയാമാഗ്നെറ്റിസം നിരീക്ഷിച്ചത് എന്നത് ചരിത്രത്തിലെ ഒരു കൗതുകമാകുന്നു; പരാജയങ്ങള്‍ ഓര്‍ത്തിരിക്കാനും അവയെ തന്റേതായ രീതിയില്‍ വിജയങ്ങളാക്കാനും ഫാരെഡേയുടെ ജീവിതം നല്‍കുന്ന ഒരു പാഠം എന്ന് കരുതാം.
വൈദ്യുതി, കാന്തികത ഗവേഷണങ്ങൾക്കിടയില്‍ ഫാരഡേ തന്നെയാണ് “ബാറ്ററി”, “മാഗ്നെറ്റിക് ഫീല്‍ഡ്” പോലുള്ള വാക്കുകള്‍ ആദ്യമായി ഉപയോഗിക്കുന്നത്, അല്ലെങ്കില്‍ വ്യാപകമായി പ്രചാരത്തില്‍ വരുത്തുന്നത്. ഈ മേഖലയിലുള്ള സയന്‍സിന്റെ ഭാഷയില്‍ വ്യക്തത വരുത്തുന്നതിലും ഫാരഡേ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.
രസതന്ത്രം, ഭൗതികശാസ്ത്രം എന്നീ മേഖലകളിലെല്ലാം അവിസ്മരണീയമായ സംഭാവനകള്‍ നല്‍കിയ ഒരു ശാസ്ത്രജ്ഞന്‍ എന്നതിനുമപ്പുറം ഒരു നല്ല പൊതുപ്രവര്‍ത്തകനും കൂടിയായിരുന്നു ഫാരഡേ. തെംസ് (Thames) നദിയുടെ മലിനീകരണത്തെ പറ്റി ദ ടൈംസ് (The Times) പത്രത്തിന് കത്തെഴുതാനും കല്‍ക്കരി ഖനികളിലെ പൊട്ടിത്തെറികളെ പറ്റി പഠിച്ച് കോടതിയില്‍ മൊഴി നല്‍കാനും ഒക്കെ ഫാരഡേ മുന്‍കൈ എടുത്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഒരു ലാബിന്റെ ഡയറക്ടര്‍ എന്ന നിലയില്‍ ഒരുപാട് ഉത്തരവാദിത്വങ്ങള്‍ ഉണ്ടായിരുന്നിട്ടും ഫാരഡേ ഇതില്‍ നിന്നൊന്നും പിന്മാറാന്‍ ശ്രമിച്ചതേയില്ല. (ലാബിനെ സാമ്പത്തികമായി നിലനിര്‍ത്തി പോയിരുന്നത് ഫാരഡേ സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടി ചെയ്തിരുന്ന ജോലികളായിരുന്നു!)
സയന്‍സ് പ്രഭാഷകന്‍ എന്ന നിലയിലും വിഖ്യാതനാണ് ഫാരഡേ. റോയല്‍ സൊസൈറ്റിയില്‍ ക്രിസ്തുമസ് സമയത്ത് കുട്ടികള്‍ക്ക് വേണ്ടി സയന്‍സ് വിശദീകരിക്കാന്‍ പരീക്ഷണങ്ങളും മറ്റ് പ്രദര്‍ശനങ്ങളും അടങ്ങുന്ന ഒരു പ്രഭാഷണപരമ്പര ഒരുക്കിയിരുന്നു ഫാരഡേ; 1827 മുതല്‍ മുപ്പത്ത് കൊല്ലത്തോളം ഫാരഡേ തന്നെ ഇതിന് ചുക്കാന്‍ പിടിച്ചു. ഇവ “ക്രിസ്തുമസ് പ്രഭാഷണങ്ങള്‍” (Christmas Lectures) എന്ന പേരില്‍ പ്രസിദ്ധമാണ്. നൂറ്റാണ്ടുകള്‍ക്കപ്പുറം ഇന്നും ശാസ്ത്രജ്ഞര്‍ ഈ പ്രഭാഷണപരമ്പരകള്‍ തുടര്‍ന്ന് പോരുന്നു. ഈ പ്രഭാഷണങ്ങളില്‍ ഒന്നായ “ഒരു മെഴുകുതിരിയുടെ രാസ ചരിത്രം” (The Chemical History of A Candle) പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെടുകയും സുപ്രസിദ്ധമാകുകയും ചെയ്തിട്ടുണ്ട്.
തന്നെക്കൊണ്ടാവുന്നത് പോലെ സമൂഹത്തിനും സയന്‍സിനും വേണ്ടി അഹോരാത്രം അധ്വാനിച്ച ഫാരഡേ അവസാന കാലങ്ങളില്‍ തളര്‍ന്ന് പോയി എന്നതില്‍ അത്ഭുതമില്ലല്ലോ? 1841-ല്‍ ആരോഗ്യപ്രശ്നങ്ങള്‍ മൂലം കൂറച്ചുകാലം വിശ്രമിക്കേണ്ടി വന്നിരുന്നു പരീക്ഷണങ്ങള്‍ക്കിടയില്‍. 1855-ല്‍ ഫാരഡേ തന്റെ ഡയറിയില്‍ ചെറിയ ഓര്‍മ്മക്കുറവുകള്‍ വരുന്നതിന്റെ ബുദ്ധിമുട്ട് കുറിച്ചുവച്ചു.
ഓര്‍മ്മപ്പിശകുകള്‍ കൂടുതല്‍ പ്രശ്നമാകുന്നു എന്ന് തോന്നിത്തുടങ്ങിയപ്പോള്‍ 1862-ല്‍, 71 വയസ് തികയുമ്പോഴേക്കും, തന്റെ അധ്യാപനവും പരീക്ഷണവും ഔദ്യോഗികമായി ഫാരഡേ അവസാനിപ്പിച്ചു; ശേഷം അഞ്ച് കൊല്ലത്തോളം വിശ്രമജീവിതം ആസ്വദിച്ച് 1867-ല്‍ നിര്യാതനായി.
ബുക്ക്ബൈന്‍ഡര്‍ ആയിട്ടോ ഒരു സ്വകാര്യ ലാബിലെ ഗവേഷകന്‍ ആയിട്ടോ ഒക്കെ ഫാരഡേക്ക് പണം ഉണ്ടാക്കാന്‍ ഒരുപാട് വഴികളുണ്ടായിരുന്നു. (മാസം ലക്ഷക്കണക്കിന് രൂപക്ക് സമാനം വരുന്ന ഒരുപാട് ജോലികള്‍ ഫാരഡേക്ക് എളുപ്പത്തില്‍ ലഭ്യമായിരുന്നു) പക്ഷേ, ആ സാധ്യതകളെല്ലാം ഉപേക്ഷിച്ച് തന്റെ മനസും ശരീരവും സയന്‍സിനും സമൂഹത്തിനും വേണ്ടി ഉഴിഞ്ഞ് വച്ച ഒരാളായിരുന്നു ഫാരഡേ. പൊതുപ്രവര്‍ത്തനത്തിലോ, അധ്യാപനത്തിലോ, സയന്‍സില്‍ തന്നെയോ ആകട്ടെ, കഴിയും പോലെ അദ്ദേഹത്തിന്റെ പിന്‍ഗാമികളായി മാറാന്‍ നമുക്കെല്ലാവര്‍ക്കും ശ്രമിക്കാം.
*പലതരം കാന്തികതകളുണ്ട്, അത് ഈ ലേഖനത്തിന്റെ പരിധിയില്‍ ഒതുങ്ങില്ല എന്നതുകൊണ്ട് ചര്‍ച്ച ചെയ്യുന്നില്ല.
അധികവായനയ്ക്ക്
- Michael Faraday: His Life and Work by Silvanus P. Thompson
- Faraday as Discoverer by John Tyndall
- The Life and Letters of Faraday by Bence Jones
- Michael Faraday by J. H. Gladstone
- Michael Faraday: Man of Science by Walter Jerrold
- The Philosopher’s Tree: A Selection of Michael Faraday’s Writings by Peter Day
- Hypatia’s Heritage: A History of Women in Science from Antiquity to the late Nineteenth Century by Margaret Alic
- Experimental Researches in Electricity Vol 1, 2 & 3 by Michael Faraday
- Lectures on the Forces of Matter by Michael Faraday
- The Chemical History of A Candle by Michael Faraday
- The Scientific Papers of James Clerk Maxwell Vol. 2
One thought on “വൈദ്യുതിയെ മെരുക്കിയ മൈക്കല്‍ ഫാരഡേ”